വയനാട്ടില്‍ കാട്ടാന ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു;  മാനന്തവാടിയില്‍ നിരോധനാജ്ഞ

വയനാട്ടില്‍ കാട്ടാന ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു; മാനന്തവാടിയില്‍ നിരോധനാജ്ഞ

മാനന്തവാടി മുനിസിപ്പാലിറ്റിയിലെ കുറുക്കന്‍മൂല, കുറുവ , കാടന്‍കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലാണ് നിരോധനാജ്ഞ

വയനാട്ടിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പടമല പനച്ചി സ്വദേശി അജിയാണ് കൊല്ലപ്പെട്ടത്. ജനവാസമേഖലയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച അപകടകാരിയായ കാട്ടാനയുടെ സാന്നിധ്യം തുടരുന്നതിനാല്‍ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ വിവിധ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുക്കന്‍മൂല, കുറുവ , കാടന്‍കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളില്‍ നിരോധനാജ്ഞ നിലവിലുള്ളത്. അടിയന്തര പ്രാധാന്യമുള്ളതിനാല്‍ വാക്കാലുള്ള നിര്‍ദേശമാണ് നിലവില്‍ പ്രഖ്യാപിച്ചത്. പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

കാട്ടാന ആക്രമണത്തില്‍ അധികൃതരുടെ വീഴ്ച ആരോപിച്ച് നാട്ടുകാര്‍

കര്‍ണാടക വന മേഖലയില്‍ നിന്നുള്ള ആന ജനവാസമേഖലയിലേക്ക് കടന്നെന്ന റേഡിയോ കോളര്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനം വകുപ്പ് നിരീക്ഷിച്ചു വരുന്നതിനിടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കാട്ടാന ആക്രമണത്തില്‍ അധികൃതരുടെ വീഴ്ച ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കൃഷിയിടത്തിലേക്ക് ജോലിക്കാരെ വിളിക്കാന്‍ പോയപ്പോഴായിരുന്നു അജിയെ കാട്ടാന ആക്രമിച്ചത്. ആന പിന്തുടര്‍ന്നതോടെ സമീപത്തെ പുരയിടത്തിലേക്ക് മതില്‍ ചാടി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗേറ്റ് പൊളിച്ചുകയറി ആന അക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

logo
The Fourth
www.thefourthnews.in