വന്യജീവി ആക്രമണം: വയനാട്ടില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു, പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധം

വന്യജീവി ആക്രമണം: വയനാട്ടില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു, പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധം

ജില്ലയില്‍ 17 ദിവസത്തിനിടെ മൂന്നുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍

തുടര്‍ച്ചയായുള്ള വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ പുരോഗമിക്കുന്നു. ജില്ലയില്‍ 17 ദിവസത്തിനിടെ മൂന്നുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

കാട്ടാനയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വനംവകുപ്പ് താല്‍ക്കാലിക ജീവനക്കാരന്‍ പോളിന്‌റെ മൃതദേഹവുമായും നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. പുല്‍പ്പള്ളി ടൗണിലെ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച പോളിന്റെ മൃതദേഹത്തിന് ഒപ്പം നൂറു കണക്കിനാളുകളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം, മൃതദേഹവുമായി നടത്തുന്ന പ്രതിഷേധത്തിനെതിരെ പോളിന്റെ നാട്ടുകാര്‍ രംഗത്തെത്തി. മൃതദേഹം ഉടന്‍ പാക്കത്ത് എത്തിക്കണമെന്നാണ് പ്രദേശവാസികളുടെ നിലപാട്.

വന്യജീവി ആക്രമണം: വയനാട്ടില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു, പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധം
കണ്ണൂരില്‍ കാട്ടാനയാക്രമണത്തില്‍ ഗുരുതര പരുക്കേറ്റ മാവോയിസ്റ്റ് പിടിയില്‍

ഇതിനിടെ മന്ത്രിമാരുടെ സംഘം അടുത്തദിവസംതന്നെ വയനാട് സന്ദര്‍ശിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രിമാരുടെ നേതൃത്വത്തില്‍ വയനാട്ടില്‍ ഉന്നതതല യോഗം ചേരും. വനം-റവന്യു-തദ്ദേശ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റുമാരെയും യോഗത്തില്‍ പങ്കെടുപ്പിക്കും. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ഹര്‍ത്താല്‍ ആയതിനാല്‍ ഇപ്പോള്‍ അങ്ങോട്ട് പോകുന്നില്ല. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ യോഗം ചേരും. മന്ത്രിതല സംഘം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കുടുംബത്തിന്റെ ആരോപണം പരിശോധിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് തെരഞ്ഞെടുത്തത്. വയനാട് മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയ്ക്ക് പരിമിതകളുണ്ട്. തന്റെ രാജി ആവശ്യം ഉന്നയിക്കുന്നത് ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന് ആത്മാര്‍ത്ഥതയില്ലാത്തതിനാലാണെന്നും പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആവശ്യം മാത്രമാണന്നും ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം വനംമന്ത്രി വയനാടിന്‌റെ വികാരം മനസിലാക്കുന്നില്ലെന്നും മുഖ്യമന്ത്രി വയനാട്ടിലെത്തണമെന്നും ടി സിദ്ദിഖ് എംഎല്‍എ ആവശ്യപ്പെട്ടു. വനംമന്ത്രിയെ പുറത്താക്കാണമെന്നും വയനാടിന്‌റെ ചുമതലയില്‍നിന്നു മാറ്റണമെന്നും സിദ്ദിഖ് പറഞ്ഞു.

വന്യജീവി ആക്രമണം: വയനാട്ടില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു, പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധം
വീണയ്ക്ക് കുരുക്കായി കമ്പനി നിയമത്തിലെ 212 വകുപ്പ്; എസ്എഫ്‌ഐഒ ഇറങ്ങിയത് ഇങ്ങനെ

മാനന്തവാടി പുല്‍പ്പള്ളി പാക്കത്ത് ആനയുടെ ചവിട്ടേറ്റ് ഗുരുതരമായ പരുക്കേറ്റയാള്‍ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരന്‍ പുല്‍പ്പള്ളി പാക്കം വെള്ളച്ചാല്‍ പോള്‍ (55) മരണത്തിന് കീഴടങ്ങിയത് ഇന്നലെയാണ്. രാവിലെ ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോള്‍ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. പോളിന്റെ വാരിയെല്ലുള്‍പ്പെടെ തകര്‍ന്നിരുന്നു.

നിലവിളി കേട്ട് സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഓടിയെത്തുകയായിരുന്നു. അവര്‍ ഒച്ചവെച്ച് കാട്ടാനയെ ഓടിച്ചു. ഉടനെ പോളിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍, ഇന്നലെ മൂന്നു മണിയോടെ പോളിന്റെ മരണം സംഭവിക്കുകയായിരുന്നു.

കാട്ടാന ആക്രമണത്തില്‍ ഒരാഴ്ചയ്ക്കിടെ തുടര്‍ച്ചയായി രണ്ടാമത്തെ മരണമാണ് വയനാട്ടില്‍ സംഭവിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് അജീഷ് എന്നയാളെ വീട്ടില്‍ കയറി കാട്ടാന ചവിട്ടിക്കൊന്നത്. 

അതേസമയം, ബേലൂര്‍ മഖ്‌നയെ പിടികൂടാമുള്ള ശ്രമം എട്ടാം ദിവസവും തുടരുകയാണ്. ട്രാക്കിങ് ടീം വനത്തിനുള്ളുലുള്ളിലുണ്ട്. ഇരുമ്പുപാലം കോളനിക്ക് സമീപം ആനയെ ട്രാക്ക് ചെയ്തിരുന്നു. കോളനിക്ക് സമീപത്തേക്ക് രണ്ട് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in