വോട്ട് രേഖപ്പെടുത്താൻ മടികാണിക്കാത്ത പുതുപ്പള്ളിക്കാർ; മണ്ഡലത്തിന്റെ പോളിങ് റെക്കോർഡ് തിരുത്തപ്പെടുമോ?

വോട്ട് രേഖപ്പെടുത്താൻ മടികാണിക്കാത്ത പുതുപ്പള്ളിക്കാർ; മണ്ഡലത്തിന്റെ പോളിങ് റെക്കോർഡ് തിരുത്തപ്പെടുമോ?

സമീപകാലത്തെല്ലാം മികച്ച പോളിങ് നടന്ന നിയമസഭാ മണ്ഡലമായിരുന്നു പുതുപ്പള്ളി

പുതുപ്പള്ളിയുടെ അരനൂറ്റാണ്ടിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഉമ്മൻ ചാണ്ടിയില്ലാതെയൊരു വോട്ടെടുപ്പ്. കുഞ്ഞൂഞ്ഞ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയപ്പോഴെല്ലാം പ്രിയ നേതാവിനെ വോട്ടുചെയ്ത് ജയിപ്പിക്കാൻ പുതുപ്പള്ളിക്കാർ പോളിങ് ബൂത്തുകളിലേക്ക് ഓടിയെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുള്ള തിരഞ്ഞെടുപ്പിലും പുതുപ്പള്ളിയിലെ വോട്ടർമാർക്ക് മാറ്റമൊന്നുമില്ല. അതിന്റെ സൂചനകളാണ് രാവിലെ മുതലുള്ള പോളിങ് ശതമാനം തെളിയിക്കുന്നതും.

സമീപകാലത്തെല്ലാം മികച്ച പോളിങ് നടന്ന നിയമസഭാ മണ്ഡലമായിരുന്നു പുതുപ്പള്ളി. ഇത്തവണയും അതിൽ മാറ്റങ്ങളൊന്നുമുണ്ടാകാൻ സാധ്യതയില്ലെന്നാണ് വോട്ടിങ് ആരംഭിച്ച് ആദ്യ രണ്ടുമണിക്കൂറിലെ തിരക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആകെ മൊത്തം പോളിങ് ശതമാനം 74.04 ശതമാനമായിരുന്നപ്പോൾ പുതുപ്പള്ളിയിലേത് 74.84 ശതമാനം ആയിരുന്നു. അതിനുമുൻപ് നടന്ന തിരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിയിലെ ശതമാന കണക്കുകൾ മികച്ചുതന്നെ നിന്നിരുന്നു.

ആകെ 1.75 ലക്ഷം വോട്ടർമാരാണ് പുതുപ്പള്ളിയിലുള്ളത്. 2016ൽ പുതുപ്പള്ളിക്കാരിൽ 77.40 ശതമാനം പേർ വോട്ട് ചെയ്തിരുന്നു. അത്തവണ കേരളത്തിലെ ആകെ പോളിങ് ശതമാനം 77.35 ആയിരുന്നു. 2011ൽ സംസ്ഥാന പോളിങ് 75.12 ശതമാനത്തിൽ എത്തിയപ്പോൾ, പുതുപ്പള്ളിയിലേത് 74.44 ശതമാനമായിരുന്നു.

പിണറായി വിജയൻ സർക്കാർ രണ്ടാംതവണ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. സർക്കാരിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷം അവകാശപ്പെടുമ്പോഴും ഉമ്മൻ ചാണ്ടിയെന്ന ഘടകമാകും വോട്ടെടുപ്പിൽ പ്രതിഫലിക്കുക എന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഉമ്മൻ ചാണ്ടി മരിച്ച് ചെറിയൊരു കാലയളവിനുള്ളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ആയതുകൊണ്ട് തന്നെ അദൃശ്യ സാന്നിധ്യം കഴിഞ്ഞ 12 തവണ പുതുപ്പള്ളിയുടെ നിയമസമാജികനായിരുന്ന നേതാവ് തന്നെയാകുമെന്നതിൽ തർക്കവുമില്ല. ഈയൊരു അനുകൂല സാഹചര്യത്തെ മുതലെടുക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചിട്ടുമുണ്ട്.

logo
The Fourth
www.thefourthnews.in