''ഞങ്ങൾക്കും ടെട്രാപോഡ് വേണം, എത്രയും വേഗം''

സുരക്ഷിതമായ കടൽഭിത്തിയില്ലാത്തതിനാൽ കടൽ ക്ഷോഭത്തിൽ വെള്ളം വീടുകളിലേക്ക് ഇരച്ച്‌ കയറുന്നു. മെയ് മാസം കഴിയുന്നതോടെ ഇവരുടെ ദുരിതം ആരംഭിക്കുകയായി

ചെല്ലാനത്തെ ജനങ്ങൾ സ്വസ്ഥമായി ഉറങ്ങുന്ന വാർത്തകൾ മാധ്യമങ്ങളിൽ നമ്മൾ അറിയുന്നുണ്ട്. എന്നാൽ അതേ ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി, ചെറിയ കടവ്, കാട്ടിപ്പറമ്പ്, കൈതവേലി പ്രദേശങ്ങളിലെ ജനങ്ങൾ ദുരിതത്തിന്റെ ആഴക്കടലിൽ മുങ്ങി താഴുന്നു. സുരക്ഷിതമായ കടൽഭിത്തിയില്ലാത്തതിനാൽ കടൽ ക്ഷോഭത്തിൽ വെള്ളം വീടുകളിലേക്ക് ഇരച്ച്‌ കയറുന്നു. മെയ് മാസം കഴിയുന്നതോടെ ഇവരുടെ ദുരിതം ആരംഭിക്കുകയായി.

ചെല്ലാനത്ത് പണി പൂർത്തിയായ 7.3 കിലോമീറ്റർ മാത്രമാണ് തീരദേശത്ത് താമസിക്കുന്നവർക്ക് ആശ്വാസം. മറ്റ് പ്രദേശങ്ങളിൽ ജനങ്ങൾ എവിടെയും പോകാനില്ലാതെ അവരവരുടെ വീടുകളിൽ തന്നെ തുടരുന്നു. കുട്ടികളും പ്രായമായവരും അടക്കം പ്രദേശത്തുള്ളവർ അരയോളം പൊക്കത്തിൽ വെള്ളത്തിലാണ് കഴിയുന്നത്. വേലിയേറ്റ സമയത്താണ് ഏറ്റവും കഷ്ടമെന്നും അവർ പറയുന്നു. തിരിച്ച്‌ വെള്ളമിറങ്ങിയ ശേഷം മാത്രമേ നിലമെല്ലാം വൃത്തിയാക്കി എന്തെങ്കിലും പാകം ചെയ്ത് കഴിച്ച്‌ അന്തിയുറങ്ങാൻ സാധിക്കൂ.

വർഷങ്ങളായി ഇതാണ് ഈ പ്രദേശങ്ങളിലെ സ്ഥിതി. ചെല്ലാനം പുത്തൻതോട് ഭാഗങ്ങളിൽ ടെട്രാപോഡ് നിർമാണം പൂർത്തിയായതോടെ പതിവിലും മോശമാണ് ഇത്തവണത്തെ അവസ്ഥ. ഓരോ തവണയും വെള്ളം കയറുമ്പോൾ അധികാരികൾ വരും എല്ലാം ശരിയാക്കാമെന്ന് പറയും അവിടെ അവസാനിക്കുന്നു അവരുടെ ഉത്തരവാദിത്വം. അടുത്ത വർഷം വീണ്ടും ജനങ്ങൾ ഇത് അനുഭവിച്ച്‌ കൊണ്ടേ ഇരിക്കുന്നു. ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾ പോലും തിരിഞ്ഞ്‌ നോക്കുന്നില്ലെന്നും ഇവിടത്തെ ജനങ്ങൾ പറയുന്നു.

കടൽഭിത്തി ഒരുക്കുന്നതിനുള്ള ടെട്രാപോഡുകൾ കണ്ണമാലി പ്രദേശത്ത് എത്തിച്ചിരുന്നു. എന്നാൽ പിന്നീട് അത് അവിടങ്ങളിൽ നിന്ന് നീക്കിയാണ് ചെല്ലാനം പുത്തൻതോട് പ്രദേശങ്ങളിൽ സ്ഥാപിച്ചത്. അതോടെ ഇവരുടെ ചെറിയ പ്രതീക്ഷകൾ പോലും അവസാനിച്ചു. ഇനിയും എത്രകാലം ഈ ദുർവിധി അനുഭവിക്കണമെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. ടെട്രാപ്പോഡ് ഇട്ടാൽ മാത്രമാണ് ഇതിനൊരു പരിഹാരം ഉണ്ടാകുവെന്നാണ് അവരുടെ പക്ഷം.

ഓരോ മഴക്കാലത്തും വീടിന് പറ്റുന്ന കേടുപാടുകൾ പരിഹരിക്കാൻ തന്നെ നല്ലൊരു തുക വേണം. കടൽ ആഞ്ഞടിക്കുമ്പോൾ പലവീടുകളും നിന്ന് വിറക്കുകയാണ്. ഞങ്ങളുടെ കയ്യിൽ നിന്ന് എടുത്താണ് വീടുകളുടെ അറ്റകുറ്റപണികൾ നടത്തുന്നത്. സർക്കാരിൽ നിന്ന് ദുരിതാശ്വാസമായി ലഭിക്കുന്ന തുക ഒന്നിനും തികയാറില്ല എന്നാലും കുഴപ്പമില്ല ടെട്രാപോഡ് ഇട്ട് തന്നാൽ മാത്രം മതി ഞങ്ങൾക്ക് കണ്ണമാലി സ്വദേശിനി ഷാലി പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in