'ഇനി നിലത്തിരിക്കാനാണ് തീരുമാനം' -ഭാരത് ജോഡോ യാത്രാ വേദിയില്‍ ഇരിപ്പിടം കിട്ടാത്തതില്‍ കെ മുരളീധരന്റെ പരസ്യ പ്രതിഷേധം

'ഇനി നിലത്തിരിക്കാനാണ് തീരുമാനം' -ഭാരത് ജോഡോ യാത്രാ വേദിയില്‍ ഇരിപ്പിടം കിട്ടാത്തതില്‍ കെ മുരളീധരന്റെ പരസ്യ പ്രതിഷേധം

കേരള അതിര്‍ത്തി വരെ രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കുമെന്നും മുരളീധരന്‍

ഭാരത് ജോഡോ യാത്ര കേരളം വിടുന്നത് വരെ സ്റ്റേജില്‍ കയറില്ലെന്ന് കെ മുരളീധരന്‍ എംപി. കൊല്ലം ജില്ലയില്‍ നടന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ നിലത്ത് ഇരിക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് കെപിസിസി പ്രചാരണ കമ്മിറ്റി ചെയര്‍മാന്റെ പുതിയ തീരുമാനം.

യാത്ര കഴിയുന്നതുവരെ സ്റ്റേജില്‍ കയറില്ലെന്ന് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മുരളീധരന്‍ വ്യക്തമാക്കി. 'നടക്കാത്തവര്‍ വേദിയിലും, നടക്കുന്നവര്‍ മുഴുവന്‍ പുറത്തുമാണ്. നടക്കാത്തവര്‍ വേദിയില്‍ തിക്കിത്തിരക്കുന്നത് കാരണം ഇനി മുഴുവന്‍ നിലത്തിരിക്കാനാണ് തീരുമാനം. സ്റ്റേജില്‍ ഇനി കയറില്ല. രാഹുല്‍ ഗാന്ധിക്ക് ഒപ്പം കേരള അതിര്‍ത്തി വരെ നടക്കും,' -മുരളീധരന്‍ പറഞ്ഞു.

സ്റ്റേജിന് മുന്നില്‍ ഇരിക്കുന്ന മുരളീധരന്‍
സ്റ്റേജിന് മുന്നില്‍ ഇരിക്കുന്ന മുരളീധരന്‍

ജോഡോ യാത്ര തിരുവനന്തപുരത്ത് എത്തിയത് മുതല്‍ സജീവ മുഖമാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ മുരളീധരന്‍. ഇന്ന് കൊല്ലം ജില്ലയില്‍ പര്യടനം അവസാനിപ്പിച്ച യാത്ര നാളെ ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കും. യാത്രയ്ക്ക് ഒരോ വേദികളിലും വന്‍ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഉദയ്പൂർ ചിന്തൻ ശിബിരിലാണ് ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് തീരുമാനിക്കുന്നത്. ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ നിരവധി ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് യാത്ര നടത്തുന്നത്. 150 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുടെയും 3,570 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുക. പ്രതിദിനം 25 കിലോ മീറ്റര്‍ പദയാത്രയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രാവിലെ 7 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 7.30 വരെയുമാണ് രാഹുല്‍ ഗാന്ധി പദയാത്ര നടത്തുന്നത്.

118 സ്ഥിരാംഗങ്ങള്‍, ഓരോ സംസ്ഥാനത്തെയും 100 മുതല്‍125 പ്രതിനിധികള്‍, യാത്ര കടന്നു ചെല്ലാത്ത സമീപ സംസ്ഥാനത്തെ 100 പ്രതിനിധികള്‍ എന്നിങ്ങനെയാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു വരുന്നത്.

logo
The Fourth
www.thefourthnews.in