പ്ലാസ്റ്റിക്കിൽ കുടുങ്ങി കടലും കരയും

പ്ലാസ്റ്റിക്കിൽ കുടുങ്ങി കടലും കരയും

കരയ്ക്ക് സംഭവിക്കുന്നതിനേക്കാൾ ഗുരുതരമായ ഭീഷണിയാണ് കടലിൽ പ്ലാസ്റ്റിക്കുകൾ സൃഷ്ടിക്കുന്നത്

'കടലില് മീനില്ല മക്കളെ... എണ്ണയടിച്ച് കടലിലേക്ക് ഇറങ്ങുമ്പോ കിട്ടണത് നിറയെ പ്ലാസ്റ്റിക്' അഞ്ചുതെങ്ങിലെ മീൻപിടുത്തകാരനായ ജോസേട്ടൻ പറഞ്ഞു തുടങ്ങി. ' നമ്മള് ഇരിക്കുന്ന കടപ്പുറത്തെ മണല് തന്നെ ഒന്ന് നോക്കിയാൽ മതി എന്തോരം പ്ലാസ്റ്റിക് ആണ്. ഇതിനേക്കാലും ദുരിതമാണ് കടലിലെ അവസ്ഥ.'

കടൽ നിറയെ പ്ലാസ്റ്റിക് എന്നത് നിലയ്ക്കാത്ത ചർച്ചാ വിഷയമാണ്. സംസ്‍കാരമുള്ള മലയാളികളുടെ മാറ്റാനാകാത്ത സ്വഭാവങ്ങളില്‍ ഒന്നാണ് മാലിന്യങ്ങള്‍ വലിച്ചെറിയല്‍. പാർക്കിലും, ഗ്രൗണ്ടിലും, മുറ്റത്തുമെല്ലാം നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മൺസൂൺ കാലമാകുമ്പോൾ അഴുക്കുചാൽ, പുഴ, കായൽ തുടങ്ങിയവയിലൂടെയും വായൂവിലൂടെയും കടലിൽ എത്തുന്നു. ഇത് കരയ്ക്ക് സംഭവിക്കുന്നതിനേക്കാൾ ഗുരുതരമായ ഭീഷണിയാണ് കടലിൽ സൃഷ്ടിക്കുന്നത്.

ഓഷ്യൻ പ്ലാസ്റ്റിക് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ഒരു വർഷം ഒന്നരകോടി കിലോഗ്രാം പ്ലാസ്റ്റിക് (33 ബില്യൺ പൗണ്ട്) ആണ് കടലിൽ വന്നടിയുന്നത്. മത്സ്യസമ്പത്തിൽ വൻ ഇടിവാണ് പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്നതെന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷകനും തീരദേശ ആക്റ്റീവിസ്റ്റുമായ ജോൺസൻ ജാമെന്റ് പറയുന്നു.

ഇപ്പോൾ കടലീന്ന് മീനില്ലാതെ വലയും ഒരുകെട്ട് പ്ലാസ്റ്റിക്കും വേസ്റ്റുമായിട്ടാണ് തിരിച്ചു വരണത്. പോരാത്തതിന് കടലിൽ പോകുന്നതിന് വിലക്കും, തിന്നാന്നുള്ളത് വാങ്ങാൻ പൈസ വേണ്ടേ!

അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി

സാമ്പത്തികമായി വൻ പ്രതിസന്ധിയാണ് കടലിനെ ആശ്രയിച്ച് ജീവിക്കുന്നവർ നേരിടുന്നത്. മത്സ്യസമ്പത്തിൽ ഗണ്യമായ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. സുലഭമായി കിട്ടിയ മത്തി അടക്കമുള്ള മീനുകളെ മഷിയിട്ട് നോക്കിയാൽ പോലും കിട്ടാത്ത അവസ്ഥയാണുള്ളത്. കടലിൽ മീൻ കുറയുന്നതിന് പ്രധാന കാരണവും പ്ലാസ്റ്റിക് തന്നെയാണ്. വൈവിധ്യമുള്ള നിരവധി ജീവജാലങ്ങളടങ്ങിയ വലിയൊരു ആവാസ വ്യവസ്ഥയാണ് കടൽ. സൂക്ഷമജീവികൾ മുതൽ ഭക്ഷ്യയോഗ്യമായ മീനുകൾ വരെ കടലിൽ അധിവസിക്കുന്നുണ്ട്. കടലിൽ ഏറ്റവും കൂടുതലുള്ളത് അടിത്തട്ടിൽ ജീവിക്കുന്നതും സഞ്ചരിക്കാനാകാത്തതുമായ Sessile and Sedentary ജീവികളാണ്. നാല് മുതൽ അഞ്ച് ശതമാനം വരെ മാത്രമാണ് മീനുകളുള്ളത്. വൈവിധ്യമാർന്ന ജീവികളാണ് മീനുകളെക്കാൾ കൂടുതൽ.

മണ്ണിനടിയിൽ ജീവിക്കുന്ന Benthic സ്പീഷ്യസ്, കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്ന സഞ്ചരിക്കുന്ന Demersal സ്പീഷ്യസ് , മുകൾത്തട്ടിൽ ജീവിക്കുന്ന ഭക്ഷ്യയോഗ്യമായ പലാജിക് സ്പീഷ്യസ് എന്നിവ ഉൾകൊള്ളുന്ന ആവാസ വ്യവസ്ഥയാണ് കടൽ. ഈ ഇക്കോ സിസ്റ്റത്തെ അപ്പാടെ തകിടം മറിക്കുവാൻ പ്ലാസ്റ്റിക്കിന് സാധിക്കും. വെള്ളത്തിൽ ഒഴുകി നടക്കുന്നതും അടിത്തട്ടിൽ അടിയുന്നതുമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജല ജീവികളുടെ സ്വാഭാവിക നിലനില്പിനെയും പ്രത്യുൽപ്പാദനത്തെയും തടസ്സപ്പെടുത്തും. മീനുകൾ മുട്ടയിടുന്ന അടിത്തട്ടിലെ പാരുകളെ മാലിന്യങ്ങൾ പൂർണമായും നശിപ്പിക്കുന്നതിലൂടെ മൽസ്യസമ്പത്തിൽ വൻരീതിയിൽ ഇടിവ് സംഭവിക്കും. കൂടാതെ, ഓക്സിജന്റെ ദൗർലഭ്യവും മീനുകളുടെ വംശനാശത്തിന് കാരണമാകുന്നുവെന്ന് ജോൺസൺ ജാമെന്റ് പറയുന്നു.

നാം ശ്വസിക്കുന്ന 50%ത്തിലേറെ ഓക്സിജന്റെ ഉറവിടം കടലാണ്. കടലിലെ പവിഴ പുറ്റുകൾ കൂടാതെ ജീവജാലങ്ങളായ സീവീഡ് (seaweed) 70 ശതമാനവും, ഫൈറ്റോപ്ലാൻഗ്ടൻ (phytoplankton) 50 ശതമാനം ഓക്സിജനുമാണ് ഉദ്പാദിപ്പിക്കുന്നത്. ലോകത്ത് ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ ഏറ്റവും കൂടുതൽ ശ്വസന യോഗ്യമായ ഓക്സിജൻ (Breathable Oxygen) പുറപ്പെടുവിക്കുന്നതും ഈ ജീവജാലങ്ങളെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. എന്നാൽ കടലിൽ വന്നടിയുന്ന പ്ലാസ്റ്റിക്കുകൾ ഓക്സിജൻ ഉല്പാദനപ്രക്രിയയെ സാരമായി ബാധിക്കുന്നു.

പവിഴപ്പുറ്റുകൾ, സൂക്ഷ്മജീവികൾ തുടങ്ങിയവ അധിവസിക്കുന്നയിടങ്ങളെ പ്ലാസ്റ്റിക് പൂർണമായും മൂടുന്നു. ഇതോടെ ഇവയ്ക്ക് കിട്ടേണ്ട ജീവകങ്ങളും സൂര്യപ്രകാശവും കിട്ടാതെ വരും. തുടർന്ന് ഓക്സിജന്റെ അളവ് കടലിൽ കുറയുകയും കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുകയും ചെയ്യുന്നു. ഇത് മീനുകൾ കൂട്ടത്തോടെ ചത്തുപോകാന്‍ കാരണമാകുന്നു. തന്മൂലം കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നും ജോൺസൻ ജാമെന്റ് വ്യക്തമാക്കി.

അതേസമയം, മീനുകൾ ചത്തുപോകാൻ മറ്റൊരു കാരണം പ്രേത വലകളാണ് (ഗോസ്റ്റ് ഫിഷിങ് നെറ്റ്). പ്രേത വലകൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് കേരള ബയോഡൈവേഴ്സിറ്റി ബോർഡ് ജീവനക്കാരിയും ഗവേഷകയുമായ അനീഷ ബെനഡിക്റ്റും വലിയ ആശങ്കകളാണ് പങ്കുവയ്ക്കുന്നത്. പണ്ട് ഉപയോഗിച്ചിരുന്ന പരുത്തി വലകൾക്ക് പകരം നേർത്ത പ്ലാസ്റ്റിക് വലകളാണ് (നൈലോൺ വല) മീൻ പിടിക്കുന്നതിനായി നിലവിലുപയോഗിക്കുന്നത്. കൂടുതൽ കാലം യാതൊരു കേടുപാടുമില്ലാതെ മീൻ പിടിക്കാൻ സാധിക്കുമെന്നതാണ് അപകടമാണെന്ന് തിരിച്ചറിഞ്ഞാലും ഇത്തരം വലകൾ ഉപയോഗിക്കാൻ പ്രേരകമാകുന്നത്. എന്നാൽ പ്രശ്നം ഗുരുതരമാകുന്നത് പ്ലാസ്റ്റിക് വലകൾ കടലിൽ എത്തുന്നത് മുതലാണ്. ഓഖി ദുരന്തത്തിൽ നൂറോളം വള്ളങ്ങൾ കാണാതായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

ഈ വള്ളങ്ങളിലെല്ലാം നൈലോൺ വലകൾ ഉണ്ടായിരുന്നുവെന്നും നഷ്ടപ്പെട്ട ഈ വലകൾ നാളിന്നുവരെ കണ്ടെത്താനായിട്ടില്ലെന്നും അനീഷ ബെനഡിക് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ കടലിൽ നിക്ഷേപിക്കപ്പെടുന്ന പ്ലാസ്റ്റിക് വലകളിൽ കുടുങ്ങി കടലിലെ അപൂർവയിനം ജീവജാലങ്ങൾ മുതൽ വലിയ ജീവികൾ വരെ ചത്തുപോകാറുണ്ട്.

യു എൻ റിപ്പോർട്ട് പ്രകാരം നൈലോൺ വലകളുടെ ആയുസ്സ് 600 വർഷമാണ്. ഈ കാലയളവിൽ നശിക്കാത്ത നൈലോൺ വലകൾ കടലിൽ ഒഴുകി നടക്കുകയോ അടിത്തട്ടിൽ അടിയുകയോ ചെയ്യുന്നു. കടലിലെ ജീവികളിൽ 10% നശിക്കുന്നതിന് കാരണമാകുന്നതും ഈ പ്രേതവലകൾ തന്നെയാണ്. അതിനാലാണ് മീനുകളുടെ പേടിസ്വപ്നമായ നൈലോൺ വലകളേ ഗോസ്റ്റ് ഫിഷിങ് നെറ്റെന്ന് വിളിക്കുന്നത്.

പ്ലാസ്റ്റിക് പല ഭാവത്തിലും രൂപത്തിലും മീനുകളെ കൊന്നൊടുക്കുകയാണ്. ഉയർന്ന താപനിലയിലും ഓക്സിജന്റെ അഭാവവും കാരണം അതിജീവിക്കാനാകാതെ നിരവധി മീനുകൾ ഓർമയാകുമ്പോൾ ഒരു കഷണം മീൻ ഇല്ലാതെ ചോറ് ഇറങ്ങാത്ത മലയാളികളുടെ നിത്യജീവിതത്തെ വരെ കാര്യമായി ബാധിക്കും. എന്നാൽ മീൻ കഴിക്കുന്നവരെയാകട്ടെ വലിയ ദുരന്തമാണ് കാത്തിരിക്കുന്നത്.

കണ്ണടച്ച് തിന്നാൻ വരട്ടെ, നിറയെ വിഷമാണ്!

നിലവിൽ 'ഫ്രഷ് മീൻ' എന്നത് ഒരു മിത്തായി കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക്കും, മലിനജലവും, കെമിക്കലുമെല്ലാം കടലിനെ വിഷമയം ആക്കിയിരിക്കുകയാണ്. ക്യാൻസർ പോലെ മാരകമായ രോഗങ്ങൾ ജനങ്ങളിൽ ഒരു പനി പിടിക്കുന്ന ലാഘവത്തിൽ കടന്നുകൂടുന്നതിൽ കടലിലെ പ്ലാസ്റ്റിക്കിനും മറ്റ് മാലിന്യങ്ങൾക്കും ഗണ്യമായ പങ്കുണ്ട്.

കടലിൽ എത്തുന്ന പ്ലാസ്റ്റിക്കുകൾ കുറച്ചുനാളുകൾ കഴിയുമ്പോൾ രൂപമാറ്റം സംഭവിച്ച് സൂക്ഷ്മ പ്ലാസ്റ്റിക്കുകളായി മാറും. 0.002 മില്ലീമീറ്റർ അഥവാ രണ്ട് മൈക്രോൺ മുതൽ 5 മില്ലീമീറ്റർ വരെയുള്ള പ്ലാസ്റ്റിക് കഷണങ്ങളാണിവ. ഇവയെ നഗ്നനേത്രം കൊണ്ട് കാണാനോ വേർതിരിച്ച് എടുക്കാനോ സാധിക്കില്ല. ഇത്തരം സൂക്ഷ്മ പ്ലാസ്റ്റിക്കുകളെ മീനുകൾ ഭക്ഷിക്കാറുണ്ട്. ഒടുവിൽ ഈ മീനുകൾ നമ്മുടെ തീൻമേശയിൽ എത്തുമെന്നും ഇതോടെ മനുഷ്യജീവൻ വലിയ അപകടത്തിലാകുമെന്നും കടൽ സംബന്ധിയായ വിഷയത്തിൽ ഗവേഷകനായ കുമാർ സഹായരാജു വ്യക്തമാക്കി.

പ്ലാസ്റ്റിക് വിഷമടങ്ങിയ മീൻ കഴിക്കുന്നതിലൂടെ കരൾ, വൃക്ക സംബന്ധിയായ അസുഖങ്ങൾ, ക്യാൻസർ തുടങ്ങി മാരകമായ രോഗങ്ങൾ മനുഷ്യരിൽ പിടികൂടുമെന്നും ഡോ ഫെലിക്സ് ചൂണ്ടിക്കാട്ടി. കൂടാതെ പ്രതിരോധശേഷിയും കുത്തനെ കുറയും. പലതരം രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ജനതയ്ക്ക് ഇതോടെ പിടിച്ചുനിക്കാനാകില്ലെന്നും അതിവേഗത്തിൽ മരണം കീഴടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെ സർവചരാചരങ്ങളെയും ബാധിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ തുടക്കക്കാരനും പ്ലാസ്റ്റിക് തന്നെയാണ്. ഇന്ന് ആഗോളതലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിതെളിക്കുന്ന വിഷയമാണ് കാലാവസ്ഥ. കാലം തെറ്റിപെയ്യുന്ന മഴയും ആഞ്ഞുവീശുന്ന കാറ്റും വിരൽ ചൂണ്ടുന്നത് ലോകം നേരിടാൻ പോകുന്ന വലിയ പ്രശ്നങ്ങളിലേക്കാണ്.

കടലിന്റെ മുകൾത്തട്ടിലൂടെ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് പാടപോലെ പ്രവര്‍ത്തിക്കുകയും സൂര്യപ്രകാശം അടിത്തട്ടിലേക്ക് കടത്തിവിടാത്ത അവസ്ഥയും ഉണ്ടാക്കുന്നു. ഇതോടെ സൂര്യപ്രകാശം ആഗിരണം ചെയ്ത് നടന്നിരുന്ന ഓക്സിജൻ ഉത്പാദനമടക്കമുള്ള പ്രക്രിയ തടസപ്പെടുന്നു.

വെള്ളത്തിൽ ഓക്സിജൻ കുറയുമ്പോൾ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി കൂടുന്നു. വെള്ളം തിളയ്ക്കുകയും നീരാവിയുടെ ചൂട് കൂടുകയും ചെയ്യുന്നു. തൽഫലമായി മഞ്ഞുമലകൾ ഉരുകി കടലിൽ വെള്ളത്തിന്റെ അളവ് (sea level) ഉയരാനും ഇടയാക്കുന്നു. ഇതിന്റെ പ്രത്യാഘാതമായി ന്യൂനമർദവും ചുഴികളും കനത്തമഴയും കാറ്റും തുടങ്ങി നാം ഇന്നു വരെ കണ്ടിട്ടില്ലാത്തത്രയും പ്രകൃതിക്ഷോഭങ്ങൾ കരയെ വിഴുങ്ങാൻ പാകത്തിന് ശക്തിപ്പെടുന്നുവെന്നും ഇതിന്റെ മൂലകാരണങ്ങളിലൊന്ന് പ്ലാസ്റ്റിക് ആണെന്നും അനീഷ ബെനഡിക് വ്യക്തമാക്കി.

കടലിനെ സർക്കാർ കാണുന്നില്ലേ?

കടലും തീരവും സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർതലത്തിൽ നടത്തിവരുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ് ശുചിത്വസാഗരം. ഇത് ഫലപ്രദമായ ഒരു പദ്ധതി ആണെങ്കിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ പിന്നീട് നടക്കുന്നില്ലെന്നാണ് മീൻപിടുത്തകാരും തീരനിവാസികളും ആരോപിക്കുന്നത്. ഇക്കഴിഞ്ഞ സമുദ്രദിനം ഈ പദ്ധതിയുടെ വീഴ്ചകളെ തുറന്നുകാട്ടുന്നുവെന്നും ജോൺസൺ ജാമന്റ് തെളിവ് സഹിതം വിശദമാക്കുന്നു. 'ശുചിത്വസാഗരം സുന്ദരതീരം' പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം തിരുവനന്തപുരത്തെ ശംഖുമുഖത്ത് വച്ച് നടക്കുന്നതിനിടെ ടൈറ്റാനിയം ഫാക്ടറിയിൽ നിന്നുള്ള മലിനജലം കടലിലേക്ക് ഒഴുകുകയാണ്'. സമുദ്ര ദിനത്തിൽ പോലും കടലിനോടും തീരത്തോടും അധികാരികൾ അടക്കമുള്ള വലിയൊരു വിഭാഗത്തിന് നീതികാട്ടാനാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാത്രവുമല്ല പ്രാരംഭ ഘട്ടങ്ങളിലുള്ള ആവേശം മാത്രമായി സർക്കാർ പദ്ധതികൾ മാറുന്നത് ഏറെ വിമർശനാത്മകമാണ്.

പ്രതിസന്ധികളും തിരിച്ചടികളും നിത്യസംഭവമാകുമ്പോൾ കടൽ വലിയൊരു ആവാസവ്യവസ്ഥയാണെന്ന് വീണ്ടും ഓര്‍മിപ്പിക്കേണ്ടി വരികയാണ്. ജീവവായു മുതൽ ഒരു മനുഷ്യന് ജീവിക്കാനുള്ള എല്ലാ ഘടകങ്ങളുടെയും കലവറയാണ് കടൽ. എന്നാൽ മനുഷ്യന്റെ വിവേകശൂന്യമായ കൈകടത്തലുകളിലൂടെ കടൽ വിനാശത്തിന്റെ സംഭരണി കൂടിയാകുകയാണ്. ലോകത്തിലെ സർവചരാചങ്ങൾക്കും ജീവിക്കാനാവശ്യമായ ഓക്സിജൻ, ആരോഗ്യം, സമ്പത്ത്, കാലാവസ്ഥ തുടങ്ങിയവ പ്രദാനം ചെയ്യുന്ന കടലിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ഗുരുതരപ്രശ്നം ഉയർത്തും. അതിനാൽ സ്കൂൾ തലം മുതൽ അവബോധം നൽകിയും തീരകൂട്ടായ്മകളിലൂടെയും കൃത്യമായ മോണിറ്ററിങ് സംവിധാനം ഉള്ള പദ്ധതികളിലൂടെയും ഈ വിപത്തിനെ പ്രതിരോധിക്കുവാൻ നാം ഓരോരുത്തരും സജ്ജമാകണം…

logo
The Fourth
www.thefourthnews.in