ആധുനിക മനുഷ്യന്റെ ആകുലതകളറിഞ്ഞ സാഹിത്യകാരൻ; എഴുത്തച്ഛന്‍ പുരസ്കാര നിറവില്‍ സേതു
ആധുനിക എഴുത്തുകാരിൽ വേറിട്ട ആഖ്യാന ശൈലി സ്വീകരിച്ച എഴുത്തുകാരനാണ് സേതു. കഥകളിലും നോവലിലും സമകാലിക രാഷ്ട്രീയ പരിസരത്തിന്റെ കൈയ്യൊപ്പ് പതിക്കാൻ ശ്രമിച്ച്, തികച്ചും നൈസർഗികമായ നാട്ടുമൊഴികളെ കൂട്ടിയിണക്കി കൊണ്ടുളള ഭാഷാശൈലി. പാണ്ഡവപുരം എന്ന ഒരൊറ്റ നോവൽ കൊണ്ടുതന്നെ മലയാളസാഹിത്യത്തിൽ തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരനാണ് സേതു. ആധുനിക മനുഷ്യരുടെ ജീവിതപരിസരങ്ങൾ അദ്ദേഹം കഥകൾക്ക് ബീജമായി സ്വീകരിച്ചപ്പോൾ മലയാളസാഹിത്യത്തിൽ സേതുവിന്റെ സ്ഥാനത്തിന്റെ മാറ്റുകൂടി.
ജാരന് വേണ്ടിയുള്ള ദേവി എന്ന സ്ത്രീയുടെ കാത്തിരിപ്പോടെയാണ് പാണ്ഡവപുരം നോവൽ ആരംഭിക്കുന്നത്. അതേ കാത്തിരിപ്പോടെയാണ് നോവൽ അവസാനിക്കുന്നതും. വിവാഹത്തിനുശേഷം കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട യുവതിയാണ് ദേവി. ദേവി എന്ന കേന്ദ്രകഥാപാത്രത്തിന്റെ വിഹ്വലതകളും ഉന്മാദ സങ്കൽപങ്ങളുമാണ് നോവലിൽ ആദ്യാവസാനം വരെ. പാണ്ഡവപുരം എന്ന കല്പിത പ്രദേശവും ജാരൻ എന്ന അപരത്വവുമെല്ലാം ദേവിയുടെ മാനസികതലങ്ങളിൽ ഉടലെടുക്കുന്നതിനെയാണ് സേതു പാണ്ഡവപുരം എന്ന ചെറിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്നത്.
മനുഷ്യൻ സംസ്കാര സമ്പന്നനാണെന്ന് പറയുമ്പോഴും അതിഭീകരമായ കൃത്രിമത്വത്തിന്റെ സൃഷ്ടിയാണ് അതെന്ന് സേതു പാണ്ഡവപുരത്തിലൂടെ പൊളിച്ചെഴുതുന്നുണ്ട്. സിഗ്മണ്ട് ഫ്രോയ്ഡിന്റെ ഭാഷയിൽ പറഞ്ഞാൽ മനുഷ്യൻ അടിച്ചമർത്തി വയ്ക്കുന്ന അവന്റെ വികാരങ്ങൾ മറ്റൊരു തരത്തിൽ പുറത്തുവരിക തന്നെ ചെയ്യും. ദേവി എന്ന സ്ത്രീയിലൂടെ സേതു അത് വരച്ചിടുന്നുമുണ്ട്. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾ കഴിയുമ്പോൾ ഭർത്താവിൽ നിന്നും അകന്ന് ജീവിക്കേണ്ടി വരുന്നത് ലൈംഗിക അരാജകത്വത്തിന്റെ സൃഷ്ടിയായിരുന്നു. ഇവിടെ ജാരൻ എന്നത് തന്നെ വാസ്തവത്തിൽ ദേവിയുടെ തന്നെ അപരത്വമാണ്.
“എന്റെ മനസ്സിന്റെ കുപ്പക്കൂനയിൽ അടിഞ്ഞു കിടക്കുന്നത് എന്തൊക്കെയാണെന്ന് എനിക്ക് തന്നെ രൂപമില്ല” എന്നാണ് ദേവി തന്റെ അബോധ മനസ്സിനെക്കുറിച്ച് പറയുന്നത്. കുടുംബം എന്ന അധികാരഘടനയിൽ സ്ത്രീയെ തളച്ചിടുന്ന കന്യകാത്വ സംരക്ഷണത്തെ മുൻനിർത്തിയാണ് പുരുഷകേന്ദ്രീകൃത പ്രത്യയശാസ്ത്രങ്ങളുടെ നിലനിൽപ്പ് തന്നെ. ഇങ്ങനെ സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ ചരിത്ര പശ്ചാത്തലത്തിൽ വേണം ദേവിയിലെ ഭ്രമാത്മകതയെ നോക്കിക്കാണാൻ എന്ന് സേതു പറയാതെ പറയുന്നുണ്ട്. ഇങ്ങനെ മനുഷ്യന്റെ ആത്മസംഘർഷങ്ങളെ അവന്റെ അവളുടെ ബോധാബോധ മാനസികതലങ്ങളിൽ നിന്നുകൊണ്ടാണ് സേതു അനുവാചകനോട് സംസാരിക്കാൻ ശ്രമിച്ചതും. മാസ്റ്റർപീസായ പാണ്ഡവപുരവും കഥയായും നോവലായും ആ തൂലികത്തുമ്പില്‍ നിന്ന് പിറന്നുവീണ മുപ്പത്തിയഞ്ചിലേറെ കൃതികളും പകർന്നു നല്‍കിയ വായനാനുഭവം ഒരു കാലത്തിന്റെ കൂടിയാണ്.
സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം സേതുവിനെ തേടിയെത്തുമ്പോള്‍ എഴുത്തിനെ ഉപാസനയാക്കിയ ജീവിതത്തിനുള്ള അംഗീകാരമാണ്. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾക്കാണ് അംഗീകാരം. അഞ്ച് ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സാംസ്കാരികവകുപ്പ് മന്ത്രി വി എൻ വാസവൻ കോട്ടയത്താണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്.
സേതു എന്ന എഴുത്തുകാരന്റെ ജീവിതാനുഭവങ്ങൾ പുതുതലമുറയെ പ്രചോദിപ്പിക്കുന്ന പാഠപുസ്തകമാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. കൂടാതെ, എഴുത്തിനെ നവീകരിക്കുന്നതിലും സമകാലികമാക്കുന്നതിലും ശ്രദ്ധപുലർത്തിയിരുന്ന എഴുത്തുകാരനാണ് സേതുവെന്നും പ്രമേയത്തിലും രചനാശൈലിയിലും എപ്പോഴും പുതുമ കൊണ്ടുവരാൻ സൂക്ഷ്മത പുലർത്തിയ സാഹിത്യകാരനാണെന്നും സമിതി പറഞ്ഞു. സേതുവിന്റെ ഔദ്യോഗികജീവിതം അക്കങ്ങളുടെ നടുവിലായിരുന്നു. എന്നാൽ, അക്ഷരത്തിന്റെ വിശാലലോകത്തേയ്ക്കാണ് അദ്ദേഹം തന്റെ മഹാപ്രതിഭയെ വ്യാപരിപ്പിച്ചത്. മലയാളികളുടെ ആത്മാവിന്റെ മുറിച്ചുമാറ്റാനാവാത്ത ഭാഗമാണ് സേതു സൃഷ്ടിച്ച കഥാപ്രപഞ്ചം. അവയെപ്പറ്റി അക്കാദമിക്കായ പുതിയ പഠനങ്ങൾ കാലം ആവശ്യപ്പെടുന്നുണ്ടെന്നും പുരസ്കാര സമിതി കൂട്ടിച്ചേർത്തു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ചെയർമാനും പ്രൊഫസർ എം കെ സാനു, വൈശാഖൻ, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ എം വി നാരായണൻ, സാംസ്‌കാരികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസ് എന്നിവരടങ്ങുന്നതാണ് പുരസ്കാര നിർണയ സമിതി.
ആലുവയിൽ കടുങ്ങല്ലൂരിലെ ചേന്ദമംഗലത്തു 1942ലാണ് സേതുവിന്റെ ജനനം. പാലിയം ഹൈസ്കൂളിലും ആലുവ യുസി കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കേന്ദ്ര കാലാവസ്ഥാ വകുപ്പിലും റെയിൽവേയിലും ജോലി ചെയ്ത ശേഷം ബാങ്ക് ഉദ്യോഗസ്ഥനായി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഡയറക്ടർ, നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാൻ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
‘പാണ്ഡവപുരം’ എന്ന നോവലിനും ‘പേടിസ്വപ്നങ്ങൾ’ എന്ന കഥയ്ക്കും കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. അടയാളങ്ങൾ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ചേക്കുട്ടി’ എന്ന നോവലിനു കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരവും ലഭിച്ചു. മറുപിറവി, പാണ്ഡവപുരം, ഏഴാം പക്കം, കൈമുദ്രകൾ, നവഗ്രഹങ്ങളുടെ തടവറ (പുനത്തിൽ കുഞ്ഞബ്ദുള്ളയുമൊത്ത്), അടയാളങ്ങൾ (നോവലുകൾ), തിങ്കളാഴ്ചകളിലെ ആകാശം, വെളുത്ത കൂടാരങ്ങൾ, ആശ്വിനത്തിലെ പൂക്കൾ, പ്രകാശത്തിന്റെ ഉറവിടം, പാമ്പും കോണിയും, പേടിസ്വപ്നങ്ങൾ, അരുന്ധതിയുടെ വിരുന്നുകാരൻ, ദൂത്, ഗുരു (കഥ), അപ്പുവും അച്ചുവും, ചേക്കുട്ടി (ബാലസാഹിത്യം) തുടങ്ങിയവയാണ് പ്രധാന കൃതികൾ. അദ്ദേഹത്തിന്റെ കഥകൾ അടിസ്ഥാനമാക്കി ഒട്ടേറെ സിനിമകളും ജന്മംകൊണ്ടു.