യൂത്ത് കോൺഗ്രസിനെ ആര് നയിക്കും? സര്‍പ്രൈസ് എന്‍ട്രിയുണ്ടാകുമോ

നോമിനേഷനിലൂടെ ഭാരവാഹികള്‍ വരണമെന്നാണ് സംസ്ഥാന നേത്യത്വത്തിലെ പ്രബലവിഭാഗം ആഗ്രഹിക്കുന്നത്

യൂത്ത് കോണ്‍ഗ്രസില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ഷാഫി പറമ്പില്‍ നയിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ കാലാവധി മാര്‍ച്ചില്‍ തീരും. മെയ് വരെ ഈ കമ്മിറ്റി തുടരട്ടെയെന്നാണ് നേതാക്കള്‍ക്കിടയിലുള്ള ധാരണ, ശേഷം പുതിയ കമ്മിറ്റി വരും. സംഘടന തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികള്‍ വരട്ടെയെന്ന നിലപാടില്‍ കേന്ദ്ര നേത്യത്വം ഉറച്ച് നില്‍ക്കുകയാണ്. പക്ഷെ നോമിനേഷനിലൂടെ ഭാരവാഹികള്‍ വരണമെന്നാണ് സംസ്ഥാന നേത്യത്വത്തിലെ പ്രബലവിഭാഗം ആഗ്രഹിക്കുന്നത്.

എ ഗ്രൂപ്പിന്റെ അക്കൗണ്ടിലാണ് ഷാഫിപറമ്പില്‍ സംസ്ഥാന പ്രസിഡന്റായത്. അതുകൊണ്ട് പദവി എ ഗ്രൂപ്പിന് തന്നെ വേണമെന്ന നിലപാട് ഗ്രൂപ്പ് മാനേജര്‍മാര്‍ക്കുണ്ട്. യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഡിനേറ്ററായ ജെ എസ് അഖിലിന്‍റെ പേരാണ് ഗ്രൂപ്പ് മുന്നോട്ട് വെക്കുന്നത്. സംഘടന പ്രവര്‍ത്തനത്തിലെ പരിചയ സമ്പത്തും കെഎം അഭിജിത്ത് പ്രസിഡന്റായ സമയത്ത് കെഎസ് യു പ്രസിഡന്റ് സ്ഥാനം അവസാന നിമിഷം നഷ്ടപ്പെട്ടതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് അവകാശവാദം. നോമിനേഷന്‍ വേണ്ട, സംഘടന തിരഞ്ഞെടുപ്പ് മതി എന്ന നിലപാടിലാണ് എ ഗ്രൂപ്പന്നെതും ശ്രദ്ധേയമാണ്.

നോമിനേഷന്‍ വേണ്ട, സംഘടന തിരഞ്ഞെടുപ്പ് മതി എന്ന നിലപാടില്‍ എ ഗ്രൂപ്പ്

ചാനല്‍‌ ചര്‍ച്ചകളിലൂടെ പരിചിതനായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെതാണ് ചര്‍ച്ചകളിലുള്ള മറ്റൊരു പേര്. പടിയിറങ്ങുമ്പോള്‍ രാഹുലിനെ കൈപിടിച്ച് കസേരയില്‍ ഇരുത്തണമെന്നാണ് ഷാഫി പറമ്പില്‍ ആഗ്രഹിക്കുന്നതും. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മനസ്സും രാഹുലിനൊപ്പമാണ്. അടിത്തട്ട് മുതല്‍ പ്രവര്‍ത്തിച്ച് പരിചയമില്ലെന്ന കാരണം പറഞ്ഞ് രാഹുലിന്‍റെ വരവിനെ ശക്തമായി എതിര്‍ക്കുന്നവരില്‍ നിലവിലെ സംസ്ഥാന ഭാരവാഹികളില്‍ നിരവധിപേരുണ്ട്. എ വിഭാഗത്തിന്‍റെ അകൗണ്ടില്‍ വിഡി സതീശന്റെ പിന്തുണയോടെ രാഹുലിനെ കൊണ്ടുവരാനുള്ള ചരടുവലികളും നടക്കുന്നുണ്ട്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ഷാഫി പറമ്പില്‍ തുടരാനുള്ള വിദൂര സാധ്യതയും നിലനില്‍ക്കുന്നു

കെസി വേണുഗോപാലിന്റെ മനസ്സില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലാണ്. പ്രവര്‍ത്തന പാരമ്പര്യം പാര്‍ട്ടിക്ക് മുതല്‍കൂട്ടാകുമെന്ന പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ നോമിനിയായ അലോഷ്യസ് സേവ്യര്‍ കെഎസ് യു പ്രസിഡന്റായതിനാല്‍ യൂത്ത് കോണ്‍ഗ്രസില്‍ താന്‍ നിര്‍ദ്ദേശിക്കുന്നയാള്‍ പ്രസിഡന്റാകണമെന്ന ആഗ്രഹം കെസി വേണുഗോപാലിനുമുണ്ട്. ഒറ്റപേരിലെത്താന്‍ നേത്യത്വത്തിന് കഴിഞ്ഞില്ലെങ്കില്‍ കെ എം അഭിജിത്തിനെ സമവായത്തിലൂടെ പ്രസിഡന്റാക്കണമെന്ന അഭിപ്രായക്കാര്‍ നേത്യത്വത്തിലുണ്ട്. എന്‍എസ് യു ജനറല്‍ സെക്രട്ടറി പദവിയിലിരിക്കുന്നതിനല്‍ ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിലേക്ക് ഇല്ലെന്നാണ് അഭിജിത്ത് അടുപ്പക്കാരോട് പറഞ്ഞിരിക്കുന്നത്.

ഇവരില്‍ ആരുടെ പേരാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മനസ്സിലെന്ന് വ്യക്തമായിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസായതു കൊണ്ടും, സംഘടന യൂത്ത് കോണ്‍ഗ്രസായതുകൊണ്ടും അവസാന നിമിഷം എന്തും സംഭവിക്കാം. ചരിത്രം അതാണല്ലോ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ഷാഫി പറമ്പില്‍ തുടരാനുള്ള വിദൂര സാധ്യതയും കാണുന്നുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in