യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്: എ ഗ്രൂപ്പിന്റെ ക്ഷീണം ഗുണമാകും, മാങ്കൂട്ടത്തിലിനെ വെട്ടാന്‍ ചെന്നിത്തല- സുധാകരന്‍ സഖ്യം

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്: എ ഗ്രൂപ്പിന്റെ ക്ഷീണം ഗുണമാകും, മാങ്കൂട്ടത്തിലിനെ വെട്ടാന്‍ ചെന്നിത്തല- സുധാകരന്‍ സഖ്യം

മഹിളാ കോണ്‍ഗ്രസ്, കെഎസ് യു പുനഃസംഘടന നടന്നപ്പോൾ തങ്ങളുടെ നോമിനികളെ വെട്ടി അന്തിമ ലിസ്റ്റ് കെ സി വേണുഗോപാലും വിഡി സതീശനും ആഗ്രഹിച്ച പ്രകാരം പുറത്തുവന്നതിലെ അതൃപ്തിയാണ് പുതിയ നീക്കത്തിന് പിന്നിൽ

യൂത്ത് കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ സംസ്ഥാന കോൺഗ്രസിൽ രൂപപ്പെടുന്നത് പുതിയ സമവാക്യങ്ങൾ. സംഘടനാ തിരഞ്ഞെടുപ്പിൽ അധ്യക്ഷ പദവിയിലേക്ക് സംയുക്ത സ്ഥാനാർഥിയെ നിർത്താനൊരുങ്ങി കെപിസിസി അധ്യക്ഷൻ കെ സുധാകരനും രമേശ് ചെന്നിത്തലയും. മുരളീധരന്റെയും ഒരു വിഭാഗം എ ഗ്രൂപ്പ് നേതാക്കളുടെയും പിന്തുണ ഇരുവരും ഉറപ്പിച്ച് കഴിഞ്ഞു. തങ്ങളുടെ സ്ഥാനാർഥിക്ക് ഗ്രൂപ്പിന് അപ്പുറമുള്ള പിന്തുണ ഉറപ്പിക്കാനുള്ള നീക്കത്തിലാണ് നിലവിലെ കെപിസിസി അധ്യക്ഷനും മുന്‍ അധ്യക്ഷനും. രമേശ് ചെന്നിത്തലയുടെ ഐഗ്രൂപ്പിനോട് സഹകരിക്കുന്നണ്ടെങ്കിലും ആർക്കും പരസ്യ പിന്തുണ നൽകേണ്ടെന്ന നിലപാടിലാണ് കെ സുധാകരൻ.

ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ മുഖമായ അബിൻ വർക്കിക്ക് എറണാകുളം എം പി ഹൈബി ഈഡന്റെ പിന്തുണയുമുണ്ട്

നിലവിലെ സംസ്ഥാന സെക്രട്ടറിമാരായ അബിന്‍ വര്‍ക്കി, എം പി പ്രവീണ്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഒ ജെ ജനീഷ്, കെഎസ്‌യു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ് വി പി എന്നിവരിൽ ഒരാൾക്കാണ് നറുക്ക് വീഴുക. കെ സുധാകരന് അബിൻ വർക്കിയോടാണ് താൽപര്യം. ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ മുഖമായ അബിൻ വർക്കിക്ക് എറണാകുളം എം പി ഹൈബി ഈഡന്റെ പിന്തുണയുമുണ്ട്. പോഷക സംഘടനകളിൽ സാമുദായിക സമവാക്യം നിലനിർത്തണമെന്ന നിർദ്ദേശം വന്നാൽ അബിൻ വർക്കിക്കും അബ്ദുൽ റഷീദിനും തിരിച്ചടിയാകും. അങ്ങനെ എങ്കിൽ ഒ ജെ ജനീഷിന്‌ നറുക്ക് വീഴാനാണ് സാധ്യത. എന്നാൽ ഗ്രൂപ്പ് സംവിധാനത്തിന് അപ്പുറം സംസ്ഥാനത്താകെയുള്ള പ്രവർത്തകരോടുള്ള ബന്ധം തനിക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് അബിൻ വർക്കി.

മഹിളാ കോണ്‍ഗ്രസ്, കെഎസ്‍യു പുനഃസംഘടന നടന്നപ്പോൾ തങ്ങളുടെ നോമിനികളെ വെട്ടി അന്തിമ ലിസ്റ്റ് കെ സി വേണുഗോപാലും വി ഡി സതീശനും ആഗ്രഹിച്ച പ്രകാരം പുറത്തുവന്നതിലെ അതൃപ്തിയാണ് പുതിയ നീക്കത്തിന് പിന്നിൽ. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തിലിനെ അധ്യക്ഷ പദവിയിലെത്തിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റ മൗന പിന്തുണയോടെ നടത്തുന്ന നീക്കത്തിന് തടയിടുകയെന്ന ലക്ഷ്യവും ഇരുവർക്കുമുണ്ട്.

എ ഗ്രൂപ്പിന് സംഘടനയ്ക്കുള്ളില്‍ പഴയ അപ്രമാദിത്വം നിലവിലില്ലാത്തത് മുതലെടുക്കാനാണ് സുധാകരന്റെയും ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുടെയും നീക്കം

നിലവിലെ സംഘടനാ ബലം അനുസരിച്ച് എ ഗ്രൂപ്പ് പ്രതിനിധിയാകും സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുക. എന്നാല്‍ എ ഗ്രൂപ്പിന് സംഘടനയ്ക്കുള്ളില്‍ പഴയ അപ്രമാദിത്വം നിലവിലില്ലാത്തത് മുതലെടുക്കാനാണ് സുധാകരന്റെയും ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുടെ നീക്കം. അതേസമയം, എ ഗ്രൂപ്പ് തങ്ങളുടെ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് യൂത്ത് കോണ്‍ഗ്രസ് ദേശീയ കോർഡിനേറ്ററും കെഎസ്‍യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജെ എസ് അഖിലിനെയാണ്. മികച്ച സംഘടനാപാടവവും സംഘടനാ പ്രവര്‍ത്തനത്തിലെ പരിചയസമ്പത്തും കെഎസ്‍യു പ്രസിഡന്റ് സ്ഥാനം അവസാന നിമിഷം നഷ്ടപ്പെട്ടതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ജെ എസ് അഖിലിനായി എ ഗ്രൂപ്പിലെ ഒരു വിഭാഗം രംഗത്തുവരുന്നത്. ഉമ്മ‍ന്‍ ചാണ്ടി, ബെന്നി ബഹനാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പിന്തുണയും അഖിലിനുണ്ട്.

ഇക്കുറി അധ്യക്ഷന്‍ ഉള്‍പ്പെടെ എല്ലാ പദവികളിലേക്കും തിരഞ്ഞെടുപ്പ് നടത്താനാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം

നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലിലൂടെ സംഘടന പിടിക്കാമെന്നാണ് കെ സി വേണുഗോപാലിന്റെ പ്രതീക്ഷ. കെഎസ്‍യു പുനഃസംഘടനയില്‍ സതീശന്റെ നോമിനിക്ക് അധ്യക്ഷ പദവി ലഭിച്ച സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ബിനു ചുള്ളിയിലിന് വിട്ടുനല്‍കണമെന്ന നിലപാടാണ് കെ സി വേണുഗോപാലിനുള്ളതെങ്കിലും ചെന്നിത്തലയും സുധാകരനും ഒരുമിച്ച് നിൽക്കുന്ന സാഹചര്യത്തിൽ ബിനു ചുള്ളിയിലിൽ മത്സരിച്ചാലും കെ സിയുടെ പരോക്ഷ പിന്തുണ രാഹുലിന് ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഇക്കുറി അധ്യക്ഷന്‍ ഉള്‍പ്പെടെ എല്ലാ പദവികളിലേക്കും തിരഞ്ഞെടുപ്പ് നടത്താനാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതോടെ കൂടുതല്‍ പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത് ഭാരവാഹിത്വം പിടിക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം. സമവായത്തിലൂടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതിലെ അതൃപ്തി സംസ്ഥാനത്തെ ഒരു വിഭാഗം കേന്ദ്ര നേത്യത്വത്തെ അറിയിച്ചതിന് പിന്നാലെയാണ് മുഴുവന്‍ പദവികളിലേക്കും തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശം നല്‍കിയത്. ഒപ്പം ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്നവരിൽ നിന്നും ഒരാളെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കാനും യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം പദ്ധതിയിടുന്നുണ്ട്.

logo
The Fourth
www.thefourthnews.in