ചാലക്കുടിക്കാരന്‍ ചങ്ങാതിയായി ബെന്നി ബെഹ്നാന്‍

ചാലക്കുടിക്കാരന്‍ ചങ്ങാതിയായി ബെന്നി ബെഹ്നാന്‍

ഒന്നാം പിണറായി സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രി കൂടിയായിരുന്ന പ്രൊഫ.സി രവീന്ദ്രനാഥിനെ 63754 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെന്നി ബെഹ്നാന്‍ മണ്ഡലം തിരിച്ചു പിടിച്ചത്

തുടര്‍ച്ചയായ അഞ്ച് വര്‍ഷം യുഡിഎഫിന്റെ തട്ടകമായിരുന്ന ചാലക്കുടി കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ ലോനപ്പന്‍ നമ്പാടനിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തു. മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇക്കുറി ബെന്നി ബെഹ്നാന്‍ എത്തുന്നത്. ആ വരവാകട്ടെ വിജയം കാണുകയും ചെയ്തു. ഒന്നാം പിണറായി സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രി കൂടിയായിരുന്ന പ്രൊഫ.സി രവീന്ദ്രനാഥിനെ 63754 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെന്നി ബെഹ്നാന്‍ മണ്ഡലം തിരിച്ചു പിടിച്ചത്. 394171 വോട്ടുകള്‍ ബെന്നി ബെഹ്നാന്‍ നേടിയപ്പോള്‍ രവീന്ദ്രനാഥ് 330417 വോട്ടുകളും ബിഡിജെഎസിന്റെ കെ എ ഉണ്ണികൃഷ്ണന്‍ 106400 വോട്ടുകളും നേടി.

മണ്ഡലത്തിന്റെ വോട്ട് ചരിത്രം കൂടി നോക്കാം. എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, കുന്നത്തുനാട്, പെരുമ്പാവൂര്‍, തൃശൂര്‍ ജില്ലയിലെ ചാലക്കുടി, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ എന്നിവ ചേരുന്നതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം. മുകുന്ദപുരം യുഡിഎഫ് കോട്ടയായിരുന്നെങ്കില്‍ അത് ചാലക്കുടിയായി രൂപം മാറിയപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ജയിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിലെ അതികായനായ പനമ്പള്ളി ഗോവിന്ദ മേനോന്‍, കെ കരുണാകരന്‍, ഇ ബാലാനന്ദന്‍, സാവിത്രി ലക്ഷ്മണ്‍ എന്നിങ്ങനെ നിരവധി പേരെ ലോക്സഭയിലേക്ക് അയച്ച മണ്ഡലമാണ് മുകുന്ദപുരം. ഐക്യകേരളം രൂപീകരണത്തിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പിലും അതിനുശേഷം നടന്ന 16 തിരഞ്ഞെടുപ്പിലുമായി 11 തവണ യുഡിഎഫ് വിജയിച്ച മണ്ഡലം. രണ്ട് തവണ ഇടത് സ്വതന്ത്രരും രണ്ട് തവണ എല്‍ഡിഎഫും ഒരു തവണ കേരള കോണ്‍ഗ്രസും വിജയിച്ചു.

ഇടതിന്റെ നാരായണന്‍കുട്ടി മേനോനായിരുന്നു ആദ്യ എം പി. എന്നാല്‍ 1962 മുതല്‍ 77 വരെ മണ്ഡലം യുഡിഎഫ് കൈയില്‍ വച്ചു. ഇതില്‍ 62 മുതല്‍ 67 വരെ പനമ്പിള്ളി ഗോവിന്ദമേനോന്‍ ആയിരുന്നു എംപി. കേരളത്തില്‍ നിന്നുള്ള ആദ്യ കേന്ദ്രമന്ത്രിയും അദ്ദേഹമായിരുന്നു. പിന്നീട് രണ്ട് തവണ എ സി ജോര്‍ജിലൂടെ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തി. 57-ലെ വിജയത്തിനുശേഷം 19 വര്‍ഷം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിലാണ് പിന്നീട് എല്‍ഡിഎഫിന്റെ ഒരു സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ വിജയിക്കുന്നത്. ഇ ബാലാനന്ദനാണ് അന്ന് ആ വിജയം ഇടതിന് സമ്മാനിച്ചത്. പിന്നീടുള്ള തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുകാരനായ കെ മോഹന്‍ദാസ് വിജയിക്കുന്നു. 1989 മുതല്‍ 98-വരെ വീണ്ടും കോണ്‍ഗ്രസിന്റെ കയ്യിലേക്ക് മണ്ഡലം തിരികെപ്പോയി.

സാവിത്രി ലക്ഷ്മണും പിസി ചാക്കോയും എ സി ജോര്‍ജും കെ കരുണാകരനും അക്കാലയളവില്‍ എം പിമാരായി. പക്ഷേ 2004-ല്‍ മുകുന്ദപുരം മണ്ഡലത്തിലെ അവസാന തിരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാല്‍ മത്സരിച്ചപ്പോള്‍ മണ്ഡലം എല്‍ഡിഎഫിനെ വിജയിപ്പിച്ചു. ലോനപ്പന്‍ നമ്പാടനോട് 1,17,097 വോട്ടിനാണ് പത്മജ പരാജയപ്പെട്ടത്.

2008-ല്‍ പുതിയ മണ്ഡലം. തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലവും ചാലക്കുടിയും കൊടുങ്ങല്ലൂരും കൂടിച്ചേര്‍ന്നുള്ള ചാലക്കുടി മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പില്‍, 2009-ല്‍, ധനപാലന് അനായാസ വിജയമായിരുന്നു. എല്‍ഡിഎഫിന്റെ യു പി ജോസഫിനെ 71,679 വോട്ടുകള്‍ക്കാണ് ധനപാലന്‍ പരാജയപ്പെടുത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ വി സാബു 45,367 വോട്ട് നേടി.

ചാലക്കുടിക്കാരന്‍ ചങ്ങാതിയായി ബെന്നി ബെഹ്നാന്‍
കണ്ണൂരിന്റെ കെ എസ് ആയി കസറി സുധാകരന്‍

2014-ല്‍ കാര്യങ്ങള്‍ മാറി. കോണ്‍ഗ്രസിലുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കൊടുവില്‍ തനിക്ക് ചാലക്കുടി സീറ്റ് വേണമെന്ന് പി സി ചാക്കോ ആവശ്യപ്പെട്ടു. അവസാന നിമിഷം തൃശൂര്‍ ചാലക്കുടി മണ്ഡലങ്ങള്‍ പരസ്പരം വച്ചുമാറി. പി സി ചാക്കോയ്ക്ക് ചാലക്കുടിയും ധനപാലന് തൃശൂരും നല്‍കി പാര്‍ട്ടി. എന്നാല്‍ ചാക്കോയുടെ അടവ് പിഴച്ചു. ചലച്ചിത്ര താരമായ ഇന്നസെന്റ് മണ്ഡലത്തില്‍ വിജയിച്ചു. 3,58,440 വോട്ടാണ് അന്ന് ഇന്നസെന്റ് കരസ്ഥമാക്കിയത്. ചാക്കോയ്ക്ക് 3,44,556 വോട്ടുകളാണ് ലഭിച്ചത്. ബി ഗോപാലകൃഷ്ണനിലൂടെ എന്‍ഡിഎ വോട്ടുകള്‍ ഇരട്ടിയായി വര്‍ധിച്ചു.

2019ല്‍ യുഡിഎഫ് തരംഗത്തിനൊപ്പം ചാലക്കുടി മണ്ഡലവും പോയി. ഇടുക്കി മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്ന ബെന്നി ചാലക്കുടിയില്‍ ജയിക്കുമോയെന്ന സംശയങ്ങള്‍ക്കെല്ലാം തിരഞ്ഞെടുപ്പ് മറുപടി കൊടുത്തു. 2014-ല്‍ ഇന്നസെന്റ് നേടിയ ഭൂരിപക്ഷത്തിന്റെ പത്തിരട്ടി ഭൂരിപക്ഷത്തിനാണ് ബെന്നി വിജയിച്ചത്. ബിജെപിയുടെ എ എന്‍ രാധാകൃഷ്ണനും പിന്നോട്ട് പോയില്ല. 1,28,996 വോട്ടുകളാണ് അദ്ദേഹം നേടിയത്.

logo
The Fourth
www.thefourthnews.in