ബിജെപിയും കോണ്‍ഗ്രസും വിട്ടുവന്ന എല്ലാവര്‍ക്കും ടിക്കറ്റ്; ഒഡിഷയില്‍ ബിജെഡി തന്ത്രം ഫലിക്കുമോ?

ബിജെപിയും കോണ്‍ഗ്രസും വിട്ടുവന്ന എല്ലാവര്‍ക്കും ടിക്കറ്റ്; ഒഡിഷയില്‍ ബിജെഡി തന്ത്രം ഫലിക്കുമോ?

പ്രധാന മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളിലാണ് മറ്റു പാര്‍ട്ടികളില്‍ നിന്നെത്തിയവരെ ബിജെഡി സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്.

ഒഡിഷയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെഡി സ്ഥാനാര്‍ഥിപ്പട്ടികയില്‍ മൂന്നിലൊന്നും ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍നിന്ന് വന്നവര്‍. 21 മണ്ഡലങ്ങളില്‍ ഇരുപതിടത്തും ബിജെഡി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി. പ്രധാന മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളിലാണ് മറ്റു പാര്‍ട്ടികളില്‍ നിന്നെത്തിയവരെ ബിജെഡി സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്.

ഭുവനേശ്വറില്‍ ബിജെഡി സീറ്റ് നല്‍കിയിരിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് തോവ് സുരേഷ് രൗത്രേയുടെ മകന്‍ മന്‍മഥ് രൗത്രേയ്ക്കാണ്. കൊമേഷ്യല്‍ പൈലറ്റായിരുന്ന മന്മഥ്, ജോലി ഉപേക്ഷിച്ച് ബിജെഡിയില്‍ ചേര്‍ന്നതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് പാര്‍ട്ടി ലോക്‌സഭ ടിക്കറ്റ് നല്‍കിയത്.

ബാര്‍ഘര്‍ സീറ്റില്‍, ബിജെപി വിട്ട് ബിജെഡിയില്‍ ചേര്‍ന്ന പരിണീത മിശ്രയ്ക്കാണ് സീറ്റ് നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം ബിജെപി വിട്ട പരിണീതയ്ക്കും ബിജെഡിയില്‍ ചേര്‍ന്ന ദിവസം തന്നെ ലോക്‌സഭ ടിക്കറ്റ് നല്‍കി. മന്‍മഥിന്റേയും പരിണീതയുടെയും ആദ്യ തിരഞ്ഞെടുപ്പാണിത്.

ബിജെപി വിട്ട് ബിജെഡിയില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഭ്രുഗു ബക്‌സിപത്രയ്ക്കും സീറ്റ് കിട്ടി. ബെര്‍ഹാന്‍പുര്‍ മണ്ഡലത്തില്‍നിന്നാണ് ബക്‌സിപത്ര മത്സരിക്കുന്നത്. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വിശ്വസ്തനായിരുന്ന പ്രദീപ് പാനിഗ്രഹിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. 2020-ലാണ് പ്രദീപിനെ ബിജെഡി പുറത്താക്കിയത്.

മൂന്നു തവണ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന സുരേഷ് സിങ് ഭോയിയെയാണ് ബാലാംഗിര്‍ സീറ്റില്‍ നിന്ന് ബിജെഡി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. മാര്‍ച്ച് 29-നാണ് സുരേഷ് ബിജെഡിയില്‍ ചേര്‍ന്നത്.

കേന്ദ്രപദയില്‍ ബിജെഡി രംഗത്തിറക്കിയിരിക്കുന്നത് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അന്‍ഷുമാന്‍ മൊഹന്തിയെയാണ്. ഫെബ്രുവരിയിലാണ് അന്‍ഷുമാന്‍ പാര്‍ട്ടിവിട്ട് നവീന്റെ പാളയത്തിലെത്തിയത്. 2022 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയില്‍ ചേര്‍ന്ന പ്രദീപ് മാജിയെയാണ് നബരംഗ്പുരില്‍ ബിജെഡി രംഗത്തിറക്കിയിരിക്കുന്നത്. ബിജെപിയില്‍നിന്നാണ് മാജി ബിജെഡിയിലെത്തിയത്.

ബിജെപിയും കോണ്‍ഗ്രസും വിട്ടുവന്ന എല്ലാവര്‍ക്കും ടിക്കറ്റ്; ഒഡിഷയില്‍ ബിജെഡി തന്ത്രം ഫലിക്കുമോ?
പുതിയതായാലും പഴയതായാലും 'ലീഗാണ് പ്രശ്‌നം'; സിപിഎമ്മും ബിജെപിയും മുസ്ലിം ലീഗിനെ ലക്ഷ്യം വയ്ക്കുമ്പോള്‍

കേംദ്രുചാര്‍ മണ്ഡലത്തില്‍നിന്ന് ബിജെഡിയുടെ യുവമുഖങ്ങളില്‍ പ്രധാനിയായ ചന്ദ്രാണി മുര്‍മുവിനെ മാറ്റി കോണ്‍ഗ്രസില്‍നിന്നെത്തിയ ചംപുവ ധനുര്‍ജയക്കാണ് പാര്‍ട്ടി ടിക്കറ്റ് ല്‍കിയിരിക്കുന്നത്.

മൂന്നിലൊന്ന് സീറ്റ് വനിതകള്‍ക്ക് മാറ്റിവച്ചിട്ടുണ്ട്. ആറ് സീറ്റാണ് വനിതകള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഏതാണ്ട് എല്ലാ സിറ്റിങ് എംഎല്‍എമാര്‍ക്കും ബിജെഡി സീറ്റ് നല്‍കിയിട്ടുണ്ട്. ചില മണ്ഡലങ്ങളില്‍ എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കിയിട്ടില്ലെങ്കിലും അവരുടെ അടുത്ത ബന്ധുക്കളെയാണ് മത്സരിപ്പിക്കുന്നത്.

ബിജെപിയുമായി മുന്നണി നീക്കത്തിന് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ബിജെഡി പിന്നീട് പിന്മാറിയിരുന്നു. അതേ ബിജെപിയിലെ പ്രമുഖരെ തന്നെ നവീന്‍ തന്റെ പാളയത്തില്‍ എത്തിക്കുയും ചെയ്തു. വര്‍ഷങ്ങളായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസില്‍ നിന്നും ബിജെഡിയിലേക്ക് ചേക്കേറുന്ന നേതാക്കളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

വനിതാ സംവരണം പ്രാവര്‍ത്തികമാക്കിയും ജനകീയരായ നേതാക്കളെ സ്ഥാനാര്‍ഥികളാക്കിയും കളംപിടിക്കുന്ന ബിജെഡി, ബിജെപിയിലെയും കോണ്‍ഗ്രസിലെയും പ്രമുഖ നേതാക്കളെ രംഗത്തിറക്കി കളിക്കുന്ന പുതിയ തന്ത്രം വിജയിക്കുമോയെന്ന് കാത്തിരുന്നു കാണണം.

logo
The Fourth
www.thefourthnews.in