'സ്വത്ത് മുസ്ലിങ്ങള്‍ കൊണ്ടുപോകണോ?'; മോദിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അനുരാഗും, പരാതി

'സ്വത്ത് മുസ്ലിങ്ങള്‍ കൊണ്ടുപോകണോ?'; മോദിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അനുരാഗും, പരാതി

ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അനുരാഗ് ഠാക്കൂര്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവര്‍ത്തിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശം ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അനുരാഗ് ഠാക്കൂര്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവര്‍ത്തിച്ചത്. അനുരാഗ് ഠാക്കൂറിന്റെ പ്രസംഗത്തിന് എതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

''കോണ്‍ഗ്രസിന്റെ കൈ വിദേശ കരങ്ങള്‍ക്കൊപ്പം ചേര്‍ന്നുവെന്നും രാജ്യത്തെ ജനങ്ങളുടെ സ്വത്ത് മുസ്ലിംകള്‍ക്ക് നല്‍കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും അവരുടെ പ്രകടനപത്രികയില്‍ നിന്ന് വ്യക്തമാണ്'' എന്നായിരുന്നു അനുരാഗ് ഠാക്കൂറിന്റെ പരാമര്‍ശം.

''അവര്‍ രാജ്യത്തിന്റെ ആണവോര്‍ജം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ രാജ്യത്തെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അവരുടെ ആശയം 'തുക്‌ഡെ തുക്‌ഡെ ഗ്യാങുകള്‍' ഹൈജാക്ക് ചെയ്തിരിക്കുന്നു. കൈവശം തന്നെയിരിക്കണോ, അതോ മുസ്ലിമുകളിലേക്ക് പോകണോയെന്ന് നിങ്ങള്‍ തീരുമാനിക്കണം. ഞങ്ങള്‍ മുസ്ലീങ്ങള്‍ക്ക് എല്ലാ അവകാശങ്ങളും ഒരുപോലെ നല്‍കി. പക്ഷെ അത് മതത്തിന്റെ അടിസ്ഥാനത്തിലല്ല നല്‍കിയത്, അത് അവരുടെ അവകാശമായതുകൊണ്ടാണ്'', അനുരാഗ് പറഞ്ഞു.

'സ്വത്ത് മുസ്ലിങ്ങള്‍ കൊണ്ടുപോകണോ?'; മോദിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അനുരാഗും, പരാതി
മോദി ഭരണത്തില്‍ കെട്ടുതാലി പണയം വെപ്പിക്കുന്ന സാമ്പത്തിക സ്ഥിതി

''കേന്ദ്രമന്ത്രിയുടെ പ്രസംഗത്തിന് എതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ന്, അനുരാഗ് താക്കൂര്‍ പ്രധാനമന്ത്രിയുടെയും യുപി മുഖ്യമന്ത്രിയുടെയും പാത പിന്തുടര്‍ന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതും എല്ലാ മര്യാദയുടേയും സത്യസന്ധതയുടേയും എല്ലാ മാനദണ്ഡങ്ങളും ലംഘിക്കുന്ന പ്രസംഗം നടത്തുകയും ചെയ്തു. കോണ്‍ഗ്രസ് ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കി'', എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അര്‍ത്ഥവത്തായ നടപടികളുടെ അഭാവം ഇത്തരം മോശം പ്രവൃത്തികള്‍ക്ക് ഊര്‍ജം നല്‍കുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയിരുന്നു. 29-ന് 11 മണിക്ക് മുന്‍പ് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. മോദിയുടെ പരാമര്‍ശത്തിന് എതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് എതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. രൂക്ഷമായ ഭാഷയിലാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി വിദ്വേഷ പ്രസംഗം നടത്തിയത്.

രാജ്യത്തിന്റെ സമ്പത്തിനുമേല്‍ കൂടുതല്‍ അധികാരം മുസ്ലിങ്ങള്‍ക്കാണെന്നു കോണ്‍ഗ്രസ് മുന്‍പ് പറഞ്ഞിട്ടുണ്ടെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറി വന്ന മുസ്ലിങ്ങള്‍ക്കു നല്‍കുമെന്നും അത് അവരുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ടെന്നുമായിരുന്നു മോദിയുടെ പ്രസംഗം. ഇതിന് പിന്നാലെ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള നിരവധി ബിജെപി നേതാക്കള്‍ ഈ പ്രസ്താവന ആവര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in