മുതിര്‍ന്ന നേതാക്കള്‍, പുതുമുഖങ്ങള്‍, പിന്നോക്ക പ്രാതിനിധ്യം; ഇഴകീറി കരുതലോടെ ബിജെപി

മുതിര്‍ന്ന നേതാക്കള്‍, പുതുമുഖങ്ങള്‍, പിന്നോക്ക പ്രാതിനിധ്യം; ഇഴകീറി കരുതലോടെ ബിജെപി

മുതിര്‍ന്ന നേതാക്കളെ സുരക്ഷിത മണ്ഡലങ്ങളില്‍ നിയോഗിക്കുന്നതിന് ഒപ്പം മറ്റ് പാര്‍ട്ടികളില്‍നിന്ന് ചേക്കേറിയ നേതാക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിലും ബിജെപി ജാഗ്രത പുലര്‍ത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തികഞ്ഞ വിജയപ്രതീക്ഷയോടെ നേരിടുന്ന ബിജെപിയുടെ ആദ്യ പട്ടിക ശനിയാഴ്ച പുറത്തുവിട്ടപ്പോള്‍ തെളിയുന്നത് സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതില്‍ കാണിച്ച കരുതല്‍. 195 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളില്‍ മുതിര്‍ന്ന നേതാക്കള്‍, പുതുമുഖങ്ങള്‍, സാമൂഹ്യ സമവാക്യങ്ങള്‍, ജാതി, ലിംഗം എല്ലാം വ്യക്തമായി പരിഗണിക്കപ്പെടുന്നു.

ജാതി സെന്‍സെസ് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് പ്രചാരണം മുന്നോട്ട് വയ്ക്കുമ്പോള്‍ അതിനെ കണക്കുകളും പ്രാതിനിധ്യവും നിരത്തി നേരിടാനാണ് ബിജെപി ശ്രമിക്കുന്നത്

2009 ന് മുന്‍പ് ബിജെപിയുടെ ദേശീയ മുഖമായിരുന്ന നേതാക്കളില്‍ മുതിര്‍ന്ന നേതാവ് രാജ്‌നാഥ് സിങ് മാത്രമാണ് ഇത്തവണ ആദ്യ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. ലഖ്‌നൗ സീറ്റില്‍ നിന്നും അദ്ദേഹം വീണ്ടും ജനവിധി തേടുന്നു. അന്തരിച്ച മുതിര്‍ന്ന നേതാവ് സുഷമ സ്വരാജിന്റെ മകള്‍ ബന്‍സൂരി സ്വരാജ് തന്റെ ആദ്യ രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ തലമുറമാറ്റം കൂടിയാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. നിലവില്‍ മീനാക്ഷി ലേഖിയുടെ മണ്ഡലമായ ന്യൂഡല്‍ഹിയില്‍ നിന്നാണ് ബന്‍സൂരി മത്സരിക്കുന്നത്.

 ബന്‍സൂരി സ്വരാജ്
ബന്‍സൂരി സ്വരാജ്

കേരളത്തിലെ സ്ഥാനാര്‍ഥി പട്ടികയിലും ഈ തിരഞ്ഞെടുപ്പ് പ്രകടമാണ്. സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ എതിര്‍ ചേരിയിലുള്ള ശോഭ സുരേന്ദ്രനും എംടി രമേശും യഥാക്രമം ആലപ്പുഴയിലും കോഴിക്കോടും സ്ഥാനാര്‍ത്ഥിയാകുന്നു. പ്രഖ്യാപിച്ച 12 സീറ്റുകളിലെ സ്ഥാനാര്‍ഥികളില്‍ മൂന്ന് പേര്‍ സ്ത്രീകള്‍. കാസര്‍ഗോഡും പൊന്നാനിയുമാണ് വനിതാ സ്ഥാനാര്‍ഥികള്‍ക്കായി നീക്കിവച്ചിരിക്കുന്നത്. യുവാക്കളുടെ പ്രതിനിധികളായി പ്രഫൂല്‍ കൃഷ്ണയും അനില്‍ ആന്റണിയും വടകരയിലും പത്തനംതിട്ടയിലും മത്സരിക്കുന്നു. അനില്‍ ആന്റണി, സി രഘുനാഥ് ( കണ്ണൂര്‍), ഡോ. അബ്ദുള്‍ സലാം ( മലപ്പുറം) എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ കൂടെ വരുന്നവരെ കൈവിടില്ലെന്ന സൂചനകൂടിയാണ് ബിജെപി നല്‍കുന്നത്. തൃശൂരില്‍ സുരേഷ് ഗോപി നേരത്തെ തന്നെ സീറ്റുറപ്പിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ വി മുരളീധരനും (ആറ്റിങ്ങല്‍), രാജീവ് ചന്ദ്രശേഖര്‍ (തിരുവനന്തപുരം) എന്നിവരും കളത്തിലിറങ്ങുമ്പോള്‍ കേരളം തങ്ങള്‍ക്ക് പ്രതീക്ഷയില്ലാത്ത ഇടമല്ലെന്ന് കൂടിയാണ് ബിജെപി പറഞ്ഞുവയ്ക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചപ്പോള്‍
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചപ്പോള്‍

195 പേരടങ്ങുന്ന ആദ്യ പട്ടികയില്‍ 57 പേര്‍ (29 ശതമാനം ) ഒബിസി വിഭാഗക്കാരാണ്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 27 പേരും (14 ശതമാനം) പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്ന് 18 സ്ഥാനാര്‍ത്ഥികളും ആദ്യ പട്ടികയില്‍ ഇടം പിടിക്കുന്നു. ജാതി സെന്‍സെസ് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് പ്രചാരണം മുന്നോട്ട് വയ്ക്കുമ്പോള്‍ അതിനെ കണക്കുകളും പ്രാതിനിധ്യവും നിരത്തി നേരിടാനാണ് ബിജെപി ശ്രമിക്കുന്നത്. സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡേ ഒബിസി പ്രാതിനിധ്യത്തെ കുറിച്ച് ആവര്‍ത്തിച്ച് പരാമര്‍ശിച്ചതും ഇതിന്റെ സൂചനയാണ്.

മുതിര്‍ന്ന നേതാക്കള്‍, പുതുമുഖങ്ങള്‍, പിന്നോക്ക പ്രാതിനിധ്യം; ഇഴകീറി കരുതലോടെ ബിജെപി
മഹാരാഷ്ട്രയില്‍ 'ഇന്ത്യ' റെഡി; 18 സീറ്റില്‍ കോണ്‍ഗ്രസ്, ശിവസേനയ്ക്ക് 20, ശരദ് പവാറിന്റെ എന്‍സിപിയ്ക്ക് 10

ആദ്യപട്ടികയില്‍ 28 പേര്‍ വനിതാ സ്ഥാനാര്‍ഥികളാണ് 47 പേര്‍ 50 വയസിന് താഴെയുള്ളവര്‍. ബിജെപിയുടെ സാമൂഹ്യനീതിയുടെ തെളിവ് എന്നായിരുന്നു ഇതിനെ വിനോദ് താവ്‌ഡേ ചൂണ്ടിക്കാട്ടിയത്.

ശിവരാജ് സിങ് ചൗഹാന്‍
ശിവരാജ് സിങ് ചൗഹാന്‍

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപേന്ദ്ര യാദവ്, മന്‍സുഖ് മാണ്ഡവ്യ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അര്‍ജുന്‍ മുണ്ട, കിരണ്‍ റിജിജു, സര്‍ബാനന്ദ സോനോവാള്‍ തുടങ്ങിയ മുതിര്‍ന്ന നോതാക്കളും ആദ്യ പട്ടികയിലുണ്ട്. ആദ്യ പട്ടികയിലെ 34 പേര്‍ കേന്ദ്ര മന്ത്രിമാരാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റി നിര്‍ത്തിയെങ്കിലും ശിവരാജ് സിങ് ചൗഹാനെ വിട്ടുകളയില്ലെന്ന് കൂടി സ്ഥാനാര്‍ഥി പട്ടിക വ്യക്തമാക്കുന്നു. വിധിഷയില്‍ നിന്നാണ് ചൗഹാന്‍ ജനവിധി തേടുന്നത്. ശിവരാജ് സിങ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ സുഷമ സ്വരാജ് മത്സരിച്ച് ജയിച്ച സീറ്റാണ് വിധിഷ.

മുതിര്‍ന്ന നേതാക്കള്‍, പുതുമുഖങ്ങള്‍, പിന്നോക്ക പ്രാതിനിധ്യം; ഇഴകീറി കരുതലോടെ ബിജെപി
'ലക്ഷ്യം ജനങ്ങളെ സഹായിക്കല്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; ബിജെപി സ്ഥാനാര്‍ഥിയെന്ന പ്രചാരണം തള്ളി യുവരാജ് സിങ്

മുതിര്‍ന്ന നേതാക്കളെ സുരക്ഷിത മണ്ഡലങ്ങളില്‍ നിയോഗിക്കുന്നതിന് ഒപ്പം മറ്റ് പാര്‍ട്ടികളില്‍നിന്ന് ചേക്കേറിയ നേതാക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിലും ബിജെപി ജാഗ്രത പുലര്‍ത്തി. സിറ്റിങ് എംപിമാരില്‍ 20 ശതമാനത്തിന് സീറ്റ് നല്‍കിയിട്ടില്ലെന്നത് മറ്റൊരു വസ്തുതയാണ്. ഡല്‍ഹിയിലെ നാല് സിറ്റിങ് എംപിമാരില്‍ മൂന്ന് പേരെ മാറ്റി പുതിയ മുഖങ്ങളെ ഇറക്കുന്നു. ബന്‍സുരി സ്വരാജ്, കമല്‍ജീത് സെഹ്രാവത്, പ്രവീണ്‍ ഖണ്ഡേല്‍വാള്‍ എന്നിവരെയാണ് രാജ്യ തലസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്.

പ്രഗ്യാ സിങ് ഠാക്കൂര്‍
പ്രഗ്യാ സിങ് ഠാക്കൂര്‍

പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാറിനിന്നുള്ള കേന്ദ്രമന്ത്രി ജോണ്‍ ബര്‍ല ഇത്തവണ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും സിറ്റിങ് എംപിമാര്‍ തന്നെയാണ് ഭൂരിഭാഗവും മത്സരിക്കുന്നത്. വരുണ്‍ ഗാന്ധിയുടെ പിലിഭിത്, മനേക ഗാന്ധിയുടെ സുല്‍ത്താന്‍പൂര്‍, അയോധ്യ, റായ്ബറേലി യുപിയിലെ പല പ്രധാന സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

മുതിര്‍ന്ന നേതാക്കള്‍, പുതുമുഖങ്ങള്‍, പിന്നോക്ക പ്രാതിനിധ്യം; ഇഴകീറി കരുതലോടെ ബിജെപി
കോഴിക്കോട്ട് എളമരം കരീം, വടകര കെ കെ ശൈലജ, പത്തനംതിട്ട തോമസ് ഐസക്; സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഎം

നിരന്തരം വിവാദങ്ങള്‍ സൃഷ്ടിച്ച ബിജെപി എംപിമാരും അദ്യപട്ടികയില്‍ ഇടം നേടിയില്ല. പ്രഗ്യാ സിങ് ഠാക്കൂര്‍ ആദ്യ പട്ടികയില്‍ ഇടം നേടിയിട്ടില്ല. കഴിഞ്ഞ തവണ ഭോപ്പാലില്‍നിന്ന് കോണ്‍ഗ്രസിന്റെ ദിഗ്വിജയ സിങ്ങിനെ പരാജയപ്പെടുത്തിയാണ് പ്രഗ്യാ സിങ് ലോക്‌സഭയില്‍ എത്തിയത്. ലോക്സഭയില്‍ ഡാനിഷ് അലിയ്ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തി വിവാദമുണ്ടാക്കിയ രമേഷ് ബിധുരിയും ആദ്യപട്ടിയില്‍ എത്തിയില്ല.

logo
The Fourth
www.thefourthnews.in