ബിജെപി അഞ്ചാംഘട്ട സ്ഥാനാര്‍ഥിപ്പട്ടികയായി; കെ സുരേന്ദ്രന്‍ വയനാട്ടില്‍, കെഎസ് രാധാകൃഷ്ണന്‍ എറണാകുളത്ത്‌

ബിജെപി അഞ്ചാംഘട്ട സ്ഥാനാര്‍ഥിപ്പട്ടികയായി; കെ സുരേന്ദ്രന്‍ വയനാട്ടില്‍, കെഎസ് രാധാകൃഷ്ണന്‍ എറണാകുളത്ത്‌

ആലത്തൂരില്‍ ഡോ. ടി എന്‍ സരസുവിനെയും കൊല്ലം മണ്ഡലത്തില്‍ നടന്‍ ജി. കൃഷ്ണകുമാറിനെയും സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്

കേരളത്തിലെ ശേഷിക്കുന്ന മണ്ഡലങ്ങളിലെ ഉള്‍പ്പടെ അഞ്ചാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. കേരളത്തിലെ നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് ഇന്നത്തെ പട്ടികയില്‍ ഇടംപിടിച്ചത്. രാഹുല്‍ ഗാന്ധിയും ആനി രാജയും മത്സരിക്കുന്ന വയനാട് മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

വയനാടിന് പുറമേ ആലത്തൂര്‍, എറണാകുളം, കൊല്ലം എന്നീ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ആലത്തൂരില്‍ ഡോ. ടി എന്‍ സരസുവിനെയും എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെഎസ് രാധാകൃഷ്ണനെയുമാണ് സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്.

യുഡിഎഫിനു വേണ്ടി എന്‍കെ പ്രേമചന്ദ്രനും എല്‍ഡിഎഫിനു വേണ്ടി എംഎല്‍എയും നടനുമായ മുകേഷും മത്സരിക്കുന്ന കൊല്ലം മണ്ഡലത്തില്‍ നടന്‍ ജി. കൃഷ്ണകുമാറാണ് ബിജെപി സ്ഥാനാര്‍ഥി. സംസ്ഥാനത്തെ 15 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നു.

കേരളം ഉള്‍പ്പടെ 16 സംസ്ഥാനങ്ങളിലെ 111 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് അഞ്ചാംഘട്ടത്തില്‍ ബിജെപി ഇന്നു പ്രഖ്യാപിച്ചത്. ബിഹാറിലെ പട്‌നയില്‍ നിന്നു മത്സരിക്കുന്ന രവിശങ്കര്‍ പ്രസാദ്, നവാഡയില്‍ നിന്നു മത്സരിക്കുന്ന വിവേക് താക്കൂര്‍,, ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്നു മത്സരിക്കുന്ന നവീന്‍ ജിന്‍ഡാല്‍, ഝാര്‍ഖണ്ഡിലെ ദുംകയില്‍ നിന്നു മത്സരിക്കുന്ന സീതാ സോറന്‍, ഒഡീഷയിലെ സംബാല്‍പൂരില്‍ നിന്നു മത്സരിക്കുന്ന ധര്‍മേന്ദ്ര പ്രധാന്‍, യുപിലെ സുല്‍ത്താപൂരില്‍ മത്സരിക്കുന്ന മനേക ഗാന്ധി എന്നിവരാണ് ഇന്നു പുറത്തുവിട്ട പട്ടികയിലെ പ്രമുഖര്‍.

കഴിഞ്ഞ മാസം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയ്ക്കും സീറ്റ് നല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ തംലുക് മണ്ഡലത്തില്‍ നിന്നാണ് റിട്ട. ജസ്റ്റിസ് ജനവിധി തേടുന്നത്. അതോടൊപ്പം ഇന്ന് ബിജെപിയില്‍ ചേര്‍ന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് മുന്‍ എംപി വരപ്രസാദ് റാവുവിനും സീറ്റ് ലഭിച്ചിട്ടുണ്ട്. തന്റെ സിറ്റിങ് മണ്ഡലമായ ആന്ധ്രയിലെ തിരുപ്പതിയില്‍ നിന്നാണ് അദ്ദേഹം ഇക്കുറി ബിജെപി ടിക്കറ്റില്‍ ജനവിധി തേടുന്നത്. ഹിമാചലില്‍ മണ്ഡിയില്‍ നടി കങ്കണ റണാവത്തിനെയാണ് ബിജെപി മത്സരരംഗത്തിറക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in