കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി, പിന്നാലെ സ്വതന്ത്രന്മാര്‍ പിന്മാറി; സൂററ്റില്‍ ബിജെപിക്ക് എതിരില്ലാതെ ജയം

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി, പിന്നാലെ സ്വതന്ത്രന്മാര്‍ പിന്മാറി; സൂററ്റില്‍ ബിജെപിക്ക് എതിരില്ലാതെ ജയം

പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ ഇന്ന് മണ്ഡലത്തില്‍ നിന്നുള്ള മറ്റു സ്ഥാനാര്‍ഥികള്‍ തങ്ങളുടെ പത്രിക പിന്‍വലിച്ചതോടെയാണ് മുകേഷ് ദലാല്‍ എതിരില്ലാതെ ജയിച്ചത്

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആദ്യ ജയം. ഗുജറാത്തിലെ സൂററ്റ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥി മുകേഷ്ഭായ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ ഇന്ന് മണ്ഡലത്തില്‍ നിന്നുള്ള മറ്റു സ്ഥാനാര്‍ഥികള്‍ തങ്ങളുടെ പത്രിക പിന്‍വലിച്ചതോടെയാണ് മുകേഷ് ദലാല്‍ എതിരില്ലാതെ ജയിച്ചത്.

രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെ 10 പേരാണ് മുകേഷിനൊപ്പം മണ്ഡലത്തില്‍ നിന്ന് പത്രിക സമര്‍പ്പിച്ചിരുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇന്നലെയും മറ്റ് എട്ട് സ്ഥനാര്‍ഥികള്‍ ഇന്നും തങ്ങളും പത്രിക പിന്‍വലിച്ചു. ഇതോടെ മുകേഷ് എതിരില്ലാതെ ജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഇതിനു പിന്നാലെ മുകേഷിനെ അഭിനന്ദിച്ചുകൊണ്ട് ബിജെപി ഗുജറാത്ത് അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ രംഗത്തുവരികയും ചെയ്തു. ''പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൂററ്റ് ആദ്യ താമരപ്പൂവ് സമ്മാനിച്ചിരിക്കുന്നു. സൂററ്റില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാര്‍ഥി മുകേഷ്ഭായ് ദലാലിന് അഭിനന്ദനങ്ങള്‍''- എന്നായിരുന്നു പാട്ടീല്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചത്.

മേയ് ഏഴിനാണ് ഗുജറാത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 15 മുതല്‍ 19 വരെയായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള സമയം. ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംബാനിയുടെ പത്രിക കഴിഞ്ഞ ദിവസം വരണാധികാരി തള്ളിയിരുന്നു. നിലേഷിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്നു കണ്ടെത്തിയതിനേത്തുടര്‍ന്നാണ് പത്രിക തള്ളിയത്.

ഇതിനു പിന്നാലെ ഡമ്മി സ്ഥാനാര്‍ഥി സ്വന്ത ഇഷ്ടപ്രകാരം ഇന്നലെ പത്രിക പിന്‍വലിച്ചതും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. ഇന്ന് ഉച്ചയോടെയാണ് ശേഷിച്ച എട്ടുപേരിലെ അവസാനയാളും പത്രിക പിന്‍വലിച്ചത്. ബിഎസ്പിയുടെ പ്യാരേലാല്‍ ഭാരതിയാണ് അവസാനം പത്രിക പിന്‍വലിച്ച സ്ഥാനാര്‍ഥി. ഇതിനു ശേഷമാണ് മുകേഷ്ഭായ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി കമ്മിഷന്‍ അറിയിച്ചത്. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അഞ്ചു മണിവരെയാണ്. ഈ സമയത്തിനു ശേഷം കമ്മിഷന്‍ ഔദ്യോഗികമായി ഫലപ്രഖ്യപനം നടത്തും.

logo
The Fourth
www.thefourthnews.in