വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി;  കേസെടുത്ത് പോലീസ്

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

നേരത്തെ മാധവി ലത രാമനവമി ദിനത്തിൽ മുസ്ലിം പള്ളിക്ക് നേരെ പ്രതീകാത്മകമായി അമ്പ് അയക്കുന്ന രീതിയിൽ ആക്ഷൻ കാണിച്ചത് വിവാദമായിരുന്നു

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ദേഹപരിശോധന നടത്തുകയും ബുർഖ അഴിപ്പിക്കുകയും ചെയ്ത ബിജെപി സ്ഥാനാർഥിക്കെതിരെ കേസെടുത്ത് പോലീസ്. ഹൈദരാബാദിലെ ബിജെപി സ്ഥാനാർഥിയായ മാധവി ലതയാണ് വോട്ട് ചെയ്യാനെത്തിയ സ്ത്രീകളുടെ ദേഹ പരിശോധന നടത്തുകയും ഐഡി കാർഡ് വാങ്ങി പരിശോധിക്കുകയും ചെയ്തത്.

ഇതിൽ ചട്ടലംഘനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ പോളിങ് ഉദ്യോഗസ്ഥരെ മാധവി ലത ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐ എം തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി.

പോളിങ് ബൂത്തിലെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ മുഖത്ത് നിന്ന് മാറ്റാനും തിരച്ചറിയൽ രേഖ കാണിക്കാനും പറയുന്ന മാധവി ലതയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി;  കേസെടുത്ത് പോലീസ്
വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി

അസംപുരിലെ പോളിങ് ബൂത്തിലെത്തിയ മാധവി ലത അവിടെ വോട്ട് ചെയ്യാൻ കാത്തുനിന്ന സ്ത്രീകളുടെ ഐഡി പരിശോധിക്കാൻ തുടങ്ങുകയായിരുന്നു. തിരിച്ചറിയൽ കാർഡുകൾ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ ഇവരെ വോട്ട് ചെയ്യാൻ അനുവദിക്കൂ എന്നും ലത പോളിങ് ഉദ്യോഗസ്ഥരോട് പറയുന്നുണ്ടായിരുന്നു. വോട്ടർ പട്ടികയിൽ പൊരുത്തക്കേടുകളുണ്ടെന്നും നിരവധി വോട്ടർമാരുടെ പേരുകൾ കാണാതായെന്നും പിന്നീട് മാധവി ലത ആരോപിച്ചു.

സംഭവത്തിൽ മലക്‌പേട്ട് പോലീസാണ് കേസെടുത്തിരിക്കുന്നത്. സെക്ഷൻ 171 സി, 186, 505 (1) (സി) എന്നീവകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനുള്ള ശ്രമം, പൊതുപ്രവർത്തകരെ തടസപെടുത്തൽ, ഒരു വിഭാഗത്തിനെതിരായ ആക്രമണത്തിന് പ്രേരണയുണ്ടാക്കുന്ന ഉദ്ദേശം എന്നിവ ഉൾപ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിന് പുറമെ ജനപ്രാതിനിധ്യ നിയമത്തിന്റെ 132 -ാം വകുപ്പ് പ്രകാരം പോളിങ് സ്റ്റേഷനിലെ മോശം പെരുമാറ്റത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്.

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി;  കേസെടുത്ത് പോലീസ്
ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം

നേരത്തെയും മാധവി ലത വിവാദങ്ങളിൽ ഇടംപിടിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാമനവമി ദിനത്തിൽ മാധവി ലത മുസ്ലിം പള്ളിക്ക് നേരെ പ്രതീകാത്മകമായി അമ്പ് അയക്കുന്ന രീതിയിൽ ആക്ഷൻ കാണിച്ചത് വിവാദമായിരുന്നു. വീഡിയോ വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് മാധവി ലത രംഗത്ത് എത്തിയുരുന്നു.

''എന്റെ ഒരു വീഡിയോ തെറ്റിധാരണ സൃഷ്ടിക്കുന്നതിനായി മാധ്യമങ്ങളിൽ പ്രചരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഒരു അപൂർണ്ണമായ കാഴ്ചയാണെന്നും ഇത്തരമൊരു വീഡിയോ കാരണം ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ, എല്ലാ വ്യക്തികളേയും ബഹുമാനിക്കുന്നതിനാൽ മാപ്പ് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,'' എന്നായിരുന്നു മാധവി ലത എക്‌സിൽ കുറിച്ചത്.

logo
The Fourth
www.thefourthnews.in