ആന്ധ്രയില്‍ ബിജെപി-ടിഡിപി-ജെഎസ്പി സീറ്റ് ധാരണയായി; തൂത്തുവാരുമെന്ന് ചന്ദ്രബാബു നായിഡു

ആന്ധ്രയില്‍ ബിജെപി-ടിഡിപി-ജെഎസ്പി സീറ്റ് ധാരണയായി; തൂത്തുവാരുമെന്ന് ചന്ദ്രബാബു നായിഡു

ധാരണ അനുസരിച്ച് ആന്ധ്രയില്‍ 25 ലോക്‌സഭാ സീറ്റുകളില്‍ 17 ഇടത്ത് ടിഡിപി മത്സരിക്കും. ആറു സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ രണ്ടു സീറ്റുകളാണ് ജെഎസ്പിക്ക് നല്‍കുക

തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കണമെന്ന ബിജെപി സ്വപ്‌നങ്ങള്‍ക്ക് നിറംപകര്‍ന്ന് ആന്ധ്രയില്‍ സീറ്റ് ധാരണയായി. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയുമായും പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയുമായും സഖ്യം പുനഃസ്ഥാപിച്ച ബിജെപി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റ് എന്ന ലക്ഷ്യം നേടാനുള്ള ഒരുക്കത്തിലാണ്.

ടിഡിപി-ജെഎസ്പി പാര്‍ട്ടികളുമായുള്ള സഖ്യം തെക്കേ ഇന്ത്യയില്‍ കര്‍ണാടകയ്ക്കു പുറമേ മറ്റൊരു സംസ്ഥാനത്തുകൂടി ആധിപത്യം നേടിയെടുക്കാന്‍ ബിജെപിയെ സഹായിച്ചേക്കും. സീറ്റുധാരണ അനുസരിച്ച് ആന്ധ്രയില്‍ 25 ലോക്‌സഭാ സീറ്റുകളില്‍ 17 ഇടത്ത് ടിഡിപി മത്സരിക്കും. ആറു സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ രണ്ടു സീറ്റുകളാണ് ജെഎസ്പിക്ക് നല്‍കുക.

പത്തു സീറ്റുകളായിരുന്നു ബിജെപിയുടെ ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആന്ധ്രയില്‍ പ്രധാനപ്രതിപക്ഷ കക്ഷി തങ്ങളാണെന്നും കൂടുതല്‍ സീറ്റുകള്‍ നല്‍കാനാകില്ലെന്നുമുള്ള ടിഡിപിയുടെ കടുംപിടുത്തം ബിജെപി അംഗീകരിക്കുകയായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടിഡിപി ബിജെപിയുമായി കൈകോര്‍ക്കുന്നത്.

2018 വരെ എന്‍ഡിഎയില്‍ അംഗമായിരുന്ന ടിഡിപി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് വേണ്ടത്ര സാമ്പത്തിക പരിഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് മുന്നണി വിട്ടത്. എന്നാല്‍ അതിനു ശേഷം 2019-ല്‍ നടന്ന ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പകളില്‍ ജഗന്‍ മോഹന്‍ റെഡ്ഡി നയിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസിനു മുന്നില്‍ തകര്‍ന്നടിഞ്ഞിരുന്നു.

25 ലോക്‌സഭാ സീറ്റുകളില്‍ 22ഉം വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ മൂന്നെണ്ണമാണ് ടിഡിപിക്ക് ലഭിച്ചത്. നിയസഭയിലാകട്ടെ 175-ല്‍ 151 സീറ്റാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയത്. ടിഡിപിക്ക് ലഭിച്ചതാകട്ടെ 23 ഉം. ഇതോടെയാണ് ഇത്തവണ വീണ്ടും എന്‍ഡിഎയ്‌ക്കൊപ്പം ചേരാന്‍ നായിഡുവിനെ പ്രേരിപ്പിച്ചത്.

ഇതിനു പുറമേ സ്‌കില്‍ ഡെവലെപ്പ്മെന്റ് കേസില്‍ അറസ്റ്റിലായ ചന്ദ്രബാബു നായിഡു സുരക്ഷിതനാകാനുള്ള ഒരു മാര്‍ഗമായി കൂടിയാണ് എന്‍ഡിഎ പ്രവേശനത്തെ കാണുന്നത്. നായിഡു ജയിലില്‍ കിടന്ന സമയത്താണ് പവന്‍ കല്യാണിന്റെ ജെഎസ്പിയുമായി സഖ്യപ്രഖ്യാപനം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. പവന്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വീണ്ടും എന്‍ഡിഎ പാളയത്തിലേക്ക് മടങ്ങാന്‍ നായിഡു തീരുമാനിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in