എന്‍ഡിഎ സ്ഥാനാര്‍ഥി കൃഷ്ണകുമാറിനെ ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകന്‍; പ്രതിയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു

എന്‍ഡിഎ സ്ഥാനാര്‍ഥി കൃഷ്ണകുമാറിനെ ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകന്‍; പ്രതിയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു

മുളവന സ്വദേശി സനലിനെയാണ് ഇന്ന് കൃഷ്ണകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്

കൊല്ലത്ത് ബിജെപി സ്ഥാനാര്‍ഥി ജി കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. മുളവന സ്വദേശി സനലിനെയാണ് ഇന്ന് കൃഷ്ണകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ കൃഷ്ണകുമാറിനെ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ അബദ്ധത്തില്‍ കണ്ണില്‍ താക്കോല്‍ കൊണ്ടതാണെന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്‍കി.

സിപിഎമ്മിനെതിരേ പ്രസംഗിച്ചതിന് സിപിഎം പ്രവര്‍ത്തകര്‍ ബോധപൂര്‍വം ആക്രമിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് കൃഷ്ണകുമാര്‍ പോലീസ് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിജെപി പ്രവര്‍ത്തകനായ സനലിനെ പോലീസ് അറസ്റ്റ് ചെയ്തത്. സനലിന്റെ കൈയിലുണ്ടായിരുന്ന താക്കോല്‍ കൊണ്ടാണ് കൃഷ്ണകുമാറിന്റെ കണ്ണിന് പരുക്കേറ്റതെന്ന് ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് സ്ഥിരീകരിച്ചു.

മുളവന ചന്തമുക്കില്‍ വച്ചായിരുന്നു സംഭവം. ഇയാള്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയതായിരുന്നു. മാലയണിയിക്കുന്നതിനിടെ അബദ്ധവശാല്‍ താക്കോല്‍ കണ്ണില്‍ കൊണ്ടതാണെന്നും മനപ്പൂര്‍വം ചെയ്തതല്ലെന്നും സനല്‍ പോലീസിനോടു പറഞ്ഞു. ഇന്നലെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൃഷ്ണകുമാറിന്റെ കണ്ണിനു പരുക്കേറ്റത്.

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ വിഷയത്തില്‍ സിപിഎമ്മിനെതിരേ പ്രതികരിച്ചതിന്റെ പേരില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് കുണ്ടറ പോലീസ് സ്‌റ്റേഷനിലാണ് കൃഷ്ണകുമാര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കുണ്ടറ പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

logo
The Fourth
www.thefourthnews.in