സ്ഥാനാർഥിക്ഷാമം നേരിടാൻ  മന്ത്രിമക്കൾ; കർണാടകയിൽ അഞ്ചു മന്ത്രിമാരുടെ മക്കൾ  കോൺഗ്രസ് സ്ഥാനാർഥികളാകും

സ്ഥാനാർഥിക്ഷാമം നേരിടാൻ മന്ത്രിമക്കൾ; കർണാടകയിൽ അഞ്ചു മന്ത്രിമാരുടെ മക്കൾ കോൺഗ്രസ് സ്ഥാനാർഥികളാകും

ഹൈക്കമാൻഡ് നിർദേശിച്ചിട്ടും മന്ത്രിമാർ മത്സരിക്കാൻ തയ്യാറാകാത്തതോടെയാണ് മക്കളെ കളത്തിലിറക്കുന്നത്

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ സ്ഥാനാർഥിക്ഷാമം നേരിടുന്ന കോൺഗ്രസ് മന്ത്രിമാരുടെ മക്കളെ ഇറക്കുന്നു. ഡൽഹിയിൽ ചേർന്ന കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അഞ്ച് മന്ത്രിമാരുടെ മക്കളുടെ സ്ഥാനാർഥിത്വത്തിന് അംഗീകാരം നൽകിയതായാണ് വിവരം. ഇതുൾപ്പടെ 16 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കമ്മിറ്റി തീരുമാനിച്ചു. ഇന്ന് വൈകിട്ട് സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടേക്കും.

ലക്ഷ്മി ഹെബ്ബാൾക്കറും മകൻ മൃണാൾ ഹെബ്ബാൾക്കാറും
ലക്ഷ്മി ഹെബ്ബാൾക്കറും മകൻ മൃണാൾ ഹെബ്ബാൾക്കാറും

പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി (ചിക്കോടി), വനിതാ- കുടുംബക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിന്റെ മകൻ മൃണാൾ ഹെബ്ബാൾക്കർ (ബെലഗാവി ), ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി (ബെംഗളുരു സൗത്ത്), വനം മന്ത്രി ഈശ്വർ ഖാന്ദ്രെയുടെ മകൻ സാഗർ ഖാന്ദ്രെ (ബീദർ), കൃഷിമന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകൾ സംയുക്ത (ബാഗൽകോട്ട്) എന്നിവരാണ് കന്നിയങ്കത്തിന് ടിക്കറ്റ് തരപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണി കൽബുർഗി മണ്ഡലത്തിൽ ജനവിധിതേടാനുളള സാധ്യതയുണ്ട്.

സാഗർ ഖാന്ദ്രെ  മന്ത്രി ഈശ്വർ ഖന്ദ്രെക്കും കുടുംബത്തിനുമൊപ്പം
സാഗർ ഖാന്ദ്രെ മന്ത്രി ഈശ്വർ ഖന്ദ്രെക്കും കുടുംബത്തിനുമൊപ്പം

കർണാടക മന്ത്രിസഭയിലെ ഏഴ് മന്ത്രിമാരെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകണമെന്നതായിരുന്നു ഹൈക്കമാൻഡ് നിർദേശം. എന്നാൽ കേന്ദ്രഭരണം കിട്ടുമെന്ന് ഉറപ്പില്ലാതെ ജയിച്ചുകയറിയാൽ എം പിയായി മാത്രം തുടരേണ്ടി വരുമെന്നത് പലരെയും പിന്നോട്ടടുപ്പിച്ചു. ഇതോടെ മക്കളെ ഇറക്കാനുള്ള നിർദേശം കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ മുന്നോട്ടുവെക്കുകയായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾക്ക് ടിക്കറ്റ് കിട്ടാൻ കരുക്കൾ നീക്കിക്കൊണ്ടിരുന്നവരാണ്‌ മേൽപ്പറഞ്ഞ മന്ത്രിമാർ.

പിതാവ് രാമലിംഗ റെഡ്ഡിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമൊപ്പം സൗമ്യ റെഡ്ഡി
പിതാവ് രാമലിംഗ റെഡ്ഡിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമൊപ്പം സൗമ്യ റെഡ്ഡി

ബിജെപി കടുത്ത മത്സരം കാഴ്ചവെച്ചേക്കാവുമെന്ന മണ്ഡലങ്ങളാണ് മന്ത്രിമാരുടെ മക്കൾ മത്സരിക്കാനിറങ്ങുന്ന എല്ലാ മണ്ഡലങ്ങളും. മന്ത്രിമാർ നേരിട്ടിറങ്ങി ഇവിടെ പ്രചാരണപരിപാടികൾക്ക് ചുക്കാൻ പിടിക്കും. ജയത്തിൽ കുറഞ്ഞൊന്നും അംഗീകരിക്കില്ലെന്നും ഒറ്റ സീറ്റുപോലും നഷ്ടപ്പെടുത്തരുതെന്നും കെപിസിസി നേതൃത്വം മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കോൺഗ്രസിന് 2019 ൽ 28 ൽ ഒറ്റ സീറ്റിൽ മാത്രമായിരുന്നു ജയം.

അച്ഛൻ സതീഷ് ജർക്കിഹോളിക്കൊപ്പം  പ്രിയങ്ക
അച്ഛൻ സതീഷ് ജർക്കിഹോളിക്കൊപ്പം പ്രിയങ്ക
സംയുക്ത പാട്ടീൽ അച്ഛൻ ശിവാനന്ദ പാട്ടീലിനും സഹോദരിക്കുമൊപ്പം
സംയുക്ത പാട്ടീൽ അച്ഛൻ ശിവാനന്ദ പാട്ടീലിനും സഹോദരിക്കുമൊപ്പം

നേരത്തെ കോൺഗ്രസ് 7 മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇനി കോലാർ, ചിത്രദുർഗ, ചാമ്‌രാജ് നഗർ, ബെല്ലാരി, ചിക്കബല്ലാപുര എന്നീ മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർത്ഥികൾ ആകാനുള്ളത്. മൈസൂരു - കുടഗ് മണ്ഡലത്തിൽ തത്കാലം സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടുണ്ട്. ടിക്കറ്റ് നിഷേധത്തെത്തുടർന്ന് ബിജെപി വിടാനൊരുങ്ങി നിൽക്കുന്ന സദാനന്ദ ഗൗഡ ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു . സദാനന്ദ ഗൗഡ വരികയാണെങ്കിൽ ചിക്കബല്ലാപുര മണ്ഡലം നൽകാനാണ് ഹൈക്കമാൻഡ് ആലോചന.

logo
The Fourth
www.thefourthnews.in