പുതുച്ചേരിയിൽ കോൺഗ്രസ് - ബിജെപി പോര്; ആഭ്യന്തര  മന്ത്രിയും മുൻ മുഖ്യമന്ത്രിയും നേർക്കുനേർ 

പുതുച്ചേരിയിൽ കോൺഗ്രസ് - ബിജെപി പോര്; ആഭ്യന്തര  മന്ത്രിയും മുൻ മുഖ്യമന്ത്രിയും നേർക്കുനേർ 

പുതുച്ചേരി, കാരിക്കൽ, യാനം, മാഹി റീജിയനുകൾ ഉൾപ്പെടുന്ന  കേന്ദ്രഭരണ പ്രദേശത്തിന് സംസ്ഥാന പദവി  മുഖ്യതിരഞ്ഞെടുപ്പ്  വിഷയം 

മൂന്നു  സംസ്ഥാനങ്ങളിലായി വ്യാപിച്ചു  കിടക്കുന്ന  നാല്  റീജിയണുകൾ. ആകെ വോട്ടർമാർ പത്തുലക്ഷം. പുതുച്ചേരി  ലോക്സഭാ മണ്ഡലം ഇത്തവണ സാക്ഷിയാകുന്നത് കോൺഗ്രസും  ബിജെപിയും തമ്മിലുളള നേർക്കുനേർ പോരിന്. ഏറ്റുമുട്ടുന്നവർ   സിറ്റിങ് എംപിയും  മുൻ മുഖ്യമന്ത്രിയുമായ വി വൈത്തിലിംഗവും നിലവിലെ ആഭ്യന്തര മന്ത്രി എ നമഃശിവായവും. പുതുചേരിയിലെ ഭരണകക്ഷിയായ എൻ ആർ കോൺഗ്രസ് - ബിജെപി സഖ്യം ഇത്തവണ ലോക്സഭാ ടിക്കറ്റ് ബിജെപിക്ക്  വിട്ടുകൊടുത്തിരിക്കുകയാണ്.

Summary

മാഹിയിൽ  സിപിഐയുടെയും  സിപിഎമ്മിന്റെയും  പ്രാദേശിക ഘടകങ്ങൾ  കോൺഗ്രസിന്  വോട്ടു ചെയ്യില്ലെന്ന  നിലപാട് ഇന്ത്യ മുന്നണിയെ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ  ഇടതു മുന്നണിയും - ഐക്യ മുന്നണിയും  നേരിട്ടേറ്റുമുട്ടുന്ന സാഹചര്യത്തിലാണ് തീരുമാനം. 

മുഖ്യമന്ത്രി  എൻ രംഗസ്വാമിയുടെ ബന്ധു കൂടിയായ എ . നമഃശിവായം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽനിന്ന്  പുറത്താക്കപ്പെടുകയായിരുന്നു. പിന്നീട് എംഎൽഎ സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേർന്നു. തുടർന്ന്  ബിജെപി ടിക്കറ്റിൽ  മന്നാടിപേട്ട്‌  നിയമസഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ച് ജയിച്ചു നമഃശിവായം  ആഭ്യന്തര  മന്ത്രിയായി.  ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം ബിജെപി ദേശീയ നേതൃത്വം അഭിമാന പ്രശ്നമായി  എടുത്തതോടെയാണ്  ശക്തനായ  നേതാവെന്ന നിലയിൽ ആഭ്യന്തര മന്ത്രിയെ തന്നെ  സ്ഥാനാർഥികുപ്പായം ഇടീക്കാനുള്ള  തീരുമാനം. 

വി വൈത്തിലിംഗവും എ നമഃശിവായവും
വി വൈത്തിലിംഗവും എ നമഃശിവായവും

സിറ്റിങ്  എംപി  വി വൈത്തിലിംഗത്തെ തന്നെ  വീണ്ടുമിറക്കിയാണ്  കോൺഗ്രസ് മണ്ഡലം നിലനിർത്താൻ  ശ്രമിക്കുന്നത്. ബിജെപിയുമായി സഖ്യമില്ലെന്ന് തീരുമാനിച്ച  അണ്ണാ ഡിഎംകെയും മണ്ഡലത്തിൽ  സ്ഥാനാർത്ഥിയെ  ഇറക്കിയതോടെ പുതുച്ചേരിയിൽ ശക്തമായ ത്രികോണ മത്സര പ്രതീതിയാണുള്ളത്. രാഷ്ട്രീയത്തിൽ പുതുമുഖമായ തമിഴ് വെന്ദൻ ആണ് എഐഎഡിഎംകെ സ്ഥാനാർഥി.

ഇന്ത്യ മുന്നണിയുടെ ഭാഗമായുള്ള മത്സരമായതിനാൽ ഡിഎംകെ, വി സി കെ, ഇടതു പാർട്ടികൾ  എന്നിവരുടെ പിന്തുണയോടെയാണ്  കോൺഗ്രസ് വോട്ടുതേടുന്നത്. കോൺഗ്രസ് സ്ഥാനാർഥിക്കു  ഇടതു പാർട്ടികളായ സിപിഐയുടെയും സിപിഎമ്മിന്റെയും പിന്തുണ പുതുച്ചേരിയിലും കാരിക്കലിലും യാനത്തും  മാത്രമേ ഉള്ളൂ. മാഹിയിൽ  സിപിഐയുടെയും  സിപിഎമ്മിന്റെയും  പ്രാദേശിക ഘടകങ്ങൾ  കോൺഗ്രസിന്  വോട്ടു ചെയ്യില്ലെന്ന  നിലപാട് ഇന്ത്യ മുന്നണിയെ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ  ഇടതു മുന്നണിയും - ഐക്യ മുന്നണിയും  നേരിട്ടേറ്റുമുട്ടുന്ന സാഹചര്യത്തിലാണ് തീരുമാനം. 

പുതുച്ചേരിയിൽ കോൺഗ്രസ് - ബിജെപി പോര്; ആഭ്യന്തര  മന്ത്രിയും മുൻ മുഖ്യമന്ത്രിയും നേർക്കുനേർ 
ഫത്തെസിങ്റാവു ഗെയ്‌ക്വാദ് മുതല്‍ ഗൗതം ഗംഭീ‍ര്‍ വരെ; ക്രീസില്‍നിന്ന് ലോക്‌സഭ തിരഞ്ഞെടുപ്പ് ഗോദയിലെത്തിയവർ
 ബിജെപി സ്ഥാനാർഥി  എ നമഃശിവായം  പുതുച്ചേരി മുഖ്യമന്ത്രി  എൻ രംഗസ്വാമിയുടെ  അനുഗ്രഹം തേടുന്നു
ബിജെപി സ്ഥാനാർഥി എ നമഃശിവായം പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിയുടെ അനുഗ്രഹം തേടുന്നു

രണ്ടുതവണ  പുതുച്ചേരിയുടെ മുഖ്യമന്ത്രി ആയിരുന്ന  വി  വൈത്തിലിംഗം മണ്ഡലത്തിൽ  ഏറെ ജനപ്രിയനാണ്. പുതുച്ചേരി  നിയമസഭാ സ്പീക്കറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 -2021 വരെ പുതുച്ചേരി ഭരിച്ച വി നാരായണ സ്വാമി സർക്കാരിൽ ആയിരുന്നു വൈത്തിലിംഗം സ്പീക്കർ ആയതും നമഃശിവായം  എം എൽ എ ആയിരുന്നതും. പുതുച്ചേരി കോൺഗ്രസ് അധ്യക്ഷനായിരുന്നു പാർട്ടി വിടുമ്പോൾ നമഃശിവായം. എ ഐ എ ഡി എം കെയുടെ  യുവജന വിഭാഗം നേതാവാണ് പുതുച്ചേരിയിൽ പോരിനിറങ്ങിയ തമിഴ് വെന്തൻ. 

കേന്ദ്ര ഭരണപ്രദേശമായ പുതുചേരിയുടെ സംസ്ഥാന പദവിയാണ് പ്രധാന തിരഞ്ഞെടുപ്പ്  വിഷയം

പുതുചേരിയിലെ പ്രധാന തിരഞ്ഞെടുപ്പ്  വിഷയം ഈ കേന്ദ്ര ഭരണപ്രദേശത്തിന് സംസ്ഥാന പദവി നേടലാണ്. കഴിഞ്ഞ  നിയമസഭാ തിരഞ്ഞടുപ്പിൽ സംസ്ഥാനപദവി  വാഗ്ദാനം  ചെയ്തു അധികാരം  പിടിച്ച  എൻആർ കോൺഗ്രസ്‌  - ബിജെപി  സഖ്യം  ഇതുവരെ  ആ വാക്കു പാലിച്ചിട്ടില്ല. കേന്ദ്രസർക്കാരിൽ  സ്വാധീനം ഉണ്ടായിട്ടും  സംസ്ഥാന പദവിക്കായി  ശ്രമിക്കാത്ത  നമഃശിവായം ലോക്സഭാ തിരഞ്ഞെടുപ്പിൽ  ബിജെപി സ്ഥാനാർഥിയായതോടെ ഇതേ വാഗ്ദാനം വീണ്ടും  വോട്ടർമാക്ക്  മുന്നിൽ വെക്കുകയാണ്. ഇതിനെ പരിഹസിച്ചു  ബിജെപിയുടെ പൊള്ളത്തരം തുറന്നു കാട്ടിയാണ് വി വൈത്തിലിംഗം  വോട്ടു ചോദിക്കുന്നത്. ബിജെപിയുടെ താര പ്രചാരകരായ  പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെപി നദ്ദ, അമിത് ഷാ എന്നിവർ പുതുച്ചേരിയിൽ  എത്തി വോട്ടഭ്യർത്ഥിച്ചു കഴിഞ്ഞു. റോഡ് ഷോകൾ സംഘടിപ്പിച്ചാണ്  നേതാക്കൾ വോട്ടർമാരെ കണ്ടത്. ഇന്ത്യ മുന്നണിക്കായി തമിഴ്‌നാട്  മുഖ്യമന്ത്രി എം കെ സ്റ്റാലിനും വോട്ടഭ്യർത്ഥിച്ചു. ഏറ്റവും അധികം തവണ കോൺഗ്രസിനെ ലോക്സഭയിൽ എത്തിച്ച മണ്ഡലമാണ്  പുതുച്ചേരി. 

വി വൈത്തി ലിംഗം മാഹിയിൽ വോട്ടഭ്യര്ഥിക്കാനെത്തിയപ്പോൾ
വി വൈത്തി ലിംഗം മാഹിയിൽ വോട്ടഭ്യര്ഥിക്കാനെത്തിയപ്പോൾ

മൂന്നു സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന  മണ്ഡലമായ   പുതുച്ചേരി സ്ഥാനാർഥികൾക്ക് തലവേദന  സൃഷ്ടിക്കുകയാണ്. കേരളത്തിനുള്ളിലെ മാഹി, തമിഴ്‌നാട്ടിലെ കാരക്കൽ ആന്ധ്രയിലെ യാനവും  ഉൾപ്പെടുന്നതാണ്  പുതുച്ചേരി ലോക്സഭാ മണ്ഡലം. ഇവിടെങ്ങളിലെല്ലാം  എത്തി  ഒരു ദിവസമെങ്കിലും  തങ്ങി വോട്ടർമാരെ നേരിൽ കാണാനുള്ള  തത്രപ്പാടിലാണ്  സ്ഥാനാർത്ഥികൾ. എല്ലാ പാർട്ടികളുടെയും പ്രാദേശിക ഘടകം  ഈ മേഖലകളിലെല്ലാം പ്രചാരണ പ്രവർത്തനം നടത്തുന്നുണ്ട്.

പുതുച്ചേരിയിൽ കോൺഗ്രസ് - ബിജെപി പോര്; ആഭ്യന്തര  മന്ത്രിയും മുൻ മുഖ്യമന്ത്രിയും നേർക്കുനേർ 
'കോണ്‍ഗ്രസ് പ്രകടനപത്രിക ചരിത്രപരം, ലീഗിനെ വലിച്ചിഴയ്ക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാൻ'; അഭിമുഖം അശോക് ഗെലോട്ട്

അണികളും പ്രവർത്തകരും വോട്ടുറപ്പാക്കിയ  ശേഷം  സ്ഥാനാർഥികൾ  തുറന്ന  വാഹനത്തിലെത്തി  വോട്ടു  ചോദിക്കുന്നതാണ് മാഹി ഉൾപ്പടെയുളള പ്രദേശങ്ങളിൽ  കാലങ്ങളായി പിന്തുടരുന്ന രീതി. കലാശകൊട്ടിനു മുൻപ്  സ്ഥാനാർത്ഥികൾ എല്ലാ റീജിയനും സന്ദർശിച്ചിരിക്കും . കോൺഗ്രസ്‌ സ്ഥാനാർഥി വൈത്തിലിംഗം മാഹിയിൽ എത്തി കഴിഞ്ഞ ദിവസങ്ങളിൽ വോട്ടഭ്യർത്ഥിച്ചിരുന്നു .

 തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന്
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന്

കേരളത്തിൽനിന്ന് വ്യത്യസ്തമായി കൊടി തോരണങ്ങളോ പോസ്റ്ററുകളോ ഫ്‌ളെക്‌സുകളോ  പ്രദർശിപ്പിക്കാനോ  ചുവരെഴുത്തിനോ ഒന്നും  പുതുച്ചേരി ലോക്സഭാ മണ്ഡലത്തിന്റെ  ഭാഗമായ  ഒരു റീജിയണിലും അനുമതി ഇല്ല. മണ്ഡലത്തിൽ  ആകെയുള്ള 10 ലക്ഷം വോട്ടർമാരിൽ 7.7 ലക്ഷം പേരും  പുതുച്ചേരിയിലാണ്. തമിഴ്നാട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന  കാരിക്കൽ റീജിയണിൽ 1.62 ലക്ഷം വോട്ടർമാരും ആന്ധ്രയിൽ സ്ഥിതി ചെയ്യുന്ന  യാനം  റീജിയണിൽ 38,894 വോട്ടർമാരും  കേരളത്തിനുള്ളിലെ മാഹിയിൽ 30,650 വോട്ടർമാരുമാണ് ഉള്ളത് .

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 30 നിയോജക മണ്ഡലങ്ങളിൽ 10ൽ എൻ ആർ കോൺഗ്രസും ആറിടത്ത് ബിജെപിയും 6 ഇടങ്ങളിൽ സ്വതന്ത്രരും 6 ഇടങ്ങളിൽ ഡിഎം കെയും രണ്ട് മണ്ഡലങ്ങളിൽ കോൺഗ്രസുമാണ് വിജയിച്ചത്.

logo
The Fourth
www.thefourthnews.in