കരുണാകരന്റെ തട്ടകത്തിലേക്ക് മുരളി? പത്മജയ്ക്ക് മറുപടിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക, പ്രഖ്യാപനം ഉടന്‍

കരുണാകരന്റെ തട്ടകത്തിലേക്ക് മുരളി? പത്മജയ്ക്ക് മറുപടിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക, പ്രഖ്യാപനം ഉടന്‍

പത്മജാ വേണുഗോപാല്‍ പാര്‍ട്ടി വിട്ടതിന്റെ ക്ഷീണം മായ്ക്കാന്‍ ലക്ഷ്യമിട്ടാണ് കെപിസിസി അംഗീകരിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ഹൈക്കമാന്‍ഡ് 'സര്‍പ്രൈസ്' മാറ്റങ്ങള്‍ക്കൊരുങ്ങിയതെന്നാണ് വിവരം.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ ധാരണയായതായി സൂചന. സ്ഥാനാര്‍ഥി പട്ടിക ഇന്നു തന്നെ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. കെപിസിസി നിര്‍വാഹക സമിതി യോഗത്തിനു ശേഷം തയാറാക്കിയ പട്ടികയില്‍ ഹൈക്കമാന്‍ഡ് മാറ്റംവരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പത്മജാ വേണുഗോപാല്‍ പാര്‍ട്ടി വിട്ടതിന്റെ ക്ഷീണം മായ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഹൈക്കമാന്‍ഡ് 'സര്‍പ്രൈസ്' മാറ്റങ്ങള്‍ക്കൊരുങ്ങിയതെന്നാണ് വിവരം.

കെ കരുണാകരന്റെ തട്ടകമായ തൃശൂരില്‍ പത്മജയുടെ കൊഴിഞ്ഞുപോക്ക് ഏല്‍പിച്ച ആഘാതം മറികടക്കാന്‍ കെ മുരളീധരനെ തന്നെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതോടെ സിറ്റിങ് എംപിയായ ടിഎന്‍ പ്രതാപന് ഇക്കുറി സീറ്റ് ലഭിച്ചേക്കില്ല. നിലവില്‍ വടകരയില്‍ നിന്നുള്ള എംപിയാണ് മുരളീധരന്‍. മുരളി തൃശൂരിലേക്കു മാറുന്ന ഒഴിവില്‍ വടകരയില്‍ യുവനേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍ സ്ഥാനാര്‍ഥിയായേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ആലപ്പുഴ ലോക്‌സഭാ സീറ്റില്‍ ആരു മത്സരിക്കുമെന്നതിനേച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണമാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് സൂചന. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ വീണ്ടും കളത്തിലിറക്കാനാണ് ആലോചിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായത്.

രാഹുലും കെസിയും ഒരുമിച്ച് കേരളത്തില്‍ മത്സരക്കുന്നതില്‍ ഹൈക്കമാന്‍ഡിന് താല്‍പര്യമില്ലെന്നാണ് സൂചന. കെസി മത്സരിക്കുന്നില്ലെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞാഴ്ച നടന്ന പിസിസി നിര്‍വാഹക സമിതി യോഗത്തില്‍ രണ്ടു സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ മൂന്നിടത്തെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചാണ് അഭിപ്രായവ്യത്യാസം ഉണ്ടായത്. തുടര്‍ന്ന് ഈ സീറ്റുകളില്‍ അവിടെ മൂന്നംഗ പാനല്‍ രൂപീകരിച്ചാണ് പട്ടിക ഹൈക്കമാന്‍ഡിന് നല്‍കിയത്.

കണ്ണൂര്‍, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു ആശയക്കുഴപ്പം. കണ്ണൂരില്‍ കെ സുധാകരനും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുമാണ് നിലവിലെ എംപിമാര്‍. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിക്കാതെ പോയ ഏക സീറ്റാണ് ആലപ്പുഴ. കണ്ണൂരില്‍ സുധാകരന്റെയും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെയും പേരുകളാണ് ആദ്യം ഉയര്‍ന്നു കേട്ടത്. എന്നാല്‍ താന്‍ മത്സരത്തിനില്ലെന്ന് സുധാകരന്‍ ആദ്യം വ്യക്തമാക്കിയതോടെ ഇവിടെ ആരെ പരിഗണിക്കുമെന്നാണ് കെപിസിസി ആലോചിച്ചത്.

സുധാകരനൊപ്പം കെ ജയന്ത്, വി പി അബ്ദുള്‍ റഷീദ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു വന്നു. ഇതിനിടെ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയാറാണെന്നു സുധാകരന്‍ നിലപാട് മാറ്റുകയും ചെയ്തു. ഇതോടെ മൂന്നു പേരുടെയും പേരുകള്‍ പാനലാക്കി ഹൈക്കമാന്‍ഡിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു. കണ്ണൂരില്‍ സുധാകരനെ തന്നെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. പത്തനംതിട്ടയില്‍ ആന്റോ ആന്റണിയെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന ആവശ്യം പലകോണുകളില്‍ നിന്ന് ഉയര്‍ന്നെങ്കിലും ആന്റോയില്‍ തന്നെ വിശ്വാസം അര്‍പ്പിക്കാനാണ് ഹൈക്കമാന്‍ഡ് തയാറായത്.

സിപിഎമ്മും സിപിഐയും കേരളാ കോണ്‍ഗ്രസും തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ഇടതുപക്ഷം പൂര്‍ണമായും തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടന്നുകഴിഞ്ഞു. ബിജെപി 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ശേഷിച്ച സീറ്റുകളിലെ സ്ഥാനാര്‍ഥികളെ വരുന്നാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. യുഡിഎഫാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തില്‍ പിന്നില്‍ നില്‍ക്കുന്നത്. ഘടകകക്ഷിയായ മുസ്ലീം ലീഗും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ സാഹചര്യത്തില്‍ എത്രയും വേഗം പട്ടിക പുറത്തുവിടാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

logo
The Fourth
www.thefourthnews.in