'ബിജെപിയിലേക്ക് ക്ഷണിച്ചു, ഇപ്പോള്‍ അജണ്ടയിലില്ലെന്ന് അറിയിച്ചു'; ജാവഡേക്കറെ കണ്ടതിന് പിന്നാലെ എസ് രാജേന്ദ്രന്‍

'ബിജെപിയിലേക്ക് ക്ഷണിച്ചു, ഇപ്പോള്‍ അജണ്ടയിലില്ലെന്ന് അറിയിച്ചു'; ജാവഡേക്കറെ കണ്ടതിന് പിന്നാലെ എസ് രാജേന്ദ്രന്‍

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് എസ് രാജേന്ദ്രനെ സിപിഎം സസ്‌പെന്റ് ചെയ്തിരുന്നു

ബിജെപി പ്രവേശനം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രന്‍. ഡല്‍ഹിയില്‍ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് എസ് രാജേന്ദ്രന്റെ പ്രതികരണം. ജാവഡേക്കര്‍ ബിജെപിയിലേക്ക് ക്ഷണിച്ചെന്നും എന്നാല്‍ ഇപ്പോള്‍ ഇത്തരം ഒരു വിഷയം അജണ്ടയിലില്ലെന്ന് അറിയിച്ചതായും എസ് രാജേന്ദ്രന്‍ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായിരുന്നു. മന്ത്രി ആയിരുന്നപ്പോഴേ ജാവദേക്കറെ അറിയാം. മൂന്നാര്‍ ഒരു ടൂറിസം കേന്ദ്രമല്ലേ അവരൊക്കെ വരുമ്പോള്‍ വിളിക്കാറുണ്ട്. കൂടിക്കാഴ്ചയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അദ്ദേഹം ചോദിച്ചു. മൂന്നാറിലെ വന്യജീവി ശല്യം പ്ലാന്റേഷന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെടുത്തിയെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു

അതേസമയം, സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തോടും പാര്‍ട്ടിയോടുമുള്ള അതൃപ്തിയും എസ് രാജേന്ദ്രന്റെ പ്രതികരണത്തില്‍ വ്യക്തമായിരുന്നു. കഴിഞ്ഞദിവസം ഇടുക്കിയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെയാണ്, രാജേന്ദ്രന്‍ ജാവഡേക്കറുമായി ചര്‍ച്ച നടത്തിയത്. ജാവഡേക്കറിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് എസ് രാജേന്ദ്രനെ സിപിഎം സസ്‌പെന്റ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രന്‍ അംഗത്വം പുതുക്കിയിരുന്നില്ല. പ്രാദേശിക നേതാക്കള്‍ രാജേന്ദ്രന്റെ വീട്ടിലെത്തി അംഗത്വ ഫോം നല്‍കിയെങ്കിലും അദ്ദേഹം പൂരിപ്പിച്ചിരുന്നില്ല.

പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ കഴിഞ്ഞമാസമാണ് എസ് രാജേനന്ദ്രുമായി കൂടിക്കാഴ്ച നടത്തിയത്. എംഎം മണി എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസും രാജേന്ദ്രന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിന്റെ മൂന്നാറില്‍ വെച്ചുനടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ രാജേന്ദ്രന്‍ പങ്കെടുത്തത്. സിപിഎമ്മുമായി സഹകരിക്കാന്‍ അദ്ദേഹം ചില നിബന്ധനകള്‍ മുന്നോട്ടിവച്ചിരുന്നു. എന്നാല്‍, ഈ നിബന്ധനകള്‍ നേതൃത്വം അംഗീകരിച്ചില്ലെന്നാണ് സൂചന.

'ബിജെപിയിലേക്ക് ക്ഷണിച്ചു, ഇപ്പോള്‍ അജണ്ടയിലില്ലെന്ന് അറിയിച്ചു'; ജാവഡേക്കറെ കണ്ടതിന് പിന്നാലെ എസ് രാജേന്ദ്രന്‍
25,358 ബൂത്തുകൾ, വോട്ടർ പട്ടികയിൽ 25 വരെ പേരുചേർക്കാം; കേരളം തിരഞ്ഞെടുപ്പിന് സജ്ജമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

ദേവികുളം മണ്ഡലത്തില്‍ നിന്ന് മൂന്നുതവണ എംഎല്‍എയായ രാജേന്ദ്രന്, ഇടുക്കിയിലെ തോട്ടം തൊഴിലാളി മേഖലയിലടക്കം നിര്‍ണായക സ്വാധീനമുണ്ട്. ഇത് മുതലെടുക്കാനാണ് ബിജെപി നീക്കം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, എസ് രാജേന്ദ്രന്‍ ബിജെപി പാളയത്തില്‍ എത്തുന്നത് എല്‍ഡിഎഫിന് തിരിച്ചടിയാകും.

logo
The Fourth
www.thefourthnews.in