ബംഗാളിലെ 'പുതിയ' ഇടതിന്റെ യുവ തുര്‍ക്കികള്‍

ജൂണ്‍ നാലിന് ഫലമെന്തായാലും ബംഗാളിലെ ഇടതിന്റെ പുതിയ മുഖം യുവാക്കളിലൂടെ വരവറിയിച്ചു കഴിഞ്ഞു

കഴിഞ്ഞ ദിവസം ബംഗാളില്‍നിന്നുള്ള ഒരു വീഡിയോ വൈറലായത് ശ്രദ്ധിച്ചോ. സിപിഎമ്മിന്റെ ബംഗാളിലെ സെറാംപൂർ സ്ഥാനാര്‍ത്ഥി ദിപ്‌സിത ധറിന്റെ മലയാളത്തില്‍ പാടിയ ഒരു പാട്ടിന്റെ വിഡിയോ ആണ് വൈറലായത്. ദിപ്‌സിത മാത്രമല്ല, ബംഗാളില്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന ഇടതിന്റെ കൈപിടിച്ച് നടക്കുന്നത് യുവാക്കളാണ്. അവരില്‍ പലരും പഴയ വ്യവസ്ഥാപിത ഇടതിൻ്റെ രീതികള്‍ കൈയൊഴിയുന്നു. പുതിയ കാലത്തിന് പുതിയ രീതി സ്വീകരിച്ച് ഇടതിന്റെ മുന്നണി പോരാളികളായി മാറുകയാണ് ഇവര്‍. ജൂണ്‍ നാലിന് ഫലമെന്തായാലും ബംഗാളിലെ ഇടതിന്റെ പുതിയ മുഖം യുവാക്കളിലൂടെ വരവറിയിച്ചു കഴിഞ്ഞു.

ദിപ്‌സിത ധർ
ദിപ്‌സിത ധർ

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകാലാശാലയില്‍നിന്ന് പിഎച്ച്ഡി നേടിയ ദിപ്‌സിത എസ്എഫ്‌ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയാണ്. പൗരത്വ നിയമ ഭേദഗതി കാലത്തടക്കം നിരവധി പ്രക്ഷോഭങ്ങളിലെ ഇടതുപക്ഷത്തിന്റെ മുഖം.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു. ഇടതു അനുകൂലമായ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ അടക്കം ലേഖനങ്ങള്‍ എഴുതുന്ന ദിപ്‌സിത പശ്ചിമബംഗാളിലെ സിപിഎമ്മിന്റെ പുതിയ മുഖങ്ങളിലൊന്നാണ്.

സൈറ ഷാ ഹാലിം
സൈറ ഷാ ഹാലിം

സൈറ ഷാ ഹാലിം ഇതിനകം തന്നെ ശ്രദ്ധാകേന്ദ്രമായ സിപിഎം യുവ നേതാവാണ്. കൊല്‍ക്കത്ത ദക്ഷിണില്‍നിന്നാണ് ഇത്തവണ ജനവിധി നേടുന്നത്. 2022ല്‍ ബാലിഗഞ്ച് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ നടത്തിയ മികച്ച പോരാട്ടമാണ് ഇവരെ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയമാക്കിയത്.

2021 ല്‍ ആറ് ശതമാനം വോട്ടുമാത്രം ഉണ്ടായിരുന്ന സിപിഎമ്മിന്റെ വോട്ടു വിഹിതം അവര്‍ 30 ശതമാനത്തിലേക്ക് ഉയര്‍ത്തി. പ്രശസ്ത നടന്‍ നസറുദ്ദീന്‍ ഷായുടെ അനന്തരവളാണ് ഹാലിം. ബംഗാളിലെ പഴയ കമ്മ്യൂണിസ്റ്റുകാരുടെ ബാഗേജ് തനിക്കില്ലെന്നും പുരോഗമന ഇടതുപക്ഷമാണെന്ന് താനെന്നുമാണ് സൈറയുടെ പക്ഷം.

ഇടതിന് പുറത്ത് രാഹുല്‍ ഗാന്ധിയേയാണ് ഇഷ്ടമെന്നും അദ്ദേഹം പ്രധാനമന്ത്രിയായി കാണണമെന്നും അവര്‍ എക്കണോമിക് ടൈംസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ കേരളത്തിലെ സിപിഎമ്മുകാര്‍ക്ക് എന്തു തോന്നുമെന്നറിയില്ല. എന്തായാലും പുതിയ രീതികളിലൂടെയേ തിരിച്ചു വരവുള്ളൂവെന്ന കാര്യത്തില്‍ സൈറയ്ക്ക സന്ദേഹങ്ങളില്ല.

ശ്രീജന്‍ ഭട്ടാചാര്യ
ശ്രീജന്‍ ഭട്ടാചാര്യ

ജാദവ്പൂര്‍ ലോക്‌സഭ മണ്ഡലത്തില്‍നിന്ന് മല്‍സരിക്കുന്ന ശ്രീജന്‍ ഭട്ടാചാര്യ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി മാത്രമല്ല, ഗാനരചയിതാവും, സംഗീതജ്ഞനും കൂടിയാണ്. നിരവധി ആല്‍ബങ്ങള്‍ ശ്രീജന്റെതായിട്ടുണ്ട്. കവിതാ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ സിപിഎമ്മിന്റ തിരിച്ചുവരവിന് വേണ്ടി പോരാടുന്ന പുതിയ നേതാക്കളില്‍ പ്രമുഖനാണ് ശ്രിജന്‍. 2021 ല്‍ സിങ്കൂരില്‍നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചതിന്റെ അനുഭവവുമായാണ് ജാദവ്പൂരില്‍ ശ്രീജന്‍ പോരിനിറങ്ങിയത്.

ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ തൃണമൂലിന്റെ അഭിഷേക് ബാനര്‍ജിയെ നേരിടുന്ന പ്രതിക് ഉര്‍ റഹമാനാണ് സിപിഎം രംഗത്തിറക്കിയ മറ്റൊരു യുവ നേതാവ്. ഇടതിന്റെ തിരിച്ചുവരവിന് ബംഗാള്‍ ആഗ്രഹിക്കുന്നുവെന്ന് ഈ യുവ നേതാവ് പറയുന്നു.

പ്രതിക് ഉര്‍ റഹമാന്‍
പ്രതിക് ഉര്‍ റഹമാന്‍

എല്ലായിടങ്ങളിലും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് നല്ല പിന്തുണയാണ് നല്‍കുന്നത്. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം മല്‍സരിക്കുന്ന സീറ്റില്‍ കഴിഞ്ഞ തവണ സിപിഎമ്മിനെക്കാള്‍ രണ്ട് ലക്ഷത്തോളം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. എങ്കിലും ഇത്തവണ സീറ്റ് കോണ്‍ഗ്രസ് സിപിഎമ്മിന് വിട്ടുനല്‍കുകയായിരുന്നു.

ബംഗാളില്‍ സിപിഎമ്മിന്റെ പുതിയ പോരാളികള്‍ക്ക് തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിച്ചാലും അവര്‍ ആ സംസ്ഥാനത്തിന്റെ മുഖ്യധാര രാഷ്ട്രീയത്തെ വരുംകാലങ്ങളില്‍ മാറ്റുമെന്ന് ഉറപ്പാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in