തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മിനിറ്റുകള്‍ മാത്രം; ആകാംക്ഷയോടെ മുന്നണികളും വോട്ടര്‍മാരും, കേരളത്തില്‍ എന്ന്?

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മിനിറ്റുകള്‍ മാത്രം; ആകാംക്ഷയോടെ മുന്നണികളും വോട്ടര്‍മാരും, കേരളത്തില്‍ എന്ന്?

സിക്കിം ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയും കമ്മീഷന്‍ ഇന്നു പ്രഖ്യാപിക്കും

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആകാംക്ഷയോടെ മുന്നണികള്‍. വൈകിട്ട് മൂന്നു മണിക്കാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. സിക്കിം ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയും കമ്മീഷന്‍ ഇന്നു പ്രഖ്യാപിക്കും. അതേസമയം ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോയെന്നതില്‍ വ്യക്തതയില്ല.

മുന്‍ കേരളാ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഗ്യാനേഷ് കുമാര്‍, മുന്‍ ഉത്തരാഖണ്ട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ചുമതലയേറ്റതിനു പിന്നാലെയാണ് ഇന്ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതിയ രണ്ടു കമ്മീഷണര്‍മാരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.

നിലവിലെ 17-ാം ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16-നാണ് അവസാനിക്കുക. അതിനു മുമ്പ് പുതിയ ലോക്‌സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കണമെന്നാണ് ചട്ടം. ഇക്കുറി എത്രഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. കഴിഞ്ഞ തവണ ഏഴു ഘട്ടമായിട്ടായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. മൂന്നാം ഘട്ടത്തില്‍ ഏപ്രില്‍ 23-നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടന്നത്.

ഇത്തവണ ആറു ഘട്ടമായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന. മൂന്നാം ഘട്ടത്തിലായിരിക്കും കേരളം ജനവിധി എഴുതുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ മാസം കേരളത്തില്‍ വിവിധ ആഘോഷങ്ങളുടെ സമയമാണ്. ഇതു കണക്കിലെടുത്ത് വിഷുവിനും പെരുന്നാളിനും ശേഷമുള്ള തീയതിയലായിരിക്കും കേരളത്തില്‍ തിരഞ്ഞെടുപ്പ് നടത്തുകയെന്നാണ് ലഭിക്കുന്ന സൂചനകള്‍.

logo
The Fourth
www.thefourthnews.in