നാലാം ഘട്ടത്തിലെ അഞ്ച് വമ്പന്മാർ

നാലാം ഘട്ടത്തിലെ അഞ്ച് വമ്പന്മാർ

ഇന്നാണ് നാലാം ഘട്ടത്തിലെ 9 സംസ്ഥാനങ്ങളിലും ജമ്മുകശ്‌മീരിലുമായി ഉള്ള 96 സീറ്റുകളിൽ വോട്ടിങ് നടക്കുക

ഏഴ് ഘട്ടങ്ങളിലായി ജൂണ്‍ നാല് വരെ മൂന്നര മാസത്തോളം നീണ്ടു നില്‍ക്കുന്നതാണ് ഈ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയ. തിരഞ്ഞെടുപ്പ് നാലാം ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ഇന്നാണ് നാലാം ഘട്ടത്തിലെ 9 സംസ്ഥാനങ്ങളിലും ജമ്മുകശ്‌മീരിലുമായി ഉള്ള 96 സീറ്റുകളിലും വോട്ടിങ് നടക്കുക. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും നാലാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 1,717 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ മത്സര രംഗത്തുള്ളത്.

നാലാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ ആരൊക്കെയാണ് ?

അഖിലേഷ് യാദവ്

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ജനവിധി തേടുന്നത് നാലാം ഘട്ടത്തിലാണ്. ഉത്തര്‍ പ്രദേശിലെ കനൗജാണ് മണ്ഡലം. ബിജെപി നേതാവ് സുബ്രത് പാഠക്കും ബിഎസ്പിയുടെ ഇമ്രാൻ ബെൻസാഫറും ആണ് അഖിലേഷ് യാദവിന്റെ പ്രധാന എതിരാളികൾ. 2000 മുതൽ 2012 വരെ അഖിലേഷിന്റെ സിറ്റിങ് സീറ്റായിരുന്നു കനൗജ്. 2012 ൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആയതിന് പിന്നാലെയാണ് കനൗജ് എംപി സ്ഥാനം അഖിലേഷ് യാദവ് രാജി വെച്ചത്. എല്ലാ കാലത്തും യാദവ് കുടുംബത്തിന്റെ ശക്തമായ കോട്ടയായിരുന്നു കനൗജ്. 2019 ൽ ബിജെപിയാണ് കനൗജിൽ ജയിച്ചത്.

അഖിലേഷ് യാദവ്
അഖിലേഷ് യാദവ്

മഹുവ മൊയ്ത്ര

തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി നേതാവ് മഹുവ മൊയ്ത്രയാണ് അടുത്തത്. പശ്ചിമ ബംഗാളിലെ കൃഷ്ണ നഗർ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് മഹുവ. ബിജെപിയുടെ അമൃത റോയ് ആണ് പ്രധാന എതിരാളി. കൃഷ്‌ണനഗറിലെ രാജ കുടുംബത്തിൽ പെട്ടയാളാണ് അമൃത റോയ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ് ലക്ഷത്തിൽ പരം വോട്ടുകൾ നേടിയാണ് മഹുവ ഈ സീറ്റിൽ നിന്ന് വിജയിച്ചത്. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന് മേൽ അടുത്തിടെ പാർലമെൻറിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. പാർലമെൻറിൽ ബിജെപിക്കെതിരെ എന്നും ശക്തമായ ചോദ്യങ്ങൾ ഉയർത്തിയിരുന്ന നേതാവായിരുന്നു മഹുവ.

മഹുവ മൊയ്ത്ര
മഹുവ മൊയ്ത്ര

അധിർ രഞ്ജൻ ചൗധരി

പശ്ചിമ ബംഗാളിലെ ബെഹ്‌റാംപൂർ മണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ജനവിധി തേടുന്നത്. പശ്ചിമ ബംഗാൾ കോൺഗ്രസിന്റെ പ്രസിഡന്റും അഞ്ച് തവണ എംപിയുമാണ് അധിർ രഞ്ജൻ ചൗധരി. ബെഹ്‌റാംപൂരിലെ ശക്തനായ നേതാവായ അധിർ രഞ്ജൻ ചൗധരി ബെഹ്‌റാംപൂർ സിറ്റിങ് എംപി കൂടിയാണ്. ബിജെപിയും കോൺഗ്രസും തൃണമൂലും തമ്മിലാണ് മണ്ഡലത്തിൽ മത്സരം. ലോകകപ്പ് ജേതാവായ ക്രിക്കറ്റ് താരം യൂസഫ് പത്താൻ ആണ് തൃണമൂൽ സ്ഥാനാർഥി. പ്രശസ്തനായ സർജൻ ഡോക്ടർ നിർമൽ കുമാർ സാഹ ആണ് ബിജെപി സ്ഥാനാർഥി. 2009 മുതൽ 2019 വരെ അധീർ രഞ്ജൻ ചൗധരിയാണ് മണ്ഡലത്തിൽ നിന്ന് ജയിച്ചത്.

അധിർ രഞ്ജൻ ചൗധരി
അധിർ രഞ്ജൻ ചൗധരി

ശത്രുഘ്‌നൻ സിൻഹ

പശ്ചിമ ബംഗാളിലെ ആൻസോളിൽ നിന്ന് തൃണമൂൽ ടിക്കറ്റിലാണ് പ്രശസ്ത ബോളിവുഡ് നടൻ ശത്രുഘ്നൻ സിൻഹ ജനവിധി തേടുന്നത്. നേരത്തെ ബിജെപിയിൽ ആയിരുന്ന ശത്രുഘ്നൻ സിന്‍ഹ പിന്നീട് കോൺഗ്രസിലേക്കും അവിടെ നിന്ന് തൃണമൂലിലേക്കും കൂടു മാറുകയായിരുന്നു. 2022 ലെ ഉപതിരഞ്ഞെടുപ്പിൽ 56 ശതമാനത്തിൽ അധികം വോട്ടുകൾ നേടിയാണ് സിൻഹ വിജയിച്ചത്. നേരത്തെ മൂന്ന് തവണ എംപിയായിരുന്നു അദ്ദേഹം. മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുരേന്ദ്ര ജിത്ത് സിങ് അലുവാലിയ ആണ് എതിർ സ്ഥാനാർഥി.

ശത്രുഘ്‌നൻ സിൻഹ
ശത്രുഘ്‌നൻ സിൻഹ

വൈ എസ് ശർമിള

ദക്ഷിണേന്ത്യയിലേക്ക് വരുമ്പോൾ ആന്ധ്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വൈ എസ് ശർമിള ഒരു പ്രമുഖ സ്ഥാനാർഥിയാണ്. കടപ്പയിൽ നിന്നാണ് വൈ എസ് ശർമിള ജനവിധി തേടുന്നത്. അന്തരിച്ച മുൻ ആന്ധ്രപ്രദേശ് മുഖ്യ മന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ മകളാണ് വൈ എസ് ശർമിള. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ റെഡ്ഢിയുടെ സഹോദരി കൂടിയാണ് ശർമ്മിള. എന്നാൽ 2021 ൽ ഇരുവരും രാഷ്ട്രീയമായി വേർപിരിയുകയും ശർമ്മിള തെലങ്കാനയിലേക്ക് കൂടു മാറുകയും ചെയ്തു. ശർമിളയുടെ വൈ എസ് ആര്‍ തെലങ്കാന പാർട്ടി ഈ വര്‍ഷം ജനുവരിയിൽ കോൺഗ്രസുമായ് ലയിച്ചിരുന്നു.

വൈ എസ് ശർമിള
വൈ എസ് ശർമിള
logo
The Fourth
www.thefourthnews.in