'കുതിരക്കച്ചവടം തടയണം, ജനവിധിയുടെ അടിസ്ഥാനത്തിൽ ഭരണക്കൈമാറ്റം സുഗമമാക്കണം'; രാഷ്ട്രപതിക്ക് മുന്‍ ജഡ്ജിമാരുടെ തുറന്നകത്ത്

'കുതിരക്കച്ചവടം തടയണം, ജനവിധിയുടെ അടിസ്ഥാനത്തിൽ ഭരണക്കൈമാറ്റം സുഗമമാക്കണം'; രാഷ്ട്രപതിക്ക് മുന്‍ ജഡ്ജിമാരുടെ തുറന്നകത്ത്

ഭരണഘടനാ പ്രതിസന്ധിയുണ്ടാകാമെന്ന ആശങ്കയും അവര്‍ കത്തിലൂടെ പങ്കുവെച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് തുറന്ന കത്തയച്ച് ഹൈക്കോടതി മുന്‍ ജഡ്ജിമാര്‍. വ്യവസ്ഥാപിതമായ ജനാധിപത്യ മാതൃക പിന്തുടരണമെന്നും തൂക്കു സഭയാണ് വരുന്നതെങ്കില്‍ കുതിരക്കച്ചവടം തടയാന്‍ തിരഞ്ഞെടുപ്പിന് മുന്‍പ് രൂപീകരിച്ച മുന്നണിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ ഭരണസംവിധാനത്തിന് ജനവിധി നഷ്ടപ്പെടുകയാണെങ്കില്‍ സുഗമമായ ഭരണകൈമാറ്റം ഉറപ്പാക്കിക്കൊണ്ട് ഭരണഘടന ഉയര്‍ത്തിപ്പിടിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും ജഡ്ജിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായ ജിഎം അക്ബര്‍ അലി, അരുണ ജഗദീശന്‍, ഡി ഹരിപരാന്തമന്‍, പി ആര്‍ ശിവകുമാര്‍, സി ടി സെല്‍വം, സി വിമല, മുന്‍ പട്‌ന ഹൈക്കോടതി ജഡ്ജി അഞ്ജന പ്രകാശ് എന്നിവര്‍ ഒപ്പിട്ട തുറന്ന കത്താണ് രാഷ്ട്രപതിക്ക് അയച്ചത്. ഭരണഘടനാ പ്രതിസന്ധിയുണ്ടാകാമെന്ന ആശങ്കയും അവര്‍ കത്തിലൂടെ പങ്കുവെച്ചു. മുന്‍ സിവില്‍ ഉദ്യോഗസ്ഥരുടെ ഭരണഘടനാ പെരുമാറ്റ ഗ്രൂപ്പ് (കോണ്‍സ്റ്റിറ്റിയൂഷനല്‍ കണ്ടക്ട് ഗ്രൂപ്പ്- സിസിജി) മെയ് 25ന് പുറപ്പെടുവിച്ച പ്രസ്താവനയോട് യോജിക്കുന്നുവെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി.

'കുതിരക്കച്ചവടം തടയണം, ജനവിധിയുടെ അടിസ്ഥാനത്തിൽ ഭരണക്കൈമാറ്റം സുഗമമാക്കണം'; രാഷ്ട്രപതിക്ക് മുന്‍ ജഡ്ജിമാരുടെ തുറന്നകത്ത്
പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം: ബ്രഹ്‌മോസ് എയറോസ്‌പേസ് മുന്‍ എഞ്ചിനീയര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

''തൂക്കു സഭ വരികയാണെങ്കില്‍ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ ചുമലിലായിരിക്കും. കുതിര കച്ചവടത്തിന്റെ സാധ്യതകള്‍ തടയാന്‍ സ്ഥാപിത ജനാധിപത്യ മാതൃക അവര്‍ പിന്തുടരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,'' കത്തില്‍ പറയുന്നു. തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും ഭരണഘടന അനുശാസിക്കുന്ന ആശയങ്ങളോട് ശക്തമായ പ്രതിബദ്ധതയുള്ളവരാണെന്നും അവര്‍ കത്തില്‍ സൂചിപ്പിക്കുന്നു. ജനാധിപത്യ മൂല്യങ്ങളോടും പ്രതിബദ്ധതയുള്ള തങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലെ കടുത്ത വേദനയിലാണ് ഈ കത്തെഴുതുന്നതെന്നും മുന്‍ ജഡ്ജിമാര്‍ വ്യക്തമാക്കി.

''അക്രമാസക്തമായ നിഗമനത്തില്‍ അവസാനിച്ചേക്കാവുന്ന കഥാഗതിയാണ് കഴിഞ്ഞ ആഴ്ചകളിലെ സംഭവവികാസങ്ങള്‍ നല്‍കുന്നത്. നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും മനസിലെ യഥാര്‍ത്ഥ ആശങ്കയാണിത്. പ്രശസ്ത സിവില്‍ മനുഷ്യാവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും സമാനമായ ആശങ്കയാണ് പങ്കുവെക്കുന്നത്,'' കത്തില്‍ സൂചിപ്പിക്കുന്നു.

'കുതിരക്കച്ചവടം തടയണം, ജനവിധിയുടെ അടിസ്ഥാനത്തിൽ ഭരണക്കൈമാറ്റം സുഗമമാക്കണം'; രാഷ്ട്രപതിക്ക് മുന്‍ ജഡ്ജിമാരുടെ തുറന്നകത്ത്
മാലദ്വീപിന്റെ വിലക്കിന് ബദല്‍ ഇന്ത്യ; വിനോദസഞ്ചാരികള്‍ക്ക് കേരളവും ലക്ഷദ്വീപും ചൂണ്ടിക്കാണിച്ച് ഇസ്രയേല്‍

എല്ലാ മണ്ഡലങ്ങളിലെയും ഓരോ ബൂത്തുകളിലും രേഖപ്പെടുത്തിയ വോട്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടാത്തതും, പെരുമാറ്റ ചട്ടത്തിന്റെ ഫോറം 17 (സി) പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതും, ഭരണപക്ഷത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയും നടത്തിയ വിദ്വേഷ പ്രസംഗങ്ങളിൽ ചെറിയ നടപടികള്‍ മാത്രം കൈക്കൊണ്ടതും ആശങ്കയുണ്ടാക്കുന്നതായി കത്തില്‍ സൂചിപ്പിച്ചു.

ഭരണഘടനയെയും ജനാധിപത്യത്തെയും പ്രതിരോധിക്കാനും സംരക്ഷിക്കാനും അവകാശമുള്ള അന്തിമ അധികാരിയാണ് സുപ്രീം കോടതി. തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും അസാധാരണ സാഹചര്യം ഉണ്ടായാല്‍ തടയാനും അത്തരം സാഹചര്യം അഭിസംബോധന ചെയ്യാനും സുപ്രീം കോടതി തയ്യാറാകണമെന്നും ജഡ്ജിമാര്‍ കൂട്ടിച്ചേര്‍ത്തു. ഒരു പരമാധികാര, സ്ഥിതിസമത്വ, മതേതര, ജനാധിപത്യ റിപ്പബ്ലിക്കിലെ പൗരന്മാരെന്ന നിലയില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോഴത്തെ വേനല്‍ക്കാല അവധിക്കാലത്തും സുപ്രീം കോടതിയിലെ അഞ്ചു ജസ്റ്റിസുമാരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ ഉയര്‍ന്നുവന്നേക്കാവുന്ന ഏതെങ്കിലും ഭരണഘടനാ പ്രതിസന്ധി ഉണ്ടായാല്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും ജഡ്ജിമാര്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in