'ലെനിന്‍ഗ്രാഡില്‍' കനയ്യ വേണ്ട, പപ്പു യാദവിനെ അടുപ്പിക്കാതെ തേജസ്വി; ബിഹാറില്‍ അഞ്ച് സീറ്റില്‍ ഉടക്കി 'ഇന്ത്യ'

'ലെനിന്‍ഗ്രാഡില്‍' കനയ്യ വേണ്ട, പപ്പു യാദവിനെ അടുപ്പിക്കാതെ തേജസ്വി; ബിഹാറില്‍ അഞ്ച് സീറ്റില്‍ ഉടക്കി 'ഇന്ത്യ'

ആര്‍ജെഡി തങ്ങളുടെ സ്ഥാനാര്‍ഥികളെ ഏകപക്ഷീയമായി തിരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണ്

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ ബിഹാറില്‍ ഇന്ത്യ മുന്നണി ഇപ്പോഴും പ്രതിസന്ധിയിലാണ്. 40 ലോക്‌സഭ മണ്ഡലങ്ങളുള്ള ബിഹാറില്‍ 28 സീറ്റില്‍ മത്സരിക്കാനാണ് ആര്‍ജെഡി തീരുമാനം. കോണ്‍ഗ്രസിന് ഏഴും ഇടത് പാര്‍ട്ടികള്‍ക്ക് അഞ്ച് സീറ്റും (സിപിഐഎംഎൽ-മൂന്ന്, സിപിഎം-ഒന്ന്, സിപിഐ-ഒന്ന്) നല്‍കാമെന്നാണ് ആര്‍ജെഡി അറിയിച്ചിരിക്കുന്നത്. ഒൻപത് സീറ്റ് വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അഞ്ച് സീറ്റിനെച്ചൊല്ലി മഹാസഖ്യത്തില്‍ കല്ലുകടി നിലനില്‍ക്കുന്നുണ്ട്. ഔറംഗാബാദ്, ബെഗുസരായി, കൈതര്‍, പുര്‍നിയ, സിവാന്‍ എന്നിവയാണ് ഈ മണ്ഡലങ്ങള്‍.

ആര്‍ജെഡി തങ്ങളുടെ സ്ഥാനാര്‍ഥികളെ ഏകപക്ഷീയമായി തിരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഔറംഗാബാദില്‍ ജെഡിയുവില്‍ നിന്നെത്തിയ അഭയ് കുശ്‌വാഹയ്ക്ക് ആര്‍ജെഡി സീറ്റ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സീറ്റില്‍ അവകാശവാദം ഉന്നയിച്ച കോണ്‍ഗ്രസിന് ഇതില്‍ കടുത്ത അതൃപ്തിയുണ്ട്. മുന്‍ കേരള ഗവര്‍ണര്‍ നിഖില്‍ കുമാറിന് വേണ്ടിയായിരുന്നു ഈ സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ ജയിച്ചത് ബിജെപി ആയിരുന്നു.

ബെഗുസരായിയില്‍ സിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതും കോണ്‍ഗ്രസിനെ പ്രകോപിതരാക്കി. അവധീഷ് റായിയെയാണ് ബെഗുസരായിയില്‍ സിപിഐ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. സിപിഐ വിട്ട് എത്തിയ കനയ്യ കുമാറിനുവേണ്ടി കോണ്‍ഗ്രസ് സീറ്റ് ചോദിച്ചിരുന്നു. എന്നാല്‍ ആര്‍ജെഡി വഴങ്ങിയില്ല.

'ലെനിന്‍ഗ്രാഡില്‍' കനയ്യ വേണ്ട, പപ്പു യാദവിനെ അടുപ്പിക്കാതെ തേജസ്വി; ബിഹാറില്‍ അഞ്ച് സീറ്റില്‍ ഉടക്കി 'ഇന്ത്യ'
ഒറ്റപ്രസംഗത്തിൽ മോദിയുടെ കണ്ണിലെ കരട്; വരുണ്‍ ഗാന്ധിയെന്ന 'തലവേദന', ഒടുവില്‍ 'വെട്ടിനിരത്തി' ബിജെപി

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ നേരിട്ട് പട്‌നയിലെത്തി ലാലു പ്രസാദ് യാദവിനോടും തേജസ്വി യാദവിനോടും ചര്‍ച്ച നടത്തിയാണ് അവധീഷ് റായിക്കുവേണ്ടി സീറ്റ് ഉറപ്പിച്ചത്. സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ കനയ്യ കുമാറിന് ഒരുകാരണവശാലും സീറ്റ് നല്‍കാന്‍ സാധിക്കില്ലെന്നും സിപിഐയ്ക്ക് ശക്തമായ വോട്ട് ബാങ്കുള്ള മണ്ഡലമാണ് ബെഗുസരായിമെന്നും രാജ നിലപാട് സ്വീകരിച്ചു. കനയ്യയോട് വലിയ താത്പര്യമില്ലാത്ത ലാലുവും തേജസ്വിയും ഈ നിലപാടിനൊപ്പം നിന്നത് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചു.

സിപിഐയുടെ ലെനിന്‍ഗ്രാഡ് എന്നാണ് ബെഗുസരായി ലോക്‌സഭ മണ്ഡലം അടങ്ങുന്ന മേഖല അറിയപ്പെടുന്നത്. നേരത്തെ, കനയ്യക്ക് ഈ സീറ്റ് നല്‍കണമെന്ന് രാഹുല്‍ ഗാന്ധി തേജസ്വിയോട് ആവശ്യപ്പെട്ടിരുന്നു. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയ കനയ്യ ഇത്തവണ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാല്‍ ജയിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് വാദം.

രാഹുല്‍ ഗാന്ധിക്കൊപ്പ കനയ്യ കുമാര്‍
രാഹുല്‍ ഗാന്ധിക്കൊപ്പ കനയ്യ കുമാര്‍

ജന്‍ അധികാര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിപ്പിച്ചെത്തിയ പപ്പു യാദവിന് പൂര്‍ണിയ സീറ്റ് നല്‍കണമെന്ന കോണ്‍ഗ്രസ് ആവശ്യവും ആര്‍ജെഡി നിരാകരിച്ചു. നേരത്തെ ആര്‍ജെഡിയിലായിരുന്ന രാജേഷ് രഞ്ജന്‍ എന്ന പപ്പു യാദവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയായിരുന്നു. കയ്യൂക്കിന്റെയും അക്രമത്തിന്റെയും കാര്യത്തിലും പപ്പു യാദവ് പിന്നിലല്ല. ആർജെഡി വിട്ട് സമാജ്‌വാദി പാര്‍ട്ടിയിലും ലോക്‌ജനശക്തി പാര്‍ട്ടിയിലും പോയശേഷമാണ് ജന്‍ അധികാര്‍ പാര്‍ട്ടി രൂപീകരിച്ചത്. ലാലു പ്രസാദ് യാദവിന് പപ്പു യാദവിനെ അത്ര താത്പര്യമില്ല. അതുകൊണ്ടുതന്നെ, മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ കോണ്‍ഗ്രസ് പപ്പു യാദവിനെ സ്വീകരിച്ചതില്‍ ആര്‍ജെഡിക്ക് അമര്‍ഷമുണ്ട്. പിടിവാശിക്ക് പേരുകേട്ട തേജസ്വി യാദവ് പൂര്‍ണിയയിലും അയഞ്ഞുകൊടുക്കാന്‍ സാധ്യതയില്ല.

'ലെനിന്‍ഗ്രാഡില്‍' കനയ്യ വേണ്ട, പപ്പു യാദവിനെ അടുപ്പിക്കാതെ തേജസ്വി; ബിഹാറില്‍ അഞ്ച് സീറ്റില്‍ ഉടക്കി 'ഇന്ത്യ'
ലോക്‌സഭാ തിരഞ്ഞെടുപ്പ് ; പ്രവാസി ഇന്ത്യക്കാർക്ക് എങ്ങനെ വോട്ട് ചെയ്യാം?

സിവാന്‍ സീറ്റില്‍ നിയമസഭ മുന്‍ സ്പീക്കര്‍ അവധ് ബിഹാരി ചൗധരിക്കുവേണ്ടി സീറ്റ് വേണമെന്നാണ് ആര്‍ജെഡി ആവശ്യപ്പെടുന്നത്. എന്നാല്‍, ഈ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് കോണ്‍ഗ്രസും സിപിഐഎംഎല്ലും ആവശ്യപ്പെടുന്നു. താരിഖ് അന്‍വറിനെ മത്സരിപ്പിക്കാനായി കൈതാര്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ഈ സീറ്റ് വിട്ടുനല്‍കാനും ആര്‍ജെഡി വൈമുഖ്യം കാണിക്കുന്നുണ്ട്.

തേജസ്വി യാദവ്
തേജസ്വി യാദവ്

മറുവശത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ബിജെപി 17 സീറ്റിലും ജെഡിയു 16 സീറ്റിലുമാണ് മത്സരിക്കുന്നത്. ആദ്യമായാണ് ബിജെപി ജെഡിയുവിനേക്കാള്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നത്. ലോക്‌ ജനശക്തി പാര്‍ട്ടി (റാം വിലാസ്) അഞ്ച് സീറ്റിലും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യുലര്‍), രാഷ്ട്രീയ ലോക് മോര്‍ച്ച എന്നീ പാർട്ടികൾ ഓരോ സീറ്റിലും മത്സരിക്കും.

logo
The Fourth
www.thefourthnews.in