'ഇന്ത്യ തിളങ്ങാൻ' വേനല്‍ക്കാലത്ത് തിരഞ്ഞെടുപ്പ് നടത്തിയ വാജ്പേയി; 2004നു ശേഷം ഉഷ്ണത്തിലേക്ക് മാറിയ ലോക്‌സഭ തിരഞ്ഞെടുപ്പ്

'ഇന്ത്യ തിളങ്ങാൻ' വേനല്‍ക്കാലത്ത് തിരഞ്ഞെടുപ്പ് നടത്തിയ വാജ്പേയി; 2004നു ശേഷം ഉഷ്ണത്തിലേക്ക് മാറിയ ലോക്‌സഭ തിരഞ്ഞെടുപ്പ്

2004നു മുൻപ് വരെ കുറഞ്ഞത് 50 വര്‍ഷമെങ്കിലും തണുത്ത കാലാവസ്ഥയിലായിരുന്നു രാജ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ നടന്നത്

ഉഷ്ണതരംഗത്തിന്റെ അതികാഠിന്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ദിനംപ്രതി കുത്തനെ മുകളിലേക്ക് താപനില രേഖപ്പെടുത്തുന്നത്. പ്രത്യേകിച്ചും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍. വേനല്‍ച്ചൂടിനെ മറികടക്കുന്ന രീതിയിലാണ് രാജ്യത്തെ തിരഞ്ഞെടുപ്പ് ചൂട്.

തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താനും ജനങ്ങളിറങ്ങുന്ന ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയും ശക്തമായ ഉഷ്ണതരംഗവും അനുഭവിക്കേണ്ടി വരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. 44 ദിവസം നീണ്ടുനില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ജനങ്ങള്‍ക്ക് ആരോഗ്യപരമായ അപകടങ്ങളുണ്ടാക്കുമെന്ന് ദേശീയ ദുരന്തനിവാരണ സേന തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശൈത്യകാലത്ത് നടന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പിനുശേഷം ഇത്രയും നീണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ ഇതാദ്യമായാണ്.

'ഇന്ത്യ തിളങ്ങാൻ' വേനല്‍ക്കാലത്ത് തിരഞ്ഞെടുപ്പ് നടത്തിയ വാജ്പേയി; 2004നു ശേഷം ഉഷ്ണത്തിലേക്ക് മാറിയ ലോക്‌സഭ തിരഞ്ഞെടുപ്പ്
യുഡിഎഫിന്റെ കോട്ട തകര്‍ത്ത ചാലക്കുടി; ട്വന്‌റി 20യുടെ വരവ് ആര്‍ക്കുള്ള വെല്ലുവിളി?

എന്നാല്‍ ഇന്നു കാണുന്നതുപോലെ ചൂടില്‍ വലഞ്ഞുള്ള തിരഞ്ഞെടുപ്പ് കാലമായിരുന്നില്ല ഇന്ത്യയില്‍. 2004 മുൻപ് വരെ കുറഞ്ഞത് 50 വര്‍ഷമെങ്കിലും തണുത്ത കാലാവസ്ഥയിലായിരുന്നു രാജ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ നടന്നത്. 2004 ലാണ് വേനല്‍ക്കാലത്തേക്ക് തിരഞ്ഞെടുപ്പ് പ്രക്രിയകളെ മാറ്റിയത്.

മാസങ്ങള്‍ മാറി വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മിഷനാണ് പ്രഖ്യാപിക്കുന്നത്. തിരഞ്ഞെടുപ്പ് നടന്ന് സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ട അഞ്ച് വര്‍ഷത്തെ കാലയളവ് മുന്‍നിര്‍ത്തിയായിരിക്കും പ്രഖ്യാപനം. ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് 1952 ഫെബ്രുവരിയിലായിരുന്നു. 1951 ഒക്ടോബര്‍ 25 നും 1952 ഫെബ്രുവരി 21 നും ഇടയില്‍ ഏകദേശം നാല് മാസം, 68 ഘട്ടങ്ങളിലായാണ് ലോക്‌സഭയിലേക്കുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നത്. ആദ്യത്തെ ഏഴ് ലോക്‌സഭ തിരഞ്ഞെടുപ്പുകളും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായിരുന്നു നടന്നത്.

1952ലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ക്യൂ നില്‍ക്കുന്നവർ
1952ലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ക്യൂ നില്‍ക്കുന്നവർ

എന്നാല്‍ രാഷ്ട്രീയ പ്രതിസന്ധികളും കേന്ദ്ര സഖ്യത്തിലെ പ്രശ്‌നങ്ങളും ഈ തിരഞ്ഞെടുപ്പ് മാസങ്ങളില്‍ ചില വ്യത്യാസങ്ങള്‍ വരുത്തുകയായിരുന്നു. ഉദാഹരണത്തിന് ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്നുള്ള 1984ലെ തിരഞ്ഞെടുപ്പ് ഡിസംബറിലായിരുന്നു നടന്നത്. ഈ ലോക്‌സഭ അഞ്ച് വര്‍ഷം പൂര്‍ത്തിയായ സമയക്രമം കണക്കാക്കി 1989ല്‍ നവംബറിലാണ് അടുത്ത തിരഞ്ഞെടുപ്പ് നടത്തിയത്. ആദ്യമായി ഇന്ത്യ വേനല്‍ക്കാലത്ത് തിരഞ്ഞെടുപ്പ് ബൂത്തിലേക്ക് പോകുന്നത് 1991ലായിരുന്നു. വിപി സിങ് നയിക്കുന്ന ജനത പാര്‍ട്ടി സര്‍ക്കാര്‍ വീണതിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പായിരുന്നു അത്. മേയ് 20, ജൂണ്‍ 12, 15 എന്നീ തീയതികളിലാണ് അന്ന് തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്.

അടുത്ത തിരഞ്ഞെടുപ്പ് 1996 ഏപ്രിലില്‍ നടന്നു. കാലാവധി അവസാനിക്കാന്‍ മൂന്ന് വര്‍ഷം ബാക്കിനില്‍ക്കെ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഐ കെ ഗുജ്‌റാൾ സര്‍ക്കാര്‍ വീഴുകയും 1999 സെപ്റ്റംബറില്‍ അടുത്ത തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു.

കഴിഞ്ഞ നാല് ലോക്‌സഭാ തിരഞ്ഞെടുപ്പുകളും ഉഷ്ണ തരംഗ സമയത്തായിരുന്നു നടന്നത്.

'ഇന്ത്യ തിളങ്ങാൻ' വേനല്‍ക്കാലത്ത് തിരഞ്ഞെടുപ്പ് നടത്തിയ വാജ്പേയി; 2004നു ശേഷം ഉഷ്ണത്തിലേക്ക് മാറിയ ലോക്‌സഭ തിരഞ്ഞെടുപ്പ്
ലോക്‌സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളിലെ വനിതാ പ്രാതിനിധ്യം മൂന്നിലൊന്നെങ്കിലുമെത്താൻ ഇനിയും കടമ്പകളേറെ

2004ലെ വേനല്‍ക്കാലത്തെ തിരഞ്ഞെടുപ്പ്

അടുത്ത തിരഞ്ഞെടുപ്പ് നടക്കേണ്ടത് 2004 ഒക്ടോബറിലായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ സമയക്രമങ്ങള്‍ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് അനുകൂലമായി മാറുന്ന രീതിയിലേക്കുള്ള ശ്രമം നടന്നു. കുതിച്ചുയര്‍ന്ന സമ്പദ് വ്യവസ്ഥയും പാകിസ്താനുമായുള്ള ബന്ധവും വിജയസാധ്യതയായി കണക്കാക്കി പാര്‍ലമെന്റ് നേരത്തെ പിരിച്ചുവിടാനും ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അടല്‍ ബിഹാരി വാജ്‌പേയി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ നീക്കം നടത്തി.

എ ബി വാജ്പേയി
എ ബി വാജ്പേയി

2003 ഡിസംബറില്‍ നടത്തിയ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ മികച്ച വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങള്‍, ജിഡിപി വര്‍ധന എന്നിവ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഉയര്‍ത്തിക്കാട്ടി. ബിജെപിയുടെ ഇന്ത്യ തിളങ്ങുന്നുവെന്ന കാംപയിനും മാധ്യമങ്ങളില്‍ സജീവമായി.

അഭിപ്രായ സര്‍വേകളും ബിജെപി നയിക്കുന്ന സഖ്യത്തിന് വമ്പിച്ച വിജയം പ്രഖ്യാപിച്ചു. തന്റെ പാര്‍ട്ടിയുടെ സാധ്യതകളെക്കുറിച്ച് ഇത്രയധികം ആത്മവിശ്വാസം തോന്നിയ സമയം ഇതിന് മുമ്പുണ്ടായിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി എല്‍ കെ അദ്വാനിയും പ്രതികരിച്ചു. അങ്ങനെ 14-ാം ലോക്‌സഭാ തിരഞ്ഞെടുപ്പ് 2004 ഏപ്രില്‍ മുതല്‍ മേയ് വരെ 21 ദിവസങ്ങളിലായി നടന്നു. എന്നാല്‍ ആ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിളങ്ങാന്‍ സാധിച്ചില്ല. 1999ലെ 182 സീറ്റില്‍നിന്ന് ബിജെപി 138ലേക്ക് ചുരുങ്ങി. ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും വിഭജന നയങ്ങളും ബിജെപിക്ക് തിരിച്ചടിയായി.

'ഇന്ത്യ തിളങ്ങാൻ' വേനല്‍ക്കാലത്ത് തിരഞ്ഞെടുപ്പ് നടത്തിയ വാജ്പേയി; 2004നു ശേഷം ഉഷ്ണത്തിലേക്ക് മാറിയ ലോക്‌സഭ തിരഞ്ഞെടുപ്പ്
'ഒരു പാവം കോടീശ്വരൻ'; നിയമപ്പഴുതുകളില്‍ രാജീവ് ചന്ദ്രശേഖര്‍ സമര്‍ത്ഥമായി ഒളിപ്പിച്ചത് ശതകോടികള്‍

വേനല്‍ച്ചൂടിനിടയിലെ തിരഞ്ഞെടുപ്പ് ചൂട്

1991നു ശേഷം വീണ്ടും ജൂൺ വരെ നീളുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത് ഈ വർഷമാണ്. പരീക്ഷാ തീയ്യതികള്‍, മതപരമായ ആഘോഷങ്ങള്‍, പൊതു അവധികള്‍, പ്രാദേശികമായ കാലാവസ്ഥ തുടങ്ങിയ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഇത്തവണ ഹോളി, ബൈസാഖി, തമിഴ് പുതുവര്‍ഷം എന്നീ ആഘോഷങ്ങളും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ ആറ് ദിവസം വൈകിയതും കാരണമാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ജൂണ്‍ വരെ നീളുന്നത്.

കഴിഞ്ഞ നാല് ലോക്‌സഭാ തിരഞ്ഞെടുപ്പുകളും കടുത്ത വേനലിലായിരുന്നു നടന്നത്. 2004ലെ തിരഞ്ഞെടുപ്പില്‍ ഫെബ്രുവരി മധ്യത്തിലും വേനലിന്റെ മധ്യത്തിലും 12 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഡല്‍ഹിയിലെ താപനില. എന്നാല്‍ മേയിൽ രേഖപ്പെടുത്തിയത് 46 ഡിഗ്രി സെല്‍ഷ്യസ് ചൂച്. ചൂടിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനൊപ്പം ഷെല്‍ട്ടറുകള്‍ ഒരുക്കുക, കുടിവെള്ള സൗകര്യമേര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാനങ്ങള്‍ക്ക് അന്ന് നല്‍കിയിരുന്നു.

എന്നാല്‍ 2004ലെ രാജ്യത്തെ സ്ഥിതിയല്ല നിലവിലുള്ളത്. ഉഷ്ണതരംഗം പതിവായി മാറുന്ന, നീണ്ടുനില്‍ക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. സാധാരണ രണ്ടോ നാലോ ദിവസത്തെ കാലയളവിന് പകരം 10 മുതല്‍ 20 ദിവസം വരെ നീളുന്ന ഉഷ്ണതരംഗമാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ മഹാരാഷ്ട്രയില്‍ നടത്തിയ പൊതുറാലിയില്‍ ഉഷ്ണതരംഗം കാരണം 10 പേരാണ് മരിച്ചത്.

വേനല്‍ക്കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം കുറയുന്നതായും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2004, 2009, 2014, 2019 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞുവന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തിലെ പോളിങ് ശതമാനം 69.5 ശതമാനമാണെങ്കില്‍ മേയില്‍ നടന്ന അവസാന ഘട്ടത്തില്‍ പോളിങ് ശതമാനം 64.85 ശതമാനമായി കുറഞ്ഞു.

കുടിവെള്ളം, ഷെല്‍ട്ടറുകള്‍, ഒ ആര്‍ എസ് ലായനികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പോളിങ് ബൂത്തുകളിലുണ്ടായിരിക്കണമെന്ന നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. ടെലിവിഷന്‍, റേഡിയോ, സാമൂഹ്യ മാധ്യമങ്ങള്‍ വഴി ചൂട് കാരണമുള്ള അസുഖങ്ങളെക്കുറിച്ചുള്ള അവബോധം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നൽകുന്നുണ്ട്.

logo
The Fourth
www.thefourthnews.in