സർക്കാരിൻ്റെ കല്പന കേട്ട് കഴിയുന്ന തിരഞ്ഞെടുപ്പ് കമ്മിഷനറിയുമോ ടി എൻ ശേഷനെ?

സർക്കാരിൻ്റെ കല്പന കേട്ട് കഴിയുന്ന തിരഞ്ഞെടുപ്പ് കമ്മിഷനറിയുമോ ടി എൻ ശേഷനെ?

ഇന്ത്യന്‍ പൊതുതിരഞ്ഞെടുപ്പിനെ അടയാളപ്പെടുത്തുന്നത് തന്നെ ടിഎന്‍ ശേഷന് മുന്‍പും പിന്‍പും എന്ന നിലയിലാണ്

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം, തിരഞ്ഞെടുപ്പ് കമ്മിഷനിലെ സര്‍ക്കാരിനുള്ള സമ്പൂര്‍ണ അധികാരം. രാജ്യത്തെ പൊതു തിരഞ്ഞെടുപ്പ് ഒരു ടിഎന്‍ ശേഷനെ മിസ് ചെയ്യുന്നുണ്ടോ? 'നിരവധി തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ ശേഷനെ പോലുള്ളവര്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്'' എന്ന് സുപ്രീംകോടതി പറഞ്ഞ അതേ ടിഎന്‍ ശേഷനെ.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനുശേഷം രാജ്യം സാക്ഷ്യം വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കളുടെ അതിരുവിട്ട വിദ്വേഷ പ്രസംഗങ്ങളാണ്. ഇത്തരം വിഷയങ്ങളില്‍ ഇടപെട്ട് നടപടി സ്വീകരിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്തുചെയ്തു? പ്രതിപക്ഷത്തിന്റേത് കാതലായ ചോദ്യമാണ്. ഇവിടെയാണ് അസാമാന്യ കാര്യശേഷിയുള്ള, സ്വതന്ത്ര തിരഞ്ഞെടുപ്പ് പ്രക്രിയ നടത്താനായി ഏതറ്റംവരെയും പോകാന്‍ മടിയില്ലാത്ത ടിഎന്‍ ശേഷന്റെ പേര് വീണ്ടും ഉയര്‍ന്നുവരുന്നത്.

2022- നവംബറില്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമന സംവിധാനം പരിഷ്‌കരിക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീകോടതിയുടെ ഭാഗത്തുനിന്ന് 'ടിഎന്‍ ശേഷനെ പോലുള്ളവര്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്' എന്ന പരാമര്‍ശമുണ്ടായത്. പിന്നാലെ, കേന്ദ്രം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമന നിയമം പരിഷ്‌കരിക്കുകയും ചെയ്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കുന്ന പാനലില്‍നിന്ന് സുപ്രീകോടതി ചീഫ് ജസ്റ്റിസ് പുറത്തായി. പകരം, കേന്ദ്രമന്ത്രി ഇടംപിടിച്ചു. ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണ് ഇത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകുമോ എന്ന് സംശയം തോന്നുന്നത് സ്വാഭാവികമാണ്.

ചങ്കുറപ്പിന്റെ പേര്, ടിഎന്‍ ശേഷന്‍

ഇന്ത്യന്‍ പൊതുതിരഞ്ഞെടുപ്പിനെ അടയാളപ്പെടുത്തുന്നത് തന്നെ ടിഎന്‍ ശേഷനു മുന്‍പും പിന്‍പും എന്ന നിലയിലാണ്. 1990 ഡിസംബറിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ശേഷന്‍ ചുമതലയേല്‍ക്കുന്നത്. ശേഷന്റെ വരവോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ രീതി മാറി.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്താണെന്നും അതിന്റെ അധികാരം എത്രമാത്രം വലുതാണെന്നും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പൊതുജനങ്ങളും അനുഭവിച്ചറിഞ്ഞു. ചന്ദ്രശേഖറായിരുന്നു ശേഷന്‍ ചുമതലയേല്‍ക്കുമ്പോള്‍ പ്രധാനമന്ത്രി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ 150-ഓളം പിഴവുകള്‍ ഇല്ലാതാക്കുന്നതിന് പരിഷ്‌കാരങ്ങളും ചട്ടങ്ങളും നിര്‍ദേശിച്ച് 32 പേജുള്ള മാര്‍ഗനിര്‍ദേശം സമര്‍പ്പിച്ചുകൊണ്ടായിരുന്നു ശേഷന്റെ തുടക്കം. എന്നാല്‍, ഈ നിര്‍ദേശം സര്‍ക്കാര്‍ അവഗണിച്ചു.

ടി എന്‍ ശേഷന്‍
ടി എന്‍ ശേഷന്‍

പക്ഷേ, ശേഷന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. 1993-ല്‍ ഒമ്പത് സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞടുപ്പില്‍ ശേഷന്‍ അരയും തലയും മുറക്കി രംഗത്തിറങ്ങി. മാതൃക പെരുമാറ്റച്ചട്ടം നടപ്പാക്കുകയായിരുന്നു ആദ്യനടപടി. തിരഞ്ഞെടുപ്പ് പട്ടിക തയാറാക്കല്‍, പോളിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിലെ പിഴവുകള്‍, നിര്‍ബന്ധിത തിരഞ്ഞെടുപ്പ് പ്രചാരണം, നിയമ പരിധിയില്‍ക്കൂടുതല്‍ പണംചിലവാക്കല്‍, ബൂത്ത് പിടിത്തം തുടങ്ങി നൂറിലധികം ക്രമക്കേടുകള്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു. കമ്മിഷന്‍ നിയമിച്ച ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും ബൂത്തുകളില്‍ റോന്ത് ചുറ്റി. ഫലം, ഒമ്പത് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് അതുവരെ കാണാത്ത തരത്തില്‍ അച്ചടക്കത്തോടെ നടന്നു. ഇതോടെ, രാജ്യം ടിഎന്‍ ശേഷന്‍ എന്ന പേര് ശ്രദ്ധിച്ചുതുടങ്ങി. തിരഞ്ഞടുപ്പിന് ശേഷം ദി പയനിയര്‍ തങ്ങളുടെ എഡിറ്റോറിയലിന് നല്‍കിയ തലക്കെട്ടില്‍ നിന്ന് അന്നുനടന്നതെല്ലാം വായിച്ചെടുക്കാം; Thank you mister seshan (ശേഷന്‍, നിങ്ങള്‍ക്ക് നന്ദിയെന്ന് മലയാളം പരിഭാഷ).

പ്രായപൂര്‍ത്തിയായ എല്ലാ വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ ടി എന്‍ ശേഷന്‍ എന്നൊരാള്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കസേരയിലെത്തേണ്ടി വന്ന രാജ്യമാണ് ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തിരഞ്ഞെുപ്പ് ഉത്സവം നാഥനില്ലാതെ നടക്കേണ്ടെന്ന് ശേഷന്‍ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. എന്തിനും ഏതിനും നിയപുസ്തകം നോക്കി മാത്രം നീങ്ങുന്ന പരുക്കന്‍ ബ്യൂറോക്രാറ്റിന് മുന്നില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ അന്തംവിട്ടുനിന്നു. സര്‍ക്കാരിന്റെ സൗകര്യം നോക്കി തിരഞ്ഞെടുപ്പ് നടത്തുന്ന തിരഞ്ഞെടുപ്പ് കമ്മിഷനെ ശേഷന്റെ കാലത്ത് കാണാതായി. 1950-ല്‍ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ സുകുമാര്‍ സെന്‍ നയിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുതല്‍ ശേഷന്റെ മുന്‍ഗാമി വി എസ് രമാദേവി നയിച്ച ഒന്‍പതാം കമ്മിഷന്‍ വരെ ശ്രമിച്ചിട്ട് നടപ്പാക്കാന്‍ കഴിയാത്ത പരിഷ്‌കാരങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് തിരുനെല്ലായി നാരായണയ്യര്‍ ശേഷനെന്ന ഈ പാലക്കാട്ടുകാരന്‍ നടപ്പാക്കി കാണിച്ചുകൊടുത്തത്.

സർക്കാരിൻ്റെ കല്പന കേട്ട് കഴിയുന്ന തിരഞ്ഞെടുപ്പ് കമ്മിഷനറിയുമോ ടി എൻ ശേഷനെ?
അന്ന് കൊല്ലപ്പെട്ട പട്ടാളക്കാർ, ഇന്ന് മുസ്ലിങ്ങൾ! നോക്കുകുത്തിയായ കമ്മിഷന് മുന്നിൽ തുടരുന്ന മോദിയുടെ വിദ്വേഷപ്രചാരണം

ശേഷന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്ന് തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച ചട്ടമായിരുന്നു. ഒരു സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പിന് ചെലവാക്കാവുന്ന തുകയ്ക്കു പരിധി നിശ്ചയിച്ച നിയമം. കോടിക്കണക്കിനു പണം തിരഞ്ഞെടുപ്പ് കാലത്ത് ഒഴുകുന്നതിന് വിലക്ക്. കൃത്യമായ കണക്ക് കൊടുത്തില്ലെങ്കില്‍ അയോഗ്യരാക്കുമെന്ന ചട്ടം വായിച്ച് സ്ഥാനാര്‍ഥികള്‍ വിരണ്ടു. ഭരണകൂടത്തെ വരച്ചവരയില്‍ നിര്‍ത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ പൊതുജനം പിന്തുണയ്ക്കുകയാണെന്ന തിരിച്ചറിവ് സര്‍ക്കാരിനെ അങ്കലാപ്പിലാക്കി. ഭരണഘടനയുടെ സംരക്ഷണവും ജനപിന്തുണയും ഇല്ലായിരുന്നെങ്കില്‍ ശേഷനെ ഭരണകൂടം രായ്ക്കുരാമാനം പുറത്താക്കിയേനെ.

രാജീവ് ഗാന്ധിക്കൊപ്പം ടിഎന്‍ ശേഷന്‍
രാജീവ് ഗാന്ധിക്കൊപ്പം ടിഎന്‍ ശേഷന്‍

രാജ്യസഭ തിരഞ്ഞെടുപ്പ് പ്രക്രിയയെ സംശുദ്ധമാക്കുകയായിരുന്നു ശേഷന്റെ മറ്റൊരു നീക്കം. സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ് രാജ്യസഭാ അംഗങ്ങള്‍. സംസ്ഥാനങ്ങളില്‍ സ്ഥിരമായി താമസിക്കുന്നവരെയാണ് ഓരോ സംസ്ഥാനത്തെയും നിയമസഭാംഗങ്ങള്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്ത് അയയ്ക്കേണ്ടത്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് മാത്രം ഇത് ബാധകമല്ല. മിക്ക അംഗങ്ങളും ഇത് ലംഘിച്ചത് മനസിലാക്കിയ ശേഷന്‍ ഭരണഘടനാ ലംഘനത്തിന് നോട്ടിസ് അയച്ചു. അസമില്‍നിന്ന് ജയിച്ചുവന്ന ഡോ. മന്‍മോഹന്‍ സിങ്ങിനും കിട്ടി നോട്ടിസ്. അദ്ദേഹത്തിന്റെ താമസം അസമിലല്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇതോടെ എല്ലാ രാഷ്ട്രീയക്കാരും ശേഷനെതിരായി. ആ കാലത്ത് ശേഷന്‍ പറഞ്ഞു, ''ഞാനൊരു പന്താണ് ശക്തിയായി തറയിലെറിഞ്ഞാല്‍ ഇരട്ടി ശക്തിയായി ഞാന്‍ തിരികെ വരും.'' പുലിവാല് പിടിച്ച സര്‍ക്കാര്‍ അന്നത്തെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ അംഗത്വം പോകാതിരിക്കാന്‍ ഒടുവില്‍ നിയമം മാറ്റി. 1996-ല്‍ ശേഷന്‍ വിരമിച്ചു. ശേഷന്റെ പാത അതേപടി പിന്തുടരാന്‍ പറ്റിയില്ലെങ്കിലും പിന്നീട് വന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍, കണിശമായ നിലപാട് സ്വീകരിക്കുന്നതില്‍ പിന്നോട്ടുപോയില്ല.

മോദി യുഗത്തിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍

എന്നാല്‍ മോദി യുഗത്തില്‍, കളി നിയന്ത്രിക്കുന്നത് ബിജെപിയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന് ഇക്കളിയില്‍ എന്തെങ്കിലും ചെയ്യാനുണ്ടോ എന്നതാണ് ചോദ്യം. ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംഭവിച്ച ചില കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കാം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് നാല് ദിവസത്തിനുശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിനെതിരെ തുടക്കത്തില്‍ ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ കമ്മിഷനെ കണ്ടിരുന്നു. എന്നാല്‍ ഒരു നടപടിയുമെടുത്തില്ല. തിരഞ്ഞെടുപ്പ് കാലത്ത് അന്വേഷണ ഏജന്‍സികളുടെ ഉള്‍പ്പെടെ നിയന്ത്രണം കമ്മിഷന്‍ ഏറ്റെടുക്കണമെന്നതായിരുന്നു ആവശ്യം.

സർക്കാരിൻ്റെ കല്പന കേട്ട് കഴിയുന്ന തിരഞ്ഞെടുപ്പ് കമ്മിഷനറിയുമോ ടി എൻ ശേഷനെ?
FACT CHECK| 'വികസനത്തിന്റെ പങ്ക് എല്ലാവര്‍ക്കും ലഭ്യമാക്കണം', മന്‍മോഹന്‍ സിങ് അന്ന് പറഞ്ഞതും വര്‍ഗീയവാദികള്‍ കേട്ടതും

മറ്റൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുട അതിരൂക്ഷമായ വര്‍ഗീയ പരാമര്‍ശമാണ്. രാജ്യത്തെ പ്രധാനമന്ത്രി പോയിട്ട് പ്രധാന രാഷ്ട്രീയ നേതാക്കള്‍ പോലും പറയാത്ത കാര്യമാണ് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ പറഞ്ഞത്. രാജ്യത്തെ പ്രധാന ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുകയും നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കുകയുമാണ് പ്രധാനമന്ത്രി ചെയ്തത്. ഇതിനു പുറമെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറയാത്ത കാര്യങ്ങള്‍ അവരുടെ പേരില്‍ ആരോപിച്ചും കുപ്രചാരണം നടത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവനയെ സന്ദര്‍ഭത്തില്‍ അടര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. എന്നിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ മൗനത്തിലാണ്.

ടി എന്‍ ശേഷന്‍
ടി എന്‍ ശേഷന്‍

നേരത്തെ തന്നെ ഉന്നയിക്കപ്പെട്ട നിരവധി പരാതികളില്‍ ഒരു തീരുമാനവും ബിജെപിയ്ക്കെതിരെ എടുക്കാന്‍ കമ്മിഷന്‍ തയ്യാറായിരുന്നില്ല. അതിനാല്‍, എല്ലാ അര്‍ത്ഥത്തിലും വിദ്വേഷപ്രചാരണമായിരുന്നുവെങ്കിലും ഇതിനെതിരെയും നടപടിയെടുക്കാന്‍ കമ്മിഷന്‍ തയ്യാറാകുമെന്ന് കരുതാനാവില്ല. തമിഴ്നാട്ടില്‍ മോദി ഹിന്ദു മതവും ശിവശക്തിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയ്ക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കമ്മിഷനെ സമീപിച്ചിരുന്നു. ഇവിടെയും മതമാണ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തിയത്. എന്നാല്‍ ഒരു തരത്തിലുള്ള നടപടിയുമെടുക്കാന്‍ കമ്മിഷന്‍ തയ്യാറായില്ല.

കമ്മിഷന്റെ നിയമനത്തില്‍ സര്‍ക്കാരിനുള്ള സമ്പൂര്‍ണ അധികാരമാണ് ഇതിനു കാരണമെന്ന് കരുതുന്നു. നേരത്തെ പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ചേര്‍ന്ന സമിതി വേണം തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കാനെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും പകരം ഒരു മന്ത്രിയെ ഉള്‍പ്പെടുത്തുകയും ചെയ്തു. സുപ്രീം കോടതിയുടെ വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമായിരുന്നു മോദി സര്‍ക്കാരിന്റെ തീരുമാനം.

സർക്കാരിൻ്റെ കല്പന കേട്ട് കഴിയുന്ന തിരഞ്ഞെടുപ്പ് കമ്മിഷനറിയുമോ ടി എൻ ശേഷനെ?
അടി, തിരിച്ചടി; തുടങ്ങിവച്ച് രാഹുല്‍, 'കത്തിച്ച് മോദി', പിണറായിയെ പിന്തുണച്ച് യെച്ചൂരി; ആര്‍ക്ക് ആരുടെ ശബ്ദം?

ഇതോടെ കമ്മിഷന്റെ നിയമനം പൂര്‍ണമായി സര്‍ക്കാരിന്റെ നിയന്ത്രണത്തിലായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പാണ് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളെ നിയമിച്ചത്. ഇതില്‍ ഗ്യാനേഷ് കുമാര്‍ എന്ന കേരള കാഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അമിത് ഷായുമായി അടുപ്പുമുള്ള ആളാണെന്ന ആരോപണമുണ്ടായിരുന്നു. ആഭ്യന്തര മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം, കശ്മീരുമായി ബന്ധപ്പെട്ട 370-ാം വകുപ്പ് റദ്ദാക്കുമ്പോള്‍ ആ പ്രദേശത്തിന്റെ ചുമതലയായിരുന്നു വഹിച്ചുകൊണ്ടിരുന്നത്. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ട്രസ്റ്റ് സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ഗ്യാനേഷ് കുമാറായിരുന്നു അതുമായി ബന്ധപ്പെട്ട എല്ലാ നിയമവ്യവഹാരങ്ങളും കൈകാര്യം ചെയ്തത്. സുഖ്ഭീര്‍ സിങ് സന്ധു ഗഡ്കരിയുടെ കീഴില്‍ നാഷണല്‍ ഹൈവേ അഥോറിറ്റി ചെയര്‍മാനായിരുന്നു. പിന്നീട് ഉത്താരഖണ്ഡ് ചീഫ് സെക്രട്ടറിയായി. ഉത്തരാഖണ്ഡിലെ വിവാദമായ ഏക സിവില്‍ കോഡിന്റെ രൂപീകരണത്തില്‍ ഇദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. അങ്ങനെ സര്‍ക്കാരുമായി അടുപ്പമുള്ള അവരുടെ രാഷട്രീയ തീരുമാനങ്ങള്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തിയ ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് കമ്മിഷണര്‍മാരായി നിയമിച്ചത്.

നരേന്ദ്ര മോദി
നരേന്ദ്ര മോദി

2019 ല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് മോദി മഹാരാഷ്ട്രയില്‍ നടത്തിയ പ്രസംഗവും ചട്ടലംഘനമെന്ന ആരോപണമുണ്ടായിരുന്നു. പുല്‍വാമയിലെ സൈനികര്‍ക്കുവേണ്ടി ബിജെപിയ്ക്കു വോട്ട് ചെയ്യണമെന്നായിരുന്നു മോദി ആവശ്യപ്പെട്ടത്. അന്ന് കമ്മിഷന്റെ മുന്നില്‍ പരാതിയെത്തിയപ്പോള്‍ രണ്ട് കമ്മിഷന്‍ അംഗങ്ങള്‍ മോദിയെ പിന്തുണച്ചു. എന്നാല്‍ അശോക് ലവേസ എന്ന കമ്മിഷണര്‍ ചട്ടലംഘനമാണ് പ്രധാനമന്ത്രിയുടെ പ്രസംഗം എന്ന് കണ്ടെത്തി. തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തണമെന്ന അശോക് ലവേസയുടെ ആവശ്യം തിരസ്‌കരിക്കപ്പെട്ടു. പിന്നീട് ഇദ്ദേഹത്തിന് കമ്മിഷനില്‍നിന്ന് രാജിവെക്കേണ്ടിവന്നു. ഇന്ത്യയില്‍ ആദ്യമായിട്ടായിരുന്നു ഒരാള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് രാജിവെക്കേണ്ടി വന്നത്.

സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനത്തെ ബിജെപി അതിന്റെ ഏജന്‍സിയാക്കി മാറ്റിയിരിക്കുന്നു. രാജ്യം നിര്‍ണായകമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പ് നാഥനില്ലാതെ, അര്‍ഥമില്ലാതെ, ഭരണകക്ഷിയുടെ താത്പര്യത്തിന് അനുസരിച്ച് മാറ്റപ്പെടുമ്പോള്‍, ഉറപ്പായും നമ്മള്‍ ടിഎന്‍ ശേഷനെ മിസ്സ് ചെയ്യും. അദ്ദേഹത്തിന്റെ വാക്കുകള്‍ ഓര്‍ക്കും, ''എന്താണ് നിയമം, അത് ഞാന്‍ നടപ്പാക്കിയെന്ന് മാത്രം''.

logo
The Fourth
www.thefourthnews.in