കെ എസ് ഈശ്വരപ്പ
കെ എസ് ഈശ്വരപ്പ

കർണാടകയിൽ ബിജെപിക്ക് തിരിച്ചടി; ഇടഞ്ഞ് കെ എസ് ഈശ്വരപ്പ, ശിവമോഗയിൽ യെദ്യൂരപ്പയുടെ മകനെതിരെ വിമത സ്ഥാനാര്‍ഥിയാകും

ഹാവേരി മണ്ഡലത്തിൽ മകൻ കാന്തേഷിന് ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ശിവമോഗയിൽ സ്വതന്ത്ര സ്ഥാനാർഥി പ്രഖ്യാപനം

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ച്‌ കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് കെ എസ്‌ ഈശ്വരപ്പ. മകൻ കാന്തേഷിനു ഹാവേരി മണ്ഡലത്തിൽ ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ബിജെപി നേതൃത്വത്തെ വെട്ടിലാക്കി ഈശ്വരപ്പ സ്വതന്ത്ര സ്ഥാനാർഥിയായി ശിവമോഗയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഎസ്‌ യെദ്യൂരപ്പയുടെ മകൻ ബിവൈ രാഘവേന്ദ്ര രണ്ടാമതും ജനവിധി തേടുന്ന മണ്ഡലമാണ് ശിവമോഗ.

യെദ്യൂരപ്പയും കുടുംബവുമാണ് തന്റെ മകന് ടിക്കറ്റ് നിഷേധിച്ചതെന്ന് കെ എസ്‌ ഈശ്വരപ്പ നേരത്തെ ആരോപിച്ചിരുന്നു. വെള്ളിയാഴ്ച ശിവമോഗയിലെ പാർട്ടി പ്രവർത്തകരുടെയും അണികളുടെയും യോഗം വിളിച്ചുചേർത്താണ് ഈശ്വരപ്പ മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ഹാവേരി മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർഥിയായി കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ എത്തിയതോടെയായിരുന്നു ഈശ്വരപ്പ മകനായി പ്രതീക്ഷിച്ച സീറ്റ് നഷ്ടമായത്. യെദ്യൂരപ്പയും സംസ്ഥാന അധ്യക്ഷനും മകനുമായ ബി വൈ വിജയേന്ദ്രയും ചേർന്ന് ചരടുവലി നടത്തി ടിക്കറ്റ് നഷ്ടമാക്കിയ സാഹചര്യത്തിൽ യെദ്യൂരപ്പയുടെ മൂത്ത മകനായ ബി വൈ രാഘവേന്ദ്രക്കെതിരെ വിമത സ്ഥാനാർഥിയായി ഈശ്വരപ്പ തന്നെ ഇറങ്ങണമെന്ന ആവശ്യം അണികളിൽ നിന്നുയരുകയായിരുന്നു.

യെദ്യൂരപ്പയുടെ മകനും  ശിവമോഗയിലെ ഔദ്യോഗിക  സ്ഥാനാർഥിയുമായ ബി വൈ രാഘവേന്ദ്ര
യെദ്യൂരപ്പയുടെ മകനും ശിവമോഗയിലെ ഔദ്യോഗിക സ്ഥാനാർഥിയുമായ ബി വൈ രാഘവേന്ദ്ര

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവമോഗയിൽ ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് ഇടഞ്ഞ കെ എസ്‌ ഈശ്വരപ്പയെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മകൻ കാന്തേഷിനു ടിക്കറ്റ് നൽകാമെന്ന ഉറപ്പുനൽകിയായിരുന്നു ബി ജെ പി ദേശീയ നേതൃത്വം ഒപ്പം നിർത്തിയത്.

യെദ്യൂരപ്പയും കുടുംബവുമാണ് തന്റെ മകന് ടിക്കറ്റ് നിഷേധിച്ചതെന്ന് കെഎസ്‌ ഈശ്വരപ്പ നേരത്തെ ആരോപിച്ചിരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഫോണിൽ സംസാരിച്ചായിരുന്നു ഈശ്വരപ്പ പാർട്ടി വിടുന്നത് തടഞ്ഞത് . എന്നാൽ രണ്ടു ദിവസം മുൻപ് ബിജെപി പുറത്തിറക്കിയ കർണാടകയിലെ 20 സ്ഥാനാർഥികളുടെ പട്ടികയിൽ കാന്തേഷിന്റെ പേര് തഴയപ്പെട്ടു. ഇതോടെയാണ് ഈശ്വരപ്പ കടുത്ത നടപടിയിലേക്കു നീങ്ങിയത്.

"പാർട്ടിക്കുവേണ്ടി അഹോരാത്രം ജോലി ചെയ്തവരെല്ലാം തഴയപ്പെട്ടു. സി ടി രവി, സദാനന്ദ ഗൗഡ, പ്രതാപ് സിൻഹ തുടങ്ങിയവരെ തഴഞ്ഞു. ശോഭ കരന്തലജയ്ക്ക് സിറ്റിങ് സീറ്റിൽ എതിർപ്പുവന്നപ്പോൾ മറ്റൊരു സീറ്റ് നൽകി. ബൊമ്മെക്കു താല്‍പ്പര്യം ഇല്ലാഞ്ഞിട്ടും മത്സരിക്കുന്നു. ബൊമ്മെ മത്സരിച്ചില്ലെങ്കിൽ മകന് ടിക്കറ്റ് കിട്ടിയേനെ. ഈ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥികൾ തോറ്റാൽ പൂർണ ഉത്തരവാദിത്തം യെദ്യൂരപ്പയ്ക്കാണ്," ഈശ്വരപ്പ അമർഷം പരസ്യമാക്കി.

കെ ഇ കാന്തേഷ്
കെ ഇ കാന്തേഷ്

ശിവമോഗ ജില്ലയിൽ ബി ജെ പി കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കു വഹിച്ചയാളാണ് ആർ എസ്‌ എസിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കെ എസ്‌ ഈശ്വരപ്പ. ഈശ്വരപ്പയും യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്രയും ശിവമോഗ ലോക്സഭ മണ്ഡലത്തിൽ നേർക്കുനേർ വരുന്നുവെന്ന സാഹചര്യം ബി ജെ പി ക്ക് വലിയ തിരിച്ചടിയാണ്. മകൻ കാന്തേഷിന് എം എൽ സി അംഗത്വം വാഗ്ദാനം ചെയ്ത് അനുരഞ്ജന ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഈശ്വരപ്പ അടുക്കുന്ന മട്ടില്ല.

2019 ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ രണ്ടു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര ജയിച്ച മണ്ഡലമാണ് ശിവമോഗ. കെ എസ്‌ ഈശ്വരപ്പ വിമത സ്ഥാനാർഥിയാകുന്നതോടെ ചിത്രം മാറും.

logo
The Fourth
www.thefourthnews.in