കണ്ണിലുണ്ണിയാകാന്‍ ഉണ്ണിത്താന്‍, കണക്കുകൂട്ടി ബാലകൃഷ്ണന്‍, കരുത്തുകാട്ടാന്‍ അശ്വിനി; കാസര്‍ഗോഡ് കണ്ടുവച്ചതാരെ?

കണ്ണിലുണ്ണിയാകാന്‍ ഉണ്ണിത്താന്‍, കണക്കുകൂട്ടി ബാലകൃഷ്ണന്‍, കരുത്തുകാട്ടാന്‍ അശ്വിനി; കാസര്‍ഗോഡ് കണ്ടുവച്ചതാരെ?

ഏതൊരു രാഷ്ട്രീയപാര്‍ട്ടിയും ഒരു സംസ്ഥാന ജാഥ സംഘടിപ്പിച്ചാല്‍ അത് ആരംഭിക്കുന്നത് കാസര്‍ഗോഡിന്റെ മണ്ണില്‍നിന്നാണ്. പക്ഷേ, ആ പരിഗണന കഴിഞ്ഞാല്‍ വികസനങ്ങളെത്താത്ത, അവഗണന അനുഭവിക്കുന്ന ജില്ലയാണ് കാസര്‍ഗോഡ്

സപ്തഭാഷകളുടെ സംഗമഭൂമി, തെയ്യങ്ങളുടെയും തോറ്റങ്ങളുടെയും നാട്. കേരളത്തിന്റെ വടക്കേ അറ്റത്തെ ജില്ല, കാസര്‍ഗോഡ്. ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും ഒരു സംസ്ഥാന ജാഥ സംഘടിപ്പിച്ചാല്‍ അത് ആരംഭിക്കുന്നത് കാസര്‍ഗോഡിന്റെ മണ്ണില്‍ നിന്നാണ്. പക്ഷേ, ആ ഒരു പരിഗണന കഴിഞ്ഞാല്‍ വികസനങ്ങളെത്താത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന ഒരുപോലെ അനുഭവിക്കുന്ന ജില്ലയാണ് ഒരു പരിധി വരെ കാസര്‍ഗോഡ്. ലോക്‌സഭാ മണ്ഡലം രൂപീകരിക്കപ്പെട്ടത് മുതല്‍ കാസര്‍ഗോഡിന്റെ ചായ്‌വ് ഇടത്തോട്ടാണ്. 2019-ലാണ് അതിനൊരു മാറ്റമുണ്ടായത്. കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ഥിയായി വന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍ഗോഡുകാരുടെ മനംകവര്‍ന്നു. അതിനു മുമ്പ്‌ അടുപ്പിച്ച് എട്ട് തിരഞ്ഞെടുപ്പുകളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ മാത്രം വിജയിച്ച മണ്ഡലമെന്ന റെക്കോഡും കാസര്‍ഗോഡിന് തന്നെ.

ഇടതിന്റെ ബേക്കല്‍ കോട്ട

കാസര്‍ഗോഡ് മണ്ഡലം രൂപീകരിക്കപ്പെട്ട 1957ല്‍ ആദ്യമായി മണ്ഡലത്തെ പ്രതിനിധീകരിച്ചത് ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ എന്ന എകെജിയാണ്. സ്വതന്ത്രനായി മത്സരിച്ച ബി. അച്ചുത ഷേണോയിയെ 51.0 ശതമാനം വോട്ട് നേടിയാണ് ആദ്യ തിരഞ്ഞെടുപ്പില്‍ എകെജി തോല്‍പ്പിച്ചത്. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും (1962, 1967) എകെജി തന്നെയായിരുന്നു കാസര്‍ഗോഡിന്റെ നായകന്‍. ഹാട്രിക് വിജയത്തോടെ എകെജി യുഗം കാസര്‍ഗോഡ് അവസാനിച്ചെങ്കിലും റെക്കോഡ് ഭൂരിപക്ഷമായിരുന്നു അന്ന് എകെജി സൃഷ്ടിച്ചത്. 1967ലെ തിരഞ്ഞെടുപ്പില്‍ എകെജി നേടിയത് 2,06,480 വോട്ടുകളാണ്, ഭൂരിപക്ഷം 1,18,510. ഈ ഒരു ലക്ഷത്തിന് മുകളില്‍ വരുന്ന ഭൂരിപക്ഷമാണ് കാസര്‍ഗോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. കോട്ടകള്‍ തകര്‍ക്കാന്‍ പില്‍ക്കാലത്ത് യുഡിഎഫിനായെങ്കിലും എകെജിയുടെ കരുത്തിനെ വീഴ്ത്താന്‍ സാധിച്ചിട്ടില്ല.

1964-ല്‍ പാര്‍ട്ടി പിളര്‍ന്നെങ്കിലും ഇടത്പക്ഷത്തെ കാസര്‍ഗോഡ് കൈവിട്ടിരുന്നില്ല. എന്നാല്‍ ഈ കോട്ട പൊളിക്കാന്‍ 1971ല്‍ കോണ്‍ഗ്രസ് ഒരു ചെറുപ്പക്കാരനെ രംഗത്തിറക്കി. കേരള സ്റ്റുഡന്റ്‌സ് യൂണിയന്റെ അന്നത്തെ പ്രസിഡന്റ്, ഇന്നദ്ദേഹം ഇടതുപക്ഷ മന്ത്രിസഭയില്‍ മന്ത്രിയാണ്, കേരള കോണ്‍ഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രന്‍. കാസര്‍ഗോഡ് കൈവിട്ട് പോകില്ലെന്ന ആത്മവിശ്വാസത്തിലൂന്നി സിപിഎം പ്രയോഗിച്ച തന്ത്രം അത്തവണ പാളിപ്പോയി. അതുവരെ കണ്ണൂരിന്റെ കപ്പിത്താനായ എകെജിയെ അത്തവണ പാലക്കാട് മത്സരിപ്പിച്ചു. കാസര്‍ഗോഡാകട്ടെ ഇകെ നായനാരും. വടക്കന്‍ മലബാറിന്റെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് നായനാര്‍ക്ക് കാസര്‍ഗോഡ് അടിപതറി. ഇടതുകോട്ട തകര്‍ന്നു. കടന്നപ്പള്ളി 28,404 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എംപിയായി. തൊട്ടടുത്ത വര്‍ഷവും കടന്നപ്പള്ളിയെ കാസര്‍ഗോട്ടുകാര്‍ വിജയിപ്പിച്ചു.

എന്നാല്‍ കാസര്‍ഗോട്ടുകാര്‍ക്ക് അങ്ങനെയൊന്നും ഇടതുപക്ഷത്തെ കൈവിടാന്‍ സാധിച്ചിരുന്നില്ല. അടുപ്പിച്ച് രണ്ട് തവണ കടന്നപ്പള്ളിയെ വിജയിപ്പിച്ചവര്‍ 1980ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എം രാമണ്ണ റായിയെ ലോക്‌സഭയിലെത്തിച്ചു. 73,587 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച എം രാമണ്ണ ജനതാ പാര്‍ട്ടിയുടെ ഒ രാജഗോപാലിനെയായിരുന്നു തോല്‍പ്പിച്ചത്.

പക്ഷേ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഐ റാമ റായ് 11,369 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിന്റെ ബാലനന്ദനെ തോല്‍പ്പിച്ചു. പിന്നീട് 1989 മുതല്‍ 2014 വരെ നടന്ന എട്ട് തിരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ ചെങ്കൊടി തന്നെ കാസര്‍ഗോഡ് പാറി.

ഇടതുകോട്ട വീണ്ടും പൊളിയുന്നു

2019ലെ തിരഞ്ഞെടുപ്പ് ഫലത്തോടെ ഇടത്പക്ഷത്തിന് അടിപതറി, സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി വന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചരിത്രം തിരുത്തി. അത്ര പേടിക്കണ്ടെന്ന് സിപിഎം കരുതിയ ഉണ്ണിത്താന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ സിപിഎം സ്ഥാനാര്‍ത്ഥി കെപി സതീഷ് ചന്ദ്രന്‍ വീണു. 40,438 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കാസര്‍ഗോഡ് ഉണ്ണിത്താന്‍ പിടിച്ചെടുത്തു. പക്ഷേ നേരത്തെ തന്നെ ഇടതിന്റെ ആധിപത്യം കുറയുന്നതിന്റെ സൂചനകള്‍ മുന്‍കാല തിരഞ്ഞെടുപ്പില്‍ കാണാമായിരുന്നു.

മണ്ഡല രൂപീകരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ (2009) സിപിഎമ്മിന്റെ പി കരുണാകരന്‍ 38,552,2 വോട്ടുകള്‍ കരസ്ഥമാക്കി കോണ്‍ഗ്രസിന്റെ ഷാഹിദ കമാലിനെ തോല്‍പ്പിച്ചു. 3,21,095 വോട്ടുകള്‍ കരസ്ഥമാക്കിയ ഷാഹിദയെ 64,427 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കരുണാകരന്‍ തോല്‍പ്പിച്ചത്. ബിജെപിയുടെ കെ സുരേന്ദ്രന് 1,25,482 വോട്ടുകളാണ് നേടാന്‍ സാധിച്ചത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള കെ സുരേന്ദ്രന്റെ കടന്നു വരവ് കൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ്.

2014ലെ തിരഞ്ഞെടുപ്പില്‍ പി കരുണാകരനെ തന്നെയാണ് സിപിഎം കളത്തിലിറക്കിയത്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഇടിവാണ് ഭൂരിപക്ഷത്തില്‍ സംഭവിച്ചത്. 3,84,964 വോട്ടുകള്‍ നേടി പി കരുണാകരന്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ അഡ്വ. ടി സിദ്ധീഖ് നേടിയത് 3,78,043 വോട്ടുകളാണ്. ഭൂരിപക്ഷം 6921. കെ സുരേന്ദ്രനാകട്ടെ 1,72,826 വോട്ടുകള്‍ നേടി നില മെച്ചപ്പെടുത്തി.

പെരിയ കൂട്ടക്കൊലയും അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയും

ഇടതുകോട്ടയിലെ ഭൂരിപക്ഷത്തിന്റെ വലിയ കുറവ് കാസര്‍ഗോഡ് സിപിഎമ്മിനെ കൈവിടുന്നതിന്റെ സൂചനയായിരുന്നു. അതിന്റെ സ്ഥിരീകരണമായിരുന്നു 2019ലെ തിരഞ്ഞെടുപ്പും. മണ്ഡലം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് കരുതിയ സിപിഎം മത്സരത്തിനിറക്കിയത് മുന്‍ എംഎല്‍എയും ജില്ലാ സെക്രട്ടറി കൂടിയായിരുന്ന കെപി സതീഷ്ചന്ദ്രനെയായിരുന്നു. അവസാനനിമിഷം സര്‍പ്രൈസ് എന്‍ട്രിയായി കടന്നുവന്ന കോണ്‍ഗ്രസിന്റെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തങ്ങള്‍ക്കൊരു എതിരാളിയാകുമെന്ന് സിപിഎം കരുതിയിട്ടുണ്ടാകില്ല.

അതുവരെ വടക്കന്‍ മലബാറിന്റെ രാഷ്ട്രീയത്തില്‍ എവിടെയും ഇല്ലാത്ത ഉണ്ണിത്താന് പക്ഷേ ഈ കോട്ട പൊളിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. 4,74,961 വോട്ടുകള്‍ നേടിയ ഉണ്ണിത്താന്‍ 40,438 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സതീഷ്ചന്ദ്രനെ തോല്‍പ്പിച്ചു. സതീഷ് ചന്ദ്രന് നേടാന്‍ സാധിച്ചത് ആകെ 4,34,523 വോട്ടുകളാണ്. ബിജെപി കെ സുരേന്ദ്രനെ മാറ്റി രവിഷ തന്ത്രി കുന്താറിനെ പരിഗണിച്ചു. 1,76,049 വോട്ടുകള്‍ നേടി ബിജെപിയുടെ വോട്ട് വിഹിതം നേരിയ രീതിയില്‍ വര്‍ധിപ്പിച്ചു.

2019ല്‍ കേരളമാകെയുണ്ടായ ക്ഷീണം കാസര്‍ഗോട്ടും ഇടതുപക്ഷത്തിനുണ്ടായിരുന്നു. രാഹുല്‍ തരംഗവും ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചര്‍ച്ചയായി. എന്നാല്‍ ഇതുമാത്രമായിരുന്നില്ല കാസര്‍ഗോഡില്‍ സിപിഎം വലിയ ഭൂരിപക്ഷത്തില്‍ തോല്‍ക്കാന്‍ കാരണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു. ഫെബ്രുവരി-17ന് നടന്ന ആ കൊലപാതകത്തിലെ പ്രതിസ്ഥാനത്ത് സിപിഎം പ്രവര്‍ത്തകരായിരുന്നു. സിപിഎമ്മിന് തിരഞ്ഞെടുപ്പില്‍ ഇതില്‍പ്പരം ക്ഷീണം ഏറ്റുവാങ്ങാനുണ്ടായിരുന്നില്ല. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി സര്‍പ്രൈസ് ഇല്ലാതെ തന്നെ വിജയിച്ചു.

നിയമസഭയിലും പാറുന്ന ചെങ്കൊടി

കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശേരി എന്നീ നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്നതാണ് കാസര്‍ഗോഡ് ലോക്‌സഭ. കാസര്‍ഗോഡും മഞ്ചേശ്വരവും ലീഗിന്റെ എംഎല്‍എമാരും ബാക്കിയുള്ളവ സിപിഎമ്മുമാണ് ഭരിക്കുന്നത്. നിയസഭാ തിരഞ്ഞെടുപ്പിലും കാസര്‍ഗോഡ് ചുവപ്പ് കൊടി തന്നെയാണ് പാറിപ്പറക്കുന്നത്.

മഞ്ചേശ്വരം

നിയസഭാ മണ്ഡലങ്ങളില്‍ ഏറെ പ്രധാനപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. ഒരു കാലത്ത് കേരളത്തില്‍ നാമമാത്രമായ ബിജെപിക്ക് സ്വാധീനമുള്ള നിയമസഭ മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. 2011-ല്‍ 49,917 വോട്ടുകള്‍ നേടി മുസ്ലിം ലീഗിന്റെ പിബി അബ്ദുല്‍ റസാഖ് വിജയിച്ചപ്പോള്‍ കെ സുരേന്ദ്രന്‍ നേടിയത് 43,989 വോട്ടുകളാണ്. അവിടെ മൂന്നാം സ്ഥാനത്തായിരുന്നു സിപിഎമ്മിന്റെ അഡ്വ. സിഎച്ച് കുഞ്ഞമ്പു. 2016ലും റസാഖ് തന്നെയാണ് വിജയിച്ചതെങ്കിലും 89 ശതമാനത്തിന്റെ ഭൂരിപക്ഷം മാത്രമേ നേടാന്‍ സാധിച്ചുള്ളു. അപ്പോഴേക്കും കെ സുരേന്ദ്രന്‍ തന്റെ വോട്ട് 56,781 ആയി ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥിതിയില്‍ വലിയ മാറ്റങ്ങളൊന്നും വന്നില്ല. മുസ്ലിം ലീഗിന്റെ എകെഎം അഷറഫ് 745 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കെ സുരേന്ദ്രന്‍ വീണ്ടും വോട്ടുകള്‍ ഉയര്‍ത്തി 65,013ലെത്തിച്ചു. സിപിഎം സ്ഥാനാര്‍ത്ഥിയായ വിവി രമേശനാകട്ടെ 40,639 വോട്ടുകളേ നേടാന്‍ സാധിച്ചുള്ളു.

കാസര്‍ഗോഡ്

കാസര്‍ഗോഡ് ലീഗിന്റെ കോട്ട തന്നെയാണ്. 2011ല്‍ ലീഗിന്റെ എന്‍എ നെല്ലിക്കുന്ന് 53,068 വോട്ടുകള്‍ നേടി വിജയിച്ചു. 9,738 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് നെല്ലിക്കുന്ന് ബിജെപിയുടെ ജയലക്ഷ്മി എന്‍ ഭട്ടിനെ തോല്‍പ്പിച്ചത്. ജയലക്ഷ്മിക്ക് 43,330 വോട്ടുകള്‍ നേടാന്‍ സാധിച്ചപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ അസീസ് കടപ്പുറത്തിന് 16,467 വോട്ടുകളെ നേടാന്‍ സാധിച്ചുള്ളു. മുസ്‌ലിം വോട്ടുകള്‍ ഏകീകരിക്കാന്‍ വേണ്ടി നടത്തിയ ശ്രമം വിജയിച്ചില്ലെന്ന് മാത്രമല്ല, ബിജെപിക്ക് കിട്ടിയ വോട്ട് പോലും സിപിഎമ്മിന് നേടാന്‍ സാധിച്ചിട്ടില്ല.

2016ലും നെല്ലിക്കുന്ന് തന്നെ നിയമസഭയിലെത്തി. പക്ഷേ ബിജെപിയുടെ രവിഷ തന്ത്രി കുന്താര്‍ ലീഗിന്റെ ഭൂരിപക്ഷം കുറപ്പിച്ചു. അത്തവണ 8607 ഭൂരിപക്ഷത്തിലാണ് നെല്ലിക്കുന്ന് എംഎല്‍എയായത്. എല്‍ഡിഎഫ് പരിഗണിച്ചത് എഎ അമീനെയായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെല്ലിക്കുന്ന് നേരിയ രീതിയില്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചു. 63,296 വോട്ടുകള്‍ കരസ്ഥമാക്കിയ നെല്ലിക്കുന്ന് ബിജെപിയുടെ അഡ്വ. കെ ശ്രീകാന്തിനെ 12,901 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചു. ശ്രീകാന്ത് 50,395 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ എംഎ ലത്തീഫ് 28,323 വോട്ടുകള്‍ നേടി.

ഉദുമ

2011ല്‍ ഉദുമയില്‍ സിപിഎമ്മിന്റെ കെ കുഞ്ഞിരാമനായിരുന്നു വിജയിച്ചത്. 61,646 വോട്ടുകള്‍ നേടിയ കുഞ്ഞിരാമന്‍ 11,380 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. കോണ്‍ഗ്രസിന്റെ അഡ്വ. സികെ ശ്രീധരന്‍ 50,266 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിയുടെ സുനിത പ്രശാന്ത് 13,073 വോട്ടുകളാണ് കരസ്ഥമാക്കിയത്. 2016ലും കെ കുഞ്ഞിരാമനെ തന്നെ ഉദുമക്കാര്‍ നിയമസഭയിലെത്തിച്ചു. അത്തവണ പക്ഷേ ഭൂരിപക്ഷം കുറവായിരുന്നു.

3832 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കുഞ്ഞിരാമന്‍ 70,679 വോട്ടുകള്‍ നേടി ഇന്നത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനെയാണ് എതിരിട്ടത്. 2014ല്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയ സുധാകരന് ഇടതു കോട്ടയില്‍ നിന്ന് ലഭിച്ചത് 66,847 വോട്ടുകളായിരുന്നു. ശ്രീകാന്തിന് 21,231 വോട്ടും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ മാറ്റിയെങ്കിലും ഉദുമയില്‍ ചാഞ്ചാട്ടമൊന്നുമുണ്ടായില്ല. സിപിഎമ്മിന്റെ സിഎച്ച് കുഞ്ഞമ്പു 78,664 വോട്ടുകള്‍ നേടി കോണ്‍ഗ്രസിന്റെ ബാലകൃഷ്ണന്‍ പെരിയയെ നേരിട്ടു. ബാലകൃഷ്ണന് 65,342 വോട്ടും ബിജെപിയുടെ എ വേലായുധന് 20,360 വോട്ടുമാണ് അത്തവണ ലഭിച്ചത്.

കാഞ്ഞങ്ങാട്

സിപിഐയുടെ ഇ ചന്ദ്രശേഖരനായിരുന്നു 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാടിന്റെ പ്രതിനിധി. 66,640 വോട്ടുകളാണ് ചന്ദ്രശേഖരന്‍ നേടിയത്. 12,178 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ചന്ദ്രശേഖരന്‍ വീഴ്ത്തിയത് കോണ്‍ഗ്രസിന്റെ അഡ്വ. എം ജോസിനെയായിരുന്നു. ബിജെപിയുടെ മഡികൈ കമ്മാരന്‍ നേടിയത് 15,523 വോട്ടുകളും. തൊട്ടടുത്ത തിരഞ്ഞെടുപ്പിലും ചന്ദ്രശേഖരന്‍ തന്നെയാണ് കാഞ്ഞങ്ങാട് എംഎല്‍എ. 80,558 വോട്ടുകള്‍ സിപിഐ സ്ഥാനാര്‍ഥി നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ ധന്യ സുരേഷ് 54,547 വോട്ടും ബിജെപിയുടെ എംപി രാഘവന്‍ 21,104 വോട്ടും നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഹാട്രിക് വിജയത്തോടെ ഇ ചന്ദ്രശേഖരന്‍ 84,615 വോട്ടുകള്‍ നേടി.

തൃക്കരിപ്പൂര്‍

തൃക്കരിപ്പൂറിന്റെ കാറ്റും എപ്പോഴും ഇടത്തേക്ക് തന്നെയാണ് വീശാറുള്ളത്. 2011ല്‍ സിപിഎമ്മിന്റെ കെ കുഞ്ഞിരാമന്‍ 67,871 വോട്ടുകള്‍ക്ക് ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ കെവി ഗംഗാധരന്‍ ലഭിച്ചത് 59,106 വോട്ടുകളാണ്. ബിജെപിയുടെ ടി രാധാകൃഷ്ണന് ലഭിച്ചത് 5450 വോട്ടുകളും. സിപിഎമ്മിന് വേണ്ടി 2016-ല്‍ കളത്തിലിറങ്ങിയത് എം രാജഗോപാലനായിരുന്നു. 79,286 വോട്ടുകള്‍ നേടിയ രാജഗോപാലന്‍ 62,327 വോട്ടുകള്‍ നേടിയ കെപി കുഞ്ഞിക്കണ്ണനെയായിരുന്നു തോല്‍പ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ചരിത്രം ആവര്‍ത്തിച്ചു. എം രാജഗോപാല്‍ തന്നെ വിജയിച്ചു. 86151 വോട്ടുകള്‍ രാജഗോപാല്‍ നേടിയപ്പോള്‍ കേരള കോണ്‍ഗ്രസിന്റെ എംപി ജോസഫിന് ലഭിച്ചത് 60,014 വോട്ടുകളായിരുന്നു. ബിജെപിയുടെ ഷിബിന്‍ ടിവിക്ക് 10961 വോട്ടുകളുമാണ് ലഭിച്ചത്.

പയ്യന്നൂര്‍

ഇടതിന്റെ ഉറച്ചകോട്ടയാണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ മണ്ഡലം. 2011ലെ സിപിഎമ്മിന്റെ സി കൃഷ്ണന് 78,116 വോട്ടുകളാണ് നേടാന്‍ സാധിച്ചത്. കോണ്‍ഗ്രസിന്റെ അഡ്വ. കെ ബ്രിജേഷ് കുമാര്‍ 45,992 വോട്ടുകളും ബിജെപിയുടെ സികെ രമേഷന്‍ മാസ്റ്റര്‍ 5019 വോട്ടുകളും നേടി. 2016ലും സി കൃഷ്ണന്‍ തന്നെ മണ്ഡലം നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ സാജിദ് മാര്‍വല്‍ 42,963 വോട്ടുകളും ബിജെപിയുടെ ആനിയമ്മ ടീച്ചര്‍ 15,341 വോട്ടും നേടി. ഇടതുപക്ഷ ജനാധിപത്യ മുന്നണി രണ്ടാം തവണയും അധികാരത്തിലേറിയപ്പോള്‍ ടി മധുസൂധനനായിരുന്നു 93,695 വോട്ടുകള്‍ നേടി നിയമസഭയിവലെത്തിയത്. എം പ്രദീപ് കുമാര്‍ 43,915 വോട്ടുകള്‍ കോണ്‍ഗ്രസിന് വേണ്ടി നേടിയപ്പോള്‍ ബിജെപിയുടെ അഡ്വ. കെകെ ശ്രീധരന്‍ 11,308 വോട്ടുകള്‍ കരസ്ഥമാക്കി.

കല്യാശേരി

കല്യാശേരിയില്‍ 73,190 വോട്ടുകള്‍ നേടി ടിവി രാജേഷായിരുന്നു അധികാരത്തിലേറിയത്. അത്തവണ കോണ്‍ഗ്രസിന്റെ അഡ്വ. പി ഇന്ദിര 43,244 വോട്ടുകളും ബിജെപിയുടെ അഡ്വ. ശ്രീകാന്ത് രവി വര്‍മ 5,499 വോട്ടുകളും കരസ്ഥമാക്കിയിട്ടുണ്ട്. 2016ലും ടിവി രാജേഷിനെ തന്നെ കല്യാശേരിക്കാര്‍ തിരഞ്ഞെടുത്തു. 83,006 വോട്ടുകള്‍ നേടിയ രാജേഷ് വീഴ്ത്തിയത് 40,115 വോട്ടുകള്‍ നേടിയ കോണ്‍ഗ്രസിന്റെ അമൃത രാമകൃഷ്ണനെയായിരുന്നു. കഴിഞ്ഞ വര്‍ഷം സിപിഎം പരിഗണിച്ചത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്ന് പ്രിയങ്കരനായ യുവ നേതാവ് എം വിജിനെയായിരുന്നു. 44,393 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 88,252 വോട്ട് നേടിയാണ് കല്യാശേരിയുടെ എംഎല്‍എയായി വിജിന്‍ നിയമസഭയിലെത്തിയത്. ഇത്തവണ കോണ്‍ഗ്രസിന്റെ അഡ്വ. ബ്രിജേഷ് കുമാര്‍ 43,859 വോട്ടും ബിജെപിയുടെ അരുണ്‍ കൈതപ്രം 11,365 വോട്ടും നേടി.

സാമുദായിക സമവാക്യം

ഹിന്ദു-മുസ്ലീം സമുദായങ്ങള്‍ക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കാസര്‍ഗോഡ്. മണ്ഡലത്തിലെ 57.16 ശതമാനം വോട്ടര്‍മാരും ഹൈന്ദവ സമുദായക്കാരാണ്. 35.01 ശതമാനം വരുന്ന മുസ്ലീം വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ തക്ക ശേഷിയുള്ളവരും. 7.76 ശതമാനമാണ് ക്രിസ്ത്യന്‍ വോട്ടര്‍മാര്‍. 0.04 ശതമാനം ബുദ്ധമത വിഭാഗക്കാരും 0.01 ശതമാനം ജൈന മത വിഭാഗക്കാരും 0.02 ശതമാനം സിഖ് മതവിഭാഗക്കാരും കാസര്‍ഗോഡ് ഇടകലര്‍ന്ന് ജീവിക്കുന്നു. മണ്ഡലത്തില്‍ 3.89 ശതമാനം വോട്ടര്‍മാര്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ളവരാണ്. 3.1 ശതമാനം പേര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും.

കോട്ട തിരിച്ചുപിടിക്കുമോ ഇടത് പക്ഷം

ഇത്തവണ എങ്ങനെയെങ്കിലും തങ്ങളുടെ കോട്ട തിരിച്ചു പിടിക്കാനുള്ള ആവേശത്തിലാണ് ഇടത് പക്ഷം. അതിന് വേണ്ടി സിപിഎം രംഗത്തിറിക്കിയത് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനെയാണ്. സ്ഥാനാര്‍ത്ഥി അത്ര പോരെന്നുള്ള വിലയിരുത്തലുകള്‍ നടക്കുന്നുണ്ടെങ്കിലും കാസര്‍ഗോഡ് പിടിച്ചെടുക്കുമെന്നുള്ള വിശ്വാസം തന്നെയാണ് എല്‍ഡിഎഫിന്.

എന്നാല്‍ കോണ്‍ഗ്രസിന് ഇത്തവണ മറ്റൊരു സ്ഥാനാര്‍ത്ഥിയെയും പരിഗണിക്കേണ്ടി വന്നില്ല. ഇതിനകം കാസര്‍ഗോഡിന്റെ ജനപ്രിയനായി മാറിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കഴിഞ്ഞ വര്‍ഷത്തിലും കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിക്കുമെന്നുള്ള ആത്മവിശ്വാസമാണ് കോണ്‍ഗ്രസിന്.

ബിജെപി ഇത്തവണ ഇറക്കിയത് സുപരിചിതയല്ലാത്ത സ്ഥാനാര്‍ത്ഥിയെയാണ്. കാസര്‍ഗോഡിലെ ആറ് ഭാഷകള്‍ സംസാരിക്കാന്‍ അറിയുന്ന എംഎല്‍ അശ്വിനി, നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനത്തില്‍ ഊന്നിയുള്ള പ്രചാരണമാണ് നടത്തുന്നത്. കാസര്‍ഗോഡ് ഇടത് പിടിക്കുമെന്നും വലത് നിലനിര്‍ത്തുമെന്നുള്ള പ്രവചനങ്ങള്‍ ഒരു പോലെ വരുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ പ്രവചനത്തിനപ്പുറമായിരുക്കും തിരഞ്ഞെടുപ്പ് ഫലം.

logo
The Fourth
www.thefourthnews.in