എളമരം കരീം, കെ കെ ശൈലജ, തോമസ് ഐസക്, കെ  രാധാകൃഷ്ണന്‍; പ്രമുഖരെ ഉള്‍പ്പെടുത്തി സിപിഎം സ്ഥാനാര്‍ഥിപ്പട്ടിക

എളമരം കരീം, കെ കെ ശൈലജ, തോമസ് ഐസക്, കെ രാധാകൃഷ്ണന്‍; പ്രമുഖരെ ഉള്‍പ്പെടുത്തി സിപിഎം സ്ഥാനാര്‍ഥിപ്പട്ടിക

മുസ്ലിം ലീഗിന്റെ മുൻ സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ പൊന്നാനിയില്‍ പൊതു സ്വതന്ത്രനാകും

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരചിത്രം തെളിയുന്നു. അഞ്ച് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ മുതിർന്ന നേതാക്കളെ കളത്തിലിറക്കാൻ ഉറച്ച് സിപിഎം. 15 മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികളായി. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചശേഷം സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

പത്തനംതിട്ടയിൽ ടി എം തോമസ് ഐസക്കിനെയും ആലത്തൂരിൽ കെ രാധാകൃഷ്ണനെയും പാലക്കാട്ട് എ വിജയരാഘവനെയും കോഴിക്കോട്ട് എളമരം കരീമിനെയും വടകരയിൽ കെകെ ശൈലജയെയും കണ്ണൂരിൽ എം വി ജയരാജനെയും അവതരിപ്പിക്കുന്നതിലൂടെ, കഴിഞ്ഞ തവണ കൈവിട്ട കേരളം എന്തുവില കൊടുത്തും പിടിക്കാനുറപ്പിച്ചാണ് സിപിഎം തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

കൊല്ലത്ത് നിലവിലെ എംഎൽഎ മുകേഷിനെ ഇറക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. തുടർച്ചയായി രണ്ടു തവണ കൊല്ലത്തുനിന്ന് നിയമസഭയിലെത്തിയ മുകേഷിന്റെ ജനസ്വീകാര്യത ലോക്സഭയിലും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം.

ആലപ്പുഴയിൽ നിലവിലെ എംപി എ എം ആരിഫും ഇടുക്കിയിൽ ജോയ്‌സ് ജോർജും ആറ്റിങ്ങലിൽ വി ജോയിയും മത്സരിക്കും. എറണാകുളത്ത് പുതുമുഖമായ കെ ജെ ഷൈനിനെ അവതരിപ്പിക്കുകയാണ് സിപിഎം. നിലവിൽ എറണാകുളത്ത് കോൺഗ്രസിന്റെ ശക്തനായ നേതാവ് ഹൈബി ഈഡൻ ഉള്ളപ്പോഴാണ് ഒരു പ്രാദേശിക നേതാവിനെ സിപിഎം അവതരിപ്പിക്കുന്നത്. സിപിഎം അധ്യാപക സംഘടനയായ കെഎസിഎ നേതാവായ ഷൈൻ വടക്കൻ പറവൂർ മുനിസിപ്പൽ കോർപറേഷൻ അംഗവുമാണ്.

പൊന്നാനിയിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ പേര് കേട്ടിരുന്നെങ്കിലും സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി കെഎസ് ഹംസയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മുസ്ലിം ലീഗിന്റെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ഹംസയെ ലീഗിൽനിന്ന് നേരത്തെ പുറത്താക്കിയിരുന്നു. വസീഫ് മലപ്പുറത്ത് ജനവിധി തേടും.

ചാലക്കുടിയിൽ സി രവീന്ദ്രനാഥും കാസർഗോഡ് എം വി ബാലകൃഷ്ണനും മത്സരിക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

പതിനഞ്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ രണ്ട് സ്ത്രീകൾ മാത്രമാണുള്ളത്. വടകരയിൽ കേന്ദ്ര കമ്മിറ്റി അംഗം കൈ ശൈലജയും എറണാകുളത്ത് കെ ജെ ഷൈനും.

logo
The Fourth
www.thefourthnews.in