കേരളം വിധിയെഴുതുക ഒറ്റഘട്ടമായി; ഫലമറിയാന്‍ 2019-ലേക്കാള്‍ നീണ്ട കാത്തിരുപ്പ്‌

കേരളം വിധിയെഴുതുക ഒറ്റഘട്ടമായി; ഫലമറിയാന്‍ 2019-ലേക്കാള്‍ നീണ്ട കാത്തിരുപ്പ്‌

ഏഴു ഘട്ടമായി നടക്കുന്ന 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം രണ്ടാം ഘട്ടത്തിലാണ് പോളിങ് ബൂത്തിലേക്കു പോകുന്നത്. ഫലപ്രഖ്യാപനം 38 ദിവസത്തിന് ശേഷം ജൂണ്‍ നാലിന് നടക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ഒറ്റഘട്ടമായി വിധിയെഴുതും. ഏപ്രില്‍ 26-നാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്. ഏഴു ഘട്ടമായി നടക്കുന്ന 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം രണ്ടാം ഘട്ടത്തിലാണ് പോളിങ് ബൂത്തിലേക്കു പോകുന്നത്. ഫലപ്രഖ്യാപനം 38 ദിവസത്തിന് ശേഷം ജൂണ്‍ നാലിന് നടക്കും.

രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ മാത്രമാണ് മുഴുവന്‍ മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്. കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, പശ്ചിമബംഗാള്‍, ബിഹാര്‍, അസം, ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലേക്കും ഏപ്രില്‍ 26-ന് വോട്ടെടുപ്പ് നടക്കും.

മാര്‍ച്ച് 28-നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുക. കേരളത്തില്‍ ഏപ്രില്‍ നാലാണ് നാമനിര്‍ദേശ പത്രികാ സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. ഏപ്രില്‍ എട്ടിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഇതിനു ശേഷം 18-ാം ദിവസം കേരളം വിധിയെഴുതും. പിന്നീട് നീണ്ട വിജയികളെ അറിയാനുള്ള നീണ്ട കാത്തിരിപ്പാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഫലമറിയാന്‍ കേരളം ഒരു മാസത്തോളം കാത്തിരിക്കേണ്ടി വന്നിരുന്നു. ഏഴുഘട്ടമായി നടന്ന 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം മൂന്നാം ഘട്ടത്തിലാണ് പോളിങ് ബൂത്തിലേക്ക് പോയത്. അന്ന് ഏപ്രില്‍ 23-നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടന്നത്. കൃത്യം ഒരു മാസത്തിനു ശേഷം മേയ് 23-നായിരുന്നു വോട്ടെണ്ണലും ഫലപ്രഖ്യാപനവും. ഇക്കുറി അതിലേറെ ദിനങ്ങളുടെ കാത്തിരുപ്പാണ് മുന്നണികള്‍ക്കും സഥാനാര്‍ഥികള്‍ക്കും.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് ഇന്ന് സമയക്രമം പ്രഖ്യാപിച്ചത്. ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരും ഒപ്പമുണ്ടായിരുന്നു. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19-നാണ് നടക്കുന്നത്. മൂന്നാം ഘട്ടം മേയ് ഏഴിനും നാലാം ഘട്ടം മേയ് 13-നും അഞ്ചാം ഘട്ടം മേയ് 20-നും ആറാം ഘട്ടം മേയ് 25-നും ഏഴാം ഘട്ടം ജൂണ്‍ ഒന്നിനും നടക്കും. 46 ദിവസമാണ് ആദ്യ ഘട്ടം തിരഞ്ഞെടുപ്പിന് ശേഷം ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കേണ്ടത്.

കേരളം ഉള്‍പ്പടെ 22 സംസ്ഥാനങ്ങളിലാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട്, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകള്‍, ചണ്ഡിഗഡ്, ദാദ്രനഗര്‍ ഹവേലി, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ലഡാക്ക്, മണിപ്പൂര്‍, മിസോറാം, മേഘാലയ, നാലാലാന്‍ഡ്, സിക്കിം, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ഒറ്റഘട്ടമായി വിധിയെഴുതുന്നത്. അതേസമയം ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍, എന്നിവിടങ്ങളില്‍ ഏഴു ഘട്ടത്തിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in