ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ എട്ട് മണി മുതല്‍, അരമണിക്കൂറിലറിയും ഇന്ത്യയുടെ വഴി

ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ എട്ട് മണി മുതല്‍, അരമണിക്കൂറിലറിയും ഇന്ത്യയുടെ വഴി

തൃശൂര്‍, വടകര, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ ഫലങ്ങളാണ് രാഷ്ട്രീയകേരളത്തില്‍ ഏറ്റവും ശ്രദ്ധേയം
Updated on
2 min read

ഹാട്രിക് ലക്ഷ്യമിട്ട് എന്‍ഡിഎ, തിരിച്ചുവരവിന് ഒരുങ്ങി പ്രതിപക്ഷം. ലോകത്തെ ഏറ്റും വലിയ ജനാധിപത്യ രാജ്യത്തെ അടുത്ത അഞ്ച് വര്‍ഷം ആര് നയിക്കുമെന്ന് അറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. 64.2 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ പതിനെട്ടാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന്റെ ഫലങ്ങള്‍ എട്ടുമണി മുതല്‍ ലഭ്യമായിത്തുടങ്ങും. അരമണിക്കൂറിനുശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. അരമണിക്കൂറിനുള്ളില്‍ത്തന്നെ ലീഡ് നില ലഭിക്കും.

ആദ്യം പോസ്റ്റല്‍ ബാലറ്റുകളും ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളുമാണ് എണ്ണുക. അരമണിക്കൂറിനുള്ളില്‍ മിക്ക മണ്ഡലങ്ങളിലെയും ആദ്യ ട്രെന്‍ഡ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ആന്ധ്രാപ്രദേശ്, ഒഡീഷ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കും.

എക്‌സിറ്റ് പോളുകള്‍ തുടര്‍ഭരണം പ്രവചിച്ചതിന്റെ പൂര്‍ണ ആത്മവിശ്വാസത്തിലാണ് ബിജെപിയും എന്‍ഡിഎയും. എന്നാല്‍, പ്രവചനങ്ങള്‍ക്ക് അതീതമായി രാജ്യത്ത് ഭരണം പിടിക്കാമെന്ന് വലിയ പ്രതീക്ഷയിലാണ് ഇന്ത്യ മുന്നണി നേതാക്കള്‍. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ഫലമുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചനം. എക്‌സിറ്റ് പോളുകളെ വിശ്വസിക്കില്ലെന്ന് നേരത്തേ തന്നെ സിപിഎം വ്യക്തമാക്കിയിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ എട്ട് മണി മുതല്‍, അരമണിക്കൂറിലറിയും ഇന്ത്യയുടെ വഴി
മൂന്നാമതും മോദിയോ, കോണ്‍ഗ്രസിൻ്റെ തിരിച്ചുവരവോ? ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു

കേരളത്തില്‍ ഇതുവരെ അക്കൗണ്ട് തുറക്കാനാകത്ത ബിജെപിക്ക് നാലു സീറ്റുകള്‍വരെ ചില എക്സിറ്റ്പോള്‍ സര്‍വേ ഏജന്‍സികള്‍ പ്രവചിച്ചത് കേരളത്തിലെ എന്‍ഡിഎ നേതൃത്വത്തെ ആവേശത്തിലാക്കിയിട്ടുണ്ട്. തൃശൂര്‍, വടകര, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ ഫലങ്ങളാണ് രാഷ്ട്രീയകേരളത്തില്‍ ഏറ്റവും ശ്രദ്ധേയം. അതേസമയം, കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. വടകരയിൽ അതീവ സുരക്ഷയാണ് പോലീസ് നിർദേശിച്ചിരിക്കുന്നത്. രാത്രി ഏഴിന് ശേഷം ഒരു ആഘോഷപരിപാടികളും അനുവദിക്കില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ 04 ന് രാവിലെ എട്ടു മണിക്ക് ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലും തത്സമയം ഫലം അറിയാനാവും.

ഇലക്ഷന്‍ കമ്മീഷന്റെ എന്‍കോര്‍ സോഫ്റ്റ് വെയറില്‍ നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക. ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോഴും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് എആര്‍ഒമാര്‍ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്‌സൈറ്റില്‍ അതത് സമയം ലഭിക്കുക. ആദ്യമായാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ രാജ്യത്തെ എല്ലാ മണ്ഡലങ്ങളില്‍ നിന്നുള്ള ഫലങ്ങള്‍ ഏകീകൃത സംവിധാനം വഴി ലഭ്യമാക്കുന്നത്.

ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ ഹെല്‍പ് ലൈന്‍ (voter helpline) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷന്‍ റിസള്‍ട്ട്‌സ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ട്രെന്‍ഡ്‌സ് ആന്റ് റിസള്‍ട്ട്‌സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

സംസ്ഥാനത്തെ എല്ലാ കൗണ്ടിംഗ് സെന്ററുകളിലും മീഡിയ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. അവിടെ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡിലും ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള തിരഞ്ഞെടുപ്പ് ഫലം ലഭ്യമാകും. വോട്ടെണ്ണല്‍ ഫലങ്ങള്‍ തത്സമയം കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ലഭ്യമാക്കി കേന്ദ്രീകൃത ഫലപ്രഖ്യാപനം നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന എന്‍കോര്‍ സോഫ്റ്റ് വെയറിന്റെ ട്രയല്‍ വെള്ളിയാഴ്ചയോടെ വിജയകരമായി പൂര്‍ത്തിയാക്കി.

logo
The Fourth
www.thefourthnews.in