ദ്വീപ് പിടിക്കാന്‍ കച്ചമുറുക്കി കോണ്‍ഗ്രസ്; വിട്ടുകൊടുക്കാതെ എന്‍സിപി

ദ്വീപിന്റെ മണ്ണില്‍ പതിവ് പോലെ ഇത്തവണയും ഹംദുള്ളയും ഫൈസലും ആവേശകടല്‍ തീര്‍ക്കുകയാണ്

കേരളത്തിലെ പോലെ ലക്ഷദ്വീപിലും കടുത്ത ചൂടാണ്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ ചൂട് ദ്വീപില്‍ കൂടുതലാണ്. തുടര്‍ച്ചയായി മൂന്നാം തവണയും അങ്കത്തിനിറങ്ങിയിരിക്കുകാണ് നിലവിലെ എംപി എന്‍സിപിയിലെ മുഹമ്മദ് ഫൈസല്‍. ഫൈസലിന്റെ പ്രധാന എതിരാളി കോണ്ഗ്രസിലെ ഹംദുള്ള സെയ്താണ്. ദ്വീപില്‍ ഇത്തവണ കടുത്ത മത്സരം തന്നെ നടക്കും. 2014 ല്‍ 1535 വോട്ടിനായിരുന്നു മുഹമ്മദ് ഫൈസല്‍ ഹംദുള്ള സെയ്തിനെ തോല്‍പിച്ചത്. 2019 ആയപ്പോഴേക്കും അത് 823 വോട്ടായി കുറഞ്ഞു. ദ്വീപ് പിടിക്കുമെന്ന ഉറപ്പിലാണ് മൂന്നാം തവണ ഹംദുള്ള കളത്തിലിറങ്ങിയിരിക്കുന്നത്. എന്നാല്‍ ഫൈസലിന്റെ ജന സ്വീകാര്യതയില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് എന്‍സിപി.

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളാണ് ഇത്തവണ രണ്ട് കക്ഷികളും പ്രധാന പ്രചാരണ വിഷയമാക്കുന്നത്. അഡ്‌സിമിനസ്‌ട്രേറ്റര്‍ വിദ്യാഭ്യാസം, ക്യഷി, തൊഴില്‍ അടക്കമുള്ള മേഖലകളില്‍ കൊണ്ടുവന്ന ജനദ്രോഹകരമായ നയങ്ങള്‍ ഇരു കക്ഷികളും എടുത്ത് പറഞ്ഞ് വോട്ടര്‍മാരെ സമീപിക്കുന്നു. ദ്വീപ് ജനതയെ ബോധപൂര്‍വ്വം ദ്രോഹിക്കുന്നവര്‍ക്കെതിരെ ശക്തമായി നിലപാടെടുക്കുമെന്ന് ഇരു കക്ഷികളും ആവര്‍ത്തിക്കുന്നു.

നഷ്ടപ്പെട്ട സീറ്റ് തിരിച്ച് പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വധശ്രമക്കേസില്‍ ഫൈസല്‍ എംപിയെ അയോഗ്യനാക്കിയതടക്കം പാര്‍ട്ടി സജീവ തിരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. മുന്‍പ് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് മുഹമ്മദ് ഫൈസലിനെ കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഫൈസലിനെ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിരുന്നു. പിന്നീട് സുപ്രീം കോടതിയാണ് എം പി സ്ഥാനം പുന:സ്ഥാപിച്ചത്. ഇതോടെ വീണ്ടും എം പിയായെത്തിയ ഫൈസലിന് ദ്വീപ് ജനത വന്‍ സ്വീകരണം ഒരുക്കിയിരുന്നു.

1967 മുതലാണ് ലക്ഷദ്വീപ് പാര്‍ലമെന്റ് മണ്ഡലമാക്കുന്നത്. 2014 ലെ കണക്കനുസരിച്ച്, വോട്ടര്‍മാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലമാണ് ലക്ഷദ്വീപ്. കോണ്‍ഗ്രസിന്റെ കെ നല്ല കോയ ആയിരുന്നു ദ്വീപിലെ ആദ്യ എം പി.

പിന്നീട് 1971 മുതല്‍ 2004 വരെ തുടര്‍ച്ചയായി കോണ്‍ഗ്രസിലെ പി എം സഈദ്‌ ലക്ഷദ്വീപിനെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചു. 2004 ല്‍ ജെഡിയു സ്ഥാനാര്‍ത്ഥി പി പൂക്കുഞ്ഞിയോട് സഈദ്‌ പരാജയപ്പെട്ടു. കേവലം 71 വോട്ടിനായിരുന്നു പരാജയം. 2009 ല്‍ പി എം സെയ്തിന്റെ മകന്‍ ഹംദുള്ള സെയ്തിനെ ആയിരുന്നു കോണ്‍ഗ്രസ് രംഗത്തിറങ്ങിയത്. പിതാവിനെ തോല്‍പിച്ച പി പൂക്കുഞ്ഞിയെ ഹംദുള്ള സെയ്ത് പരാജയപെടുത്തി. എന്നാല്‍ പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും മുഹമ്മദ് ഫൈസല്‍ ഹംദുള്ളയെ തോല്‍പിച്ചു. ദ്വീപിന്റെ മണ്ണില്‍ പതിവ് പോലെ ഇത്തവണയും ഹംദുള്ളയും ഫൈസലും ആവേശകടല്‍ തീര്‍ക്കുകയാണ് .

Related Stories

No stories found.
logo
The Fourth
www.thefourthnews.in