ലോക്‌സഭ തിരഞ്ഞെടുപ്പ്: ചിത്രം വ്യക്തം, സംസ്ഥാനത്ത് 194 സ്ഥാനാർഥികള്‍; കൂടുതല്‍ കോട്ടയത്ത്

ലോക്‌സഭ തിരഞ്ഞെടുപ്പ്: ചിത്രം വ്യക്തം, സംസ്ഥാനത്ത് 194 സ്ഥാനാർഥികള്‍; കൂടുതല്‍ കോട്ടയത്ത്

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ഇക്കാര്യം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചത്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 194 സ്ഥാനാർഥികള്‍. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ഇക്കാര്യം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചത്. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണി വരെയായിരുന്നു സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള സമയപരിധി. സംസ്ഥാനത്താകെ 10 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു.

കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത്. 14 പേരാണ് മണ്ഡലത്തില്‍ മാറ്റുരയ്ക്കുന്നത്. ഏറ്റവും കുറച്ച് സ്ഥാനാര്‍ഥികള്‍ ആലത്തൂർ മണ്ഡലത്തിലാണ്, അഞ്ച്. കോഴിക്കോട് (13) കൊല്ലം, കണ്ണൂർ (12) എന്നിവയാണ് കൂടുതല്‍ സ്ഥാനാർഥികളുള്ള മറ്റ് മണ്ഡലങ്ങള്‍. സംസ്ഥാനത്താകെയുള്ള 194 സ്ഥാനാര്‍ഥികളില്‍ 25 പേര്‍ സ്ത്രീകളാണ്. പുരുഷന്മാര്‍ 169. ഏറ്റവുമധികം വനിത സ്ഥാനാര്‍ഥികളുള്ളത് വടകര മണ്ഡലത്തിലാണ്, നാല് പേർ.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ചിത്രം വ്യക്തം, സംസ്ഥാനത്ത് 194 സ്ഥാനാർഥികള്‍; കൂടുതല്‍ കോട്ടയത്ത്
'ഒരു പാവം കോടീശ്വരൻ'; നിയമപ്പഴുതുകളില്‍ രാജീവ് ചന്ദ്രശേഖര്‍ സമര്‍ത്ഥമായി ഒളിപ്പിച്ചത് ശതകോടികള്‍

തിരുവനന്തപുരം, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, വടകര എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചത്. അന്തിമ സ്ഥാനാര്‍ഥി പട്ടിക തയ്യാറായതോടെ സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നങ്ങള്‍ അനുവദിച്ചു തുടങ്ങി.

മണ്ഡലം തിരിച്ച് സ്ഥാനാര്‍ഥികളുടെ എണ്ണം

തിരുവനന്തപുരം 12(പിന്‍വലിച്ചത് ഒന്ന്), ആറ്റിങ്ങല്‍ ഏഴ് (0), കൊല്ലം 12(0), പത്തനംതിട്ട എട്ട് (0), മാവേലിക്കര ഒന്‍പത് (ഒന്ന്), ആലപ്പുഴ 11(0), കോട്ടയം 14(0), ഇടുക്കി ഏഴ് (ഒന്ന്), എറണാകുളം 10(0), ചാലക്കുടി 11(ഒന്ന്), തൃശൂര്‍ ഒന്‍പത് (ഒന്ന്), ആലത്തൂര്‍ 5(0), പാലക്കാട് 10(ഒന്ന്), പൊന്നാനി എട്ട് (0), മലപ്പുറം 8(രണ്ട്), വയനാട് ഒന്‍പത് (ഒന്ന്), കോഴിക്കോട് 13(0), വടകര 10(ഒന്ന്), കണ്ണൂര്‍ 12(0), കാസര്‍കോട് ഒന്‍പത് (0).

logo
The Fourth
www.thefourthnews.in