വലതു ചാഞ്ഞ്, ഇടതിനെ തള്ളി കേരളം, താമര വിരിയിച്ച് തൃശൂര്‍

2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റുകളിലും യുഡിഎഫിനായിരുന്നു ജയം
വലതു ചാഞ്ഞ്, ഇടതിനെ തള്ളി കേരളം, താമര വിരിയിച്ച് തൃശൂര്‍

ജനവിധി അറിയാം ദ ഫോര്‍ത്തിനൊപ്പം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആധിപത്യം നിലനിർത്താന്‍ യുഡിഎഫ്. നിലമെച്ചപ്പെടുത്താന്‍ എല്‍ഡിഎഫ്, വോട്ടുവിഹിതം വർധിപ്പിക്കാന്‍ ബിജെപിയും. 71.27 പോളിങ്ങാണ് സംസ്ഥാനത്ത് ഇത്തവണ രേഖപ്പെടുത്തിയത്. 2019ല്‍ സംസ്ഥാനത്തുടനീളം യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ 19 സീറ്റുകളാണ് യുഡിഎഫ് നേടിയത്. എൽഡിഎഫ് ഒരു സീറ്റില്‍ ചുരുങ്ങുകയും ചെയ്തു. ഇത്തവണ, വടകര, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലേക്കാണ് കേരളം ഉറ്റുനോക്കുന്നത്.

ആകാംക്ഷയില്‍ കേരളം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ ലഭ്യമാകും. പോസ്റ്റല്‍ വോട്ടുകളായിരിക്കും ആദ്യമെണ്ണുക. പിന്നീടായിരിക്കും ഇവിഎം എണ്ണിത്തുടങ്ങുക.

പ്രതീക്ഷയോടെ മുന്നണികള്‍

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതീക്ഷയോടെ മൂന്ന് മുന്നണികളും. 2019ന് സമാനമായി ആധിപത്യം നിലനിർത്താനാകുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് പങ്കുവെക്കുന്നത്. മറുവശത്ത് നിലമെച്ചപ്പെടുത്താന്‍ എല്‍ഡിഎഫിന് സാധിക്കുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. വോട്ട് വിഹിതം ഉയർത്തി അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബിജെപി ക്യാമ്പിന്റെ കണക്കുകൂട്ടല്‍.

തൃശൂര്‍, വടകര, തിരുവന്തപുരം, കേരളം ഉറ്റുനോക്കുന്നു...

കേരളം ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലങ്ങള്‍. തൃശൂര്‍, വടകര, തിരുവനന്തപുരം മണ്ഡലങ്ങളുടെ ജനവിധിയെന്താകും?

സ്‌ട്രോങ് റൂമുകള്‍ തുറന്നു, കണ്‍ട്രോൾ യൂണിറ്റുകള്‍ കൗണ്ടിങ് സെന്ററുകളിലേക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണലിനുള്ള അന്തിമ ഒരുക്കങ്ങള്‍ പൂര്‍ണം. കണ്‍ട്രോള്‍ യൂണിറ്റുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമുകള്‍ തുറന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വന്‍സുരക്ഷയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരുന്നു കണ്‍ട്രോള്‍ യൂണിറ്റുകള്‍ പോലീസ് അകമ്പടിയോടെ കൗണ്ടിങ് സെന്ററുകളിലേക്ക് എത്തിച്ചു.

ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും, പോസ്റ്റല്‍ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫീസറുടെ മേശപ്പുറത്താവും എണ്ണുക. ഇതിനു ശേഷമാണ് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നത്.

വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കണ്‍ട്രോള്‍ യൂണിറ്റുമാണ് വോട്ടെണ്ണല്‍ മേശപ്പുറത്ത് വെക്കുക. കൗണ്ടിങ് ടേബിളില്‍ കണ്‍ട്രോള്‍ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സീല്‍പൊട്ടിക്കും. തുടര്‍ന്ന് ഏജന്റുമാരുടെ നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ട് ഡിസ്പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും.

വോട്ടെണ്ണലിന് തൊട്ടുമുന്‍പ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി തലസ്ഥാനത്തെ കോണ്‍ഗ്രസ് ബിജെപി സ്ഥാനാർഥികള്‍. രാജീവ് ചന്ദ്രശേഖറും ശശി തരൂർ എംപിയുമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തിരുവനന്തപുരം.

വോട്ടെണ്ണലിന് തുടക്കം, ഇനി ഫല സൂചനകള്‍, ആദ്യം എണ്ണുക പോസ്റ്റല്‍ വോട്ടുകള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നതിന് ഇനി നിമിഷങ്ങള്‍ മാത്രം. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി.

കേരളത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തിരുവനന്തപുരം-ആറ്റിങ്ങല്‍: മാര്‍ഇവാനിയോസ് കോളേജ്, തിരുവനന്തപുരം

കൊല്ലം : തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച് എസ് എസ്

പത്തനംതിട്ട : ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലയം

മാവേലിക്കര : മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ്

ആലപ്പുഴ : ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, സെന്റ് ജോസഫ് എച്ച്എസ്എസ്

കോട്ടയം: ഗവ. കോളേജ് നാട്ടകം

ഇടുക്കി : പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍

എറണാകുളം : കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്എസ്എസ്

ചാലക്കുടി : ആലുവ യുസി കോളേജ്

തൃശൂര്‍ : തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്

ആലത്തൂര്‍-പാലക്കാട് : പാലക്കാട് ഗവ. വിക്ടോറിയ കോളേജ്

പൊന്നാനി : തെക്കുമുറി എസ് എസ് എം പോളിടെക്നിക്

മലപ്പുറം: ഗവ.കോളേജ് മുണ്ടുപറമ്പ്

കോഴിക്കോട്-വടകര : വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്ലാം കോപ്ലക്സ്

വയനാട് : മുട്ടില്‍ ഡബ്ല്യു എം ഒ കോളേജ്, കൊരങ്ങാട് അല്‍ഫോണ്‍സ് സീനിയര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചുങ്കത്തറ മാര്‍ത്തോമ കോളേജ്, ചുങ്കത്തറ മാര്‍ത്തോമ എച്ച് എസ് എസ്

കണ്ണൂര്‍ : ചാല ഗോവിന്ദഗിരി ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

കാസര്‍കോട് മ: പെരിയ കേരള സെന്‍ട്രല്‍ യൂണിവേഴ്സിറ്റി

തിരുവനന്തപുരത്ത് തരൂര്‍ മുന്നില്‍, കൊല്ലത്ത് എല്‍ഡിഎഫ്

ആദ്യ ഫലസൂചനയില്‍ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിന് ഒപ്പം. തിരുവനന്തപുരത്ത് ശശി തരൂരും, കൊല്ലത്ത് മുകേഷും മുന്നേറുന്നു. പൊന്നാനിയിലും, മലപ്പുറും, വയനാട് മണ്ഡലങ്ങളില്‍ യുഡിഎഫിന് മുന്നേറ്റം.

ഒപ്പത്തിനൊപ്പം, എല്‍ഡിഎഫും യുഡിഎഫും

വോട്ടെണ്ണല്‍ ആദ്യപത്ത് മിനിറ്റ് പിന്നിടുമ്പോള്‍ യുഡിഎഫ് ആറ് മണ്ഡലങ്ങളില്‍ മുന്നേറുന്നു. എല്‍ഡിഎഫ് അഞ്ച് മണ്ഡലങ്ങളിലും ലീഡ് നേടി.

തിരുവനന്തപുരം, ആറ്റിങ്ങല്‍, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, പൊന്നാനി യുഡിഎഫ്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നില്‍. പോസ്റ്റല്‍ ബാലറ്റുകളില്‍ 52 വോട്ടുകളുടെ ലീഡ്. തിരുവനന്തപുരത്ത് ശശി തരൂരിന്റെ ലീഡ് 500 പിന്നിട്ടു.

തെക്കന്‍ ജില്ലകളില്‍ എല്‍ഡിഎഫിന് മുന്നേറ്റം

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ തിരുവനന്തപുരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് മുന്നേറ്റം. ആദ്യ ഫല സൂചനകള്‍ വന്നു തുടങ്ങിയപ്പോള്‍ ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, മാവേലിക്കര എന്നിവിടങ്ങളിലാണ് എല്‍ഡിഎഫിന് മുന്നേറ്റം. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരാണ് ലീഡ് ചെയ്യുന്നത്.

ഭൂരിപക്ഷം ആയിരം പിന്നിട്ട് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീൻ കുര്യാക്കോസ്. കോട്ടയത്തും യുഡിഎഫിന് മുന്നേറ്റം. ഫ്രാൻസിസ് ജോര്‍ജ് 62 വോട്ടുകള്‍ക്ക് മുന്നില്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ലീഡ്

ദേശീയ നേതാക്കള്‍ ഏറ്റുമുട്ടിയ കേരളത്തിന്റെ ഗ്ലാമര്‍ മണ്ഡലമായ വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആദ്യ ലീഡ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ 930 വോട്ടിന്റെ ലീഡാണ് രാഹുലിന്. എതിര്‍ സ്ഥാനാര്‍ഥിയായ സിപിഐയുടെ ആനി രാജയ്ക്ക് 220 പോസ്റ്റല്‍ വോട്ടുകള്‍ ലഭിച്ചപ്പോള്‍ 97 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് നിലവിലുള്ളത്.

സംസ്ഥാനത്ത് ഏറ്റവും വലിയ ലീഡ് ഡീന്‍ കുര്യാക്കോസിന്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ ലഭ്യമാകുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലീഡ് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്. പോസ്റ്റല വോട്ടുകള്‍ എണ്ണിത്തീരാറാകുമ്പോള്‍ ഡീന്റെ ലീഡ് 2300 കവിഞ്ഞു.

വടകരയില്‍ ആദ്യഫല സൂചനകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

കേരളം ഉറ്റുനോക്കിയ വടകരയില്‍ ആദ്യഫല സൂചനകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കെ കെ ശൈലജയും ഷാഫി പറമ്പിവും ഒപ്പത്തിന് ഒപ്പം. ലീഡ് നില മാറി മറയുന്നു.

തിരുവനന്തപുരത്ത് ക്രോസ് വോട്ടിങ് നടന്നിട്ടില്ല : ശശി തരൂര്‍

തിരുവനന്തപുരത്ത് ജയിക്കുമെന്ന് പ്രതീക്ഷയെന്ന് ശശി തരൂര്‍. മണ്ഡലത്തില്‍ ക്രോസ് വോട്ട് നടന്നിട്ടില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരുവനന്തപുരത്തും ആറ്റിങ്ങലിലും ലീഡ് നില മാറിമറിയുന്നു

ആവേശപ്പോരാട്ടം നടക്കുന്ന തിരുവനന്തപുരത്തും ആറ്റിങ്ങലിലും ലീഡ് നില മാറിമറിയുന്നു. തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും യുഡിഎഎഫ് സ്ഥാനാര്‍ഥി ശശി തരൂരും തമ്മിലാണ് കനത്ത പോരാട്ടം.

സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് തേരോട്ടം. ഫലസൂചനകള്‍ ലഭ്യമായ 18 സീറ്റുകളില്‍ 12 ഇടത്തും യുഡിഎഫ് ലീഡ് ചെയ്യുന്നു. ആറിടത്തു മാത്രമാണ് എല്‍ഡിഎഫിന് മുന്നില്‍ എത്താനായത്. വലിയ മുന്നേറ്റം കാഴ്ചവയ്ക്കുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച എന്‍ഡിഎ സഖ്യത്തിന് കേരളത്തില്‍ ഇതുവരെ എവിടെയും ലീഡ് നേടാനായിട്ടില്ല.

ഇവിഎം എണ്ണിത്തുടങ്ങി

ലോക്സഭാ വോട്ടെണ്ണൽ: തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലങ്ങളുടെ ഇവിഎം എണ്ണിത്തുടങ്ങി

ആലപ്പുഴയില്‍ ശോഭ, തിരുവനന്തപുരത്ത് രാജീവ്; സംസ്ഥാനത്ത് രണ്ടിടത്ത് ലീഡ് നേടി എന്‍ഡിഎ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ വരുമ്പോള്‍ സംസ്ഥാനത്ത് മികച്ച മുന്നേറ്റം കാഴ്ചവച്ച് എന്‍ഡിഎ സഖ്യം. 20 മണ്ഡലങ്ങളിലെയും ഫലസൂചനകള്‍ വരുമ്പോള്‍ രണ്ടു മണ്ഡലങ്ങളിലാണ് അവര്‍ ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനുമാണ് മുന്നിട്ടു നില്‍ക്കുന്നത്.

ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ മുന്നില്‍

കടുത്ത പോരാട്ടം നടക്കുന്ന ആലത്തൂരില്‍ ലീഡ് പിടിച്ചെടുത്ത് എല്‍ഡിഎഫ്. വോട്ടിങ് മെഷീനില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് കെ രാധാകൃഷ്ണന്‍ 1300 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രമ്യാ ഹരിദാസായിരുന്നു മുന്നിട്ടു നിന്നത്.

മലപ്പുറത്ത് മാറ്റമില്ല, ഇ ടി മുഹമ്മദ് ബഷീര്‍ മുന്നേറുന്നു

മലപ്പുറത്ത് അപ്രതീക്ഷിതമായി ഒന്നും സംഭവിക്കുന്നില്ല. മുസ്ലീം ലീഗ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീര്‍ മുന്നേറ്റം തുടരുന്നു.

പത്തനംതിട്ടയില്‍ പോരാട്ടം രൂക്ഷം

പത്തനംതിട്ടയില്‍ സിപിഎമ്മും എന്‍ഡിഎയും തമ്മില്‍ ഇഞ്ചാടിഞ്ച് പോരാട്ടം. അതിശക്തമായ പോരാട്ടത്തില്‍ സിപിഎം സ്ഥാനാര്‍ഥി തോമസ് ഐസ്‌ക് മുന്നില്‍ നില്‍ക്കുമ്പോള്‍ രണ്ടാം സ്ഥാനത്ത് ബിജെപിയുടെ അനില്‍ ആന്റണിയാണ്. സിറ്റിങ് എംപിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ആന്റോ ആന്റണിക്ക് ഇതുവരെ ഒരു ഘട്ടത്തില്‍പ്പോലും മുന്നിലെത്താനായിട്ടില്ല.

ഇടതുകേന്ദ്രങ്ങള്‍ തൂത്തുവാരി സുരേഷ് ഗോപി

തൃശൂരില്‍ ഞെട്ടിപ്പിക്കുന്ന മുന്നേറ്റവുമായി ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. വോട്ടെണ്ണല്‍ മൂന്നു റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ സുരേഷ് ഗോപിയുടെ ലീഡ് ആറായിരം കടന്നു. മണ്ഡലത്തിന്റെ ഇടതു കേന്ദ്രങ്ങളില്‍ സുരേഷ് ഗോപി അപ്രതീക്ഷിത ലീഡാണ് സ്വന്തമാക്കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാറാണ് രണ്ടാം സ്ഥാനത്ത്.

മൂന്നിടത്ത് വിജയം ഉറപ്പിച്ച് യുഡിഎഫ്

സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളില്‍ മൂന്നിടത്ത് ഏറെക്കുറേ വിജയം ഉറപ്പിച്ച് യുഡിഎഫ്. ഇടുക്കി, എറണാകുളം, കൊല്ലം മണ്ഡലങ്ങളിലാണ് യുഡിഎഫിന്റെ തേരോട്ടം. മൂന്നു റൗണ്ട് പിന്നിട്ടപ്പോള്‍ തന്നെ ഇടുക്കിയില്‍ യുഡിഎഫിന്റെ ഡീന്‍ കുര്യാക്കോസിന്റെ ലീഡ് ഇരുപതിനാതയിരം കടന്നു. എറണാകുളത്ത് ഹൈബി ഈഡന്‍ 16,231 വോട്ടുകള്‍ക്കും കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ 12,465 വോട്ടുകള്‍ക്കും ലീഡ് ചെയ്യുന്നു.

വയനാട്ടില്‍ രാഹുലിന്റെ ലീഡ് അരലക്ഷം കടന്നു

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മിന്നും ജയം ആവര്‍ത്തിക്കും. നാലു റൗണ്ടുകള്‍ പിന്നിട്ടപ്പോഴേക്കും രാഹുലിന്റെ ലീഡ് അരലക്ഷം കവിഞ്ഞു. കഴിഞ്ഞകുറി നാല് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് എത്തിയത്.

സുരേഷ് ഗോപിയുടെ ലീഡ് പതിനായിരം കടന്നു

പതിനെട്ടാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട ചിത്രം വ്യക്തമാകുമ്പോൾ കേരളത്തിൽ ഒരിടത്ത് ബിജെപി മുന്നേറ്റം. തൃശൂർ മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിയാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ രണ്ടാം മണിക്കൂറിലേക്ക് കടക്കുമ്പോൾ സുരേഷ് ഗോപിയുടെ ലീഡ് നില പതിനായിരം കടന്നു.

തിരുവനന്തപുരം

ശശി തരൂര്‍ -25,688

രാജീവ് ചന്ദ്രശേഖര്‍ 24,622

പന്ന്യന്‍ രവീന്ദ്രന്‍ 18,207

ആറ്റിങ്ങല്‍

അടൂര്‍ പ്രകാശ് 7,231

അഡ്വ. വി ജോയ് 7,410

വി.മുരളീധരന്‍ 4,276

പിണറായിയുടെ മണ്ഡലത്തില്‍ സുധാകരന് ലീഡ്

കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ ലീഡ് പതിനായിരം കവിഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ ലീഡ് നിലനിര്‍ത്തിയ സുധാകരന്‍ ഏറെക്കുറേ വിജയം ഉറപ്പിച്ച മട്ടാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തു പോലും ആയിരത്തിലേറെ വോട്ടുകളുടെ ലീഡാണ് സുധാരകന് ലഭിച്ചത്.

രണ്ട് സീറ്റുകളില്‍ വീതം മുന്നേറി ബിജെപിയും എല്‍ഡിഎഫും, 16 ല്‍ യുഡിഎഫ്

കേരളത്തിന്റെ രാഷ്ട്രീയ നിലപാടുകളില്‍ മാറ്റം പ്രകടമാക്കി തിരഞ്ഞെടുപ്പ് ട്രെന്‍ഡ്. രണ്ട് സീറ്റുകളില്‍ ബിജെപി വ്യക്തമായ ലീഡോടെ മുന്നേറ്റം തുടരുന്നു. തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളുടെ മുന്നേറ്റം. ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ഇടത് പക്ഷം ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. മലപ്പുറം, പൊന്നാനി, എറണാകുളം, ഇടുക്കി മണ്ഡലങ്ങളില്‍ വ്യക്തമായ ലീഡോടെ യുഡിഎഫ് 16 സീറ്റുകളില്‍ മുന്നേറുകയാണ്.

തീരദേശം തരൂരിനൊപ്പം

തീരദേശപ്രദേശത്തെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്. ശശി തരൂര്‍ 192 വോട്ടുകള്‍ക്ക് മുന്നിലാണ്‌

തൃശൂരില്‍ വിജയം പ്രഖ്യാപിച്ച് ബിജെപി

തൃശൂരിലൂടെ കേരളത്തില്‍ അക്കൗണ്ട് തുറന്ന് ബിജെപി. മുക്കാല്‍ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് സുരേഷ് ഗോപി തൃശൂരില്‍ നേടിയത്. താന്‍ നേരിട്ട വലിയ പോരാട്ടത്തിന്റെ ഫലമാണ് വിജയം. തനിക്കെതിരെ നിരവധി വ്യാജ പ്രചാരണങ്ങള്‍ നടന്നു. എന്നാല്‍ സത്യം തൃശുരിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തീരദേശ, ഗ്രാമീണമേഖല പിന്തുണച്ചു: ശശി തരൂര്‍

തിരുവനന്തപുരത്ത് നാലാം തവണയും വിജയം ഉറപ്പിച്ച് ഡോ. ശശി തരൂര്‍. തിരുവനന്തപുരത്തെ വിജയത്തിന് അടിസ്ഥാനം തീരദേശ ഗ്രാമീണമേഖലയുടെ പിന്തുണയെന്ന് ഡോ. ശശി തരൂര്‍. ബിജെപി സ്ഥാനാര്‍ഥിയുടെ മുന്നേറ്റം ഉണ്ടായപ്പോഴും ക്ഷമയോടെ കാത്തിരുന്നു. തീരദേശ ഗ്രാമീണ മേഖലയില്‍ പ്രതീക്ഷിച്ചപോലെ വോട്ടുകള്‍ ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥിയാണ് യഥാര്‍ഥ വെല്ലുവിളി എന്ന് തിരിച്ചറിഞ്ഞത് അവസാനം മാത്രമായിരുന്നു എന്നും

ശശി തരൂര്‍ പ്രതികരിച്ചു.

തൃശൂരിലെ പരാജയം പരിശോധിക്കുമെന്ന് വിഡി സതീശന്‍

തൃശൂര്‍ പൂരം പോലീസ് കലക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തൃശൂരിലെ പരാജയം പരിശോധിക്കും. ഇത് ഐക്യത്തിന്റെ വജയം. എല്ലാം മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് നേടിയ വിജയമാണിതെന്നും സതീശന്‍

ആറ്റിങ്ങലിലും എല്‍ഡിഎഫിന് തോല്‍വി

സംസ്ഥാനത്ത് ഇത്തവണയും എല്‍ഡിഎഫിന് തിരിച്ചടി. 20 സീറ്റുകളില്‍ ആലത്തൂര്‍ മാത്രമാണ് കേരളത്തില്‍ ഇടത് പക്ഷത്തിന് ഒപ്പം നിന്നത്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും ജയം കണ്ടെത്തി. കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട്, വയനാട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ചാലക്കുടി, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആറ്റിങ്ങല്‍, കൊല്ലം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയം കണ്ടു.

ഇവര്‍  വിജയികള്‍

സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ വിജയം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരുവനന്തപുരം - ശശി തരൂര്‍ (358155), ആലപ്പുഴ- കെ സി വേണുഗോപാല്‍ (358155), ചാലക്കുടി - ബെന്നി ബെഹന്നാന്‍ (394171),

ഇടുക്കി - ഡീന്‍ കുര്യാക്കോസ് (432372), എറണാകുളം ഹൈബി ഈഡന്‍ (482317), വയനാട് - രാഹുല്‍ ഗാന്ധി (647445) സീറ്റുകളിലൈ യുഡിഎഫ് സ്ഥാനാര്‍ഥികളുടെയും തൃശൂര്‍ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയവുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.

കേരളം ഇതുവരെ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം തെളിയുമ്പോള്‍ കേരളത്തില്‍ യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കം. എട്ട് മണിവരെയുള്ള കണക്കുകള്‍ പ്രകാരം കൃത്യമായ ഭൂരിപക്ഷത്തോടെ 18 മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചു. മലപ്പുറം, പൊന്നാനി തുടങ്ങിയ മുസ്ലീം ലീഗ് മത്സരിച്ച മണ്ഡലങ്ങളും ആര്‍എസ്പി മത്സരിച്ച കൊല്ലം, കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് കോട്ടയം എന്നിവയാണ് കോണ്‍ഗ്രസിന് പുറത്ത് യുഡിഎഫിലെ കക്ഷികള്‍ വിജയിച്ച സീറ്റുകള്‍. കെ രാധാകൃഷ്ണന്‍ മത്സരിച്ച ആലത്തൂര്‍ മാത്രമാണ് കേരളത്തില്‍ എല്‍ഡിഎഫിന് ആശ്വാസമായത്. സുരേഷ് ഗോപിയിലൂടെ തൃശൂര്‍ പിടിച്ചെടുത്ത് ബിജെപിയും കേരളത്തില്‍ അക്കൗണ്ട് തുറന്നു.

വോട്ടിങ്ങ് ശതമാനത്തില്‍ 2019 നെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളില്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷത്തില്‍ വലിയ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഒമ്പത് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം ഒരു ലക്ഷം പിന്നിട്ടതും മറ്റൊരു ഉദാഹണമാണ്. അതേസമയം, ആറ്റിങ്ങല്‍ മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ റീക്കൗണ്ടിങ് പ്രഖ്യാപിച്ചിട്ടുണ്ട്. അടൂര്‍ പ്രകാശും വി എസ് ജോയിയും ഇഞ്ചോടിഞ്ച് പോരാടം നടന്ന മണ്ഡലത്തിലാണ് പോസ്റ്റല്‍ വോട്ടുകള്‍ വീണ്ടും എണ്ണുന്നത്.