കോൺഗ്രസിന്റെ ഗൃഹലക്ഷ്മി പദ്ധതി   വിനയാകുമോ? കർണാടകയിൽ സ്ത്രീ വോട്ടർമാരെ പാട്ടിലാക്കാൻ തന്ത്രമാലോചിച്ച്  ബിജെപി

കോൺഗ്രസിന്റെ ഗൃഹലക്ഷ്മി പദ്ധതി   വിനയാകുമോ? കർണാടകയിൽ സ്ത്രീ വോട്ടർമാരെ പാട്ടിലാക്കാൻ തന്ത്രമാലോചിച്ച്  ബിജെപി

ഒരു കോടി 23  ലക്ഷം  വനിതകളാണ് കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയുടെ പ്രയോക്താക്കൾ

കർണാടക  ആര് ഭരിച്ചാലും കേന്ദ്രത്തിൽ ആരുടെ സർക്കാരായാലും  ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഭൂരിപക്ഷം മണ്ഡലങ്ങളെയും കാവിപുതപ്പിക്കുന്ന പാരമ്പര്യമുണ്ട്  കന്നഡിഗ വോട്ടർമാർക്ക്. 1998 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ 28  ലോക്സഭാ മണ്ഡലങ്ങളിൽ  കൂടുതലും ചേർന്നു നിന്നതു ബിജെപിക്കൊപ്പമാണെന്നു മനസിലാകും. സ്ത്രീ വോട്ടർമാരാണ്  ബിജെപിയെ സംസ്ഥാനത്തെന്നും തുണച്ചു പോന്നിട്ടുള്ളത്. എന്നാൽ ഇത്തവണ കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ അഞ്ചിന വാഗ്ദാനങ്ങൾ ആ പതിവ്  മാറ്റിപിടിച്ചേക്കുമെന്ന  സൂചനയാണുള്ളത്.  കോൺഗ്രസിലേക്ക് ചാഞ്ഞ വനിതാ വോട്ടർമാരെ എങ്ങനെ അടർത്തി എടുക്കുമെന്ന്  തലപുകച്ചാലോചിക്കുകയാണ് ബിജെപി.

Summary

ഗ്യാരണ്ടി പദ്ധതികൾ നടപ്പിലാക്കി സിദ്ധരാമയ്യ സർക്കാർ സംസ്ഥാനത്തെ പാപ്പരാക്കി എന്ന നരേറ്റീവാണ്  ബിജെപി ഇപ്പോൾ കർണാടകയിൽ അവതരിപ്പിക്കുന്നത്. കേരളത്തിലെ പിണറായി സർക്കാരിനെ കണ്ടാണ് സിദ്ധരാമയ്യ പ്രവർത്തിക്കുന്നതെന്നും കേരളം വളരെ മുന്നേ പാപ്പരായെന്നുമാണ് ബിജെപിയുടെ പ്രധാന പ്രചാരണം

വീട്ടമ്മമാർക്ക്‌  2000 രൂപ പ്രതിമാസം നല്‍കുന്ന ഗൃഹലക്ഷ്മി പദ്ധതി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ ബസ് യാത്ര ഉറപ്പാക്കുന്ന ശക്തി പദ്ധതി, 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്ന ഗൃഹജ്യോതി പദ്ധതി, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 10 കിലോഗ്രാം അരി നല്‍കുന്ന അന്നഭാഗ്യ പദ്ധതി, ഡിപ്ലോമ - ബിരുദധാരികള്‍ക്ക് തൊഴില്‍ കണ്ടെത്തും വരെ 4500 രൂപയുടെ സാമ്പത്തിക സഹായം നല്‍കുന്ന യുവനിധി പദ്ധതി എന്നിവയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. ഇതിൽ ഗൃഹലക്ഷ്മി പദ്ധതിയുടെ പ്രയോക്താക്കളായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്  1 കോടി 23 ലക്ഷം വനിതകളാണ്. മുടക്കമില്ലാതെ  ഇവരുടെ ബാങ്ക് അക്കൗണ്ടികളിൽ എല്ലാ മാസവും പണം എത്തുന്നുണ്ട്. ഓരോ പ്രയോക്താവിനും പ്രതിവർഷം ലഭിക്കുന്നത്  24000  രൂപയാണ്. വിലക്കയറ്റം കൊണ്ടും മറ്റും പൊറുതിമുട്ടുന്ന  ജനത്തിന് കുടുംബ ബജറ്റ് താളം തെറ്റാതെ  സഹായിക്കുന്നുണ്ട് സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതി ഉൾപ്പടെയുള്ള ഗ്യാരണ്ടികള്‍.

കേന്ദ്രത്തിലെ ബിജെപി സർക്കാർ കന്നഡിഗരോട് കാണിക്കുന്ന അവഗണനകള്‍ വിശദീകരിച്ചാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ  വോട്ടർമാരെ  കയ്യിലെടുക്കുന്നത്

തിരഞ്ഞെടുപ്പ് വാഗ്ദാനമായി കോൺഗ്രസ് ഈ പദ്ധതികൾ അവതരിപ്പിച്ചപ്പോൾ ഇതൊക്കെ നടക്കാൻ സാധ്യതയുണ്ടോയെന്ന ആശങ്ക പങ്കുവെച്ചവരായിരുന്നു ഏറെയും. എന്നാൽ കോൺഗ്രസിനെ വിശ്വസിച്ചു  വോട്ടു മാറ്റി കുത്തിയ കന്നഡിഗർക്ക് നിരാശപ്പെടേണ്ടി വന്നില്ല. കർണാടകയുടെ ചുവടു പിടിച്ചു ഏറെ കുറെ സമാനമായ വാഗ്ദാനങ്ങൾ നൽകി തെലങ്കാന ഭരണവും കോൺഗ്രസ് പിടിച്ചതോടെ ബിജെപി ശരിക്കും അങ്കലാപ്പിലായിരുന്നു .

ലോക്സഭാ തിരഞ്ഞെടുപ്പിലും  ഈ ഗ്യാരണ്ടി പദ്ധതികൾ വിഷയമാക്കി തന്നെയാണ് കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾ മുന്നോട്ടുപോകുന്നത്. പദ്ധതിയുടെ പ്രയോക്താക്കൾ തന്നെ നേരിട്ട് വന്നു ജീവിതത്തിലുണ്ടായ മാറ്റങ്ങൾ വിവരിക്കുന്ന സമ്മേളനങ്ങൾ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് സംഘടിപ്പിച്ചിരുന്നു. പദ്ധതി സുഖമമായി മുന്നോട്ടു കൊണ്ട് പോകാൻ  ലോക്സഭാ തിരഞ്ഞെടുപ്പിലും സ്ത്രീകളടക്കമുള്ള വോട്ടർമാരുടെ സഹായം അഭ്യർഥിക്കുകയാണ് കോൺഗ്രസ്. അരി വിഹിതം വെട്ടി കുറച്ചും, നികുതി വിഹിതം പിടിച്ചു വെച്ചും, വരൾച്ച ദുരിതാശ്വാസം നൽകാതെ വലച്ചും കേന്ദ്രത്തിലെ ബിജെപി സർക്കാർ കന്നഡിഗരോട് കാണിക്കുന്ന അവഗണനകള്‍ വിശദീകരിച്ചാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ  വോട്ടർമാരെ  കയ്യിലെടുക്കുന്നത്. ഈ സാഹചര്യത്തിൽ കന്നഡിഗ വോട്ടർമാരെ പാട്ടിലാക്കാൻ ' കടുത്ത പ്രയോഗം ' തന്നെ വേണ്ടി വരുമെന്ന് തിരിച്ചറിയുകയാണ്  ബിജെപി പാളയം.

ഗ്യാരണ്ടി പദ്ധതികൾ നടപ്പിലാക്കി സിദ്ധരാമയ്യ സർക്കാർ സംസ്ഥാനത്തെ പാപ്പരാക്കി എന്ന നരേറ്റീവാണ്  ബിജെപി ഇപ്പോൾ കർണാടകയിൽ അവതരിപ്പിക്കുന്നത്. കേരളത്തിലെ പിണറായി സർക്കാരിനെ കണ്ടാണ് സിദ്ധരാമയ്യ പ്രവർത്തിക്കുന്നതെന്നും കേരളം വളരെ മുന്നേ പാപ്പരായെന്നുമാണ് ബിജെപിയുടെ പ്രധാന പ്രചാരണം. കടമെടുപ്പ് പരിധി ഉയർത്താൻ കേരളം സുപ്രീം കോടതിയെ സമീപിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ്  ബിജെപി വാദത്തിന് ശക്തികൂട്ടുന്നത്. എന്നാല്‍ ബിജെപിക്ക്  വോട്ടു ചെയ്‌താൽ ഗ്യാരണ്ടി പദ്ധതികൾ  മുടങ്ങി പോകുമോയെന്ന് ആശങ്കപ്പെടുന്നവരാണ്  പദ്ധതിയുടെ പ്രയോക്താക്കളായ കർണാടകയിലെ ഗ്രാമീണ  വോട്ടർമാരിൽ ഏറെയും.

കോൺഗ്രസിന്റെ ഗൃഹലക്ഷ്മി പദ്ധതി   വിനയാകുമോ? കർണാടകയിൽ സ്ത്രീ വോട്ടർമാരെ പാട്ടിലാക്കാൻ തന്ത്രമാലോചിച്ച്  ബിജെപി
'പിണറായിയും സിദ്ധരാമയ്യയും പാപ്പർ സഹോദരങ്ങൾ'; കർണാടക ബിജെപിയുടെ പരിഹാസം എക്സ് പോസ്റ്റിൽ

മോദിയുടെ ഗ്യാരണ്ടികൾ നിജം കോൺഗ്രസ് സർക്കാരിന്റെ ഗ്യാരണ്ടികൾ   വ്യാജം എന്നാണ് പ്രതിപക്ഷ നേതാവ് ആർ അശോക് ഉൾപ്പടെയുള്ളവരുടെ അവകാശ വാദം. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെല്ലാം ബിജെപി നേതാക്കൾ ഇത് ആവർത്തിക്കുകയാണ്. സ്ത്രീ വോട്ടർമാരെ പാട്ടിലാക്കാൻ ബൂത്തു തലത്തിൽ പ്രവർത്തകരിൽ നിന്ന് നിർദേശം ക്ഷണിച്ചിരിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. വെർച്വലായി പ്രത്യക്ഷപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തകരോട് ഒരു മണിക്കൂറോളം സംവദിച്ചിരുന്നു. വീടുകൾ തോറും കയറിയിറങ്ങി വീട്ടമ്മമാരെ 'മോദിയുടെ ഗ്യാരണ്ടി' പരിചയപ്പെടുത്താനും  അവരെ പ്രാദേശികമായി സംഘടിപ്പിക്കുന്ന  പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. വീട്ടമ്മമാരുടെ കയ്യിൽ താമര ചിഹ്നം  മൈലാഞ്ചിയിൽ പതിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട് . വോട്ടെടുപ്പ് ദിവസം സ്ഥലത്തുണ്ടാകാൻ സാധ്യത ഇല്ലാത്ത വോട്ടർമാരെ നേരത്തെ കണ്ടെത്തി അവരുടെ വോട്ടുറപ്പാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണം, വയോധികരായ വോട്ടർമാക്കും ഭിന്നശേഷിക്കാരായ വോട്ടർമാർക്കും പോളിംഗ് ബൂത്തിലെത്താൻ സഹായം വാഗ്ദാനം ചെയ്തു വോട്ടുറപ്പാക്കണമെന്നും മോദി നിർദേശിച്ചിട്ടുണ്ട് .

28  ൽ 20 സീറ്റുകൾ ഉറപ്പിച്ച മട്ടിലാണ് നിലവിൽ കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾ മുന്നോട്ടു പോകുന്നത്. ഹിന്ദു  വിരോധി സർക്കാർ, മുസ്ലിം പ്രീണനം , ശ്രീരാമ വിരോധി സർക്കാർ  തുടങ്ങിയ ബിജെപി ആക്ഷേപങ്ങളെയെല്ലാം പ്രതിരോധിച്ചാണ്‌ കോൺഗ്രസ് മുന്നേറുന്നത്. സ്ഥാനാർഥി നിർണയത്തോടെ വിമത സ്വരം ഉയർന്ന ബിജെപിയിൽ ഇതുവരെ ഒച്ചപ്പാട് കെട്ടടങ്ങിയിട്ടില്ല . പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള താര പ്രചാരകരുടെ വരവോടെ കാര്യങ്ങൾ ട്രാക്കിലാകുമെന്ന കണക്കു കൂട്ടലിലാണ്  ബിജെപി.

5 കോടി 21 ലക്ഷം വോട്ടർമാരുള്ള കർണാടകയിൽ 1.91 കോടി സ്ത്രീകളാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിയത്

കർണാടകയിലെ 136 മണ്ഡലങ്ങളിൽ നിന്ന് 43ശതമാനം വോട്ടു വിഹിതം നേടിയാണ് കഴിഞ്ഞ മേയില്‍ കോൺഗ്രസ് അധികാരം പിടിച്ചത്. സ്ത്രീ വോട്ടർമാരുടെ വോട്ടുകൾ തിരഞ്ഞെടുപ്പിൽ നിർണായകമായി. 5 കോടി 21 ലക്ഷം വോട്ടർമാരുള്ള കർണാടകയിൽ 1.91 കോടി സ്ത്രീകളാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ആകെയുളള 224 മണ്ഡലങ്ങളിൽ 112 ഇടത്ത് പുരുഷന്മാരേക്കാൾ സ്ത്രീകളാണ് വോട്ടു രേഖപ്പെടുത്തിയത്. മുന്‍പില്ലാത്തവിധം സ്ത്രീകൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിൽ കൂട്ടത്തോടെ വോട്ടു രേഖപ്പെടുത്തിയതായാണ് കണക്കുകൾ . ബിജെപിയുടെ വോട്ടുവിഹിതം 36 ശതമാനത്തിൽ ഒതുങ്ങാൻ രാഷ്ട്രീയപരമായ മറ്റുകാരണങ്ങൾ ഉണ്ടായിരുന്നെങ്കിലും കോൺഗ്രസിന്റെ ഗ്യാരണ്ടികളെ വിശ്വസിച്ച സ്ത്രീ വോട്ടർമാരുടെ 'നിലപാട്' നിർണായക ഘടകം തന്നെയാണെന്ന് കാണാം

logo
The Fourth
www.thefourthnews.in