പോരിന് യുവരക്തം; കൂട്ടിന് 'സമത'; ബംഗാളിലെ സിപിഎം 'സ്വപ്‌നങ്ങള്‍'

പോരിന് യുവരക്തം; കൂട്ടിന് 'സമത'; ബംഗാളിലെ സിപിഎം 'സ്വപ്‌നങ്ങള്‍'

കൈവിട്ടുപോയ ബംഗാളില്‍ തിരിച്ചുവരവ് നടത്താന്‍ ഇത്തവണ രണ്ടും കല്പിച്ച് ഇറങ്ങിയിരിക്കുകയാണ് സിപിഎം

മുന്നില്‍ മീനാക്ഷി മുഖര്‍ജി നയിക്കുന്ന യുവനിര. പിന്നില്‍ മുഹമ്മദ് സലീമിന്റെ നേതൃത്വത്തില്‍ തഴക്കവും പഴക്കവും വന്ന നേതൃത്വം. പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ നല്ല പങ്കും ആദ്യമായി ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുന്നവര്‍. വോട്ട് ചോദിച്ച് ഗ്രൗണ്ടിലിറങ്ങുന്ന വിദ്യാര്‍ഥി-യുവജന നേതാക്കളെ സഹായിക്കാന്‍ 'സമതയും'. നഷ്ടപ്പെട്ടുപോയ ബംഗാളില്‍ തിരിച്ചുവരവ് നടത്താന്‍ ഇത്തവണ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് സിപിഎം.

Summary

ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട മുതിര്‍ന്ന നേതാക്കളെ മാറ്റി, യുവാക്കളെ രംഗത്തിറക്കുന്ന പരിപാടി 2021 നിയമസഭ തിരഞ്ഞെടുപ്പിലാണ് സിപിഎം കൊണ്ടുവന്നത്. അന്ന് തിരഞ്ഞെടുപ്പില്‍ സംപൂജ്യരായെങ്കിലും, യുവനേതാക്കളെ കളത്തില്‍നിന്ന് പിന്‍വലിക്കാന്‍ സിപിഎം തയാറായില്ല

അഭിഷേക് ബാനര്‍ജിയെ നേരിടാന്‍ പ്രതികുര്‍ റഹ്‌മാന്‍

പ്രമുഖ മണ്ഡലങ്ങളിലെല്ലാം യുവനേതാക്കളെ പരീക്ഷിക്കുകയാണ് സിപിഎം. അതില്‍ പ്രധാനം തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമന്‍ അഭിഷേക് ബാനര്‍ജി മത്സരിക്കുന്ന ഡയമണ്ട് ഹാര്‍ബറില്‍ ഇത്തവണ സിപിഎമ്മിനുവേണ്ടി കളത്തിലിറക്കുന്നത് എസ്എഫ്‌ഐ ദേശീയ വൈസ് പ്രസിഡന്റ് പ്രതികുര്‍ റഹ്‌മാനെയാണ്. മുപ്പത്തിമൂന്നുകാരനായ റഹ്‌മാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. ഡയമണ്ട് ഹാര്‍ബറില്‍നിന്ന് തുടങ്ങിയതാണ് പ്രതികൂര്‍ റഹ്‌മാന്‍. പഠിച്ചതും സമരം ചെയ്തതുമെല്ലാം ഡയമണ്ട് ഹാര്‍ബറില്‍ തന്നെ.

മണ്ഡലത്തില്‍ ഐഎസ്എഫിന്റെ പ്രധാന നേതാക്കളില്‍ ഒരാളായ നൗഷാദ് സിദ്ദിഖി സ്ഥാനാര്‍ഥിയായി വന്നാല്‍, അദ്ദേഹത്തിന് പിന്തുണ നല്‍കാമെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ ആലോചന. എന്നാല്‍, പിന്നീട് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. 2021 നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനും ഐഎസ്എഫിനും ഒപ്പമാണ് മത്സരിച്ചത്. എന്നാല്‍, ഇത്തവണ ഐഎസ്എഫ് സിപിഎം-കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരാന്‍ തയാറായിട്ടില്ല. 14 സീറ്റില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുകയും ചെയ്തു.

2021 നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതികുര്‍ റഹ്‌മാൻ ഡയമണ്ട് ഹാര്‍ബര്‍ നിയമസഭ മണ്ഡലത്തില്‍ ജനവിധി തേടിയിരുന്നു. എന്നാല്‍, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പിന്നീട് മണ്ഡലത്തില്‍ നിലയുറപ്പിച്ച് പ്രവര്‍ത്തിച്ച റഹ്‌മാന്‍, ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ സുപരിചിതനാണെന്ന് സിപിഎം വിലയിരുത്തുന്നു.

ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ട മുതിര്‍ന്ന നേതാക്കളെ മാറ്റി, യുവാക്കളെ രംഗത്തിറക്കുന്ന പരിപാടി 2021 നിയമസഭ തിരഞ്ഞെടുപ്പിലാണ് സിപിഎം കൊണ്ടുവന്നത്. തിരഞ്ഞെടുപ്പില്‍ പകുതിയിലേറ സ്ഥാനാര്‍ത്ഥികളും നാല്‍പ്പത് വയസ്സില്‍ താഴെയുള്ള നേതാക്കളായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ സംപൂജ്യരായെങ്കിലും യുവനേതാക്കളെ കളത്തില്‍നിന്ന് പിന്‍വലിക്കാന്‍ സിപിഎം തയാറായില്ല.

പ്രതികുര്‍ റഹ്‌മാന്‍ പര്യടനത്തില്‍
പ്രതികുര്‍ റഹ്‌മാന്‍ പര്യടനത്തില്‍

ഗ്രാമങ്ങളിലേക്ക് യുവനേതാക്കളെ ഇറക്കിവിട്ട്, സമരങ്ങളിലും പരിപാടികളിലും മുന്നില്‍നിര്‍ത്തി ജനങ്ങള്‍ക്കിടയില്‍ പുതിയ പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാന്‍ സിപിഎമ്മിന് സാധിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖര്‍ജിയാണ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ തീപ്പൊരി പ്രചാരക. മീനാക്ഷി പ്രസംഗിക്കുന്ന വേദികളില്‍ വമ്പന്‍ ആള്‍ക്കൂട്ടമുണ്ടാകുന്നത് മാറ്റത്തിന്റെ തുടക്കമായി സിപിഎം കാണുന്നു. ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ മീനാക്ഷിയുടെ പേരില്ല.

ശ്രീജന്‍ ഭട്ടാചാര്യ, ദിപ്‌സിത ധര്‍; എസ്എഫ്‌ഐ 'തീപ്പൊരികള്‍'

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ശ്രീജന്‍ ഭട്ടാചാര്യ മത്സരിക്കുന്നത് ജാദവ്പൂരില്‍നിന്നാണ്. മീനാക്ഷിയെപ്പോലെ തീപ്പൊരി വിദ്യാര്‍ഥി നേതാവാണ് ശ്രീജന്‍ ഭട്ടാചാര്യയും. സിനിമാ സ്‌റ്റൈല്‍ പ്രസംഗങ്ങള്‍ കൊണ്ട് കേള്‍വിക്കാരെ കയ്യിലെടുക്കാന്‍ കെല്പുള്ള വിദ്യാര്‍ത്ഥി നേതാവ്. നിയമസഭ തിരഞ്ഞെടുപ്പില്‍ ശ്രീജനെ സിപിഎം രംഗത്തിറക്കിയിരുന്നു. സിംഗൂര്‍ മണ്ഡലത്തിലാണ് സിപിഎം ശ്രീജനെ മത്സരിപ്പിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസാണ് മണ്ഡലത്തില്‍ വിജയിച്ചത്. ബിജെപിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് ശ്രീജന്‍ പിന്തള്ളപ്പെട്ടു. എങ്കിലും ആത്മവിശ്വാസം നഷ്ടപ്പെടാതെ സിപിഎം ഒരുതവണ കൂടി ശ്രീജന്‍ ഭട്ടാചാര്യയെ കളത്തിലിറക്കുകയാണ്.

മീനാക്ഷി മുഖര്‍ജി നടത്തിയ ഇന്‍സാഫ് ബ്രിഗേഡ് റാലിയില്‍ ശ്രീജന്‍ സ്ഥിരസാന്നിധ്യമായിരുന്നു. മീനാക്ഷി കഴിഞ്ഞാല്‍, ഏറ്റവും കൂടുതല്‍ വേദികളില്‍ പ്രസംഗിച്ചതും ശ്രീജന്‍ തന്നെ. അതിനാല്‍, ഇന്ന് ജനങ്ങള്‍ക്കിടയില്‍ സുപരിചിതനാണ് ശ്രീജന്‍ ഭട്ടാചാര്യയെന്ന് സിപിഎം കണക്കുകൂട്ടുന്നു.

പോരിന് യുവരക്തം; കൂട്ടിന് 'സമത'; ബംഗാളിലെ സിപിഎം 'സ്വപ്‌നങ്ങള്‍'
ഫത്തെസിങ്റാവു ഗെയ്‌ക്വാദ് മുതല്‍ ഗൗതം ഗംഭീ‍ര്‍ വരെ; ക്രീസില്‍നിന്ന് ലോക്‌സഭ തിരഞ്ഞെടുപ്പ് ഗോദയിലെത്തിയവർ
ശ്രീജന്‍ ഭട്ടാചാര്യ  പര്യടനത്തില്‍
ശ്രീജന്‍ ഭട്ടാചാര്യ പര്യടനത്തില്‍

സൗത്ത് കൊല്‍ക്കത്ത മണ്ഡലത്തില്‍ സിപിഎം രംഗത്തിറക്കിയിരിക്കുന്നത് സൈറാ ഷാ ഹാലിമിനെയാണ്. വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തശേഷം, എന്‍ജിഒ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങുകയും അതുവഴി രാഷ്ട്രീയത്തില്‍ എത്തുകയും ചെയ്ത നേതാവാണ് സൈറ. സിപിഎം നടത്തിയ പൗരത്വ നിയമഭേദഗതി വിരുദ്ധ സമരങ്ങളില്‍ നിറസാന്നിധ്യമായിരുന്നു സൈറ. 2022 ബല്ലിഗഞ്ച് ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബാബുല്‍ സുപ്രിയോയോട് ഏറ്റുമുട്ടാന്‍ സിപിഎം നിയോഗിച്ചത് സൈറയെ ആയിരുന്നു. ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുപ്രിയോ ജയിച്ചു. ഇത്തവണ പക്ഷേ, സൈറയ്ക്ക് വിജയ പ്രതീക്ഷയുണ്ട്.

സൈറ ഷാ ഹാലിം

ശ്രീറാംപുരില്‍നിന്ന് സിപിഎം ടിക്കറ്റില്‍ മത്സരിക്കുന്നത് എസ്എഫ്‌ഐ ദേശീയ ജോയിന്റ് സെക്രട്ടറി ദിപ്‌സിത ധര്‍ ആണ്. ദീപ്‌സിതയും 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കിയിരുന്നു. ബല്ലി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍, എല്‍ജിബിടിക്യുഎഐ വിഭാഗങ്ങളില്‍പ്പെട്ടവരുടെ പ്രശ്‌നങ്ങള്‍, വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ എന്നിവയില്‍ സജീവമായി ഇടപെടുന്ന വിദ്യാര്‍ഥി നേതാവാണ് ദിപ്‌സിത.

ദിപ്‌സിത ധര്‍
ദിപ്‌സിത ധര്‍
പോരിന് യുവരക്തം; കൂട്ടിന് 'സമത'; ബംഗാളിലെ സിപിഎം 'സ്വപ്‌നങ്ങള്‍'
'കോണ്‍ഗ്രസ് പ്രകടനപത്രിക ചരിത്രപരം, ലീഗിനെ വലിച്ചിഴയ്ക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാൻ'; അഭിമുഖം അശോക് ഗെലോട്ട്

സോഷ്യല്‍ മീഡിയ പിടിക്കാന്‍ സമത

ഇനി സമതയിലേക്ക് വരാം. സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങള്‍ വേറിട്ടതാകാന്‍ സിപിഎം രംഗത്തിറക്കിയ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് 'പ്രചാരകയാണ്' സമത. ജനങ്ങള്‍ക്ക് ഹോളി ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു സമതയുടെ സോഷ്യല്‍ മീഡിയയിലേക്കുള്ള വരവ്.

പുതുതലമുറ വോട്ടര്‍മാരെ കയ്യിലെടുക്കുക എന്നതായിരുന്നു സിപിഎം ലക്ഷ്യം. പാര്‍ട്ടി നിലപാടുകളും സ്ഥാനാര്‍ഥികള്‍ക്കുള്ള വോട്ടഭ്യര്‍ഥനയും ബിജെപിക്കും തൃണമൂലിനും എതിരെയുള്ള രാഷ്ട്രീയ പ്രചാരണങ്ങളുമായി വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിക്കുകയാണ് സമത. സിപിഎം നീക്കത്തെ ബിജെപി പ്രതിരോധിച്ചത് പഴയ കമ്പ്യൂട്ടര്‍ പ്രചാരണം കൊണ്ടാണ്. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ എതിര്‍ത്ത സിപിഎം ഇപ്പോള്‍ സാങ്കേതിക വിദ്യയെ ആശ്രയിച്ച് വോട്ട് തേടണ്ട അവസ്ഥയിലാണെന്നാണ് ബിജെപി ആരോപണം. ഇന്‍സ്റ്റഗ്രാമിലും എക്‌സിലുമുള്ള യുവതലമുറയുടെ ഇടയിലേക്ക് തങ്ങളുടെ ആശയങ്ങള്‍ എളുപ്പത്തില്‍ എത്തിക്കാന്‍ ഇത്തരം നീക്കത്തിലൂടെ സാധിക്കുമെന്ന് സിപിഎം കണക്കുകൂട്ടുന്നു.

സിപിഎം രംഗത്തിറക്കിയ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് 'പ്രചാരകയാണ്' സമത

സന്ദേശ്ഖാലി, ഇലക്ടറല്‍ ബോണ്ട്; പ്രചാരണം സജീവം

കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും സംസ്ഥാനം കയ്യടിക്കിയിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെയും ഒരുപോലെ കടന്നാക്രമിച്ചാണ് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. തൃണമൂലിനെതിരെ ബിജെപിയുടെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണായുധമായ സന്ദേശ്ഖാലി പ്രശ്‌നം സിപിഎം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. സന്ദേശ്ഖാലിയില്‍ നടന്ന ബലാത്സംഗങ്ങളും ആക്രമണങ്ങളും ഗ്രാമങ്ങളിലും നഗരങ്ങളിലും സിപിഎം മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണമാക്കുന്നുണ്ട്. വനിതാ നേതാക്കള്‍ നിരന്തരം സന്ദേശ്ഖാലി വിഷയത്തെ കുറിച്ച് സംസാരിക്കുന്നു. മാ മാതി മനുഷ് (അമ്മ, മണ്ണ്, മനുഷ്യര്‍) മുദ്രാവാക്യം ഉയര്‍ത്തിയ മമത ബാനര്‍ജിയുടെ ഭരണത്തിന് കീഴില്‍ സ്ത്രീകളുടെ അവസ്ഥ ഇതാണെന്ന് സ്ഥാപിക്കാനാണ് സിപിഎം ശ്രമം.

സിപിഎമ്മിന്റെ എഐ അവതാരക സമത
സിപിഎമ്മിന്റെ എഐ അവതാരക സമത

ബിജെപിയെ കടന്നാക്രമിക്കാന്‍ ഇലക്ടറല്‍ ബോണ്ട് വിഷയമാണ് സിപിഎം പ്രധാനമായും പ്രയോഗിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ തൃണമൂലിനൊപ്പം ഇത്തവണയും ഉറച്ചുനില്‍ക്കുമെന്ന ധാരണയുണ്ടെങ്കിലും, പൗരത്വ ഭേദഗതി വിഷയവും സിപിഎം പ്രചാരണായുധമാക്കുന്നുണ്ട്. ബിജെപിക്കൊപ്പം ടിഎംസിക്കും നോവുന്ന പ്രചാരണമാണ് ഇലക്ടറല്‍ ബോണ്ട്. കാരണം, ബിജെപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ പാര്‍ട്ടികളുടെ കൂട്ടത്തിലാണ് ടിഎംസിയുടെ സ്ഥാനം. അതുകൊണ്ടുതന്നെ ഇലക്ടറല്‍ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് സിപിഎം ആരോപിക്കുന്നു.

ബംഗാള്‍ യുവജനക്ഷേമ മന്ത്രി, രണ്ടുതവണ ലോക്‌സഭ എംപി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മുഹമ്മ് സലിം സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്

മുഹമ്മദ് സലിമില്‍ പ്രതീക്ഷ

യുവാക്കളെ ഇറക്കിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കളം പിടിക്കുന്നതെങ്കിലും സിപിഎം ഏറ്റവും കൂടുതല്‍ വിജയ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം മത്സരിക്കുന്ന മുര്‍ഷിദാബാദാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്‍പുതന്നെ മുഹമ്മദ് സലിമിനുവേണ്ടി മുര്‍ഷിദാബാദില്‍ സജീവപ്രചാരണം സിപിഎം ആരംഭിച്ചിരുന്നു. മമത ബാനര്‍ജി യുഗത്തില്‍, 2014-ല്‍ മാത്രമാണ് മണ്ഡലത്തില്‍ സിപിഎമ്മിന് വിജയിക്കാനായത്.

എന്നാല്‍, ഇത്തവണ സ്ഥിതി വിഭിന്നമാണെന്നും വിജയിക്കാന്‍ സാധിക്കുമെന്നും സിപിഎം കണക്കുകൂട്ടുന്നു. കോണ്‍ഗ്രസും മുഹമ്മദ് സലിം വിജയിക്കുമെന്ന പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. 2023-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുര്‍ഷിദാബാദ് ജില്ലയിലെ 563 സീറ്റുകളില്‍ സിപിഎമ്മും 1,142 സീറ്റുകളില്‍ കോണ്‍ഗ്രസും വിജയിച്ചത് മുന്നണിക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.

ബംഗാള്‍ യുവജനക്ഷേമ മന്ത്രി, രണ്ടുതവണ ലോക്‌സഭ എംപി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മുഹമ്മ് സലിം സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ റായ്‌ഗഞ്ചില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2022-ലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത്.

logo
The Fourth
www.thefourthnews.in