'ലുങ്കിയാണ് പ്രശ്‌നം'; ഒഡിഷയില്‍ പോരടിച്ച് ബിജെപിയും ബിജെഡിയും

'ലുങ്കിയാണ് പ്രശ്‌നം'; ഒഡിഷയില്‍ പോരടിച്ച് ബിജെപിയും ബിജെഡിയും

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പ് ചൂട് ഒരുമിച്ച് കത്തിനില്‍ക്കുന്ന ഒഡിഷയില്‍ ലുങ്കിയാണ് പ്രചാരണരംഗത്തെ പുതിയ താരം

ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പു ചൂട് ഒരുമിച്ച് കത്തിനില്‍ക്കുന്ന ഒഡിഷയില്‍ 'ലുങ്കി'യാണ് പ്രചാരണരംഗത്തെ പുതിയ താരം. ചൊവ്വാഴ്ച ബിജെഡി ആസ്ഥാനമായ സനഖ ഭവനില്‍ ബിജെഡി നേതാക്കളായ സ്വയംപ്രകാശ് മോഹപത്രയും സസ്മിത് പത്രയും എത്തിയത് ലുങ്കി ധരിച്ചായിരുന്നു. എന്താണ് നേതാക്കളെ ലുങ്കി ധരിച്ച് വാര്‍ത്താ സമ്മേളനം നടത്താന്‍ പ്രേരിപ്പിച്ചത് എന്നല്ലേ?

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ ഒരു പ്രസംഗമാണ് ബിജെഡി നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. ലുങ്കി ഒഡിഷയില്‍ പുരുഷന്‍മര്‍ക്കിടയില്‍ സര്‍വസാധാരണമാണെങ്കിലും ഈ വസ്ത്രം പൊതുവേദികളില്‍ ധരിച്ച് ആളുകളെത്തുന്നത് വിരളമാണ്. തന്റെ സ്ഥിരം വേഷമായ പൈജാമയ്ക്കും കുര്‍ത്തയ്ക്കും പകരം ലുങ്കി ഉടുത്ത് മുഖ്യമന്ത്രി നവീന് പട്‌നായിക് ഒരു വീഡിയോ പങ്കുവച്ചതാണ് ബിജെപിയെ ലുങ്കി വിവാദത്തിന് തുടക്കമിടാന്‍ പ്രേരിപ്പിച്ചത്. ലുങ്കിയുമുടുത്ത് ബിജെഡിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ശംഖും ഉയര്‍ത്തിപ്പിടിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോയാണ് നവീന്‍ പട്‌നായിക് പങ്കുവെച്ചത്.

ഇതിന് പിന്നാലെ, ഒഡിഷയില്‍ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലുങ്കി ആയുധമാക്കിയായിരുന്നു പ്രസംഗിച്ചത്. നവീന്‍ പട്‌നായിക്കിന് എല്ലാം ചെയ്തുകൊടുക്കുന്ന ഗുമസ്തന്‍ നവീനെ പോലുള്ള മുതിര്‍ന്ന മനുഷ്യന് ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് പുറത്തിറക്കുന്നതെന്നായിരുന്നു ധര്‍മേന്ദ്ര പ്രധാന്റെ പ്രസംഗം. ഒരു കുര്‍ത്തയും പൈജാമയുമെങ്കിലും നല്‍കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ലുങ്കിയാണ് പ്രശ്‌നം'; ഒഡിഷയില്‍ പോരടിച്ച് ബിജെപിയും ബിജെഡിയും
വോട്ടിങ് ശതമാനം കുറഞ്ഞു, ബിജെപി ഭയന്നു? ട്രാക്ക് മാറ്റി മോദി, വിദ്വേഷപ്രസംഗത്തിന് രാജസ്ഥാന്‍ തിരഞ്ഞെടുത്തതിന് പിന്നില്‍

ധര്‍മേന്ദ്ര പ്രധാന്‍ ഗുമസ്തനെന്ന് വിശേഷിപ്പിച്ചത് നവീന്റെ സന്തതസഹചാരിയും ഐഎഎസ് രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ വി കെ പാണ്ഡ്യനെയാണ് എന്നാണ് ബിജെഡി വൃത്തങ്ങള്‍ ആരോപിക്കുന്നത്. വി കെ പാണ്ഡ്യന്‍ തമിഴ്‌നാട്ടില്‍നിന്നുള്ളയാണ്. പാണ്ഡ്യനെ തന്റെ രാഷ്ട്രീയ അനന്തരാവാകാശിയായി നവീന്‍ വളര്‍ത്തിയെടുക്കുകയാണെന്നാണ് ഒഡിഷ രാഷ്ട്രീത്തിലെ ചര്‍ച്ച. ഇത് ആയുധമാക്കിയാണ് ബിജെപിയുടെ പ്രചാരണം. പാണ്ഡ്യന്‍ ഒഡിഷക്കാരനല്ലെന്നും പുറത്തുനിന്നുള്ളവര്‍ ഒഡിഷക്കാര്‍ക്ക് കിട്ടേണ്ട സൗകര്യങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും നേരത്തെ ബിജെപി പ്രചാരണം നടത്തിയിരുന്നു.

ഈ പ്രചാരണം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ധര്‍മേന്ദ്ര പ്രധാന്‍ പ്രസംഗത്തില്‍ ലുങ്കി പരാമര്‍ശം നടത്തി രംഗത്തെത്തിയത്. ഇതിനെ പ്രതിരോധിക്കാന്‍ കളത്തിലിറങ്ങിയ ബിജെഡി, കൈത്തറിമേഖലയെ തകര്‍ക്കാനാണ് ബിജെപി ശ്രമമെന്നാണ് പ്രചരിപ്പിക്കുന്നത്. ''സംസ്ഥാനത്ത് കൈത്തറി മേഖലയ്ക്ക് നിര്‍ണായക സ്വാധീനമുണ്ട്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കൈത്തറിമേഖലയിലും സമ്പാല്‍പുരി ലുങ്കിയെയും അധിക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്,'' എന്നാണ് ബിജെഡി നേതാവ് സസ്മിത് പത്ര വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ധര്‍മേന്ദ്ര പ്രധാന്‍ ഒഡിഷയുടെ സംസ്‌കാരത്തെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജഡി ഐടി സെല്‍ നേതാവ് സ്വയംപ്രകാശും ആരോപിച്ചു.

2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും തമിഴ്നാട് സ്വദേശിയുമായിരുന്ന വി കാര്‍ത്തികേയ പാണ്ഡ്യന്‍ എന്ന വി കെ പാണ്ഡ്യന്‍ 2023-ലാണ് സിവില്‍ സര്‍വിസില്‍നിന്ന് സ്വയം വിരമിച്ചത്. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയും അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയായ '5ടി'യുടെ (ടീം വര്‍ക്ക്, ടെക്‌നോളജി, ട്രാന്‍സ്പരന്‍സി, ട്രാന്‍സ്ഫര്‍മേഷന്‍, ടൈം ലിമിറ്റ്) സെക്രട്ടറിയായിരിക്കുമ്പോഴാണ് വി കെ പാണ്ഡ്യന്‍ വിരമിച്ചത്. വി ആര്‍ എസ് അനുമതി ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം പാണ്ഡ്യനെ ക്യാബിനറ്റ് പദവിയോടെ 5 ടി പദ്ധതിയുടെ ചെയര്‍മാനായി ഒഡിഷ സര്‍ക്കാര്‍ നിയമിച്ചു.

ബിജെഡിയുടെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണം വരെയുള്ള കാര്യങ്ങളില്‍ വികെ പാണ്ഡ്യന്റെ ഇടപെടല്‍ പ്രകടമാണ്. ഇത് പാര്‍ട്ടിക്കുള്ളിലും അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. പാണ്ഡ്യന്റെ വരവില്‍ അസ്വസ്ഥരായ ബിജെഡി നേതാക്കളെ കൂടെക്കാട്ടാന്‍ ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in