അത്ഭുതങ്ങൾ സൃഷ്ടിക്കാതെ മലപ്പുറം; കോട്ട ഇ ടി തന്നെ കാക്കും

അത്ഭുതങ്ങൾ സൃഷ്ടിക്കാതെ മലപ്പുറം; കോട്ട ഇ ടി തന്നെ കാക്കും

2004-ലെ അട്ടിമറി ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിനെ മലപ്പുറത്തിറക്കിയത്

വലിയ അത്ഭുതങ്ങളൊന്നും സൃഷ്ടിക്കാതെ മലപ്പുറത്ത് മലപ്പുറത്ത് വിജയക്കൊടി പാറിച്ച് ഇ ടി മുഹമ്മദ് ബഷീർ. വോട്ടെടുപ്പിൻ്റെ തുടക്ക സമയങ്ങളിൽ തന്നെ മുന്നേറിയ ബഷീർ നേടിയതാകട്ടെ 300118 വോട്ടിൻ്റെ ഭൂരിപക്ഷത്തിലുള്ള വിജയം. മലപ്പുറം തിരിച്ചു പിടിക്കാൻ സിപിഎം രംഗത്തിറക്കിയ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് 343888 വോട്ടുകൾ നേടിയപ്പോൾ ഇ ടി കരസ്ഥമാക്കിയത് 644006 വോട്ടുകളാണ്. ബിജെപി രംഗത്തിറക്കിയ ഡോ. അബ്ദുൽ സലാമിന് 85361 വോട്ടുകൾ മാത്രമേ നേടാൻ സാധിച്ചുള്ളു.

2004-ലെ അട്ടിമറി ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിനെ മലപ്പുറത്തിറക്കിയത്. പൊന്നാനിയില്‍ നിന്ന് മലപ്പുറത്തെത്തിയ ഇ ടി മുഹമ്മദ് ബഷീറും വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിച്ചിരുന്നില്ല.

2004-ല്‍ പഴയ മഞ്ചേരി മണ്ഡലത്തില്‍ ടി കെ ഹംസ നേടിയ വിജയം മാത്രമാണ് ഇടതുപക്ഷത്തിന് മലപ്പുറം ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ആശ്വാസമായത്. സിറ്റിങ് എം പിയായിരുന്ന ഇ അഹമ്മദിനെ പൊന്നാനിയിലേക്ക് മാറ്റി കെപിഎ മജീദിനെ രംഗത്തിറക്കാനുള്ള തീരുമാനമാണ് അന്ന് ലീഗിനെ ചതിച്ചത്. മജീദ് മുജാഹിദ് പക്ഷക്കാരനാണെന്ന പ്രചാരണം ഇടതുപക്ഷം അഴിച്ചുവിട്ടു. ഇ കെ വിഭാഗം സുന്നികളുടെ വോട്ട് ലീഗില്‍ നിന്നകലുന്നതിന് ഇത് കാരണമായി. ഐസ്‌ക്രീം പാര്‍ലര്‍ കേസ് കത്തിനില്‍ക്കുന്ന സമയമായിരുന്നു. മുന്‍ ഡി സി സി പ്രസിഡന്റായിരുന്ന ടി കെ ഹംസയുടെ വ്യക്തിപ്രഭാവം കൂടിയായപ്പോള്‍ മഞ്ചേരിയില്‍ ലീഗ് കോട്ട തകര്‍ന്നുവീണു.

ചെങ്കൊടി സ്വപ്‌നങ്ങള്‍ തകര്‍ത്ത മണ്ഡല പുനര്‍നിര്‍ണയം

പിന്നീട് മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം മഞ്ചേരി മണ്ഡലം ഇല്ലാതാവുകയും പൊന്നാനി ലോക്‌സഭ രൂപീകൃതമാവുകയും ചെയ്തു. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മലപ്പുറം മണ്ഡലം രൂപീകരിച്ചത്. പഴയ മഞ്ചേരി മണ്ഡലത്തിലുണ്ടായിരുന്ന നിലമ്പൂര്‍ വയനാട് മണ്ഡലത്തിലേക്കും കുന്നമംഗലവും ബേപ്പൂരും കോഴിക്കോട് മണ്ഡലത്തിലേക്കും മാറി. പുതുതായി മലപ്പുറം മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ത്ത പെരിന്തല്‍മണ്ണയും മലപ്പുറവും വേങ്ങരയും വള്ളിക്കുന്നും ലീഗിന്റെ പുലിമടകളാണ്.

മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം ആദ്യം നടന്ന 2009 തിരഞ്ഞെടുപ്പില്‍ ലീഗ് ഇ അഹമ്മദിനെ തന്നെ മലപ്പുറത്തേക്ക് കൊണ്ടുവന്നു. അഹമ്മദ് തിരിച്ചെത്തിയപ്പോള്‍ ടി കെ ഹംസയ്ക്ക് കാലിടറി. 4,27,940 വോട്ടാണ് ഇ അഹമ്മദ് സ്വന്തമാക്കിയത്. ടി കെ ഹംസയ്ക്ക് ലഭിച്ചത് 3,12,343 വോട്ട്. 54 ശതമാനം വോട്ടാണ് ഇ അഹമ്മദ് നേടിയത്. ടി കെ ഹംസയ്ക്ക് 39.8 ശതമാനം വോട്ടും ലഭിച്ചു. 1,15,597 വോട്ടിന്റെ വിജയം. ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ഒരിടത്തുപോലും ഇടതുപക്ഷത്തിന് മേല്‍ക്കൈ നേടാന്‍ സാധിച്ചില്ല. എല്ലായിടത്തും ഇ അഹമ്മദിന്റെ തേരോട്ടം.

2014-ലും ഇ അഹമ്മദ് തന്നെയായിരുന്നു ലീഗ് സ്ഥാനാര്‍ത്ഥി. സംസ്ഥാന സമിതി അംഗം പി കെ സൈനബയെ സിപിഎം രംഗത്തിറക്കി. 4,37,723 വോട്ട് നേടിയ ഇ അഹമ്മദ് ആധികാരിക വിജയം നേടി. പി കെ സൈനബയ്ക്ക് ലഭിച്ചത് 2,42,984 വോട്ട്. 51.3 ശതമാനം വോട്ടാണ് അഹമ്മദിന് ലഭിച്ചത്. 1,94,739 വോട്ടിന്റെ ഭൂരിപക്ഷം. 2009-ല്‍ ടികെ ഹംസയ്ക്ക് ലഭിച്ച 39.8 ശതമാനം എന്നതില്‍ നിന്ന് 2014-ല്‍ എത്തിയപ്പോള്‍ ഇടതുപക്ഷത്തിന് ലഭിച്ച വോട്ട് വിഹിതം 28.5 ശതമാനായി കുറഞ്ഞു. ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള മണ്ഡലങ്ങളിലൊന്നാണ് മലപ്പുറം. പക്ഷേ, സ്ത്രീകള്‍ സൈനബയ്ക്കൊപ്പം നിന്നില്ല. തട്ടമിടാത്ത മുസ്ലിം വനിതയെന്ന ലീഗ് പ്രചാരണം സൈനബയെ പ്രതികൂലമായി ബാധിച്ചു.

പത്തുവര്‍ഷം; ആറ് തിരഞ്ഞെടുപ്പ്, എന്നിട്ടും ലീഗിനെ കൈവിടാത്ത മലപ്പുറം

പത്തു വര്‍ഷത്തിനിടെ ലോക്സഭ, നിയമസഭ, ഉപതിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ ആറ് തിരഞ്ഞെടുപ്പുകള്‍ കണ്ട മണ്ഡലമാണ് മലപ്പുറം. ഏഴ് വര്‍ഷത്തിനിടെ രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നു. 2017-ല്‍ സിറ്റിങ് എംപിയായ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ആദ്യം ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇ അഹമ്മദിന്റെ പിന്‍ഗാമിയായി പി കെ കുഞ്ഞാലിക്കുട്ടിയെ ലീഗ് രംഗത്തിറക്കി. എം ബി ഫൈസലിനെയാണ് സിപിഎം കളത്തിലിറക്കിയത്. 1.71 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കുഞ്ഞാലിക്കുട്ടി വിജയിച്ചുകയറി. പി കെ സൈനബ മത്സരിച്ചപ്പോള്‍ 28 ശതമാനമായി കുറഞ്ഞ വോട്ട് വിഹിതം എംബി ഫൈസല്‍ 36.81 ശതമാനമായി ഉയര്‍ത്തി.

2019-ലും കുഞ്ഞാലിക്കുട്ടി തന്നെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങി. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റായിരുന്ന വിപി സാനുവിനെ സിപിഎം രംഗത്തിറക്കി. കാനഡയിലെയും ബൊളീവിയയിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ വരെ വോട്ട് അഭ്യര്‍ത്ഥന നടത്തിയിട്ടും സാനു മലപ്പുറത്ത് തോറ്റു.

5,89,873 ലക്ഷം വോട്ടാണ് പികെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. സാനുവിന് ലഭിച്ചത് 3,29,720 ലക്ഷം വോട്ട്. ഏഴ് നിയമസഭ മണ്ഡലങ്ങളിലും കുഞ്ഞാലിക്കുട്ടിക്ക് മൃഗീയ ഭൂരിപക്ഷം. മലപ്പുറം നിയമസഭ മണ്ഡലത്തില്‍നിന്ന് മാത്രം ലഭിച്ചത് 94,704 വോട്ട്. രാഹുല്‍ ഗാന്ധിയുടെ വരവും ശബരിമലയും കത്തിനിന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുകോട്ടകള്‍ അപ്പാടെ തകര്‍ന്നുവീണപ്പോള്‍, മലപ്പുറം മണ്ഡലം കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിച്ചു വിട്ടത് 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.

വിപി സാനുവിനെ തോല്‍പ്പിച്ചതോടെ, അച്ഛനെയും മകനെയും തോല്‍പ്പിച്ച നേതാക്കളുടെ പട്ടികയിലും കുഞ്ഞാലിക്കുട്ടി ഇടംനേടി. 1991-ല്‍ കുറ്റിപ്പുറം നിയമസഭ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടി തോല്‍പ്പിച്ച വിപി സക്കറിയയുടെ മകനാണ് വിപി സാനു. രണ്ടു വര്‍ഷത്തിനിടെ മണ്ഡലത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കാനിറങ്ങി. 2021-ല്‍ അബ്ദുസമദ് സമദാനിയും വിപി സാനുവും തമ്മില്‍ പോരാട്ടം. പക്ഷേ, ഇത്തവണ വിജയിച്ചില്ലെങ്കിലും ഇടതുപക്ഷത്തിന് ആശ്വസിക്കാനുള്ള വകയുണ്ടായിരുന്നു. ലീഗിന്റെ ഭൂരിപക്ഷം 2.60ലക്ഷത്തില്‍ നിന്ന് 1.14 ലക്ഷമായി വിപി സാനു കുറച്ചു. 5,38,248 വോട്ട് സമദാനി നേടിയപ്പോള്‍, 4,23,633 വോട്ടാണ് സാനു നേടിയത്.

logo
The Fourth
www.thefourthnews.in