മലയോരമേഖലയ്ക്ക് മനംമാറ്റമില്ല; ഇടുക്കിയില്‍ വിജയം ഡീലാക്കി ഡീന്‍

മലയോരമേഖലയ്ക്ക് മനംമാറ്റമില്ല; ഇടുക്കിയില്‍ വിജയം ഡീലാക്കി ഡീന്‍

തുടര്‍ച്ചയായ മൂന്നാം തവണ ലോക്സഭയില്‍ ഏറ്റുമുട്ടുകയായിരുന്നു ഡീന്‍ കുര്യാക്കോസും ജോയ്‌സ് ജോര്‍ജും

മലയോരമേഖലയ്ക്ക് ഇക്കുറിയും മനംമാറ്റമുണ്ടായില്ല. വിവാദങ്ങള്‍ക്കും രാഷ്ട്രീയപ്പോരിനുമപ്പുറം മാനുഷിക-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കി തങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ പിന്തുണയ്ക്കുന്ന മണ്ണാണ് ഇടുക്കിയുടേത്. കാര്‍ഷിക വിളകളുടെ വിലയും വന്യമൃഗ പ്രശ്‌നങ്ങളുമെല്ലാം വിഷയമാകുന്ന മലയോര മേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ജനത്തോടൊപ്പം തോളോടുതോള്‍ ചേര്‍ന്നു നിന്ന ഡീന്‍ കുര്യാക്കോസിനെത്തന്നെ ഇടുക്കിക്കാര്‍ ഇത്തവണയും നെഞ്ചേറ്റി.

പാരിസ്ഥിതിക വിഷയങ്ങള്‍ ഉയര്‍ത്തി പോരാട്ടം നടത്തി, ഒരിക്കല്‍ ഇടുക്കിയുടെ മനംകവര്‍ന്ന ജോയ്‌സ് ജോര്‍ജാണ് ഇത്തവണയും പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചത്. 133727 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇടുക്കിക്കാര്‍ ഡീനിന് നല്‍കിയത്. 432372 വോട്ടുകള്‍ ഡീന്‍ അക്കൗണ്ടിലാക്കിയപ്പോള്‍ 298645 വോട്ടുകള്‍ മാത്രമാണ് ജോയ്‌സിന്റെ പെട്ടിയില്‍ വീണത്.

തുടര്‍ച്ചയായ മൂന്നാം തവണയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡീനും ജോയ്‌സും ഏറ്റുമുട്ടിയത്. പ്രളയത്തില്‍ തകര്‍ന്ന ചെറുതോണി പാലം പുനര്‍നിര്‍മിച്ചത് വലിയ രീതിയില്‍ ഇടതു സൈബറിടങ്ങള്‍ കൊട്ടിഘോഷിച്ചിരുന്നു, പ്രത്യേകിച്ചും നവകേരള യാത്രയുടെ സമയത്ത്. എന്നാല്‍, പരിസ്ഥിതി പ്രശ്‌നങ്ങളും കര്‍ഷക ആത്മഹത്യയും വന്യമൃഗ ശല്യവും അതിജീവിക്കാന്‍ ഇടുക്കി ജനതയെ സഹായിക്കാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് സാധിച്ചോയെന്ന ചോദ്യം മണ്ഡലത്തില്‍ പ്രസക്തമായി തന്നെ അവശേഷിച്ചിരുന്നു. ഇത് ഉയര്‍ത്തിക്കാട്ടിയായിരുന്നു യുഡിഎഫ് പ്രചാരണം. ജോയ്സിനെ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും സഹായിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി ഇത്തവണ സമദൂരമാണ് പാലിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണച്ചൂട്‌ കത്തിനില്‍ക്കുന്ന സമയത്ത്, സംഘപരിവാര്‍ പ്രൊപ്പഗണ്ട സിനിമ 'കേരള സ്റ്റോറി' ഇടുക്കി രൂപത പ്രദര്‍ശിപ്പിച്ചത് വിവാദമായി. ബിജെപിയെ സഹായിക്കാനാണ് രൂപതയുടെ നീക്കമെന്ന് ആരോപിച്ച് ഇടതുപക്ഷവും യുഡിഎഫും രംഗത്തെത്തി. എന്നാല്‍ പെണ്‍കുട്ടികള്‍ പ്രണയത്തില്‍ അകപ്പെടുന്നത് കുടുംബങ്ങളില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനാണ് സിനിമ പ്രദര്‍ശിപ്പിച്ചത് എന്നായിരുന്നു രൂപതയുടെ വിശദീകരണം.

ഡീന്‍ കുര്യാക്കോസ്
ഡീന്‍ കുര്യാക്കോസ്

ഇടുക്കിയുടെ വോട്ട് ചരിത്രം കൂടി പരിശോധിച്ചാല്‍ 2004 ലോക്സഭാ തിരഞ്ഞെടുപ്പ് വരെ റാന്നി, പത്തനംതിട്ട, തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പുംചോല, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതായിരുന്നു ഇടുക്കി. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം റാന്നിക്കും പത്തനംതിട്ടയ്ക്കും പകരം മൂവാറ്റുപുഴയും കോതമംഗലും ഇടുക്കിയുടെ ഭാഗമായി. 2000ന് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എല്‍ഡിഎഫ്) ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് റാന്നി. കോതമംഗലമാകട്ടെ കോണ്‍ഗ്രസിനേയും കേരള കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും ഒരുപോലെ തുണച്ചിട്ടുമുണ്ട്.

തുടര്‍ച്ചയായ അഞ്ച് ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനൊപ്പം (1984, 89, 91, 96, 98) നിന്ന ഇടുക്കിയെ ഇടത്തോട്ട് ചായ്ച്ചത് കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷമായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിലൂടെ 1999, 2004 തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് ജയം. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷവും സ്ഥാനാര്‍ഥിയെ മാറ്റി ചിന്തിക്കാന്‍ ഇടതുപക്ഷം തയാറായില്ല. മൂന്നാം വട്ടവും ഫ്രാന്‍സിസ് ജോര്‍ജ് തിരഞ്ഞെടുപ്പ് ഗോദയില്‍.

എന്നാല്‍, ഇടുക്കിയില്‍ സ്ഥാനാര്‍ഥിയെ മാറ്റി പരീക്ഷിക്കുന്ന രീതി കോണ്‍ഗ്രസ് തുടര്‍ന്നു. 1999-ല്‍ പി ജെ കുര്യനേയും 2004-ല്‍ ബെന്നി ബഹനാനെയും മത്സരിപ്പിച്ച കോണ്‍ഗ്രസിന്റെ നറുക്ക് ഇത്തവണ വീണത് പി ടി തോമസിനായിരുന്നു. 2006 നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ശക്തികേന്ദ്രമായ തൊടുപുഴ പി ജെ ജോസഫിനോട് നഷ്ടപ്പെടുത്തിയ പി ടിയെ ലോക്സഭയിലെ ശബ്ദമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചു.

യുഡിഎഫ് തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ വോട്ടുകോട്ട പി ടി തകര്‍ത്തു. 74,796 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പി ടിയുടെ വിജയം. വോട്ടുവിഹിതം 52 ശതമാനം തൊട്ടു. ഏത് തരംഗത്തിലും കേരള കോണ്‍ഗ്രസിനൊപ്പം വോട്ടര്‍മാര്‍ നില്‍ക്കുമെന്ന ജോസഫ് പക്ഷത്തിന്റെ കണക്കുകൂട്ടല്‍ അപ്പാടെ തെറ്റുകയും ചെയ്തു. ഫ്രാന്‍സിസ് ജോര്‍ജിന്റെ വോട്ടുവിഹിതം 48.6 ശതമാനത്തില്‍ നിന്ന് 42.4ലേക്ക് വീഴുകയും ചെയ്തു. 2011 നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ 2010ല്‍ ജോസഫ് പക്ഷം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനൊപ്പം ചേര്‍ന്നു. 23 വര്‍ഷം നീണ്ട പിണക്കത്തിന് ശേഷമായിരുന്നു ഇണക്കം.

ജോയ്‌സ് ജോര്‍ജ്
ജോയ്‌സ് ജോര്‍ജ്

2014, ജോയ്സിലൂടെ സിപിഎമ്മിന് ജോയ്

ജോസഫ് പക്ഷത്തിന്റെ കൂട്ടില്ലാതെ കേരള കോണ്‍ഗ്രസിന് വേരോട്ടമുള്ള ഇടുക്കിയുടെ മണ്ണില്‍ എല്‍ഡിഎഫിനായി പോരിനിറങ്ങിയത് അഡ്വ. ജോയ്സ് ജോര്‍ജ്. കോണ്‍ഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നെത്തിയ ജോയ്സ് സിപിഎമ്മിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് 2014ല്‍ മത്സരിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പി ടി തോമസിനെ ഇടുക്കിയില്‍ നിന്ന് വലിച്ച യുഡിഎഫ് മണ്ഡലം നിലനിര്‍ത്താനിറക്കിയത് ഡീന്‍ കുര്യാക്കോസിനെയായിരുന്നു.

ജോയ്സിനെ മുന്നില്‍ നിര്‍ത്തിയ എല്‍ഡിഎഫിന്റെ തന്ത്രം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുഡിഎഫിനൊരു ഷോക്കായിരുന്നു. കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലം, കേരള കോണ്‍ഗ്രസിന് വേരൊട്ടമുള്ള മണ്ണ് മൂന്ന് പതിറ്റാണ്ടിന് ശേഷം സിപിഎം പിടിച്ചെടുത്തു. അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജോയ്സിന്റെ വിജയം.

2019, ഇടുക്കി ഡീലാക്കി ഡീന്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, പ്രളയം, മനുഷ്യ-മൃഗ സംഘര്‍ഷം തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെ ഇടുക്കിയിലെ ജനത കടന്നുപോകവെയാണ് 2019 ലോക്സഭാ തിരഞ്ഞെടുപ്പ് എത്തുന്നത്. പ്രളയത്തില്‍ പാതി തകര്‍ന്ന ഇടുക്കി അതിജീവന പാതയിലൂടെയായിരുന്നു. മറ്റ് ജില്ലകളില്‍ മോദി വിരുദ്ധതയും രാഹുല്‍ ഗാന്ധി ഇഫക്ടും ശബരിമലയുമൊക്കെ ശ്രദ്ധാകേന്ദ്രമായപ്പോള്‍ ഇടുക്കിയിലെ തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ മാനുഷികം മാത്രമായിരുന്നു. തങ്ങള്‍ക്ക് തുണയാകാന്‍ ആര്‍ക്ക് സാധിക്കുമെന്ന ചോദ്യമായിരുന്നു തിരഞ്ഞെടുപ്പിലുടനീളം ഇടുക്കിക്കാര്‍ ചോദിച്ചത്.

2014ല്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയുണ്ടായിരുന്ന ജോയ്സിനെ തന്നെയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. ഇത്തവണയും ഇടതു സ്വതന്ത്രന്‍ എന്ന ടാഗോടെ ജോയ്സ് വോട്ടു ചോദിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയാരാകുമെന്നതില്‍ വലിയ ചര്‍ച്ചകള്‍ നടന്നു. ഉമ്മന്‍ ചാണ്ടി, ഡീന്‍ കുര്യാക്കോസ്, മാത്യു കുഴല്‍നാടന്‍, റോയ് കെ പൗലോസ് എന്നിങ്ങനെ നിരവധി പേരുകള്‍ ഉയര്‍ന്നു കേട്ടു. പക്ഷേ, ഡീനിന് തന്നെ അവസാനം നറുക്ക് വീണു.

ജോയ്സിലൂടെ എല്‍ഡിഎഫ് കര്‍ഷകരെ ഒന്നടങ്കം വഞ്ചിച്ചെന്നായിരുന്നു യുഡിഎഫിന്റെ വാദം. ലോക്സഭയിലെ ജോയ്സിന്റെ പ്രകടനങ്ങള്‍ നിരത്തിയ എല്‍ഡിഎഫിന് അത് വോട്ടാക്കി മാറ്റാന്‍ അന്ന് സാധിക്കാതെ പോയി. ഫലം വന്നപ്പോള്‍ 1.71 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഡീനിന്റെ വിജയം. മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടിന്റെ 54 ശതമാനവും ഡീനിന്റെ പെട്ടിയിലായിരുന്നു. ജോയ്സിന്റെ വോട്ടുവിഹിതം 46 ശതമാനത്തില്‍ നിന്ന് 35ലേക്ക് വീഴുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്വല വിജയം നേടിയ മണ്ഡലങ്ങളുടെ പട്ടികയില്‍ മുന്നില്‍ ഇടുക്കിയുമുണ്ടായി. ഇത്തവണയും ഡീനിനും കോണ്‍ഗ്രസിനും പിഴച്ചില്ല. വിവാദങ്ങളില്‍ കേന്ദ്രീകരിക്കാതെ മാനുഷിക പ്രശ്‌നങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടി ഡീന്‍ നടത്തിയ വോട്ടഭ്യര്‍ഥന ഇടുക്കിക്കാര്‍ സ്വീകരിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഭൂരിപക്ഷത്തില്‍ നേരിയ കുറവ് നേരിട്ടുവെന്നത് മാത്രമാണ് തിരിച്ചടിയായത്.

logo
The Fourth
www.thefourthnews.in