'മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക, ചിരി മായാതെ മടങ്ങൂ ടീച്ചര്‍...', കെ കെ ശൈലജയോട് കെ കെ രമ

'മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക, ചിരി മായാതെ മടങ്ങൂ ടീച്ചര്‍...', കെ കെ ശൈലജയോട് കെ കെ രമ

അരലക്ഷത്തിലധികം വോട്ടുകള്‍ നേടിയാണ് വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ മുന്നേറുന്നത്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ യുഡിഎഫ് മുന്നേറ്റം തുടരുന്നതിനിടെ വികാരപരമായ കുറിപ്പുമായി ആര്‍ എംപി നേതാവും എംഎല്‍എയുമായ കെ കെ രമ. ചിരി മായാതെ മടങ്ങൂ ടീച്ചര്‍.. എന്ന് തുടങ്ങുന്നതാണ് വികാരപരമായ ഫേസ്ബുക്ക് കുറിപ്പ്.

ചിരി മായാതെ മടങ്ങൂ ടീച്ചര്‍..

മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്...

ഇവിടുന്ന് മടങ്ങുമ്പോള്‍ അങ്ങനെയേ

മടങ്ങാവൂ??..

മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തു പിടിച്ച നാടാണിത്.

മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേര്‍ത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യര്‍ക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേര്‍ത്തു പിടിച്ച് യാത്രയാക്കുകയാണ്...

രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാന്‍ കഴിയുന്നതല്ലേ ഭാഗ്യം...

വരും തിരഞ്ഞെടുപ്പുകളില്‍ മതമല്ല,

മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാന്‍

ഇന്നാട് ബാക്കിയുണ്ട്..

സ്വന്തം,

കെ കെ രമ

അതിനിടെ, അരലക്ഷത്തിലധികം വോട്ടുകള്‍ നേടിയാണ് വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ മുന്നേറുന്നത്. എതിരാളിയായ സി പിഎമ്മിലെ കെ കെ ശൈലജയ്ക്ക് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും മുന്നേറാന്‍ കഴിഞ്ഞില്ല. കേരളം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു വടകര. വടകരയില്‍ ഇത്തവണയും തിരഞ്ഞെടുപ്പ് ചർച്ചകളിൽ ഒന്നായിരുന്നു ടിപി വധം.

logo
The Fourth
www.thefourthnews.in