തിരിച്ചുവരവുകളുടെ തരൂര്‍, തിരുവനന്തപുരത്തിന്റെയും

തിരിച്ചുവരവുകളുടെ തരൂര്‍, തിരുവനന്തപുരത്തിന്റെയും

ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് തരൂരിന്റെ മുന്നേറ്റം

അവസാന ലാപ്പില്‍ ഓടിക്കയറുകയെന്ന പതിവ് ഇക്കുറിയും ശശി തരൂര്‍ തെറ്റിച്ചില്ല. തലസ്ഥാന നഗരത്തിന്റെ തീരദേശ-ഗ്രാമീണ മേഖലകളുടെ വിശ്വാസത്തില്‍ കരുത്തുനേടിയ തരൂര്‍ തുടര്‍ച്ചയായ നാലാം തവണയും തിരുവനന്തപുരത്തു നിന്ന് ന്യൂഡല്‍ഹിയിലേക്ക് വിമാനം കയറും. ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് തരൂരിന്റെ മുന്നേറ്റം. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ 15879 വോട്ടിന്റെ ഭൂരിപക്ഷമാണ് തരൂരിന് തിരുവനന്തപുരത്തുകാര്‍ നല്‍കിയത്.

353518 വോട്ടുകളാണ് തരൂര്‍ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖര്‍ 337639 വോട്ടുകള്‍ നേടിയപ്പോള്‍ 244291 വോട്ടുകള്‍ നേടിയ സിപിഐയുടെ പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരു ഘട്ടത്തില്‍ കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് രാജീവ് ചന്ദ്രശേഖര്‍ ലീഡ് പിടിച്ചെടുത്തെങ്കിലും അവസാന റൗണ്ടുകളില്‍ തരൂര്‍ വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു.

മണ്ഡലത്തില്‍ ആദ്യം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതും പ്രചാരണം ആരംഭിച്ചതും എല്‍ഡിഎഫ് ആയിരുന്നു. വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ വരവ്. മണ്ഡലത്തെ ഒരുതവണ പ്രതിനിധീകരിച്ചയാള്‍ എന്ന നിലയിലും നഗരത്തിലെ സ്ഥിര സാന്നിധ്യവും സൗമ്യസ്വഭാവവും പന്ന്യന് മുതല്‍ക്കൂട്ടാണെന്ന് ഇടതുമുന്നണി വിലയിരുത്തി.

പന്ന്യന്‍ രവീന്ദ്രന്‍
പന്ന്യന്‍ രവീന്ദ്രന്‍

രാജീവ് ചന്ദ്രശേഖറിന്റെ വരവ് ത്രികോണ മത്സരത്തിലേക്ക് മണ്ഡലത്തെ കൊണ്ടെത്തിച്ചു. മണ്ഡലത്തില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്ന പ്രചാരണം ശക്തമായിരുന്നു. നഗരത്തില്‍ വോട്ട് ഉയര്‍ത്താന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ ഇടതുമുന്നണി പ്രചാരണം ഗ്രാമ മണ്ഡലങ്ങളിലേക്ക് തിരിച്ചുവിട്ടു. പന്ന്യന്‍ രവീന്ദ്രന്‍ എംപിയായിരുന്ന സമയത്ത് കൊണ്ടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു. മറുവശത്ത് ശശി തരൂര്‍, മോദി സര്‍ക്കാരിനെ താഴെയിറക്കാനാണ് വോട്ട് ചോദിച്ചത്. തിരുവനന്തപുരത്തെ ഹൈടെക്ക് നഗരമാക്കി മാറ്റുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം.

ശശി തരൂര്‍
ശശി തരൂര്‍

ഇതിനിടെ, സ്വത്ത് വിവരം മറച്ചുവച്ച് സത്യവാങ്മൂലം നല്‍കിയെന്ന ആരോപണം രാജീവിന് എതിരെ ഉയര്‍ന്നത് ബിജെപിയെ പ്രതിസന്ധിയിലാക്കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതില്‍ നല്‍കിയ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചോ എന്ന് അന്വേഷിക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. കേരളത്തിലെ സ്റ്റാര്‍ മണ്ഡലങ്ങളില്‍ ഒന്നായി മാറിയ തിരുവനന്തപുരം, ബിജെപിയുടെ എ പ്ലസ് മണ്ഡലമായി മാറി. വമ്പന്‍മാരെ വാഴിച്ചും വീഴ്ത്തിയും രാഷ്ട്രീയ നിലപാടില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ പ്രകടമാക്കിയിരുന്ന മണ്ഡലം, കഴിഞ്ഞ മൂന്നുതവണയായി തരൂരിനൊപ്പമായിരുന്നു.

പി എസ് നടരാജപിള്ള, വി കെ കൃഷ്ണമേനോന്‍, എം എന്‍ ഗോവിന്ദന്‍ നായര്‍, കെ കരുണാകരന്‍, പന്ന്യന്‍ രവീന്ദ്രന്‍, പി കെ വാസുദേവന്‍ നായര്‍ തുടങ്ങിയ പ്രമുഖര്‍ വിജയിച്ച മണ്ഡലമാണ് തിരുവനന്തപുരം. പട്ടം താണുപിള്ള, ഡി ദാമാദരന്‍ പോറ്റി, ടി കെ നാരായണ പിള്ള, ഒഎന്‍വി കുറുപ്പ്, ഒ രാജഗോപാല്‍ തുടങ്ങിയ പ്രമുഖര്‍ക്ക് തോല്‍വി സമ്മാനിച്ചതും ഇതേ തിരുവനന്തപുരമാണ്.

രാജീവ് ചന്ദ്രശേഖര്‍
രാജീവ് ചന്ദ്രശേഖര്‍

മിക്കപ്പോഴും കോണ്‍ഗ്രസിനൊപ്പം, ഇടയ്ക്ക് ഇടത്തേക്ക്, ശക്തി കുത്തനെ കൂട്ടി ബിജെപി

മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിനൊപ്പം നിന്ന ചരിത്രമാണ് തിരുവനന്തപുരത്തിനുള്ളത്. തിരുവനന്തപുരം മണ്ഡലത്തില്‍ ഇടതുമുന്നണിക്കായി മത്സരിച്ചു പോരുന്നത് സിപിഐയാണ്. 1977ല്‍ എം എന്‍ ഗോവിന്ദന്‍ നായരിലൂടെയാണ് മണ്ഡലം ചുവന്നത്. എന്നാല്‍, പിന്നീട് 1996ലാണ് പിന്നീടൊരു സിപിഐ സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്.

മൂന്നു തവണ തുടര്‍ച്ചയായി വിജയിച്ച കോണ്‍ഗ്രസിന്റെ എ ചാള്‍സിനെ തോല്‍പ്പിച്ച് കെ വി സുരേന്ദ്രനാഥാണ് ചെങ്കൊടി പാറിച്ചത്. പിന്നീട് 2004ല്‍ പി കെ വാസുദേവന്‍ നായരും 2005ല്‍ പന്ന്യന്‍ രവീന്ദ്രനും സിപിഐക്കായി വിജയം നേടി. 1980ല്‍ കോണ്‍ഗ്രസിനായി നീലലോഹിതദാസന്‍ നാടാര്‍ പ്രമുഖനായ സിപിഐ നേതാവ് എം എന്‍ ഗോവിന്ദന്‍ നായരെ അടിപറയിച്ചതിനു ശേഷം പിന്നീട് നടന്ന മൂന്നു തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ എ ചാള്‍സ് വിജയം കണ്ടു. പിന്നീട് 1998ല്‍ കെ കരുണാകരനും 1999ല്‍ വി എസ് ശിവകുമാറും സീറ്റ് നിലനിര്‍ത്തിയപ്പോള്‍ 2009 മുതല്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ശശി തരൂരാണ്.

2009 തിരഞ്ഞെടുപ്പിനു ശേഷമുള്ള പൊതുതിരഞ്ഞെടുപ്പുകളില്‍ സിപിഐ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്തോടെ മണ്ഡലത്തില്‍ ബിജെപിക്കുള്ള ശക്തി ഈ വര്‍ഷങ്ങളില്‍ കുത്തനെ ഉയര്‍ന്നെന്ന് വ്യക്തമായി. 2014 തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാലാണ് തരൂരിനു പിന്നിലെത്തിയത്. തരൂര്‍ 2,97,806 വോട്ടുകള്‍ നേടിയപ്പോള്‍ രാജഗോപാല്‍ 2,82,336 വോട്ടുകള്‍ നേടി. 15,470 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു തരൂരിന്റെ വിജയം. പോള്‍ ചെയ്തതില്‍ 34.09 ശതമാനം വോട്ടുകള്‍ തരൂര്‍ നേടിയപ്പോള്‍ 32.32 ശതമാനം രാജഗോപാലിന് അനുകൂലമായി. തൊട്ടുമുന്‍പത്തെ തിരഞ്ഞെടുപ്പിനേക്കാള്‍ 20.92 ശതമാനം വോട്ടുകളാണ് ബിജെപി വര്‍ധിപ്പിച്ചത്.

ഈ തിരഞ്ഞെടുപ്പിലാണ് സിപിഐ പേയ്മെന്റ് സീറ്റ് വിവാദം നേരിടേണ്ടി വന്നത്. കാരക്കോണം മെഡിക്കല്‍ കോളേജിന്റെ ഡയറക്ടര്‍ കൂടിയായിരുന്ന ബെനറ്റ് എബ്രഹാം ആയിരുന്നു സിപിഐക്ക് വേണ്ടി മത്സരിച്ചത്. പണം നല്‍കി വാങ്ങിയ സീറ്റാണിതെന്ന ആരോപണം അക്കാലത്ത് ശക്തമായി ഉയരുകയും തിരഞ്ഞെടുപ്പില്‍ ബെനറ്റ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.

2019 തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി കുമ്മനം രാജശേഖരനേയും സിപിഐക്കായി സി ദിവാകരനേയുമാണ് ശശി തരൂര്‍ നേരിട്ടത്. 99,989 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തരൂരിന്റെ വിജയം. 2014നേക്കാള്‍ 7.10 ശതമാനം വോട്ടുകള്‍ അധികം നേടി 41.19 ശതമാനത്തില്‍ 4,161,31 വോട്ടുകളാണ് തരൂര്‍ സ്വന്തമാക്കിയത്. കുമ്മനം രണ്ടാംസ്ഥാനത്ത് എത്തിയപ്പോള്‍ ദിവാകരന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

2010 മുതല്‍ ഇങ്ങോട്ട് മണ്ഡലത്തിന്റെ നഗരപ്രദേശങ്ങളില്‍ ബിജെപി വലിയ ശക്തിയായി മാറിയെന്ന് തെളിയിക്കുന്നതായിരുന്നു കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്. 100 കൗണ്‍സിലര്‍മാരില്‍ 35 പേരും ബിജെപിക്കാരായതും മുഖ്യപ്രതിപക്ഷമായതും പാര്‍ട്ടി നേടിയ ജനപിന്തുണ വ്യക്തമാക്കുന്നുണ്ട്.

കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍കര എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ലോക്സഭ മണ്ഡലം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോവളം ഒഴികെ എല്ലാ മണ്ഡലങ്ങളും ഇടതുപക്ഷം തൂത്തുവാരി. അതിനാല്‍ കൃത്യമായ രാഷ്ട്രീയനിലപാടുകള്‍ സ്ഥിരമായി സ്വീകരിക്കുന്ന മണ്ഡലമായി തിരുവനന്തപുരത്തെ കണക്കാക്കാന്‍ സാധിക്കില്ല.

logo
The Fourth
www.thefourthnews.in