ബംഗാളിലും 'ഹൈന്ദവ കാര്‍ഡ്' ഇറക്കി മോദി; ജാതി-മതം പറഞ്ഞ് അഞ്ച് ഗ്യാരന്റികള്‍

ബംഗാളിലും 'ഹൈന്ദവ കാര്‍ഡ്' ഇറക്കി മോദി; ജാതി-മതം പറഞ്ഞ് അഞ്ച് ഗ്യാരന്റികള്‍

തൃണമൂല്‍ കോണ്‍ഗ്രസിനും മമതാ ബാനര്‍ജിക്കും കീഴില്‍ ബംഗാളിലെ ഹൈന്ദവര്‍ രണ്ടാം തരം പൗരന്മാരായി മാറുമെന്നാണ് മോദി ഇന്നു നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ തുറന്നടിച്ചത്

പശ്ചിമ ബംഗാളില്‍ നാലാം ഘട്ട ലോക്‌സഭാ തതിരഞ്ഞെടുപ്പിന് മുന്നോടിയായി 'ഹൈന്ദവ കാര്‍ഡ്' പുറത്തടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂല്‍ കോണ്‍ഗ്രസിനും മമതാ ബാനര്‍ജിക്കും കീഴില്‍ ബംഗാളിലെ ഹൈന്ദവര്‍ രണ്ടാം തരം പൗരന്മാരായി മാറുമെന്നാണ് മോദി ഇന്നു നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ തുറന്നടിച്ചത്. തൃണമൂലും മമതയും മറ്റു പ്രതിപക്ഷവും വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മറ്റു മതസ്ഥര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്നും ബംഗാളിലെ ഹൈന്ദവര്‍ അത് കണ്ട് മാറി നില്‍ക്കേണ്ടി വരുമെന്നുമാണ് മോദി പറഞ്ഞത്.

രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ വിവാദമായതിനു പിന്നാലെയാണ് ബംഗാളിലും വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് മോദി തയാറായത്. ബംഗാളില്‍ ഹിന്ദുക്കള്‍ ഇപ്പോള്‍ തന്നെ അവഗണന അനുഭവിക്കുകയാണെന്നും ആചാരങ്ങള്‍ പാലിക്കാന്‍ പോലും ഹൈന്ദവര്‍ക്ക് കഴിയുന്നില്ലെന്നും രാമനവമി ആചരിക്കുന്നതിനു പോലും ഹൈന്ദവര്‍ക്ക് ബുദ്ധിമുട്ട് നേരിടുകയാണെന്നും മോദി പറഞ്ഞു.

''ബംഗാളിനെ വോട്ട് ബാങ്കിനു വേണ്ടി തൃണമൂല്‍ പണം വച്ചിരിക്കുകയാണ്. ഇവിടെ ഹൈന്ദവര്‍ക്ക് ശ്രീരാമ നാമം ഉച്ഛരിക്കാന്‍ പോലും കഴിയുന്നില്ല. ഹൈന്ദവര്‍ ഇവിടെ രണ്ടാം തരം പൗരന്മാരായി മാറുകയാണ്. രാമനവമി ആഘോഷിക്കുന്നതിനു പോലും ഹൈന്ദവര്‍ ബുദ്ധിമുട്ടുന്നു. ഹൈന്ദവര്‍ ഇവിടെ രണ്ടാം തരം പൗരന്മാരായി മാറുകയാണ്. തൃണമൂലാണ് അതിന് കാരണം''- മോദി പറഞ്ഞു.

ഇതിനു പുറമേ ബംഗാളിന് അഞ്ച് 'ഗ്യാരന്റികള്‍' നല്‍കാനും മോദി മറന്നില്ല. എല്ലാം മത-ജാതി അടിസ്ഥാനത്തിലായിരുന്നു താനും. താന്‍ ജീവനോടെ ഉള്ളിടത്തോളം കാലം മതാടിസ്ഥാനത്തില്‍ സംവരണം ഉണ്ടാകില്ലെന്നും പട്ടികജാതി/പട്ടികവര്‍ഗ/ഒബിസി സംവരണം അവസാനിപ്പിക്കില്ലെന്നും പറഞ്ഞ മോദി പൗരത്വ നിയമം ഉറപ്പായും നടപ്പാക്കുമെന്നും ഒരാള്‍ക്കും അത് തടയാനാകില്ലെന്നും ശ്രീരാമ ക്ഷേത്രത്തിന് അനുകൂലമായ കോടതി വിധികള്‍ ഒരു കാലത്തും അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും 'ഗ്യാരന്റി' നല്‍കി.

പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' വോട്ട് ജിഹാദിനാണ്' ശ്രമിക്കുന്നതെന്നും ഹൈന്ദവരെ ഭാഗീരഥി നദിയിലെറിഞ്ഞു കൊല്ലാനാണ് തൃണമൂല്‍ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ പരാമര്‍ശത്തെ പരോക്ഷമായി ഊന്നിപ്പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം.

logo
The Fourth
www.thefourthnews.in