സ്വന്തമായി വീടും കാറും ഭൂമിയുമില്ലാത്ത 'രാജാവ്'; മൈസൂർ - കുടഗ് മണ്ഡലം ബിജെപി സ്ഥാനാർഥി

സ്വന്തമായി വീടും കാറും ഭൂമിയുമില്ലാത്ത 'രാജാവ്'; മൈസൂർ - കുടഗ് മണ്ഡലം ബിജെപി സ്ഥാനാർഥി

നാമ നിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് സ്വത്തുവിവരങ്ങള്‍ വ്യക്തമാക്കുന്നത്

താമസം മൈസൂർ അമ്പാവിലാസം കൊട്ടാരത്തിൽ,  യാത്ര രാജ മുദ്ര പതിപ്പിച്ച കാറിൽ... പക്ഷേ, മൈസൂർ വൊഡയാർ രാജവംശത്തിലെ പിന്മുറക്കാരൻ യദുവീർ കൃഷ്ണദത്ത  ചാമരാജ വോഡയാർക്ക് ഇതൊന്നും സ്വന്തമല്ല. മൈസൂർ-കുടഗ് മണ്ഡലത്തിൽ  ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന ഇദ്ദേഹം വരണാധികാരിക്ക്  മുന്നിൽ പത്രിക സമർപ്പിച്ചപ്പോഴാണ്  കൗതുകം ജനിപ്പിക്കുന്ന ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമായത്.

സ്വന്തമായി വീടില്ല, കൃഷി ഭൂമിയോ കര ഭൂമിയോ സ്വന്തം പേരിലില്ല, സ്വന്തമായൊരു കാറില്ല. ബിസിനസ് സംരംഭങ്ങളില്ല, മൈസൂർ രാജ്യം ഭരിച്ച വൊഡയാർ രാജാക്കന്മാരുടെ പിന്മുറക്കാരൻ തന്നെയാണോ ഇത് പറയുന്നതെന്ന് കേൾക്കുന്നവർ ശങ്കിക്കും. എന്നാല്‍ സംശയിക്കേണ്ട, സാക്ഷാൽ  യദുവീർ കൃഷ്ണ ദത്ത ചാമരാജ വൊഡയാർ തന്നെയാണ് കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. വരണാധികാരിക്ക് സമർപ്പിച്ച  മറ്റു വിവരങ്ങൾ പ്രകാരം 4 .99  കോടി രൂപയുടെ സ്വത്തു വകകൾ ആണ്  'മൈസൂർ രാജാവിന്' ഉള്ളത്. ഇതിൽ ഭാര്യ  ത്രിശ്ശിഖ കുമാരിയുടെ കൈവശം  1.04  കോടി രൂപയും  തന്റെ കൈവശം 3.64  കോടി രൂപയും  ഉണ്ടെന്നാണ്  യദുവീർ സമർപ്പിച്ച കണക്ക്.

യദുവീറിന്റെ കൈവശം നാല് കിലോഗ്രാം സ്വർണമുണ്ട് . ഇതുൾപ്പെടെ കൈവശമുള്ള ലോഹങ്ങൾ 3.39 കോടി രൂപ മതിപ്പു വിലയുള്ളതാണ്. ഭാര്യയുടെ കൈവശം ഒരു കോടി രൂപ വിലവരുന്ന വിവിധ ലോഹങ്ങളിലുള്ള ആഭരണങ്ങൾ ഉണ്ടെന്നും  ബിജെപി സ്ഥാനാർഥി യദുവീർ കൃഷ്ണദത്ത വോഡയാർ  തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സാക്ഷ്യപ്പെടുത്തി.

അമ്മ  പ്രമോദാ ദേവിക്കൊപ്പം എത്തിയാണ് യദുവീർ പത്രിക സമർപ്പിച്ചത്. മൈസൂർ കൊട്ടാരത്തിലേക്കു മൂന്നു വയസുള്ളപ്പോൾ ദത്തെടുക്കപ്പെട്ടയാളാണ് 32 വയസുകാരനായ യദുവീർ. 2015-ൽ ആയിരുന്നു 'മൈസൂർ രാജ്യത്തിന്റെ' ഇരുപത്തി ഏഴാമത്തെ ഭരണാധികാരിയായി യദുവീറിന്റെ അഭിഷേക ചടങ്ങു നടന്നത് . മൈസൂർ അമ്പാവിലാസം കൊട്ടാരത്തിൽ നിന്ന് ആദ്യമായി  ജനാധിപത്യ ഇന്ത്യയിലെ ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആളാണ്  യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ.

രാജകുടുംബ പരിവേഷം സ്ഥാനാർത്ഥിയുടെ വിജയത്തിന് തടസമാകാതിരിക്കാനുള്ള ശ്രമത്തിലാണ്  ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടത്തിന് വേദിയാകുന്ന  കർണാടകയിലെ  മണ്ഡലങ്ങളിൽ ഒന്നാണ്  മൈസൂർ-കുടഗ്  മണ്ഡലം. സിറ്റിംഗ് എം പി പ്രതാപ് സിംഹക്കു ടിക്കറ്റ് നിഷേധിച്ചാണ്  ബിജെപി ദേശീയ നേതൃത്വം രാജകുടുംബാംഗമായ യദുവീറിന്  ടിക്കറ്റ് നൽകിയത്. കോൺഗ്രസിന്റെ എം ലക്ഷ്മണയാണ്  യദുവീറിന് മണ്ഡലത്തിൽ എതിരാളി. തുടക്കത്തിൽ വിമത ശബ്ദമുയർത്തിയ പ്രതാപ് സിൻഹ  നിലവിൽ യദുവീറിനൊപ്പം വോട്ടു തേടാനിറങ്ങുന്നുണ്ട്.

സ്വന്തമായി വീടും കാറും ഭൂമിയുമില്ലാത്ത 'രാജാവ്'; മൈസൂർ - കുടഗ് മണ്ഡലം ബിജെപി സ്ഥാനാർഥി
കച്ചത്തീവ് കത്തിച്ച് വോട്ടാക്കാൻ ബിജെപി; ദ്വീപിന്റെ അധികാരക്കൈമാറ്റത്തിന് കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

കർണാടക മുഖ്യമന്ത്രി  സിദ്ധരാമയ്യയുടെ വരുണ നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന പ്രദേശമാണ്  മൈസൂർ - കുടഗ്  ലോക്സഭാ മണ്ഡലം . സിദ്ധരാമയ്യയെ സംബന്ധിച്ചിടത്തോളം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയം  അഭിമാന പ്രശ്നമാണ്. വൊക്കലിഗ  സമുദായത്തിന് സ്വാധീനമുള്ള മേഖലയിൽ അതെ സമുദായക്കാരനെയാണ്  കോൺഗ്രസ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. രാജകുടുംബ പരിവേഷം സ്ഥാനാർത്ഥിയുടെ വിജയത്തിന് തടസമാകാതിരിക്കാനുള്ള ശ്രമത്തിലാണ്  ബിജെപി. 

logo
The Fourth
www.thefourthnews.in