ജനവിധി അംഗീകരിച്ച് തിരുത്തലുകള്‍ വരുത്തും, സര്‍ക്കാരിനെതിരായ കുപ്രചരണങ്ങളെ പ്രതിരോധിക്കും; പ്രതികരണവുമായി പിണറായി
SAMEER A HAMEED

ജനവിധി അംഗീകരിച്ച് തിരുത്തലുകള്‍ വരുത്തും, സര്‍ക്കാരിനെതിരായ കുപ്രചരണങ്ങളെ പ്രതിരോധിക്കും; പ്രതികരണവുമായി പിണറായി

തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുന്നു

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കുമെന്നും പത്രക്കുറിപ്പില്‍ പിണറായി വ്യക്തമാക്കി. അതേസമയം, സര്‍ക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കുമെന്നും പിണറായി.

പ്രസ്താവനയുടെ പൂര്‍ണരൂപം

ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്‌സഭ തെരഞ്ഞടുപ്പ് ഫലം. മാധ്യമങ്ങളില്‍ വലിയൊരു വിഭാഗത്തിന്റെയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജന്‍സികളുടെയും പണക്കൊഴുപ്പിന്റെയും പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങള്‍ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. വര്‍ഗീയതയും വിഭാഗീയതയും ഉയര്‍ത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യന്‍ ജനത തകര്‍ത്തത്.

ജനവിധി അംഗീകരിച്ച് തിരുത്തലുകള്‍ വരുത്തും, സര്‍ക്കാരിനെതിരായ കുപ്രചരണങ്ങളെ പ്രതിരോധിക്കും; പ്രതികരണവുമായി പിണറായി
നിയമസഭ മണ്ഡലങ്ങള്‍ യുഡിഎഫ് തൂത്തുവാരി; ബിജെപി പതിനൊന്നിടത്ത്, എല്‍ഡിഎഫ് പത്തൊമ്പതില്‍ ഒതുങ്ങി, കണക്കുകള്‍ ഇങ്ങനെ

കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കും. പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കും. സര്‍ക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കും.

ജനവിധി അംഗീകരിച്ച് തിരുത്തലുകള്‍ വരുത്തും, സര്‍ക്കാരിനെതിരായ കുപ്രചരണങ്ങളെ പ്രതിരോധിക്കും; പ്രതികരണവുമായി പിണറായി
സുരേഷ് ഗോപിയും പവൻ കല്ല്യാണും മുതൽ കങ്കണയും രവികിഷനും വരെ; ലോക്‌സഭയിലേക്ക് എത്തുന്ന സിനിമാതാരങ്ങൾ

തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുകയാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാതൃകയായ നമ്മുടെ നാട്ടില്‍ ബിജെപി ആദ്യമായി ലോക്‌സഭ മണ്ഡലം വിജയിച്ചത് വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. അതിന് മതനിരപേക്ഷ -ജനാധിപത്യ വിശ്വാസികളാകെ തയാറാകേണ്ടതാണ്. ആ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചും മതനിരപേക്ഷ മൂല്യങ്ങള്‍ക്കായി സമര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു പോകും.

ജനങ്ങളെ ചേര്‍ത്തു നിര്‍ത്തി നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി അടിയുറച്ച നിലപാടുകളുമായി മുന്നേറുന്നതിനുള്ള സമഗ്രവും സൂക്ഷ്മതലത്തിലുള്ളതുമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടില്‍ ബിജെപിക്കെതിരെ വോട്ടുചെയ്ത രാജ്യത്താകെയുള്ള സമ്മതിദായകരെ അഭിവാദ്യം ചെയ്യുന്നു.

logo
The Fourth
www.thefourthnews.in