'എന്റെ ജനനം ജൈവികമല്ല, ദൈവഹിതം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവന്‍';  അഭിമുഖത്തിൽ നരേന്ദ്രമോദി

'എന്റെ ജനനം ജൈവികമല്ല, ദൈവഹിതം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവന്‍'; അഭിമുഖത്തിൽ നരേന്ദ്രമോദി

ന്യൂസ് 18 ചാനലിന് വേണ്ടി റൂബിക ലിയാഖത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം

തന്റെ ജനനം ദൈവഹിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസ് 18 ചാനലിന് വേണ്ടി റൂബിക ലിയാഖത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രതികരണം. തന്റെ ജനനം ജൈവികമല്ല, മറിച്ച് ചില നിയോഗങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ദൈവം അയച്ചതാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. വിശ്രമമില്ലാതെ ജോലിയില്‍ തുടരുന്നത് എങ്ങനെയാണെന്നും തളരാത്തത് എന്തുകൊണ്ടാണെന്നുമുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

'എന്റെ അമ്മ മരിക്കുന്നതുവരെ ഞാന്‍ എന്നെ ഒരു സാധാരണ മനുഷ്യനായിട്ടാണ് കരുതിയത്. പക്ഷേ, അവരുടെ മരണശേഷം, എന്റെ ജീവിതത്തില്‍ നടന്നതും നടക്കുന്നതുമായ എല്ലാ സംഭവങ്ങളും കൂട്ടിയോജിപ്പിച്ചപ്പോള്‍ ഞാന്‍ ജീവശാസ്ത്രപരമായി ജനിച്ചതല്ലെന്ന് മനസ്സിലാക്കി. ഭൂമിയിലെ തന്റെ ജോലി പൂര്‍ത്തിയാക്കാന്‍ ദൈവം എന്നെ അയച്ചിരിക്കുന്നു. ഈ സ്ഥാനവും പ്രശസ്തിയും എല്ലാം അദ്ദേഹം നല്‍കി. അതുകൊണ്ട് തന്നെ തളരാതെ സജീവമായിരിക്കാനുള്ള ഊര്‍ജം എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ദൈവത്തിന്റെ ഒരു ഉപകരണം മാത്രമാണ്. അവന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്തും അവന്‍ എന്നിലൂടെ ചെയ്യുന്നു. ഞാന്‍ ഇതുവരെ ദൈവത്തെ കണ്ടിട്ടില്ല. മറ്റുള്ളവരെപ്പോലെ ഞാനും ദൈവത്തെ വിശ്വാസത്തോടെ ആരാധിക്കുന്നു,' എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

അഭിമുഖം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മോദിയെ അനുകൂലിച്ചും എതിർത്തും നിരവധി പ്രതികരണങ്ങളാണ് ഉയരുന്നത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ രണ്ട് ഘട്ടങ്ങൾ കൂടിയാണ് ബാക്കിനിൽക്കുന്നത്. മേയ് 25, ജൂൺ 1 എന്നീ ദിവസങ്ങളിലാണ് വോട്ടെടുപ്പ്. ജൂൺ 4 ന് ഫലപ്രഖ്യാപനം നടക്കും.

logo
The Fourth
www.thefourthnews.in