കരുത്തരെ വളര്‍ത്തിയും വീഴ്ത്തിയും രാഷ്ട്രീയ മാറ്റം, ഉത്തർപ്രദേശ് ഒരു കോട്ടയല്ല

കരുത്തരെ വളര്‍ത്തിയും വീഴ്ത്തിയും രാഷ്ട്രീയ മാറ്റം, ഉത്തർപ്രദേശ് ഒരു കോട്ടയല്ല

ഉത്തർപ്രദേശ് തിരിച്ചുപിടിക്കാനാകാത്ത ബിജെപിയുടെ ശക്തി കേന്ദ്രമായാണ് കഴിഞ്ഞ പത്തു വർഷം വിലയിരുത്തിയത്. അങ്ങനെ ഒരു കോട്ടയായി എക്കാലവും നിലനിൽക്കില്ല എന്ന് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം

ഇന്ത്യ സഖ്യത്തിന് ഈ തിരഞ്ഞെടുപ്പിൽ വഴികാട്ടുകയാണ് ഉത്തർപ്രദേശ് എന്ന് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ പലരും പറഞ്ഞിരുന്നു. ഉത്തർപ്രദേശ് മറ്റാർക്കും തിരിച്ചുപിടിക്കാനാകാത്ത തരത്തിൽ ബിജെപിയുടെ ശക്തി കേന്ദ്രമായാണ് കഴിഞ്ഞ പത്തു വർഷവും വിലയിരുത്തിയത്. എന്നാൽ അങ്ങനെ ഒരു കോട്ടയായി എക്കാലവും ഉത്തർപ്രദേശ് നിലനിൽക്കില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.

എസ്പിയും കോൺഗ്രസ്സും ചേർന്ന് 43 സീറ്റുകളിൽ വിജയിച്ചു. എൻഡിഎ 36 സീറ്റുകളിലും. ഹിന്ദുത്വയുടെ ലബോറട്ടറികളായി കണക്കാക്കിയിരുന്ന രണ്ട് സംസ്ഥാനങ്ങളാണ് ഗുജറാത്തും ഉത്തർപ്രദേശും. പക്ഷെ ഈ തിരഞ്ഞെടുപ്പോടുകൂടി ഉത്തർപ്രദേശ് ആ സംസ്ഥാനത്തിന്റെ യഥാർഥ അന്തസത്തയെ പ്രദർശിപ്പിക്കുകയായിരുന്നു എന്ന് വിലയിരുത്താവുന്നതാണ്.

ജവഹർലാൽ നെഹ്‌റു , ഇന്ദിര ഗാന്ധി, വി പി സിങ്, നരേന്ദ്രമോദി ഇന്ത്യയില്‍ ചരിത്രം കുറിച്ച പ്രധാനമന്ത്രിമാരെ വാഴ്ത്തുകയും വീഴ്ത്തുകയും ചെയ്തിട്ടുണ്ട് ഉത്തർപ്രദേശ്. ഏറ്റവും അധികം ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനം എന്ന രീതിയിൽ യുപിയിലെ ജനങ്ങൾ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം ഇന്ത്യയെ മൊത്തത്തിൽ സ്വാധീനിക്കുന്നതാണ്. 1952 മുതൽ 1977ൽ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന പൊതു തിരഞ്ഞെടുപ്പ് വരെ കോൺഗ്രസ് തുടർച്ചയായി മേൽകൈ നേടിയിരുന്ന സ്ഥലമാണ് ഉത്തർപ്രദേശ്.

1957 ലെ തിരഞ്ഞെടുപ്പ് മുതൽ തന്നെ ഉത്തർപ്രദേശിൽ നിന്ന് പ്രാതിനിധ്യം ഉറപ്പാക്കിയ ജനസംഘത്തിന് പക്ഷെ വലിയ വിജയങ്ങളൊന്നും ആ ഘട്ടത്തിൽ സാധ്യമായിരുന്നില്ല. 1967ൽ 12 സീറ്റുവരെ നേടുന്ന സാഹചര്യം ഉണ്ടായി. അപ്പോഴും 42 സീറ്റുകളുമായി ഒന്നാം സ്ഥാനത്ത് കോൺഗ്രസ് തന്നെയായിരുന്നു. '67 ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനസംഘവും സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയും, സിപിഐയും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുമുൾപ്പെടെയുള്ള കക്ഷികൾ ഒരുമിച്ച് നിന്ന് സംസ്ഥാന ഭരണം പിടിച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്കു മുൻപുള്ള കണക്കുകളിൽ ജനസംഘം ഏറ്റവുമധികം നേടിയ സീറ്റ് നേടിയതും ആ സമയത്തായിരുന്നു, 12 സീറ്റുകള്‍. ചരൺ സിങ്ങാണ് 1967ൽ സംയുക്ത വിധായക് ദളിന്റെ ഭാഗമായി ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായത്.

കരുത്തരെ വളര്‍ത്തിയും വീഴ്ത്തിയും രാഷ്ട്രീയ മാറ്റം, ഉത്തർപ്രദേശ് ഒരു കോട്ടയല്ല
പത്തില്‍ ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും തോല്‍വി, രണ്ട് സംസ്ഥാന മന്ത്രിമാരും കര കയറിയില്ല; യുപിയിൽ ബിജെപിക്ക് കനത്ത പ്രഹരം

1971ൽ വീണ്ടും കോൺഗ്രസ് നിലമെച്ചപ്പെടുത്തി. എന്നാൽ റായ്ബറേലിയിൽ നിന്ന് അന്ന് ജയിച്ച ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി രാജ് നരയ്ൻ രംഗത്തെത്തി. സർക്കാർ സംവിധാനങ്ങളുപയോഗിച്ച് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നതായിരുന്നു ഇന്ദിര ഗാന്ധിക്കെതിരെയുള്ള ആരോപണം. ഹൈക്കോടതിയും, സുപ്രീം കോടതിയും ആരോപണം ശരിവച്ചു. രാജ് നരയിനെ വിജയിയായി പ്രഖ്യാപിച്ചു. പിന്നാലെയാണ് 1975 ജൂൺ 25 ന് അർധരാത്രി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടുന്നത്.

ഈ കാലഘട്ടത്തിൽ ഇന്ദിര ഗാന്ധിക്കെതിരെ സോഷ്യലിസ്റ്റുകൾ നേതൃത്വം നൽകിയ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഭാരതീയ ജനസംഘം ഇന്ത്യയിൽ ദൃശ്യതയുണ്ടാക്കിയെടുക്കുന്നത്. ചരൺ സിങ് മുഖ്യമന്ത്രിയായ കാലത്ത് സംയുക്ത വിധായക് ദള്ളിന്റെ പ്രവർത്തനങ്ങളിൽ വലിയതോതിൽ ഇടപെടാൻ അപ്പോഴേക്കും ജനസംഘം ആരംഭിച്ചിരുന്നു.

അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞു. അന്ന് യുപിയിലുണ്ടായിരുന്ന 85 ലോക്സഭ സീറ്റുകളിൽ എല്ലായിടത്തും ചരൺ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഏഴു പാർട്ടികളുടെ കൂട്ടായ്മയായ ഭാരതീയ ലോക്ദൾ വിജയിച്ചു. ചരൺ സിങ് പ്രധാനമന്ത്രിയായി. ആ വർഷം തന്നെ ജനസംഘത്തെയും കൂടെ ചേർത്ത് ഭാരതീയ ലോക് ദൾ, ജനതാ പാർട്ടിയാകുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ഈ സംഭവവികാസങ്ങൾ മുഴുവൻ നടക്കുന്നത് യുപിയിലാണ്.

1980ൽ കോൺഗ്രസ് വീണ്ടും പ്രതാപത്തോടെ ഉത്തർപ്രദേശിൽ തിരിച്ചുവന്നു. 1984ൽ ഇന്ദിര ഗാന്ധി കൊല്ലപ്പെടുന്നു. ശേഷം നടന്ന തിരഞ്ഞെടുപ്പിൽ 83 സീറ്റുകൾ കോൺഗ്രസ് നേടുന്നു. അപ്പോഴേക്കും ജനസംഘം ഇന്ന് കാണുന്ന ബിജെപി ആയി മാറിയിരുന്നെങ്കിലും സീറ്റൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ 1989 മുതലുള്ള തിരഞ്ഞെടുപ്പുകളിൽ ശക്തമായ സാന്നിധ്യമായി ബിജെപി മാറി. '91ലും '96ലും '99ലും ഏറ്റവുമധികം സീറ്റുകൾ നേടിയത് ബിജെപി തന്നെയായിരുന്നു. 2004, 2009 കാലഘട്ടം എസ്പിയും ബിഎസ്പിയും കരുത്ത് വര്‍ധിപ്പിച്ച കാലവുമായിരുന്നു.

റായ്ബറേലിയും അമേഠിയും

ഗാന്ധി കുടുംബത്തിന്റെ കുത്തക മണ്ഡലങ്ങളാണ് റായ്ബറേലിയും അമേഠിയും. റായ്ബറേലി മണ്ഡലത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഫിറോസ് ഗാന്ധിയിൽ നിന്നാണ്. ഫിറോസ് ഗാന്ധിയുടെ മരണശേഷം ഇന്ദിര ഗാന്ധിയിലൂടെ ഗാന്ധി കുടുംബം തുടർന്നു. 1977ൽ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് ആദ്യമായി മണ്ഡലം കോൺഗ്രസിന്റെ കയ്യിൽ നിന്നും പോകുന്നത്. രാജ് നരയിൻ അന്ന് വിജയിച്ചു. എന്നാൽ റായ്ബറേലിക്കൊപ്പം ഗാന്ധി കുടുംബം പ്രധാനപ്പെട്ടതായി കണക്കാക്കിയ അമേഠിയിൽ ഈ സമയത്ത് രാജീവ് ഗാന്ധി വിജയിച്ചിട്ടുമുണ്ട്.

റായ്ബറേലിയും അമേഠിയും കോൺഗ്രസിന് ഒരുമിച്ച് നഷ്ടമാകുന്നത് 1996, '98 കാലയളവിലാണ്. വാജ്‌പേയി സർക്കാരുണ്ടാക്കുന്ന സമയത്ത്. പിന്നീടിങ്ങോട്ട് റായ്ബറേലി കോൺഗ്രസിനൊപ്പം മാത്രമേ നിന്നിട്ടുള്ളു. എന്നാൽ അമേഠിയിൽ 2019ൽ സ്‌മൃതി ഇറാനി വിജയിച്ചു. അന്ന് കോൺഗ്രസ് വിജയിച്ച ഒരേയൊരു മണ്ഡലം റായ്ബറേലിയായിരുന്നു. യുപിയിൽ നിന്നുള്ള ഏക കോൺഗ്രസ് എംപിയായി സോണിയ ഗാന്ധി മാറി.

ഇത്തവണ കോൺഗ്രസ് സ്വന്തമായി യുപിയിൽ ആറ് സീറ്റുകൾ നേടി. സമാജ്‌വാദി പാർട്ടിയോടൊപ്പം ചേർന്ന് ഭൂരിഭാഗം സീറ്റുകളിലും മുന്നണി വിജയിച്ചു. അതിനെല്ലാമൊപ്പം തങ്ങളുടെ തട്ടകമായ റായ്ബറേലിയും അമേഠിയും തിരിച്ചുപിടിച്ചു. അമേഠിയിലെ സ്‌മൃതി ഇറാനിയുടെ തോൽവി ബിജെപിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല.

കരുത്തരെ വളര്‍ത്തിയും വീഴ്ത്തിയും രാഷ്ട്രീയ മാറ്റം, ഉത്തർപ്രദേശ് ഒരു കോട്ടയല്ല
മൂന്നാം മോദി സര്‍ക്കാരിന് ബിജെപി വലിയ വിലനല്‍കേണ്ടിവരും; സമ്മര്‍ദം ശക്തമാക്കി സഖ്യകക്ഷികള്‍

പ്രധാനമന്ത്രിമാരെ വളർത്തിയും തളർത്തിയും

ഫുൽപൂരായിരുന്നു ജവഹർലാൽ നെഹ്‌റു മത്സരിച്ച മണ്ഡലം. പതിനഞ്ചു വർഷം നെഹ്‌റു ആ മണ്ഡലത്തിൽ നിന്ന് വിജയിച്ചു വന്നു. 1967 വരെ ഒരു കോൺഗ്രസ് കുത്തക മണ്ഡലമായിരുന്നു ഫുൽപുർ. പിന്നീട് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയും, ജനത പാർട്ടിയും, എസ്പിയും ബിഎസ്പിയും ബിജെപിയുമുൾപ്പെടെ നിരവധി കക്ഷികൾ വിജയിച്ചു വന്നു. റായ്ബറേലിയും ഇന്ദിര ഗാന്ധിയും ചരിത്രമായി തന്നെ നിലനിൽക്കും. ചരൺ സിങ്, പ്രധാനമന്ത്രി എന്ന രീതിയിലും, ഇന്ദിര ഗാന്ധിക്കെതിരെയുള്ള പോരാട്ടത്തിൽ ജനസംഘത്തിനു ദൃശ്യത നൽകിയതിന്റെ പേരിലും ഉത്തർപ്രദേശിന്റെ ചരിത്രത്തിന്റെ ഭാഗമാകും.

വി പി സിങ്
വി പി സിങ്

ആ പട്ടിക വി പി സിങ്ങിലൂടെ സഞ്ചരിച്ച് നരേന്ദ്രമോദിയില്‍ എത്തിനില്‍ക്കുന്നു നാലുലക്ഷത്തിലധികം വോട്ടു നേടി കഴിഞ്ഞ തവണ വിജയിച്ച നരേന്ദ്രമോദി ഇത്തവണ ഒരുലക്ഷത്തില്‍പരം വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് വിജയിക്കുന്നത്. അതേസമയത്ത് റായ്ബറേലിയിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം ഇത്തവണ മോദിയുടേതിന് ഇരട്ടിയാണ്. രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ് യു പി നല്‍കുന്നതെന്ന് ചരിത്രവും വര്‍ത്തമാനവും പരിശോധിച്ചാല്‍ തെളിഞ്ഞുവരും.

logo
The Fourth
www.thefourthnews.in