പൊന്നാനി: ലീഗിന്റെ പൊന്നാപുരം കോട്ട, ഇടതിന്റെ പരീക്ഷണശാല

പൊന്നാനി: ലീഗിന്റെ പൊന്നാപുരം കോട്ട, ഇടതിന്റെ പരീക്ഷണശാല

2009 മുതലുള്ള മൂന്ന് പൊതുതിരഞ്ഞടുപ്പിലും കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ പരീക്ഷണശാലയായിട്ടാണ് പൊന്നാനി അടയാളപ്പെടുത്തപ്പെട്ടത്

കടലുണ്ടിപ്പുഴ മുതല്‍ ഭാരതപ്പുഴവരെ, ഏറനാടും വള്ളുവനാടും ഉള്‍പ്പെടുന്ന പൊന്നാനി. രാജ്യം വീണ്ടും തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ഒരുകാലത്ത് ലോകത്തെ വിസ്മയിപ്പിച്ച മാമാങ്കത്തിന്റെ മണ്ണില്‍ സ്ഥാനാര്‍ഥികള്‍ കച്ചമുറുക്കിക്കഴിഞ്ഞു. കച്ചവടത്തിന്റെയും അധിനിവേശത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും വീര്യം കൊണ്ട് ഇന്ത്യന്‍ ചരിത്രത്തില്‍ ഇടംപിടിച്ച ഇടങ്ങളാണ് പൊന്നാനിയിലുള്ളത്.

സാമൂതിരിയും കുഞ്ഞാലി മരക്കാരും കടല്‍ കടന്നുള്ള വ്യാപാരവും മാമാങ്കവും പുരാതന ചരിത്രത്തില്‍ പൊന്നാനിയെ അടയാളപ്പെടുത്തുമ്പോള്‍ വാഗണ്‍ ട്രാജഡിയും മലബാര്‍ ലഹളയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും കെ കേളപ്പനും ഉള്‍പ്പെടെ ഈ മേഖലയുടെ രാഷ്ട്രീയപാരമ്പര്യത്തെ അടയാളപ്പെടുത്തുന്നു.

പൊന്നാനി

2011 ലെ സെന്‍സസ് പ്രകാരം പൊന്നാനിയിലെ ജനസംഖ്യയില്‍ 62.4 ശതമാനവും മുസ്ലീം വിഭാഗമാണ്. 37 ശതമാനം ഹിന്ദു വിഭാഗക്കാരും 0.6 ശതമാനം ക്രിസ്ത്യന്‍ വിഭാഗക്കാരും. മണ്ഡലത്തില്‍ 7.2 ശതമാനം പട്ടികജാതി വിഭാഗക്കാരും 0.2 ശതമാനം പട്ടികവര്‍ഗ വിഭാഗക്കാരും ഉള്‍പ്പെടുന്നു. സാക്ഷരത നിരക്ക് 80.4 ശതമാനം. ഈ കണക്കുകളാണ് പൊന്നാനിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെയും രാഷ്ട്രീയസമവാക്യങ്ങളുടെയും അടിസ്ഥാനം.

ഇന്ത്യയില്‍ മണ്ഡല പുനര്‍നിര്‍ണയം നടന്ന 2008 ന് ശേഷമാണ് ഇന്നത്തെ പൊന്നാനി ലോക്സഭാ മണ്ഡലം രൂപം കൊള്ളുന്നത്. ഇതിനുശേഷം നടന്ന മൂന്ന് പൊതുതിരഞ്ഞടുപ്പിലും കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ പരീക്ഷണശാലയായിട്ടാണ് പൊന്നാനി അടയാളപ്പെടുത്തപ്പെട്ടത്

മണ്ഡല പുനര്‍നിര്‍ണയം 2008

മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്നു. 2004-ലെ തിരഞ്ഞെടുപ്പ് വരെ പെരിന്തല്‍മണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങള്‍ പൊന്നാനിക്കു കീഴിലായിരുന്നു. പുനര്‍നിര്‍ണയം വന്നപ്പോള്‍ പെരിന്തല്‍മണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് ചേര്‍ക്കപ്പെടുകയും പുതുതായി തവനൂര്‍, കോട്ടയ്‌ക്കല്‍ മണ്ഡലങ്ങള്‍ രൂപീകൃതമാവുകയും ചെയ്തു.

പൊന്നാനി: ലീഗിന്റെ പൊന്നാപുരം കോട്ട, ഇടതിന്റെ പരീക്ഷണശാല
പൊന്നാനിയില്‍ സമദാനി, മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീര്‍; മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

രാഷ്ട്രീയ പരീക്ഷണശാല

ഇന്നത്തെ പൊന്നാനി ലോക്സഭാ മണ്ഡലം രൂപംകൊണ്ട ശേഷം നടന്ന മൂന്ന് പൊതുതിരഞ്ഞടുപ്പിലും കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ പരീക്ഷണശാലയായാണ് പൊന്നാനി അടയാളപ്പെടുത്തപ്പെട്ടത്. 1977 മുതല്‍ മുസ്ലീംലീഗിനെ പിന്തുണച്ചുവരുന്ന പൊന്നാനി പിടിക്കാന്‍ 2009 മുതല്‍ ഇടതുപക്ഷം നടത്തിയ ശ്രമങ്ങളാണ് രാഷ്ട്രീയ പരീക്ഷണശാല എന്ന ഖ്യാതി ഉണ്ടാക്കിയത്. സിപിഐ മത്സരിച്ചുവന്നിരുന്ന സീറ്റില്‍ പൊതുസ്വതന്ത്രരെ ഇറക്കി കളം പിടിക്കാനായിരുന്നു എല്‍ഡിഎഫ് ശ്രമിച്ചത്. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നു ഈ പരീക്ഷണങ്ങളുടെ തുടക്കം. 2009ല്‍ ഹുസൈന്‍ രണ്ടത്താണിയും 2014ല്‍ വി അബ്ദുറഹ്മാനും 2019ല്‍ പി വി അന്‍വറും ഈ പരീക്ഷണങ്ങളുടെ ഭാഗമായി.

ചുവക്കുന്ന മലപ്പുറം

ഐസ്‌ക്രീം പാര്‍ലര്‍ കേസും വിവാദങ്ങളും ചര്‍ച്ചാ വിഷയമായ 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയ്ക്ക് ലഭിച്ച ആത്മവിശ്വാസമായിരുന്നു പൊന്നാനിയിലെ പരീക്ഷണങ്ങളുടെ അടിസ്ഥാനം. കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്തും മങ്കടയില്‍ എം കെ മുനീറും തിരൂരില്‍ ഇ ടി മുഹമ്മദ് ബഷീറും ഉള്‍പ്പെടെയുള്ള ലീഗിന്റെ അതികായന്‍മാര്‍ അടിയറവ് പറഞ്ഞ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ സിപിഎം നേടിയ മുന്നേറ്റത്തിന്റെ ആത്മവിശ്വാസം മലപ്പുറം സമ്മേളനത്തില്‍ ഉള്‍പ്പെടെ പിണറായി വിജയനിലും പ്രകടമായിരുന്നു.

മലപ്പുറം ചുവക്കുന്നു എന്നായിരുന്നു ആ വിജയത്തിന്റെ അടിസ്ഥാനത്തിലുള്ള സിപിഎം മുദ്രാവാക്യം. പൊന്നാനി മണ്ഡലത്തിലെ ഏഴില്‍ നാല് സീറ്റും അത്തവണ ഇടത് പക്ഷത്തോട് ചേര്‍ന്നുനിന്നു. 2004 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ രണ്ടാമത്തെ ലോക്സഭാ മണ്ഡലമായ മഞ്ചേരിയില്‍ ഇടത് സ്ഥാനാര്‍ഥിയായ ടി കെ ഹംസ വിജയിച്ചതും സിപിഎം നേതാക്കളില്‍ കാലാവസ്ഥ തങ്ങള്‍ക്കനുകുലമാണെന്ന ധാരണ സൃഷ്ടിച്ചിരുന്നു.

പൊന്നാനി സീറ്റ് ഏറ്റെടുക്കാനുള്ള സിപിഎം നീക്കം അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനെ ചൊടിപ്പിച്ചു. പിണറായി വിജയനെ പരസ്യമായി വെല്ലുവിളിക്കുന്ന നിലയിലേക്ക് തര്‍ക്കം നീണ്ടു. മുന്നണി മര്യാദ കാണിച്ചില്ലെന്ന് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം മുന്‍പ് വെളിയം തുറന്നടിച്ചു. വെളിയത്തിന്റെ വിമര്‍ശനം കേട്ട് പിന്നോട്ടില്ലെന്ന് പിണറായി വിജയനും നിലപാട് വ്യക്തമാക്കി. മുന്നണി പിളര്‍ന്നേക്കുമെന്ന നിലയില്‍ അന്ന് ചര്‍ച്ചകള്‍ പുരോഗമിച്ചു.

സിപിഐക്ക് അപ്പുറം സിപിഎമ്മിലും പിണറായിയുടെ തന്ത്രങ്ങള്‍ക്ക് പിന്തുണ ഉണ്ടായിരുന്നില്ല. എതിര്‍ ചേരിയില്‍ പ്രധാനി അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തന്നെയായിരുന്നു. മുഖ്യമന്ത്രിയെയും അവഗണിച്ച് പരീക്ഷണം ജനങ്ങള്‍ക്ക് മുന്നിലേക്ക്. മലപ്പുറത്ത് അന്ന് പിണറായിയുടെ പടനായകനായി കെ ടി ജലീല്‍ ശക്തനായി.

പിണറായിയും മഅദനിയും വിഎസും

പൊതുസ്വതന്ത്രന്‍ എന്ന നിലയില്‍ സ്വീകാര്യനായ സ്ഥാനാര്‍ഥി, യുഡിഎഫിലെ അസംതൃപ്തര്‍ ഒപ്പം 2004 പൊതു തിരഞ്ഞെടുപ്പില്‍ പിഡിപി സ്വന്തമാക്കിയ 6.3 ശതമാനം വോട്ടുകള്‍. ഇതായിരുന്നു പ്രതീക്ഷ. പൊന്നാനിയിലെ ആദ്യ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്ന കുറ്റിപ്പുറത്തെ വേദി അന്ന് കേരളം ഏറെ ചര്‍ച്ച ചെയ്തു. മഅദനി വേദിയിലേക്ക് കടന്നുവന്നപ്പോള്‍ പിണറായി വിജയന്‍ എഴുന്നേറ്റ് സ്വീകരിച്ചു. വിഎസ് ഒരു വശത്ത് നിശബ്ദനായി നോക്കിയിരുന്നു.

പിണറായിയുടെ പ്രസംഗത്തില്‍ മഅദനി വാഴ്ത്തപ്പെട്ടവനായി. കണ്‍വെന്‍ഷന്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ചര്‍ച്ചകളുടെ ഗതിമാറി. മഅദനിയെ ആദരിച്ച പിണറായി വിഎസിനെ അവഗണിച്ചുവെന്ന നിലയിലായിരുന്നു അതിലൊന്ന്, കോയമ്പത്തൂര്‍ സ്ഫോടനക്കേസ് പ്രതി എന്ന മഅദനിയുടെ ടാഗ് ബിജെപിയുള്‍പ്പെടെ സംസ്ഥാനത്ത് ഉടനീളം ഉയര്‍ത്തിക്കാട്ടി. മഅദനി നേരിട്ട മനുഷ്യാവകാശ ലംഘനങ്ങളും അനീതികളും ചര്‍ച്ചയായതില്‍ കൂടുതല്‍ നെഗറ്റീവ് ചര്‍ച്ചകളായിരുന്നു ആ സമയം കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ വിഷയമായത്. പിണറായി വിജയനും അബ്ദുനാസര്‍ മഅദനിയും കൈകോര്‍ത്തപ്പോഴും പൊന്നാനി മുസ്ലീം ലീഗിനെ കൈവിട്ടില്ല.

ഫലം വന്നപ്പോള്‍ സിപിഎമ്മിന്റെ എല്ലാ കണക്കുകളും തെറ്റി. ഹുസൈന്‍ രണ്ടത്താണി റെക്കോഡ് മാര്‍ജിനില്‍ തോറ്റു. ഇ ടി മുഹമ്മദ് ബഷീറിനെ പൊന്നാനി ഡല്‍ഹിയിലേക്ക് അയച്ചു. 2009, 2014, 2019 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ഇ ടി മുഹമ്മദ് ബഷീറിനെ ചേര്‍ത്തുപിടിച്ചു പൊന്നാനി.

പോള്‍ ചെയ്ത വോട്ടിന്റെ 50.1 ശതമാനം നേടിയാണ് ഇ ടി മുഹമ്മദ് ബഷീര്‍ വിജയം ഉറപ്പിച്ചത്. ഇടത് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 39.4 ശതമാനം. മൂന്നാം സ്ഥാനത്ത് ബിജെപി നേടിയത് 7.5 ശതമാനം വോട്ടുകള്‍ മാത്രം. കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിച്ച പൊന്നാനിയും തവനൂരും തിരൂരും ഇടതുപക്ഷത്തെ കൈവിട്ടു. മൂന്ന് മണ്ഡലങ്ങളിലും കണക്കൂട്ടലുകള്‍ തെറ്റിച്ച് ലീഗ് സ്ഥാനാര്‍ഥി മുന്നേറി. പാലക്കാടന്‍ കാറ്റേറ്റ പാരമ്പര്യത്തില്‍ തൃത്താല മാത്രം ഇടത് സ്ഥാനാര്‍ഥിക്ക് ഒപ്പംനിന്നു. 2677 വോട്ടുകളുടെ ലീഡായിരുന്നു തൃത്താല ഇടതുസ്ഥാനാര്‍ഥിക്ക് നല്‍കിയത്.

പൊന്നാനി ഇഫക്റ്റില്‍ മലപ്പുറം ചുവപ്പിക്കാനിറങ്ങിയ പിണറായി വിജയനും സംഘത്തിനും സംസ്ഥാനത്ത് ആകെ തിരിച്ചടി നേരിട്ടു. പതിനാറ് സീറ്റില്‍ യുഡിഎഫ് ജയിച്ചുകയറി. ഇടതുപക്ഷം നാല് സീറ്റില്‍ ഒതുങ്ങി. കാസര്‍ഗോഡ്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍ മാത്രം സിപിഎമ്മിന് ഒപ്പം നിന്നു.

മത്സരിച്ച് നാല് സീറ്റുകളും തോറ്റെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ അന്ന് ചിരിച്ചു. തന്റെ വാക്കുകള്‍ കാലം തെളിയിച്ചുവെന്ന ഭാവത്തില്‍. വി എസ് അച്യുതാനന്ദന്‍ ഫല പ്രഖ്യാപനത്തിന് പിന്നാലെ പൊട്ടിച്ചിരിച്ചു. ആ ചിരി വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നു. പൊന്നാനിയിലെ ആദ്യ പരീക്ഷണം അവിടെ പാളി.

നിയമസഭാ തിരഞ്ഞെടുപ്പ് 2011

മണ്ഡല പുനര്‍നിര്‍ണയം അതിര്‍ത്തികള്‍ മാറ്റി നിശ്ചയിച്ച ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിന് കേരളം ഒരുങ്ങിയപ്പോള്‍ പൊന്നാനിയിലെ ഏഴ് സീറ്റിലും കാതലായ മാറ്റം കൈവന്നിരുന്നു. കുഞ്ഞാലിക്കുട്ടിയെ പരാജയത്തിന്റ കയ്പുനീര്‍ കുടിപ്പിച്ച കുറ്റിപ്പുറം മണ്ഡലം ഇല്ലാതായി. പകരം തവനൂര്‍ രൂപം കൊണ്ടു. സംവരണ മണ്ഡലമായിരുന്ന തൃത്താല ജനറല്‍ സീറ്റായി മാറി.

ഇടതും വലതും ഇഞ്ചോടിഞ്ച് പോരാടിയ 2011 ല്‍ കേരളത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. പക്ഷേ കേവല ഭൂരിപക്ഷത്തേക്കാള്‍ ഒരു സീറ്റ് അധികം നേടി യുഡിഎഫ് കേരളത്തിന്റെ ഭരണംപിടിച്ചു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയ്ക്ക് അധികാരമേല്‍ക്കാന്‍ വേണ്ട ഒരു സീറ്റ് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ തൃത്താലയിലൂടെ യുഡിഎഫിന് ലഭിച്ചു.

രാഹുല്‍ ബ്രിഗേഡ് എന്ന പേരില്‍ കേരളത്തിലെത്തിയ യുവ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായ വി ടി ബല്‍റാം രണ്ട് പതിറ്റാണ്ടിനുശേഷം തൃത്താലയെ തിരിച്ചുപിടിച്ചു. അങ്ങനെ 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഇടത് പക്ഷത്തിന്റെ അഭിമാനം കാത്ത മണ്ഡലവും സിപിഎമ്മിനെ കൈവിട്ടു. സിപിഎമ്മിന്റെ മണ്ഡലത്തിലെ മുതിര്‍ന്ന നേതാവുമായ പി മമ്മിക്കുട്ടിയെ ആയിരുന്നു അന്ന് യുവത്വത്തിന്റെ കരുത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അട്ടിമറിച്ചത്.

പൊന്നാനിയിലെ ഏഴ് മണ്ഡലങ്ങളില്‍ രണ്ടെണ്ണം മാത്രമായിരുന്നു 2009ല്‍ ഇടതുപക്ഷത്തിന് ഒപ്പംനിന്നത്. പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണനും തവനൂരില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച കെടി ജലീലും നിയമസഭയിലെത്തി. ലോക്സഭയില്‍ പൊന്നാനിയില്‍ പയറ്റി പരാജയപ്പെട്ടതും കുറ്റിപ്പുറത്ത് വിജയിച്ചതുമായ ഇടത് സ്വതന്ത്രന്‍ പരീക്ഷണം തവനൂരില്‍ ആവര്‍ത്തിച്ചു.

വീണ്ടും പൊന്നാനി മോഡല്‍- ഇടത് സ്വതന്ത്രന്‍ 2014

2006 ലെ തവനൂര്‍ മോഡലിന്റെ തനിയാവര്‍ത്തനമായിരുന്നു 2014 ല്‍ പൊന്നാനിയില്‍ ഇടതുപക്ഷം മുന്നോട്ടുവച്ചത്. ഇ ടി മുഹമ്മദ് ബഷീറിന് പൊന്നാനിയില്‍ രണ്ടാമൂഴം നല്‍കി മുസ്ലീം ലീഗ് എതിരാളിയെ കാത്തിരുന്നു. മലപ്പുറം കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളുടെ പരിണിത ഫലമായിരുന്നു അത്തവണ പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ഥി.

വ്യവസായിയും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന വി അബ്ദുറഹ്‌മാനെയായിരുന്നു ഇത്തവണ പൊന്നാനി പിടിക്കാന്‍ ഇടതുപക്ഷം നിയോഗിച്ചത്. കെഎസ് യു പ്രവര്‍ത്തകനായി രാഷ്ട്രീയജീവിതം ആരംഭിക്കുകയും ബാലജന സഖ്യത്തിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സജീവ പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തനത്തില്‍ സജീവമാവുകയും ചെയ്ത വി അബ്ദുറഹ്‌മാനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ കോണ്‍ഗ്രസിലെ അസംതൃപ്തരുടെ വോട്ടുകളായിരുന്നു എല്‍ഡിഎഫ് ലക്ഷ്യമിട്ടത്.

തിരൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ തുടങ്ങി വിവിധ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രവൃത്തിപരിചയവും പൊന്നാനി ലോക്സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തിന് ഗുണം ചെയ്തു. പി ഡിപി ബാന്ധവത്തെക്കാള്‍ ഈ തന്ത്രം ഗുണം ചെയ്തുവെന്ന് വേണം വിലയിരുത്താന്‍. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചു. പൊന്നാനിയില്‍ ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞു.

മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 25,140 ആയി കുറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പ് 50.1 ശതമാനം വോട്ട് നേടിയപ്പോള്‍ 2014 ല്‍ അത് 43.4 ശതമാനമായി കുറഞ്ഞു. ഇടത് സ്ഥാനാര്‍ഥിയുടെ വോട്ട് വിഹിതം 39.4 ശതമാനത്തില്‍നിന്നും 40.5 ശതമാനമായി മാറി. 2009 ല്‍ 7.5 ശതമാനം വോട്ട് നേടിയ ബിജെപി 8.6 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. ഒന്നാം മോദി സര്‍ക്കാരിന് വഴിവച്ച ബിജെപിയുടെ മുന്നേറ്റത്തിനും യുപിഎയുടെ തകര്‍ച്ചയ്ക്കും വഴിവച്ച തിരഞ്ഞെടുപ്പ് കാറ്റിനിടയിലും പൊന്നാനി യുഡിഎഫിനെ കൈവിടാന്‍ തയാറായില്ല. പൊന്നാനിയിലെ നിയമസഭാ മണ്ഡലങ്ങളില്‍ തൃത്താലയ്ക്ക് ഒപ്പം പൊന്നാനിയും തവനൂരും ഇത്തവണ എല്‍ഡിഎഫിന് ഭൂരിപക്ഷം നല്‍കി. എന്നാല്‍ സ്വന്തം നാടായ തിരൂര്‍ ഉള്‍പ്പെടെ വി അബ്ദുറഹ്‌മാനെ കൈവിട്ടു.

2014 പൊതു തിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും ലീഡ് ചെയ്ത പൊന്നാനിയിലെ നിയമ സഭാ മണ്ഡലങ്ങള്‍
2014 പൊതു തിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും ലീഡ് ചെയ്ത പൊന്നാനിയിലെ നിയമ സഭാ മണ്ഡലങ്ങള്‍

2016 നിയമസഭാ തിരഞ്ഞെടുപ്പ്‌

സോളാര്‍ കേസ്, ബാര്‍കോഴ, എന്‍ഡോസള്‍ഫാന്‍ സമരം, ജിഷ വധം, സ്ത്രീ സുക്ഷയും അഴിമതിയും വലിയതോതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ ഉലച്ച കാലം. 2016 ല്‍ കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു. 91 സീറ്റുകള്‍ നേടി ഇടതുപക്ഷത്തിന്റെ തിരിച്ചുവരവുകണ്ട തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി പദത്തിലെത്തി. കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്ന ആ വര്‍ഷം നേമത്തെ പ്രതിനിധീകരിച്ച് ഒ രാജഗോപാല്‍ നിയമസഭയിലെത്തി. കോണ്‍ഗ്രസ് 22 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ മൂസ്ലീം ലീഗ് 18 സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പം നിന്നു.

പൊന്നാനിയില്‍ ആ വര്‍ഷം ലീഗ് വലിയ വെല്ലുവിളി തന്നെ നേരിട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിക്കാര്‍ കൈവിട്ടെങ്കിലും വി അബ്ദുറഹ്‌മാനെ താനൂര്‍ ചേര്‍ത്തുപിടിച്ചു. 4918 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താനൂരില്‍ വി അബ്ദുറഹ്‌മാന്‍ ജയിച്ചുകയറി. തവനൂരില്‍ 17,064 വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കി ഹാട്രിക് വിജയം നേടിയ കെ ടി ജലീല്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായി. പൊന്നാനി മണ്ഡലം പി ശ്രീരാമകൃഷ്ണനെ ഒപ്പം നിര്‍ത്തി. ശ്രീരാമകൃഷ്ണന്‍ കേരള നിയമസഭാ സ്പീക്കറായി.

തൃത്താലയില്‍ 2009 ല്‍ ബല്‍റാമിനെ തുണച്ച യുവ, വനിതാ വോട്ടുകള്‍ ലക്ഷ്യമിട്ട് സിപിഎം ഇറക്കിയ മുസ്ലീം വനിതാ സ്ഥാനാര്‍ഥിക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ബല്‍റാം ലീഡുയര്‍ത്തി. സിപിഎം സ്ഥാനാര്‍ഥിയായി സുബൈദ ഇസ്ഹാഖിനെതിരെ മണ്ഡലത്തിലെ യാഥാസ്ഥിക മുസ്ലീം വിഭാത്തിന്റെ നിലപാടെടുത്തത് എല്‍ഡിഎഫിന് തിരിച്ചടിയായി. വി ടി ബല്‍റാം ലീഡുയര്‍ത്തി.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ്‌

ഒന്നാം മോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ തിരഞ്ഞെടുപ്പില്‍ ദേശീയ വിഷയങ്ങളായിരുന്നു കേരളം ചര്‍ച്ച ചെയ്തത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെ കേരളം ദേശീയ ശ്രദ്ധയിലെത്തി. തിരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തൂവാരി. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 19 ലും യുഡിഎഫ് മിന്നുന്ന വിജയം നേടി. ഇടതുപക്ഷം ആലപ്പുഴയില്‍ കനല്‍ ഒരു തരിയായി ഒതുങ്ങി.

പൊന്നാനിയില്‍ ഇത്തവണയും ഇടതുപക്ഷം പരീക്ഷിച്ചത് പൊതുസ്വതന്ത്രന്‍ എന്ന പരീക്ഷണമാണ്. നിലമ്പൂര്‍ എംഎല്‍എയും വ്യവസായിയുമായ പി വി അന്‍വറിനായിരുന്നു 2019ലെ നിയോഗം. മൂന്ന് വര്‍ഷം നിലമ്പൂര്‍ എംഎല്‍എയായി പ്രവര്‍ത്തിച്ച ശേഷമായിരുന്നു അന്‍വര്‍ പൊന്നാനിയിലേക്ക് ഇറങ്ങിയത്. നിലമ്പൂരിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അന്‍വര്‍ വോട്ട് തേടിയത്. പൊന്നാനിയില്‍ തോറ്റാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് പോലും പ്രഖ്യാപിച്ചു ഒരുഘട്ടത്തില്‍ അന്‍വര്‍.

ഇ ടി മുഹമ്മദ് ബഷീറിന് മൂന്നാമതും അവസരം നല്‍കിയ മുസ്ലീം ലീഗ് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചില്ല. ഒപ്പം അന്‍വറില്‍ പാര്‍ക്ക് വിവാദങ്ങളും കേസുകളും മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാക്കാനും യുഡിഎഫിന് ആയി. അതിദയനീയമായി പി വി അന്‍വര്‍ പൊന്നാനിയില്‍ തോറ്റു. യുഡിഎഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീര്‍ 1,93,273 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഇടത് കേന്ദ്രങ്ങള്‍ പോലും പി വി അന്‍വറിനെ കൈവിട്ടു.

51.3 ശതമാനം വോട്ടുകളായിരുന്നു അന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീര്‍ സ്വന്തമാക്കിയത്. പി വി അന്‍വര്‍ 32.3 ശതമാനം വോട്ടുകള്‍ നേടി. ബിജെപിയുടെ വോട്ട് ശതമാനം പത്ത് ശതമാനം (10.9) പിന്നിട്ടു എന്നതാണ് മറ്റൊരു വസ്തുത. ഒരു ലക്ഷത്തില്‍ അധികം വോട്ടുകളാണ് അന്ന് സ്ഥാനാര്‍ഥി വി ടി രമ നേടിയത്. പതിനായിരത്തിലധികം വോട്ടുകള്‍ നേടി എസ്ഡിപിഐയും പൊന്നാനിയില്‍ സജീവമായി.

2021 നിയമസഭാ തിരഞ്ഞെടുപ്പ്‌

ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഒരു സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ച തിരഞ്ഞെടുപ്പായിരുന്നു 2021 ലെ ജനവിധി. ഈ തിരഞ്ഞെടുപ്പും പൊന്നാന്നിയുടെ രാഷ്ട്രീയ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ട്. എഴ് മണ്ഡലങ്ങളില്‍ തൃത്താലയും പൊന്നാനിയും തവനൂരും താനൂരും സിപിഎമ്മിനൊപ്പം നിന്നു. തിരൂരങ്ങാടി, കോട്ടക്കല്‍, തിരൂര്‍ മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പവും. വി ടി ബല്‍റാമിനെ വീഴ്ത്തിയ എം ബി രാജേഷ് രണ്ടാം പിണറായി മന്ത്രിസഭയില്‍ ആദ്യം സ്പീക്കറും പിന്നീട് തദ്ദേശ- എക്‌സൈസ് വകുപ്പ് മന്ത്രിയുമായി. ഇടതുപക്ഷത്തെ വിശ്വസിച്ച് കൂടെനിന്ന വി അബ്ദുറഹ്‌മാനും മന്ത്രിസഭയില്‍ ഇടം പിടിച്ചു. കായിക - വഖഫ് ഹജ്ജ് വകുപ്പിന്റെ ചുമതല ലഭിച്ചു.

തവനൂരില്‍നിന്ന് കെ ടി ജലീല്‍ വീണ്ടും ജയിച്ചെങ്കിലും ഒന്നാം പിണറായി സര്‍ക്കാരിനെ പലതവണ വിവാദങ്ങളിലേക്ക് തള്ളിവിട്ടെന്ന ആക്ഷേപം തിരിച്ചടിയായി. ലോകായുക്ത പരാമര്‍ശത്തെ തുടര്‍ന്ന് വോട്ടെടുപ്പിന് ദിവസങ്ങള്‍ മുന്‍പ് രാജിവയ്‌ക്കേണ്ടിവന്നതും ജലീലിന് തിരിച്ചടിയായി.

വീണ്ടുമൊരു തിരഞ്ഞെടുപ്പ്

2024 ല്‍ ലോക്‌സഭാ തിരഞ്ഞൈടുപ്പ് കളമൊരുങ്ങുമ്പോള്‍ പൊന്നാനിയില്‍ കഥകള്‍ക്ക് മാറ്റമൊന്നുമില്ല. ഇത്തവണ സിറ്റിങ് എംപി ഇ ടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തേക്ക് മാറി. പൊന്നാനിയില്‍ അബ്ദുസമദ് സമദാനി മത്സരിക്കുന്നു. 2014 ലെ തന്ത്രത്തിന് സമാനമാണ് ഇത്തവണ ഇടത് പക്ഷം പയറ്റുന്നത്. അന്ന് കോണ്‍ഗ്രസിനോട് കലഹിച്ച അബ്ദുറഹ്‌മാനെങ്കില്‍ ഇത്തവണ ലീഗിനോട് പിണങ്ങിയിറങ്ങിയ കെ എസ് ഹംസ ജനവിധി തേടും. തന്ത്രങ്ങളില്‍ ചെറിയ മാറ്റം ഇരു ക്യാമ്പുകളും പയറ്റുന്നുവെന്ന് വേണം വിലയിരുത്താന്‍.

സ്വതന്ത്രനെ വെടിഞ്ഞ് സിപിഎം

പൊന്നാനിയില്‍ കെ എസ് ഹംസ സിപിഎം ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. ഇതോടെ പൊതുസ്വതന്ത്രന്‍ എന്ന ആശയം രണ്ട് പതിറ്റാണ്ടിനുശേഷം അവസാനിപ്പിക്കുകയാണ് ഇടതുപക്ഷം. ഒപ്പം പാര്‍ട്ടി വോട്ട് വിഹിതം കൂട്ടുകയെന്നതും ലക്ഷ്യം. കെ എസ് ഹംസയിലൂടെ ലീഗിലെ അസംതൃപ്തരുടെ വോട്ടുകള്‍ ഇടത് പാളയത്തിലേക്ക് എത്തിക്കാം.

സര്‍ക്കാരിനോടും പിണറായി വിജയനോടുള്ള സമസ്തയുടെ അടുപ്പമാണ് മറ്റൊന്ന്. സിഎഎ, ഏകീകൃത സിവില്‍ കോഡ് വിഷയങ്ങളില്‍ സര്‍ക്കാരിനൊപ്പം നിന്നിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ സമസ്ത. സമസ്തയില്‍ സിപിഎം ഫ്രാക്ഷന്‍ എന്ന് പോലും അടുത്തിടെ ആരോപണം ഉയര്‍ന്നിരുന്നു.

കെ എസ് ഹംസ സമസ്തയുടെ നോമിനിയാണെന്നാണ് പൊതുവിലുള്ള സംസാരം. മണ്ഡലത്തിലെ ലീഗ് വിരുദ്ധ മനോഭാവം സമസ്തയുടെ പിന്തുണയോടെ വോട്ടാക്കാനാണ് ഇടത് പാളയത്തിലെ നീക്കം. മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളിലെ ഭൂരിപക്ഷവും ഇടതുപക്ഷത്തിന് ആത്മവിശ്വാസം നല്‍കുന്നു.

ഇ ടിക്കു പകരം സമദാനിയെ ഇറക്കി ലീഗ്‌

മണ്ഡലം വച്ചുമാറി പൊന്നാനിയില്‍ സമദാനി എത്തുമ്പോള്‍ ഏത് പ്രതിസന്ധിയെയും മറികടക്കാനാവുമെന്നാണ് മുസ്ലീം ലീഗിന്റെ പ്രതീക്ഷ. മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് ഇ ടി കുറച്ചുകൂടി സുരക്ഷിതമായ മലപ്പുറത്തേക്ക് മാറുന്നതെന്നാണ് ഒരു വശം. എന്നാല്‍ സമസ്തയുടെ ആശിര്‍വാദത്തോടെ ഇടത് സ്ഥാനാര്‍ഥി മത്സരത്തിന് ഇറങ്ങുന്ന പൊന്നാനിയില്‍ മുജാഹിദ് വിഭാഗക്കാരനായ ഇ ടി മുഹമ്മദ് ബഷീറിന്റെ സാന്നിധ്യം പ്രതികൂലമായേക്കുമോയെന്നും ലീഗിന് ഭയമുണ്ട്. സമദാനിയുടെ വ്യക്തിപ്രഭാവം എത്തുമ്പോള്‍ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നും ലീഗ് കണക്കാക്കുന്നു.

പൊന്നാനിയില്‍ നിലം ഒരുങ്ങുമ്പോള്‍ പരസ്പരം മത്സരിക്കുന്നത് ലീഗ് വിരുദ്ധ വികാരവും സംസ്ഥാനത്ത് നിലവിലുള്ള സര്‍ക്കാര്‍ വിരുദ്ധ മനോഭാവവും തന്നെയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ ലീഗിനെതിരായ വികാരം മതിയാകുമോ എന്നാണ് ഇനി തെളിയേണ്ടത്.

logo
The Fourth
www.thefourthnews.in